ആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവലായ ആത്രേയകത്തിന്റെ എട്ടാം അധ്യായത്തില്‍ നിന്നും...
മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പൂക്കുല പോലെ ചിതറിച്ചുകൊണ്ട് വിപുലനൊപ്പം വന്ന പടയാളികളിലൊരാള്‍ ദൂരെ തെറിച്ചുവീണു കിടന്നു ദീനമായി ഞരങ്ങി. വിപുലന് ഭയത്തോടെ രണ്ടടി പിന്നാക്കം നീങ്ങിപ്പോയി. ചണ്ഡമഹാകാളനെപ്പോലെ കത്തിജ്ജ്വലിക്കുന്ന ദ്രുപദനോട് സംസാരിക്കാന്‍ വാക്കും ശ്വാസവും കിട്ടാതെ താന്‍ നിന്നനില്‍പ്പില്‍ മരിച്ചുവീഴുമെന്ന് അയാള്‍ ഉറപ്പിച്ചു. രാജകുമാരന്‍തന്നെ മുന്നോട്ടു വന്ന് സംഭവിച്ചതൊക്കെ വിവരിച്ചിരുന്നെങ്കില്‍ എന്നു വിപുലന് തീവ്രമായി ആശിച്ചു. പല തവണ പിന്നോട്ടു നോക്കി. പക്ഷേ, നിരമിത്രന് നിശ്ശബ്ദനായി അകത്തേക്കു പോവുകയാണുണ്ടായത്.
വധുവിനെ സ്വീകരിക്കാന്‍ മംഗലദ്രവ്യങ്ങളുമായി തിക്കിത്തിരക്കുന്ന സ്ത്രീകളുടെ ദൃശ്യം ദ്രുപദന്റെ കലി ഇരട്ടിപ്പിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലാക്കിയ പലരും പതിയെ പിന്‍വലിഞ്ഞു തുടങ്ങി. രാജാവിന്റെ കൈയില്‍ ഊരിയ വാളാണുള്ളത്. വെറുതേയെന്തിന് പരലോകയാത്ര നേരത്തേയാക്കണം?
കൂടി നിന്നവരൊക്കെ ഒഴിഞ്ഞു പോയിക്കഴിഞ്ഞും പോകാനുള്ള ധൈര്യം കിട്ടാതെ വിപുലന് പരുങ്ങിനിന്നു. അയാള്‍ സംസാരിക്കുന്നതു കേള്‍ക്കാനുള്ള മനോനിലയിലേക്കു തിരിച്ചെത്താന്‍ രാജാവ് വളരെ സമയമെടുത്തു.
'മഹാരാജാവേ, ഒക്കെയും കേള്‍ക്കാന്‍ തിരുവുള്ളമുണ്ടാകണം. ഇതില്‍ ഞങ്ങള്‍ അപരാധികളല്ലെന്നും സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തില്‍ വീഴ്ചകളുണ്ടായിട്ടില്ലെന്നതുമാണ് സത്യം...'
വിപുലന് താഴ്ന്ന സ്വരത്തില്‍ ഉണര്‍ത്തിച്ചു.
'എന്താണ് കാമ്പില്യത്തില് സംഭവിച്ചത്?'
ഏറെ നേരത്തിനു ശേഷം ദ്രുപദന് അന്വേഷിച്ചു.
'സത്യം പറയണം! അതു മാത്രം.'
വിപുലന് ധൈര്യം സംഭരിച്ച് രണ്ടടി മുന്നോട്ടു നീങ്ങി.
'മഹാരാജാവേ, ദശാര്ണ്ണത്തില്നിന്ന് വിവാഹസംഘം എത്തുന്നതുവരെ യാതൊരു കുഴപ്പവുമുണ്ടായിട്ടില്ല. രാജകുമാരന് ആദ്യം അല്‍പ്പം പരിഭവിച്ചിരുന്നെങ്കിലും പിന്നീട് വളരെ സന്തുഷ്ടനായിരുന്നു.'
അന്നു പുലര്‍ച്ചെയുണ്ടായ സംഭവങ്ങള്‍ തല്ക്കാലം മറച്ചുവയ്ക്കാനാണ് വിപുലന് തോന്നിയത്. അത് ഒട്ടും പ്രസക്തമല്ലല്ലോ, വിശേഷിച്ച് വധൂവരന്മാര് ഒന്നിച്ചു പൂര്‍ത്തിയാക്കിയ ആഹ്ലാദകരമായ വനയാത്രയ്ക്കു ശേഷം അതിനൊക്കെ എത്രയോ മുമ്പുനടന്ന ഒന്നുമായി അതൊക്കെ ബന്ധിപ്പിക്കുന്നതെന്തിന്? ദശാര്‍ണ്ണ രാജകുമാരി കൊടുങ്കാറ്റുപോലെ അറയില്‍നിന്നു പുറത്തേക്കു വന്നതു മുതല്‍ മാത്രമേ രാജാവിനെ ധരിപ്പിക്കേണ്ടതുള്ളൂ എന്നയാള്‍ തീരുമാനിച്ചു.
'അല്‍പ്പംകൂടി കാത്തിരുന്നാല്‍ നേരം പുലരുമെന്നും അതിനു ശേഷമാവാം യാത്രയെന്നും ഞങ്ങള്‍ പലതവണ പറഞ്ഞു നോക്കിയതാണ്. പക്ഷേ, രാജകുമാരി കേട്ടില്ല. നൂല് പൊട്ടിയ മുത്തുമാല കണക്കെ ചിതറിയോടിക്കളഞ്ഞു. കണ്ണീരും ശാപവാക്കുകളും വീണ് ഞങ്ങളൊന്നടങ്കം പൊള്ളിപ്പോയി.'
'ശാപത്തിന്റെ കഥ അവിടെ നില്ക്കട്ടെ. അവളെങ്ങനെ പോയി? ഏത് തേരില്‍?'
ദ്രുപദന് നെറ്റി ചുളിച്ചു.
'ദശാര്ണ്ണത്തില്നിന്ന് അകമ്പടിസേവിച്ചു വന്ന തേരുകള്‍ രാവിലെ മടങ്ങാനായി അവിടെയുണ്ടായിരുന്നു മഹാരാജാവേ, രാജകുമാരി ഓടിച്ചെന്ന് തേരില്ക്കയറിയതും അവ നീങ്ങി. അവയെ തടയാനോ രാജകുമാരിയെ പിടിച്ചുനിര്‍ത്താനോ ഞങ്ങള്‍ക്ക് അനുമതിയില്ലായിരുന്നല്ലോ... രാജകുമാരന് ഒന്നും പറഞ്ഞുമില്ല.'
രാജകുമാരന്!
ദ്രുപദന് വെറുപ്പു നിറഞ്ഞ ഒരു നിശ്വാസമയച്ചു. പല്ലുകള്‍ ഞെരിച്ചു. വാള്‍പ്പിടിയില്‍ കൈയമര്‍ത്തിക്കൊണ്ട് നിരമിത്രന് പോയ വഴിയിലേക്ക് അറിയാതെ തിരിഞ്ഞുനോക്കി.
നിര്ദ്ദേശങ്ങളൊന്നുമില്ലായിരുന്നെങ്കിലും താന്‍ രണ്ടു പടയാളികളെ രാജകുമാരിയുടെ തേരിനു പിന്നാലെ അയച്ചിരുന്നുവെന്ന് വിപുലന് അറിയിച്ചു. അവര്‍ കുറച്ചുദൂരം പിന്തുടര്‍ന്ന ശേഷം തിരിച്ചെത്തി.
ദശാര്‍ണ്ണത്തിന്റെ അതിര്‍ത്തി കടക്കാന്‍ ഭയന്നിട്ടാണ്. രാജകുമാരി കയറിയ തേര് അതിവേഗത്തിലുമായിരുന്നു. പടയാളികള്‍ പിന്തുടരുന്നുവെന്നു കണ്ടയുടനെ അതിലെ യോദ്ധാക്കള്‍ ആയുധവുമായി തിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ഒരു കാരണവശാലും തിരിച്ചുവരാനുള്ള യാത്രയാണതെന്ന് തോന്നിയില്ല. അതു കൊണ്ട്....
'നിര്‍ത്ത്...'
ദ്രുപദന് കൈയുയര്‍ത്തി തടഞ്ഞു
'തിരിച്ചുവരവിനെക്കുറിച്ചൊന്നും ഇനി സംസാരിക്കേണ്ടതില്ല. അങ്ങനെയൊന്നുണ്ടായാല്ത്തന്നെ അതു ബന്ധം പുനഃസ്ഥാപിക്കാനുമാവില്ല. ഉണ്ടായ അപമാനത്തിനുമേല് എങ്ങനെയും ഒരു മറ വലിച്ചിടുക തത്കാലം. അത്രതന്നെ.'
'ഇനിയെന്തൊക്കെയാണുണ്ടാവുക മഹാരാജാവേ?'
വിപുലന് ധൈര്യം സംഭരിച്ചു ചോദിച്ചു.
അന്തഃപുരക്കാര്യമെന്നതിലുപരി അത് രാജ്യകാര്യം കൂടിയാണ്. ദശാര്‍ണ്ണം അപമാനിക്കപ്പെട്ടിരിക്കയാണ്. അവരൊരിക്കലും വെറുതെയിരിക്കില്ല. പാഞ്ചാലത്തിന്റെ മഹിമകള്‍ തങ്ങളുടെ രാജകുമാരിയുടെ അഭിമാനത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്ന് ചിന്തിക്കാനേ അവര്‍ക്ക് കഴിയൂ. അതുകൊണ്ട് വിപുലന്റെ ചോദ്യത്തിന്റെ താത്പര്യം ദ്രുപദനും മനസ്സിലായി.
'തല്ക്കാലം സുരക്ഷ ശക്തമായിരിക്കട്ടെ. ദശാര്ണ്ണത്തിലേക്ക് ഒരു ചാരനെ അയയ്ക്കണം. ആരെങ്കിലുമായാല്‍ പോരാ, സമര്‍ത്ഥനായിരിക്കണം. അവരുടെ നീക്കമെന്താണെന്ന് അറിഞ്ഞു വയ്ക്കണം.'
ദ്രുപദന് എഴുന്നേറ്റു.
അത്ര നേരവും നിശ്ശബ്ദനായി നിന്നിരുന്ന സൈന്യാധിപന് വിപുലനോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു.
വിപുലന് ആശ്വാസത്തോടെ ഇരുവരെയും തൊഴുതു.
'നീ പോകാന്‍ വരട്ടെ.'
ദ്രുപദന് കടുത്ത ആലോചനയോടെ പറഞ്ഞു.
'യാജമഹര്ഷിയോടു ഞാന്‍ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. അവിടംവരെ ഒന്നുപോകണം. അതിനു മുമ്പ് ഞാനാ മൃതശരീരത്തെയൊന്നു കണ്ടുവരട്ടെ.'
'രാജാവേ, രാജകുമാരനുമായി ഇപ്പോഴങ്ങ് മുഖാമുഖം കാണാത്തതാണു നല്ലതെന്നു തോന്നുന്നു. ആദ്യം മഹര്‍ഷിയെ കാണാം. ഇപ്പോള്‍ സംഭവിച്ചതിനും എന്തെങ്കിലും പരിഹാരം അവിടുന്നു കാണാതിരിക്കില്ല.'
സൈന്യാധിപന്റേത് പരിധിയിലും താഴ്ന്ന സ്വരമായിരുന്നു.
യാജനും ഉപയാജനും പാഞ്ചാലത്തിലേക്കു വന്നിട്ട് ഏറെ ദിവസങ്ങളായിട്ടും രാജാവ് അങ്ങോട്ടു ചെന്ന് അവരെ കണ്ടിരുന്നില്ല. എന്നാല്‍ രാജസഞ്ചാരങ്ങളൊന്നും മുടങ്ങുന്നില്ലെന്ന് മുനിമാര്‍ കൃത്യമായി അറിയുകയും ചെയ്തിട്ടുണ്ട്. രാജാവിന് ഒഴിവില്ലെങ്കില്‍ തങ്ങള്‍ രാജധാനിയിലേക്കു വരാമെന്ന് അവര്‍ പ്രതിപുരുഷനായിച്ചെന്ന സൈന്യാധിപനോട് പറയുകയും ചെയ്തിരുന്നു. ജ്ഞാനത്തെക്കാള്‍ പ്രയോഗത്തില്‍ വിശ്വസിക്കുന്നവരാണ് യാജനും ഉപയാജനും.
കര്‍മ്മങ്ങളൊന്നും പിഴയ്ക്കില്ല. മറ്റു യജ്ഞാചാര്യന്മാര് ചെയ്യാന്‍ മടിക്കുന്ന ദുഷ്കരകര്മ്മങ്ങളും അവര്‍ ചെയ്യുമെന്നു കേട്ടിട്ടുണ്ട്. വേദാദ്ധ്യയനത്തിലൊന്നും കാര്യമായ താത്പര്യമില്ല. യജ്ഞങ്ങള്‍, ദക്ഷിണകള് എന്നിവയാണവരുടെ വഴി. ധനത്തോട് താത്പര്യമുള്ള മുനിമാര്‍ വേറെയുമുണ്ടായിട്ടുണ്ടല്ലോ എന്നാണു ന്യായം. ലക്ഷക്കണക്കിന് പശുക്കളെയും കുതിരകളെയുമൊക്കെ ദാനമായി വാങ്ങിയിട്ടെന്തിനാണ്? ധനത്തിനാണ് മൂല്യം. അതിനാണ് ഭാരക്കുറവ്. കിഴിയില്‍ കെട്ടിക്കൊണ്ടുപോകാം. ഒന്നുമില്ലെങ്കിലും വെള്ളം കൊടുക്കുകയും അഴിച്ചുകെട്ടുകയും വേണ്ടല്ലോ. ഏതായാലും യാജനും ഉപയാജനും പാഞ്ചാലത്തിലുണ്ട്.
ജനങ്ങള്‍ കാര്യസാദ്ധ്യത്തിനായി തിക്കിത്തിരക്കുന്നുണ്ട്. പര്ണ്ണശാലാപരിസരത്ത് ഹോമപ്പുകയൊഴിഞ്ഞ നേരമില്ല. ഏതാനും നാളുകള്‍ക്കകം അവര്‍ രാജ്യം വിട്ടേക്കും. കുറവുകളൊന്നും അനുഭവപ്പെട്ടില്ലെങ്കില്പ്പോലും അതാണു പതിവ്. രാജാവ് അവരെ സന്ദര്‍ശിക്കാനുള്ള സമയം ഇപ്പോള്‍ത്തന്നെ വൈകി.
'ഇതിനുള്ള പരിഹാരം യാജരല്ല, ദ്രുപദനാണ് കാണേണ്ടത്.'
രാജാവ് എഴുന്നേറ്റു.
'ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞ ശേഷം മുനിമാരെ കാണാം. അല്ലെങ്കില്‍ സന്ദര്‍ശനസമയത്ത് മനസ്സ് കലുഷമായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ മനസ്സ് തീരുമാനിച്ചതല്ല നാവു പറയുക.'
രാജാവിന്റെ ഉദ്ദേശ്യം സൈന്യാധിപനും വിപുലനും വ്യക്തമായിരുന്നു. തടയാന്‍ ഇരുവരും ധൈര്യപ്പെട്ടില്ല. എന്നാല്‍ നിരമിത്രന്റെ അറയിലേക്കുള്ള വഴിയില്‍ വെച്ച് റാണി ദ്രുപദന്റെ വഴി തടഞ്ഞു. അവരെ ഇടതുകൈകൊണ്ട് തള്ളി നീക്കിക്കൊണ്ട് ദ്രുപദന് മുന്നോട്ടുനടന്നെങ്കിലും റാണി അയാളുടെ കൈത്തണ്ടയില്നിന്നു പിടിവിട്ടില്ല. നിലകിട്ടാതെ വീഴാനൊരുങ്ങിയ റാണിയുടെ ആഭരണങ്ങള്‍ ഒന്നാകെ ശബ്ദിച്ചു. അവരുടെ പട്ടുവസ്ത്രം നിലത്തിഴഞ്ഞു. വിശന്ന ആന പനയോല വലിച്ചുകൊണ്ടു പോകുന്നതുപോലെ ദ്രുപദന് റാണിയെ കൈയില്ത്തൂക്കി നേരെനടന്നു. കണ്ടുനിന്നവരും കേട്ടുവന്നവരും കിട്ടിയ പഴുതുകളില്‍ ഒളിച്ചു. നിരമിത്രന്റെ അറവാതില് ഒറ്റച്ചവിട്ടിനു തുറന്നിട്ട് ദ്രുപദന് കാവല്‍ക്കാരോട് ഗര്‍ജ്ജിച്ചു.
'ഞാന്‍ തുറന്നാലല്ലാതെ വാതില്‍ തുറക്കപ്പെടരുത്. മരണം ഉറപ്പിച്ചല്ലാതെ ഒറ്റയാളും അകത്തു വരരുത്.'
രാജധാനി ശ്വാസം വിലങ്ങിനിന്നു. ദ്രുപദന് റാണിയുമായി അകത്തേക്കു കയറി. അവര്‍ക്കു പിന്നില്‍ അറവാതില് ഇടറിയടഞ്ഞു.
Content Highlights: r rajasree novel athreyakam novel excerpts mathrubhumi books
Published: 07 Aug 2024, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented