എഴുത്തുകാരന്റെ/കാരിയുടെ സ്വാതന്ത്ര്യത്തെ മറികടന്നു കൊണ്ട് തങ്ങൾക്ക് അഹിതമായവ ഒഴിവാക്കിയില്ലെങ്കിൽ പ്രസാധനത്തിൽ നിന്നും പ്രസിദ്ധീകരണ ശാല പിന്മാറുന്ന കാലത്ത് , ചരിത്രത്തിൽ പുസ്തകങ്ങൾ നേരിട്ട വെല്ലുവിളികൾ ഓർക്കേണ്ടതുണ്ട്. ജെ.പ്രഭാഷ് എഴുതിയ 'പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം...
വിലക്കപ്പെട്ട പുസ്തകങ്ങളുടെ ജീവചരിത്രം
‘പുസ്തകശാലയിലെ അവസാനത്തെ രാവ്. ചുറ്റും നാസികളുടെ കൊള്ളയും കൊള്ളിവെപ്പും. പുസ്തകശേഖരത്തിലൂടെ കണ്ണോടിച്ച് ഞാൻ നിന്നു. വിൽക്കാൻ വിസമ്മതിച്ച അപൂർവ്വഗ്രന്ഥങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. ഒടുവിൽ പ്രഭാതമെത്തി. പുസ്തകങ്ങളോട് യാത്രാമൊഴി ചൊല്ലി പുറത്തിറങ്ങി.’
ബെർലിനിൽ ഫ്രഞ്ച് പുസ്തകശാല നടത്തുകയെന്ന അതിസാഹസിക ഉദ്യമം ഏറ്റെടുത്ത പോളിഷ് വനിത ഫ്രെൻസ്വാസ് ഫ്രെങ്കലിന്റെ ഓർമ്മക്കുറിപ്പിലെ വരികളാണിത് (Francoise Frenkel, No Place To Lay One’s Head) ). ഏതാണ്ട് രണ്ടു പതിറ്റാണ്ടായി (1921–’39) നടത്തിവന്ന പുസ്തകശാല നാസി ഭീഷണിയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നു. ജീവിതസന്ധാരണത്തെക്കാൾ, പുസ്തകങ്ങളോടുള്ള പ്രണയമായിരുന്നു ഈ സാഹസികത ഏറ്റെടുക്കാൻ ഫ്രെങ്കലിനെ പ്രേരിപ്പിച്ചത്. ഗ്രീക്ക് തത്ത്വചിന്തകനായ ഹെരാക്ലീറ്റസിനെപ്പോലെ, ലോകത്തുള്ളതെല്ലാം വാക്കുകളിൽ ഉദ്ഭവിക്കുന്നു എന്നവർ വിശ്വസിച്ചു.
ചില മനുഷ്യർ അങ്ങനെയാണ്. പുസ്തകങ്ങളെ അവർ വല്ലാതെ പ്രണയിക്കുന്നു. ലെനിന്റെയും സ്റ്റാലിന്റെയും ടിപ്പു സുൽത്താന്റെയും അക്ബർ ചക്രവർത്തിയുടെയും പുസ്തകപ്രേമം പ്രസിദ്ധമാണ്. പുസ്തകങ്ങളുടെ പേരിൽ ഗവർണർ പദവി തന്നെ ഉപേക്ഷിച്ച ആളാണ് പേർഷ്യൻ പണ്ഡിതൻ അൽ–സാഹിബ് ഇബ്ൻ അബ്ബാസ് (A.D. 947–995). ബോർഹസ് മരണക്കിടക്കയിലും പുസ്തകത്തെ പ്രണയിച്ചു. ജർമൻ കവി നവാലിസിന്റെ നോവൽ, ഹയ്ൻറിച്ച് വൺ ഓഫ്റ്റർഡിൻജെൻ (Novalis, Heinrich von Ofterdingen), തന്നെ ശുശ്രൂഷിച്ച നേഴ്സ് വായിക്കുന്നത് കേട്ടുകൊണ്ടാണ് അദ്ദേഹം അന്തരിച്ചത്.
പ്രശസ്ത ഇംഗ്ലീഷ് പ്രൊഫസർ ടി.ജി. വൈദ്യനാഥനെക്കുറിച്ചുള്ള കഥകൾ ഓർമ്മയില്ലേ. പുസ്തകങ്ങളുടെ പുറംസൗന്ദര്യം കണ്ടാൽത്തന്നെ, വായിക്കാൻ ഉദ്ദേശ്യമില്ലെങ്കിലും, അദ്ദേഹം അവ വാങ്ങുമായിരുന്നു. ഒരിക്കൽ, തന്നെ വല്ലാതെ മഥിച്ചൊരു പുസ്തകം വായനകഴിഞ്ഞ് സീൽ ചെയ്ത് അദ്ദേഹം അലമാരയിൽ തിരികെ വെച്ചു, വീണ്ടും അത് തുറക്കാതിരിക്കാൻ! (Pradeep Sebastian, The Groaning Shelf). നമ്മുടെ നാട്ടിൽ എം.പി. വീരേന്ദ്രകുമാറിന്റെയും പി. ഗോവിന്ദപ്പിള്ളയുടെയും കെ.പി. ഉണ്ണികൃഷ്ണന്റെയും പുസ്തകഭ്രമം ഏവർക്കും അറിവുള്ളതാണ്. ഈ ഗണത്തിൽപ്പെടുത്താവുന്ന ഇനിയും പലരുമുണ്ട് കേരളത്തിലും ഇന്ത്യയിലും ലോകത്തും.
പുസ്തകശാലകൾ വിവാഹവേദികൾപോലും ആകാറുണ്ട്! അത്തരമൊരു പുസ്തകശാലയാണ് സ്കോട്ട്ലൻഡിലെ റീഡിങ് ലസ്സെസ് ബുക്ക്ഷോപ്പ് ആൻഡ് കഫെ (Reading Lasses Bookshop & Cafe). ‘നിറയെ പ്രണയകഥകൾ ഉള്ളൊരു മുറിക്കുള്ളിൽ വിവാഹം നടത്താൻ ആർക്കാണ് ആഗ്രഹമില്ലാത്തത്?’ സ്ഥാപന ഉടമസ്ഥ ചോദിക്കുന്നു (Jen Campbell, The Bookshop Book). പുസ്തകത്തിനോടൊപ്പം കോഫിയും ബിസ്കറ്റും അവർ വിളമ്പുന്നു.
വായനയെക്കുറിച്ച് 2017–ൽ പ്രസിദ്ധീകരിച്ചൊരു സർവ്വെ ഫലം ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. സർവ്വെയിൽ ഉൾപ്പെട്ട മുപ്പത് രാജ്യക്കാരിൽ ഏറ്റവും കൂടുതൽ സമയം വായനയ്ക്കായി ചെലവഴിക്കുന്നത് ഇന്ത്യാക്കാരാണ്–ആഴ്ചയിൽ 10.42 മണിക്കൂർ (TJS George, The Dismantling of India in 35 Portraits). തൊട്ടു പുറകെ തായ്ലൻഡുകാരും (9.24) ചൈനക്കാരും (8.00). വായനയിൽ താത്പര്യം തീരേ കുറവ് ജപ്പാൻകാർക്കും (4.06) കൊറിയക്കാർക്കും (3.06). അച്ചടി കണ്ടുപിടിച്ചതു മുതൽ 2010 വരെ, ഗൂഗിളിന്റെ കണക്കനുസരിച്ച്, 12,98,64,800 ടൈറ്റിലുകൾ പ്രസിദ്ധീകരിച്ചു എന്നുകൂടി അറിയുമ്പോൾ പുസ്തകങ്ങൾ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് വ്യക്തമാവും. ഒരാൾ അയാൾ വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളുടെ ആകെത്തുകയാണ്. ഇവിടെയാണ് വാക്കുകളുടെ അർത്ഥം നാം ദർശിക്കുന്നത്.
ഇതിനൊരു മറുവശവുമുണ്ട്. ചിലർക്ക് വാക്കുകൾ അനർത്ഥമായി മാറുന്നു. യാഥാർത്ഥ്യത്തിനു നേരേ കണ്ണടയ്ക്കുകയും അതിന്റെ പ്രതിനിധാനത്തെ/ചിത്രീകരണത്തെ ഭയക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. വാക്കുകൾ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുമെന്നവർ ഭയക്കുന്നു. മതമേലധികാരികളും അധികാരിവർഗ്ഗവുമാണ് ഇതിലെ പ്രധാനികൾ. പുരുഷാധിപത്യവും ജാതിവ്യവസ്ഥയും ഇവരോട് പൊക്കിൾക്കൊടിബന്ധം പുലർത്തുന്നു. സ്വാഭാവികമായും, കലയും സാഹിത്യവും ഇക്കൂട്ടർക്ക് പത്ഥ്യമല്ലാതാവുന്നു. കലാരൂപങ്ങൾക്കും പുസ്തകങ്ങൾക്കുമെതിരെ ഇവർ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നു; പുസ്തകം നശിപ്പിക്കുന്നു, നിരോധിക്കുന്നു. സ്ത്രീകളുടെയും താണജാതിക്കാരുടെയും വിദ്യാഭ്യാസത്തെ എതിർക്കുന്നു, വായനയെപ്പോലും വിലക്കുന്നു–സെൻസർഷിപ്പിന്റെ പ്രാകൃതരൂപങ്ങൾ.
പുസ്തകങ്ങളുടെ വംശഹത്യയും നിരോധനവും
പുസ്തകങ്ങൾ നശിപ്പിക്കുന്നതിലും നിരോധിക്കുന്നതിലും പുതുമയൊന്നുമില്ല. രണ്ടിനും പുസ്തകങ്ങളോളം പഴക്കമുണ്ട്. വംശീയകലാപങ്ങളിലും യുദ്ധങ്ങളിലുമാണ് മുഖ്യമായും പുസ്തകങ്ങൾ നശിപ്പിക്കപ്പെടുന്നത്. 100 ദശലക്ഷം പുസ്തകങ്ങളാണ്–പ്രത്യേകിച്ച് ജൂതമതത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിക്കുന്നവ–നാസി ഭരണത്തിൽ നശിപ്പിക്കപ്പെട്ടത്. യുദ്ധക്കെടുതിയിലേക്ക് വന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിൽ മാത്രം ലൈബ്രറികൾ നശിപ്പിച്ച വകയിൽ നഷ്ടപ്പെട്ടത് 17.57 കോടി പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും പുരാരേഖകളുമാണ്! പുസ്തകങ്ങളുടെ ‘വംശഹത്യ’ അഥവാ ലിബ്രിസൈഡ് (libricide) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
മറുവശത്ത് പുസ്തകനിരോധനവും മുറപോലെ മുന്നോട്ടുപോയി. മതനിന്ദ, രാഷ്ട്രീയ/ഭരണകൂട വിമർശനം, നിലവിലുള്ള സാമൂഹിക ക്രമത്തിനും മൂല്യങ്ങൾക്കും ഹാനികരമായ നിലപാടുകൾ, വംശീയ പരാമർശങ്ങൾ, അശ്ലീല പദപ്രയോഗങ്ങൾ—ഇങ്ങനെ പോകുന്നു അതിന്റെ കാരണങ്ങൾ. പടിഞ്ഞാറ് ക്രിസ്തുമതത്തിന്റെ തുടക്കം മുതൽക്കുതന്നെ ഇത് ആരംഭിച്ചതായും നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക (പോളിൻ ഇൻഡെക്സ്) കത്തോലിക്കാ സഭ ഇറക്കിയതായും ഏഴാം അദ്ധ്യായത്തിൽ ചൂണ്ടിക്കാണിച്ചത് ഓർക്കുമല്ലോ. 1966–ൽ പോൾ നാലാമൻ മാർപാപ്പ ഈ ഏർപ്പാട് അവസാനിപ്പിക്കുമ്പോൾ ഇൻഡെക്സിൽ 4,126 പുസ്തകങ്ങൾ ഇടംപിടിച്ചുകഴിഞ്ഞിരുന്നു. വത്തിക്കാനിൽ ഇത്തരം പുസ്തകങ്ങളുടെ സൂക്ഷിപ്പുമുറിയാണ്, നാസ്തികത്വത്തിന്റെ തടവറയും നരകവും (Prison and Hell of Heresy). ഹിന്ദു, ഇസ്ലാം മതങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഞ്ചാരവും ഇതേ പാതയിൽത്തന്നെ. തങ്ങൾക്ക് പത്ഥ്യമല്ലാത്തതൊന്നും മറ്റാർക്കും പത്ഥ്യമാകാൻ പാടില്ലെന്ന് അവർ ശഠിക്കുന്നു.
ഇതിന്റെ സമീപകാല ഉദാഹരണമാണ് സൽമാൻ റുഷ്ദിയുടെ ചെകുത്താന്റെ വചനത്തിനെതിരെ (1988) അയത്തൊള്ള ഖമേനി പുറപ്പെടുവിച്ച ഫത്വ (1989). കുടിയേറ്റവും അതു സൃഷ്ടിക്കുന്ന അവ്യവസ്ഥയും വിശ്വാസനഷ്ടവും അതിന്റെ ഇരകളുടെ കണ്ണിലൂടെ വിവരിക്കാൻ ശ്രമിക്കുന്ന നോവൽ പ്രവാചകനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. പുസ്തകം നിരോധിക്കുന്നതിനും ഗ്രന്ഥകർത്താവിനെ വധിക്കുന്നതിനും വേണ്ടിയുള്ള മുറവിളിയായി അത് താമസംവിനാ രൂപപ്പെട്ടു. തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ ഇതുവരെ 63 പേർ കൊല്ലപ്പെടുകയും 162 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റുഷ്ദിക്കെതിരായ വധശ്രമത്തിലാണ് അത് എത്തിനിൽക്കുന്നത്. മനുഷ്യൻ സ്വന്തം ജീവിതത്തിന്റെ വിധാതാവോ അതോ അതിന്റെ ഇരയോ? അയാൾ ചരിത്രത്തിന്റെ സ്രഷ്ടാവോ അതോ അതിന്റെ സൃഷ്ടിയോ? രണ്ടും റുഷ്ദിയുടെ ചോദ്യങ്ങളാണ്.
പലപ്പോഴും ഒരു ചെറുസംഘം ആൾക്കാരാണ് ഇതിന്റെ വിധികർത്താക്കളാകുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അവരുടെ കൈയൂക്ക് തുടങ്ങുന്നിടത്ത് എഴുത്തുകാരന്റെ/കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം അവസാനിക്കുന്നു. അപവാദങ്ങൾ മാറ്റിവെച്ചാൽ, പിക്ക് വിക്ക് പേപ്പേഴ്സിൽ ചാൾസ് ഡിക്കൻസ് പറയുന്നതാണ് എഴുത്തുകാരുടെ ഇന്നത്തെ അവസ്ഥ. ‘എപ്പോഴും ആൾക്കൂട്ടത്തിനൊപ്പം നിൽക്കുന്നതാണ് അഭികാമ്യം. രണ്ട് ആൾക്കൂട്ടമുണ്ടെങ്കിൽ ഏറ്റവും വലുതിനോടൊപ്പം ചേരുക.’ മതവും ഭരണകൂടവും സമൂഹവും ചേർന്ന് മനുഷ്യനെ വെറും ആൾക്കൂട്ടമാക്കുന്നു.
പുസ്തകനിരോധനത്തിന്റെ ഇത്തരം ചരിത്രവും വർത്തമാനവും അനാവരണം ചെയ്യുന്ന കൃതിയാണ് നിക്കൊളാസ് കരൊലൈഡ്സും മാർഗരറ്റ് ബാൾഡും ഡോൺ സോവയും ചേർന്ന് രചിച്ച 120 നിരോധിക്കപ്പെട്ട പുസ്തകങ്ങൾ: വിശ്വസാഹിത്യത്തിന്റെ സെൻസർഷിപ്പ് ചരിത്രങ്ങൾ. പുസ്തകനിരോധനത്തിന്റെ 2000 വർഷത്തെ ചരിത്രം 120 കൃതികളിലൂടെ അവർ വിവരിക്കുന്നു. ഓരോ പുസ്തകത്തെക്കുറിച്ചും ഒരു ചെറുവിവരണവും അതിന്റെ നിരോധനത്തിന്റെ ചരിത്രവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മതഗ്രന്ഥങ്ങൾ, ഗദ്യം, നോവൽ, കവിത, ആത്മകഥ എന്നിവയൊക്കെ പ്രതിപാദ്യവിഷയമാകുന്നു. എറിക് മറീയ റിമാർക്കിന്റെയും തോമസ് പെയ്ൻന്റെയും ജോർജ് ഓർവെല്ലിന്റെയും ഓർഹാൻ പാമുക്കിന്റെയുമൊക്കെ കൃതികൾ ഗ്രന്ഥം ചർച്ച ചെയ്യുന്നു.
നിരോധനം പലവിധം
പലതരം സമ്മർദ്ദങ്ങൾക്കു വഴങ്ങി ഭരണകൂടങ്ങൾ പുസ്തകങ്ങൾക്ക് പ്രസിദ്ധീകരണാനുമതി നിഷേധിക്കുന്നതും, പ്രസിദ്ധീകരിച്ചവയെ നിരോധിക്കുന്നതുമാണ് പതിവുരീതിയെങ്കിലും, മറ്റുചില മാർഗ്ഗങ്ങളിലൂടെയും അവ അപ്രത്യക്ഷമാകാറുണ്ട്. സ്വയം നിരോധനവും ഗ്രന്ഥശാലകൾ ഏർപ്പെടുത്തുന്ന അപ്രഖ്യാപിത വിലക്കുകളും പുസ്തകപ്രസാധകർ പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുന്നതും അവർ തന്നെ കൃതികളുടെ ഉള്ളടക്കം സെൻസർ ചെയ്യുന്നതുമാണ് ഇതിൽ പ്രധാനപ്പെട്ടത്.
എഴുത്തുകാർ സ്വന്തം കൈയെഴുത്തുപ്രതി നശിപ്പിക്കുന്നത് സ്വയം നിരോധനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ആർ.എൽ. സ്റ്റീവൻസൺ ട്രെഷർ ഐലൻഡ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് എഴുതിതീർത്ത മൂന്ന് നോവലുകളുടെ കൈയെഴുത്തുപ്രതികൾ നശിപ്പിച്ചുകളഞ്ഞു (Margaret Atwood, Burning Questions: Essays and Occasional Pieces). കൊറിയൻ കവി കൊ അൻന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മിഖായേൽ ഷോളക്കൊവിന്റെ ഡോൺ ശാന്തമായി ഒഴുകുന്നു എന്ന നോവൽ വായിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം അതുവരെ എഴുതിയ (1960) എല്ലാ അപ്രകാശിത കൃതികളും അഗ്നിക്കിരയാക്കി (Ramin Jahanbegloo, Conversations with Ko Un). ഇതുപോലെ സ്വന്തം കൃതികൾ പലതും പ്രസിദ്ധീകരിക്കാൻ വൈമുഖ്യം കാണിച്ചവരായിരുന്നു വിർജിലും കാഫ്കയും നബക്കൊഫും. വിർജിൽ തന്റെ വിശ്വപ്രസിദ്ധ കാവ്യം, എനീയെഡിന്റെ (Aeneid) കൈയെഴുത്തുപ്രതി, നശിപ്പിക്കാൻ ചുമതലപ്പെടുത്തിയത് സുഹൃത്തായ വേറിയസിനെയാണ്. അദ്ദേഹം അത് ചെയ്യാതിരുന്നത് വിശ്വസാഹിത്യത്തിന്റെ മഹാഭാഗ്യമായി. ഇതേ കാര്യം ഫ്രാൻസ് കാഫ്കയുടെ കാര്യത്തിലും സംഭവിച്ചു. അദ്ദേഹം മരണക്കിടക്കയിൽ വെച്ച് സുഹൃത്തിന് (Max Brod) എഴുതിയ കത്ത് ഇതിന്റെ സാക്ഷ്യപത്രമാണ് (Richard Ovenden, Burning The Books):
പ്രിയ മാക്സ്,
ഇക്കുറി ഞാൻ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതുക വയ്യ. അതുകൊണ്ട് ഈ കത്തിനെ എന്റെ കൃതികളെ സംബന്ധിച്ചുള്ള അവസാന വാക്കായി കരുതണം... ഞാൻ എഴുതിയതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതികൾ ഇവയാണ്– ജഡ്ജ്മെന്റ്, സ്റ്റോക്കർ, മെറ്റമോർഫെസിസ്, പീനൽ കോളണി, കൺട്രി ഡോക്ടർ, ഹങ്കർ ആർട്ടിസ്റ്റ് (കഥ)... ഇവതന്നെ പുനഃപ്രസിദ്ധീകരിക്കണമെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ പ്രസിദ്ധീകരിക്കാതെ അവശേഷിക്കുന്ന മുഴുവൻ കൃതികളുടെ കൈയെഴുത്തുപ്രതികളും നശിപ്പിക്കേണ്ടതാണ്, കഴിയുന്നിടത്തോളം വേഗം.
താങ്കളുടെ ഫ്രാൻസ്.
വിർജിലിന്റെ കാര്യത്തിൽ സംഭവിച്ചതുതന്നെ ഇവിടെയും സംഭവിച്ചു. മാക്സ് ബ്രോഡ് തന്റെ കൈവശമുണ്ടായിരുന്ന കൈയെഴുത്തുപ്രതികളെല്ലാം പ്രസിദ്ധീകരിച്ചു. അതുകൊണ്ട് ദ ട്രയൽ, ദ കാസിൽ തുടങ്ങിയ മഹത്തായ കൃതികൾ ലോകത്തിനു ലഭിച്ചു. നബക്കോഫ് പ്രസിദ്ധീകരണവിലക്കേർപ്പെടുത്തിയത് ദ ഒറിജിനൽ ഒഫ് ലോറ എന്ന കൃതിക്കാണ്. അദ്ദേഹത്തിന്റെ ഭാര്യ അതനുസരിച്ചെങ്കിലും മകൻ ഡിമിട്രി അനുസരണക്കേട് കാട്ടി. 2008–ൽ കൃതി വെളിച്ചം കണ്ടപ്പോൾ പക്ഷേ, നബക്കോഫിന്റെ ആഗ്രഹപ്രകാരം അത് നശിപ്പിക്കുന്നതായിരുന്നു നല്ലതെന്ന് വിമർശകർ തുറന്നുപറഞ്ഞു.
പുസ്തകനിരോധനത്തിന്റെ നല്ലൊരു വേദിയാണ് ഗ്രന്ഥശാലകൾ. പുസ്തകം തിരഞ്ഞെടുക്കുന്നതും വാങ്ങുന്നതും സ്റ്റോക്കിൽനിന്നൊഴിവാക്കുന്നതും നിർദ്ദോഷമായ പ്രവൃത്തിയല്ലല്ലോ. വിവാദ കൃതികൾ വാങ്ങാതിരിക്കുകയോ വാങ്ങിച്ചാൽത്തന്നെ അവയുടെ വിതരണം നിയന്ത്രിക്കുകയോ ചെയ്യുക എന്നതാണ് ഇതിനായി ഉപയോഗിക്കുന്ന മാർഗ്ഗം. ഇത്തരം പുസ്തകങ്ങൾ സ്റ്റോക്കിൽനിന്ന് പിൻവലിക്കുന്നതും അപൂർവ്വമല്ല, ഭരണകൂടമാറ്റം സംഭവിക്കുമ്പോൾ വിശേഷിച്ചും. കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിലുള്ള സംയോജനത്തിനുശേഷം സംഭവിച്ചത് ഇതാണ്. രാഷ്ട്രീയ ശുദ്ധീകരണത്തിന്റെ ഭാഗമായി കിഴക്കൻ ജർമനിയിലെ പബ്ലിക് ലൈബ്രറികളിലെ പുസ്തകങ്ങളിൽ സിംഹഭാഗവും ഒഴിവാക്കപ്പെട്ടു. പുസ്തകപ്രസാധകർക്കും തങ്ങളുടെ സ്റ്റോക്കിന്റെ ഗണ്യമായ ഭാഗം പൾപ്പ് ചെയ്യേണ്ടിവന്നു. അമേരിക്കയിലെ ദ പേട്രിയറ്റ് ആക്ട് (2001) സെൻസർഷിപ്പിന്റെ മറ്റൊരു മുഖം കാണിച്ചുതരുന്നു. ഇതനുസരിച്ച് അംഗങ്ങളുടെ പുസ്തകമെടുക്കലിന്റെ വിശദാംശങ്ങൾ സർക്കാർ ആവശ്യപ്പെടുമ്പോൾ നൽകാൻ ലൈബ്രറികൾ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.
സംഘർഷം ഭയന്ന് പ്രസാധകർ പുസ്തകങ്ങൾ ഒഴിവാക്കുന്നതും സാധാരണ സംഭവമാണ്. ഈവിധം റാന്റം ഹൗസ് വിലക്കേർപ്പെടുത്തിയ പുസ്തകമാണ് ഷെറി ജോൺസിന്റെ ദ ജ്യുവൽ ഒഫ് മെദീന (2008). ഗ്രന്ഥകർത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ പുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയ സംഭവങ്ങളുമുണ്ട്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റേ ബ്രാഡ്ബറിയുടെ ഫാറൻഹൈറ്റ് 451 (Fahrenheit 451). പ്രസാധകരായ ബാലന്റൈൻ ബുക്സ് പുസ്തകത്തിന്റെ രണ്ട് പതിപ്പുകൾ ഒരേസമയം ഇറക്കി, സ്കൂളുകൾക്കുവേണ്ടി എഡിറ്റ് ചെയ്തതും പൊതു സമൂഹത്തിനുവേണ്ടി എഡിറ്റ് ചെയ്യാത്തതും. ആദ്യ പതിപ്പിൽ 75 ഖണ്ഡികകൾ മാറ്റം വരുത്തി. നിർദ്ദോഷമായ ചില വാക്കുകൾ– ‘നരകം, നാശം, ഗർഭച്ഛിദ്രം’–ഒഴിവാക്കി; ഒരു കഥാസന്ദർഭത്തിൽ മദ്യപാനിയെ രോഗിയായി ചിത്രീകരിച്ചു. മറ്റൊന്നിൽ പൊക്കിൾ ശുചിയാക്കുന്നത് ചെവി ശുചിയാക്കുന്നതാക്കി. പുസ്തകപ്രസിദ്ധീകരണത്തിന്റെ പതിമൂന്നാം വാർഷികത്തിലാണ് ഗ്രന്ഥകർത്താവ് ഇതിനെക്കുറിച്ചറിയുന്നത്! പുസ്തകങ്ങൾ കത്തിക്കുന്നതിനും സെൻസർ ചെയ്യുന്നതിനും എതിരായുള്ളൊരു കൃതിയിലാണ് പ്രസാധകർ ഈവിധം കൈക്രിയ കാണിച്ചത് എന്ന സവിശേഷതയും ഇതിനുണ്ട്! കോപ്പിറൈറ്റ് പേജിൽ ഇക്കാര്യം സൂചിപ്പിച്ചതുമില്ല.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, അമേരിക്കയിൽ പുസ്തകനിരോധനത്തിന് ചില പ്രത്യേകതകളുണ്ട്. പലപ്പോഴും കേന്ദ്ര–സംസ്ഥാന സർക്കാരുകളെക്കാൾ പൊതുസമൂഹത്തിൽനിന്നാണ്–രക്ഷാകർത്താക്കൾ, മതമൗലികവാദികൾ, വർണ്ണവെറിയന്മാർ–ഇതിനായി മുറവിളി ഉയരുന്നത്. രാജ്യവ്യാപകമായോ സംസ്ഥാനങ്ങളിൽ ഒട്ടാകെയോ നിരോധനം ഏർപ്പെടുത്തുന്നതും അപൂർവ്വമാണ്. പൊതുവെ സ്കൂൾ ലൈബ്രറികളാണ് ഇതിന്റെ വേദികൾ. പാഠ്യപദ്ധതി/ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ നീക്കം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടാറ്. ലൈംഗിക പരാമർശം, മോശപ്പെട്ട പദപ്രയോഗങ്ങൾ, രാഷ്ട്രീയ ഉള്ളടക്കം, മതനിന്ദ, പുരുഷാധിപത്യത്തിനെതിരായ വിമർശനം, വംശീയ അധിക്ഷേപം തുടങ്ങിയവയാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. 1990–2008 കാലയളവിൽ മാത്രം ഇത്തരത്തിൽ 9600 പരാതികളാണ് അമേരിക്കൻ ലൈബ്രറി അസോസിയേഷന് ലഭിച്ചത്. സമീപകാലത്ത് ഏറ്റവുമധികം വിവാദമായ പുസ്തകം ജെ.കെ. റൗളിങ്ങിന്റെ ഹാരി പോട്ടർ കൃതികളാണ്. ഇതിന്റെ കാരണമാകട്ടെ ഭൂതപ്രേതപിശാചുകളെക്കുറിച്ചുള്ള പരാമർശവും. ഇക്കാര്യത്തിൽ വലിയ വാദപ്രതിവാദങ്ങൾ പ്രാദേശികതലത്തിൽ നടക്കാറുമുണ്ട്. നിരോധനനീക്കങ്ങൾക്കെതിരെ അദ്ധ്യാപകരും സ്കൂൾ ബോർഡുകളും ധീരമായ നിലപാട് എടുക്കുന്നതും അപൂർവ്വമല്ല. ഇത്തരം സംവാദങ്ങളിൽ പത്രങ്ങൾ എടുക്കുന്ന നിലപാടുകളും ശ്രദ്ധേയമാണ്.
നിരോധനത്തിലെ തമാശയും തമാശയിലെ കാര്യവും
പുസ്തകനിരോധനം ചിലപ്പോഴെങ്കിലും തമാശയായി മാറാറുണ്ട്. ജോർജ് ഓർവെല്ലിന്റെ നയന്റീൻഎയ്റ്റിഫോറും (1949) ഹക്സ്ലിയുടെ ബ്രേവ് ന്യൂ വേൾഡും (1932) ഫ്ളോറിഡയിലെ സ്കൂളുകളിൽനിന്ന് ഒഴിവാക്കിയത് വെറുമൊരു അജ്ഞാത ഫോൺവിളിയുടെ പുറത്താണെന്ന് ഓർക്കുക. ഏതാനും നിർദ്ദോഷമായ വാക്കുകൾ മതി മനുഷ്യരെ ചൊടിപ്പിക്കാൻ. ഒർവെല്ലിന്റെ അനിമൽ ഫാം അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ അവിടത്തെ സ്കൂളുകളിൽനിന്ന് പുറത്താക്കിയത് ‘ജനങ്ങൾ ലഹളകൂട്ടും’ എന്നീ രണ്ടു വാക്കുകളുടെ പേരിലാണ്. റോബർട്ട് കോർമിയറിന്റെ അയാം ദ ചീസ് (Robert Cormier, I am the Cheese, 1977) പുറത്തുപോയത് ‘നരകം, വിസർജ്ജ്യം, നാശം’ എന്ന വാക്കുകളുടെയും സ്തനങ്ങളുടെ വിവരണത്തിന്റെയും പേരിലാണ്. കൂട്ടത്തിൽ ‘അമേരിക്കൻ ഭരണകൂടം അഴിമതി നിറഞ്ഞതും വിശ്വസിക്കാൻ കൊള്ളരുതാത്തതുമാണെന്ന’ പരാമർശം കുട്ടികളെ വഴിതെറ്റിക്കുമെന്നും രക്ഷിതാക്കൾ വാദിച്ചു.സിൽവിയാ പ്ലാത്തിന്റെ ദ ബെൽ ജാർ (1963) വിവാദമായത് സമൂഹത്തിൽ സ്ത്രീകളുടെ പരമ്പരാഗതമായ സ്ഥാനത്തെ വിമർശിച്ചതിന്റെയും ‘കുടുംബാസൂത്രണം’ എന്ന വാക്ക് ഉപയോഗിച്ചതിന്റെയും പേരിലാണ്. ഇതിനെക്കാൾ രസകരമാണ് ജെഫ്രി ചോസറിന്റെ കാന്റർബറി ടെയ്ൽസിന്റെയും ഹെർമൻ മെൽവിലിന്റെ മോബി ഡിക്കിന്റെയും (1851) കാര്യം. പുസ്തകങ്ങൾ ഫെമിനിസത്തെയും കമ്യൂണിസത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. കാരണമോ, റോക് വെൽ കെന്റ് എന്ന കമ്യൂണിസ്റ്റുകാരനായിരുന്നു രണ്ട് കൃതികളുടെയും ചിത്രീകരണം നിർവ്വഹിച്ചത്! ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. പുസ്തകം നിരോധിക്കാൻ അമേരിക്കൻ സുപ്രീം കോടതി വിസമ്മതിച്ചപ്പോൾ, ജോർജിയയിലെ സ്കൂൾ അധികൃതർ അത് ഉൾപ്പെട്ടിരുന്ന ശാസ്ത്രപുസ്തകത്തിൽ ഒരു കുറിപ്പ് പതിച്ചു: ‘പരിണാമം ഒരു സിദ്ധാന്തം മാത്രമാണ്, വസ്തുതയല്ല!’
നിരോധനം ചിലപ്പോൾ നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടായും പരിണമിക്കാറുണ്ട്. ഒരിക്കൽ നിരോധിച്ച പുസ്തകങ്ങൾ മറ്റൊരിക്കൽ അതേ സമൂഹംതന്നെ ചുമലിലേറ്റുന്നു. ജെയിംസ് ജോയ്സിന്റെ യുലീസസും (1918), ഡി.എച്ച്. ലോറൻസിന്റെ ലേഡി ചാറ്റർലീസ് ലവറും (1928), മാർക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഒഫ് ഹക്കിൾബെറി ഫിനും (1884) ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഒരേ പുസ്തകം തന്നെ പല കാലങ്ങളിൽ പല കാരണങ്ങളാൽ നിരോധിക്കാറുമുണ്ട്–ഉദാഹരണമായി, എറിക് മറിയാ റിമാർക്കിന്റെ ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ് (Erich Maria Remarque, All Quiet on the Western Front), ഹക്സ്ലിയുടെ ബ്രേവ് ന്യൂ വേൾഡ്. നിയമവും പുസ്തകവും ഒന്നുതന്നെ, കാലവും സമൂഹവും മാറുന്നു.
നിരോധനത്തിന്റെ ഇത്തരം താമാശകൾക്കിടയിൽ ചില കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനപ്പുറം അത് എഴുത്തുകാരന്റെ/കലാകാരന്റെ സ്വത്വത്തെത്തന്നെ നിഷേധിക്കുന്നു. ഇതാണ് ബോറിസ് പാസ്റ്റർനാക്കിന്റെ അനുഭവം. അദ്ദേഹത്തിന്റെ ഡോക്ടർ ഷിവാഗോയ്ക്ക് (1957) നൽകിയ പ്രസിദ്ധീകരണാനുമതി പിൻവലിച്ചു. നൊബേൽ സമ്മാനം നിരസിക്കാനാവശ്യപ്പെട്ടു. ഒടുവിൽ, എഴുത്തുകാരുടെ സംഘടനയിൽനിന്ന് പുറത്താക്കുകയും സോവിയറ്റ് എഴുത്തുകാരൻ എന്ന മേൽവിലാസം തന്നെ പിൻവലിക്കുകയും ചെയ്തു. ഇതെല്ലാം നടന്നത് സ്റ്റാലിനെ തള്ളിപ്പറഞ്ഞ ക്രൂഷ്ചേവിന്റെ കാലത്തായിരുന്നു എന്നത് കൗതുകമുണർത്തുന്നു. നൊബേൽ സമ്മാനം നിരസിക്കാൻ പാസ്റ്റർനാക് പറഞ്ഞ കാരണത്തിൽ എഴുത്തുകാരൻ/കലാകാരൻ എക്കാലവും നേരിടുന്ന പ്രതിസന്ധിയുടെ ആഴം അളക്കാനാവും: ‘ഞാൻ ഉൾപ്പെടുന്ന സമൂഹം ഈ ബഹുമതിക്ക് നൽകുന്ന അർത്ഥം അർഹതയില്ലാത്ത ഈ സമ്മാനം നിരസിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.’ റുഷ്ദി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടികൂടിയാണിത്. മനുഷ്യജീവിതത്തിന്റെ അർത്ഥവും അനർത്ഥവും ആത്യന്തികമായി നിർണ്ണയിക്കുന്നത് സമൂഹമാണ്. സാധാരണക്കാരുടെ ജീവിതം അതിന്റെ എല്ലാ അർത്ഥത്തിലും മനോഹരമായി കോറിയിടുന്ന വാൾട്ട് വിറ്റ്മാന്റെ കവിത, ‘ലീവ്സ് ഒഫ് ഗ്രാസി’ൽ, അനർത്ഥം കണ്ടെത്തിയ മനുഷ്യബുദ്ധിയും ഇതേ സമൂഹത്തിന്റെ സൃഷ്ടിയാണ്.
നിരോധിക്കപ്പെട്ട പുസ്തകങ്ങൾ വിളിച്ചുപറഞ്ഞത്
നിരോധിക്കപ്പെട്ട പുസ്തകങ്ങൾ ഭരണകൂടങ്ങളെയും പുരോഹിത വർഗ്ഗത്തെയും സമൂഹത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്ന പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. യുദ്ധം, സ്ത്രീജീവിതം, മതവും വംശീയതയും, സമഗ്രാധിപത്യത്തിൻ കീഴിലെ മനുഷ്യജീവിതം, വികസനത്തിന്റെ പ്രതിസന്ധികൾ, ചൂഷണം... ഇങ്ങനെ പോകുന്നു അവ. സ്ഥലപരിമിതിമൂലം ഏതാനും ചില പുസ്തകങ്ങളും അവയുടെ പ്രതിപാദ്യവിഷയവും മാത്രമേ ഇവിടെ ചർച്ചചെയ്യുന്നുള്ളൂ.
ഇതിൽ എറിക് മറിയാ റിമാർക്കിന്റെ ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ് (1928) യുദ്ധത്തിന്റെ ദുരന്തസ്വഭാവമാണ് ചർച്ച ചെയ്യുന്നത്. പോർമുഖത്ത് ശത്രുവിനെ വകവരുത്തിയ സൈനികന്റെ ആത്മഗതം മതി നമ്മെ ഉലയ്ക്കാൻ: ‘സഖാവെ, എനിക്ക് അങ്ങയെ കൊല്ലാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല... പക്ഷേ, ഏതാനും നിമിഷങ്ങൾക്കു മുമ്പുവരെ നിങ്ങൾ എനിക്ക് ഒരാശയം മാത്രമായിരുന്നു, അമൂർത്തമായ എന്തോ ഒന്ന്. ഞാൻ കണ്ടത് നിങ്ങളുടെ കൈയിലെ തോക്കിനെയും ഗ്രനേഡിനെയുമാണ്. അവ കൈയിലേന്തി നിൽക്കുന്ന ശത്രുസൈനികനെയാണ് ഞാൻ വകവരുത്തിയത്. പക്ഷേ, ഇപ്പോൾ, ഇതാദ്യമായി, താങ്കളും എന്നെപ്പോലെ ഒരു മനുഷ്യനാണെന്ന് ഞാൻ തിരിച്ചറിയുന്നു. താങ്കളുടെ ഭാര്യയെ എനിക്ക് കാണാനാവും. താങ്കളുടെ മുഖവും മനസ്സിൽ ഓടിയെത്തുന്നു. എന്നോട് പൊറുക്കൂ, സുഹൃത്തേ. മനുഷ്യൻ അങ്ങനെയാണ്, എല്ലാം വൈകിയേ മനസ്സിലാക്കൂ.’ യുദ്ധത്തിന്റെ അസംബന്ധ സ്വഭാവത്തെക്കുറിച്ച് എത്ര മനോഹരമായാണ് റിമാർക്ക് വർണ്ണിച്ചിരിക്കുന്നത്. ഇത് ഭരണകൂടത്തെയും ആയുധ കമ്പനികളെയും സൈനിക നേതൃത്വത്തെയും എങ്ങനെ വിറളിപിടിപ്പിക്കാതിരിക്കും?
ഡാൽട്ടൺ ട്രമ്പൊയുടെ ജോണി ഗോട്ട് ഹിസ് ഗണ്ണും (1939) ഇതേ പ്രശ്നം മറ്റൊരു രീതിയിൽ ഉന്നയിക്കുന്നു. ‘സ്വാതന്ത്ര്യം, ആത്മാഭിമാനം തുടങ്ങിയവയ്ക്കുവേണ്ടിയാണ് നാം പോരാടുന്നത്. എന്നാൽ മരിച്ചവർ മരിച്ചത് ജീവിതത്തെ മോഹിച്ചാണ്. മരിച്ചവർക്ക് എന്താണ് വേണ്ടത്? നഷ്ടപ്പെട്ട ജീവിതം, കൈകാലുകൾ, വികാരം.’ ജെയിംസ് ലിങ്കണും ക്രിസ്റ്റഫർ കോളിയറും ചേർന്നെഴുതിയ മൈ ബ്രദർ സാം ഈസ് ഡെഡ് കപടദേശീയതയെ കണക്കിന് പരിഹസിക്കുന്നു. ‘ഹോ ദേശസ്നേഹം. നിങ്ങളുടെ ദേശസ്നേഹം എന്റെ ഭർത്താവിനെ തടവറയിലാക്കി, മകൻ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം, എന്റെ ബിസിനസ് തകർത്തു. നിങ്ങളുടെ ഈ രാജ്യസ്നേഹം മറ്റെവിടെയെങ്കിലും പോയി വിറ്റഴിക്കൂ. എനിക്ക് മതിയായി.’ കൂട്ടത്തിൽ മറ്റൊന്നുകൂടി പറയുന്നു, ‘ഒരു കുഞ്ഞിനെ വളർത്തുന്നതിനെക്കാൾ ചെലവു കുറവ് അതിനെ വെടിവെക്കുന്നതാണ്.’
രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ ജർമൻ സ്ത്രീകൾ അനുഭവിച്ച യാതനയുടെ സാക്ഷ്യപത്രമാണ് അജ്ഞാതയായ എഴുത്തുകാരിയുടെ (Marta Hillers?) ഈ ഡയറിക്കുറിപ്പുകൾ -എ വുമൺ ഇൻ ബെർലിൻ: എയ്റ്റ് വീക്സ് ഇൻ ദ ക്വാൺകേർഡ് സിറ്റി (1954). നാസികളെ തോൽപ്പിച്ച് ജർമനിയിലെത്തിയ സൈന്യത്തിന്റെ ക്രൂരതയും ജർമൻ പുരുഷസമൂഹത്തിന്റെ ഭീരുത്വവും കൃതി വിവരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ. സ്വന്തം ഭാര്യമാർതന്നെ ഇതിന് ഇരയാവുമ്പോൾ സ്വയംരക്ഷയ്ക്ക് ശ്രമിക്കുന്ന ഭർത്താക്കന്മാർ അവസാനം അവരെ ‘മാനം നഷ്ടപ്പെട്ടവർ’ എന്ന് ചാപ്പകുത്തി പരിത്യജിക്കുന്നു. എല്ലാറ്റിനും ദൃക്സാക്ഷിയായ എഴുത്തുകാരി ഒടുവിൽ പറയുന്നു, ‘ജർമൻ പുരുഷന്മാരെക്കുറിച്ചുള്ള എന്റെ-ജർമൻ സ്ത്രീകളുടെ-അഭിപ്രായം മാറിവരുന്നതായി ഞാൻ തിരിച്ചറിയുന്നു. പുരുഷാധിപത്യത്തിൽ പടുത്തുയർത്തിയ നാസികളുടെ ലോകം തകർന്നുകഴിഞ്ഞു. ഒപ്പം പുരുഷന്മാരെക്കുറിച്ചുള്ള മിത്തും.’ പോരേ പുകിൽ! ജർമൻ സ്ത്രീത്വത്തിനും പുരുഷത്വത്തിനും രാജ്യത്തിനുതന്നെയും അപമാനകരമെന്നു മുദ്രകുത്തി പുസ്തകം നിരോധിച്ചു.
യാഥാസ്ഥിതികമായ സൗദി സമൂഹത്തിൽ സ്ത്രീകൾ നയിക്കുന്ന ദുരിതജീവിതത്തിന്റെ നേർചിത്രമാണ് രജാ അൽസാനിയുടെ ഗേൾസ് ഒഫ് റിയാദ് (2005). സ്ത്രീ-പുരുഷബന്ധങ്ങളുടെ തകർച്ച, കുടുംബങ്ങളിലെ പ്രതിസന്ധികൾ, മതവും ഭരണകൂടവും കൈകോർക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, എല്ലാം അതിൽ ചർച്ചചെയ്യപ്പെടുന്നു. ‘ഞങ്ങളുടെ രാജ്യത്ത് പ്രണയം ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പ്രണയച്ചുവയുള്ള യാതൊന്നും പരസ്യമായി ആഘോഷിക്കാനാവില്ല. കമിതാക്കൾക്ക് അവരുടെ സന്ദേശങ്ങൾ കൈമാറാനുള്ള ഉപാധി ടെലിഫോൺ മാത്രമാണ്. അതുകൊണ്ട് രാജ്യത്തെ ടെലിഫോൺ ലൈനുകളുടെ കട്ടി വളരെ കൂടുതലാവും. രാവന്തിയോളം നീണ്ടുനിൽക്കുന്ന അവരുടെ സല്ലാപങ്ങളുടെയും നെടുവീർപ്പുകളുടെയും ചുംബനങ്ങളുടെയും സന്തോഷ സന്താപങ്ങളുടെയും ഭാരം അതിനു താങ്ങേണ്ടതുണ്ടല്ലോ,’ അൽസാനിയ തുറന്നുപറയുന്നു. നോവൽ അവസാനിക്കുന്നത് സൗദി സമൂഹത്തെയും പുരുഷന്മാരുടെ തന്റേടക്കുറവിനെയും നിശിതമായി വിമർശിച്ചുകൊണ്ടാണ്. ഇതിൽപ്പരം എന്തുവേണം അതിനെ നിരോധിക്കാൻ?
ഗാവോ ഷിങ്ജിയാൻ (Gao Xingjian) എഴുതിയ നോവൽ, ബസ് സ്റ്റോപ്പ് (1983), ചൈനീസ് ഭരണകൂടത്തിനുള്ള വിമർശനമാണ്. നഗരത്തിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന ഏഴ് അപരിചിതർ തമ്മിലുള്ള സംഭാഷണമായിട്ടാണ് നോവൽ പുരോഗമിക്കുന്നത്. ബസ്സുകൾ കടന്നുപോകുന്നുണ്ടെങ്കിലും ഒന്നും നിർത്തുന്നില്ല. ബസ് സ്റ്റോപ്പ് മറ്റൊരിടത്തേക്ക് മാറ്റി എന്ന് ഒടുവിൽ അവർ അറിയുന്നു. ഇതിനെത്തുടർന്നുള്ള സംഭാഷണമാണ് നോവലിന്റെ കാതൽ. ‘ജീവിതം നമ്മെ പുറന്തള്ളിയിരിക്കുന്നു. ലോകം നമ്മെ മറന്നിരിക്കുന്നു. നമ്മുടെ കൺമുന്നിൽ ജീവിതം എരിഞ്ഞുതീരുകയാണ്. ജീവിതം മുഴുവൻ നമുക്കു കാത്തിരിപ്പാണ്. പാഴായിപ്പോയ കാത്തിരിപ്പ്.’ വിപ്ലവം ഉയർത്തിയ പ്രതീക്ഷയും വിപ്ലാവനന്തര യാഥാർത്ഥ്യവും തമ്മിലെ പൊരുത്തക്കേടിലേക്ക് വെളിച്ചംവീശുന്നു ഈ കൃതി.
മതങ്ങളുടെ സങ്കുചിത നിലപാടുകളെ അതിനിശിതമായി വിമർശിക്കുന്ന രണ്ട് ഗദ്യകൃതികളാണ്, തോമസ് പെയ്ൻന്റെ ദ ഏജ് ഒഫ് റീസണും (1795) സെബാസ്റ്റിയൻ കാസ്റ്റെല്ലിയൊവിന്റെ കൺസേണിങ് ഹെററ്റിക്സും (Sebastian Castellio, Concerning Heretics, 1554). ‘ലോകത്തുള്ളതിൽ വെച്ച് ഏറ്റവും മൂർച്ചയേറിയ സ്വേച്ഛാധിപത്യമാണ് മതങ്ങളുടേത്. കാരണം, മറ്റ് സ്വേച്ഛാധിപത്യങ്ങൾ ഭൂമിയിൽ തറഞ്ഞുനിൽക്കുമ്പോൾ മതത്തിന്റേത് മനുഷ്യന്റെ ശവക്കല്ലറയും കടന്നുപോകുന്നു,’ തോമസ് പെയ്ൻ പറയുന്നു. കാസ്റ്റെല്ലിയൊ പറയുന്നത് സഹിഷ്ണുതയെക്കുറിച്ചാണ്- ‘മതം ഏതായാലും ദൈവവിശ്വാസികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ബുദ്ധി. മതം മനുഷ്യന്റെ മനസ്സിലാണ് കുടിയിരിക്കുന്നത്. രാജാക്കന്മാരുടെ വാളിന് അതിനെ തൊടാനാവില്ല.’ നൂറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞ ഇതിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നത് അവരുടെ ദീർഘവീക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല, മതങ്ങളുടെ അടിസ്ഥാനസ്വഭാവം മാറുന്നില്ലെന്നതിന്റെ തെളിവുകൂടിയാണ്.
അധികാരത്തിന്റെ അനർത്ഥവും ചെറുത്തുനിൽപ്പും
മനുഷ്യന് അയ്യായിരം വർഷത്തെ ചരിത്രമുണ്ടെന്ന് നാം മേനിപറയുമ്പോഴും അഞ്ചാഴ്ചയോ അഞ്ചു മാസമോ അഞ്ചു വർഷമോ കൊണ്ട് രചിക്കുന്നൊരു പുസ്തകത്തെയോ കലാരൂപത്തെയോ നമുക്ക് താങ്ങാനാവുന്നില്ലെങ്കിൽ അതിൽ എന്തോ പന്തികേടുണ്ട്. ആധുനികത ശാസ്ത്ര–സാങ്കേതിക പുരോഗതിയും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും യുക്തിചിന്തയുമൊക്കെ പ്രദാനം ചെയ്തെങ്കിലും നമുക്ക് അർത്ഥവത്തായി ജീവിക്കാനാവുന്നില്ലെന്നതിന്റെ തെളിവാണ് ഇത്.
കുട്ടികളെപ്പോലെ, അമ്പരക്കാനും വിസ്മയിക്കാനും ആശ്ചര്യം കൊള്ളാനും ചുറ്റുമുള്ളതിനോട് പ്രതികരിക്കാനും നമ്മെ പ്രാപ്തരാക്കുന്നതാവണം ജീവനകല. അത് കേവലം ഭരണകൂടമോ വിപണിയോ സമൂഹമോ മതമേലധികാരികളോ നിർവ്വചിക്കുന്നതാകരുത്. ജീവിതത്തിന് ചാരുതയും മൂല്യവും ലഭിക്കുന്നത് ഇത്തരം വേലിക്കെട്ടുകൾക്കു പുറത്തുകടന്ന് അത് സ്വയംപ്രകാശിതമാകുമ്പോഴാണ്. ഈവിധം സർഗ്ഗാത്മകമല്ലാത്ത ജീവിതം വ്യർത്ഥവുമാണ്. ജീവിതത്തിന്റെ പൂർണ്ണതയ്ക്ക് അന്നവും അത്താണിയും മാത്രം പോരാ, സ്നേഹവും സംഗീതവും കഥയും കലയും കവിതയും ആവശ്യമാണ്. നിക്കോളെ ചൗഷസ്ക്യുവിന്റെ കാലത്ത് റൊമേനിയയിൽ അനാഥക്കുട്ടികളിൽ നടത്തിയ പരീക്ഷണം ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. അന്നവും അത്താണിയും ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ട അവർക്ക് സ്വാഭാവിക വളർച്ച ഉണ്ടായില്ല!
പക്ഷേ, അധികാരത്തെ ലക്ഷ്യവും മതവുമായി കാണുന്ന അധികാരിവർഗ്ഗത്തിനു വേണ്ടത് ഇത്തരക്കാരെയാണ്. എങ്കിൽ മാത്രമേ സാമൂഹിക യാഥാർത്ഥ്യത്തെ തങ്ങൾക്ക് പത്ഥ്യമാംവിധം പാകപ്പെടുത്താനാകൂ. ഇതിനാലാണ് കഥയും കലയും കവിതയുമൊക്കെ സ്വന്തം ഇച്ഛയ്ക്കനുസൃതമാകണമെന്ന് അവർ ശഠിക്കുന്നത്. മറിച്ച് ചിന്തിക്കണമെങ്കിൽ വലിയ മനസ്സും ആഴത്തിലുള്ള ജനാധിപത്യബോധവും ഉണ്ടാകണം. അതുണ്ടായിരുന്ന അപൂർവ്വം ചില ഭരണാധിപന്മാരിൽ ഒരാളായിരുന്നു നെഹ്രു. തന്നെ വിമർശനത്തിൽനിന്നൊഴിവാക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗാളിനെയും വേണമെങ്കിൽ ഈ ഗണത്തിൽപ്പെടുത്താം. ഫ്രാൻസിന്റെ അൾജീറിയൻ നയത്തെ വിമർശിച്ച സാർത്രിനെ അറസ്റ്റ് ചെയ്യാൻ ഉപദേശിച്ച മന്ത്രിയോട് അദ്ദേഹം പറഞ്ഞത് ചിന്തോദ്ദീപകമാണ്-‘സാർത്ര് മറ്റൊരു ഫ്രാൻസാണ്. അദ്ദേഹം സ്വാതന്ത്ര്യത്തോടെ കഴിയട്ടെ!’
ലൈബ്രേറിയന്മാരും പൊതുസമൂഹവും പുസ്തകനിരോധനത്തെ ചെറുത്തുതോൽപ്പിച്ച സന്ദർഭങ്ങളുമുണ്ട്. ഇംഗ്ലണ്ടിലെ ബോഡിലിയൻ സർവ്വകലാശാല അധികാരികൾ ജോൺ മിൽട്ടൺന്റെ പുസ്തകങ്ങൾ കത്തിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ സർവ്വകലാശാല ലൈബ്രേറിയന്മാരായിരുന്നു അവയെ രഹസ്യമായി സംരക്ഷിച്ചത്. സോവിയറ്റ് യൂണിയനിൽ, വായനക്കാർ എടുത്ത പുസ്തകങ്ങളുടെ വിവരം ശേഖരിക്കാൻ വന്ന രഹസ്യപ്പോലീസുകാർക്ക് തെറ്റായ വിവരം നൽകി അവരെ രക്ഷപ്പെടുത്തിയതും ലൈബ്രേറിയന്മാർ തന്നെ. മറുഭാഗത്ത്, ഭരണകൂടത്തിന് അനഭിമതരായ എഴുത്തുകാരുടെ പുസ്തകങ്ങൾ നീക്കിത്തുടങ്ങിയതോടെ, ഗ്രന്ഥശാലകൾ സന്ദർശിക്കുന്ന പതിവ് മുടക്കി വായനക്കാരും അവരുടേതായ രീതിയിൽ പ്രതിഷേധിച്ചു. ഇത്തരം സന്ദർഭങ്ങൾ അത്യപൂർവ്വമായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.
ഇംഗ്ലണ്ടിൽ ഡി.എച്ച്. ലോറൻസിന്റെ ലേഡി ചാറ്റർലീസ് ലവർ പ്രസിദ്ധീകരിക്കാൻ (1960) തുനിഞ്ഞ പെൻഗ്വിൻ ബുക്സിനെതിരെ ഉണ്ടായ നിയമനടപടി ചെറുത്തുതോൽപ്പിച്ചത് ലണ്ടനിലെ സാഹിത്യലോകവും പൊതുസമൂഹവുമായിരുന്നു. ഹംഗറിയിലും ചെക്കസ്ലോവാക്കിയയിലും മറ്റൊരു രീതിയിൽ ഇത് അരങ്ങേറി. അവിടെ മിലൻ കുന്ദേരയുടെ ദ ജോക്സ് നിരോധിക്കാനുള്ള നീക്കം (1970) പരാജയപ്പെട്ടത് സ്വകാര്യവ്യക്തികളുടെ കൈവശം അതിന്റെ കോപ്പികൾ ധാരാളമായി ഉണ്ടായിരുന്നതുമൂലമാണ്. 1967-ൽ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ വിറ്റഴിഞ്ഞ 1,19,000 കോപ്പിയിൽ ഒരു ലക്ഷവും വാങ്ങിയത് ഇക്കൂട്ടരായിരുന്നു.
ഇതെല്ലാം ആവിഷ്കാരസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ചെറുശ്രമങ്ങൾ മാത്രമാണെങ്കിലും അവ പ്രതീക്ഷയ്ക്ക് വകനൽകുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവർ മനസ്സിലാക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. കലാരൂപങ്ങളാണെങ്കിലും പുസ്തകങ്ങളാണെങ്കിലും അവയെ ശിക്ഷിക്കേണ്ടത് ആസ്വാദകരാണ്. മറ്റുള്ളവർ എത്ര ശ്രമിച്ചാലും സർഗ്ഗസൃഷ്ടികൾ അവയുടെതായ ജീവിതം ജീവിച്ചുതന്നെ തീർക്കും. അവയുടെ ആയുസ്സ് നിർണ്ണയിക്കുന്നത് അവയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങളുടെ ശക്തിയും ദൗർബല്യവുമാണ്.
Published: 01 Sept 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented