1967-ൽ ഒറിഗൺ സ്റ്റേറ്റ് സർവകലാശാലയിൽ ചാൾസ് ഗോട്ട്സിംഗർ നടത്തിയ പരീക്ഷണത്തിന്റെ ചുവടു പിടിച്ചു കൊണ്ടാണ് ബ്ലാക്ക് ബാഗ് എന്ന ലൂക്ക് കെനാർഡ് ന്റെ surrealist പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ഗോട്ട്സിംഗർ അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിയോട് തല മുതൽ കാൽ വരെ മൂടുന്ന , കാൽപ്പാദങ്ങൾ മാത്രം വെളിയിൽ കാണുന്ന വിധത്തിൽഒരു വലിയ കറുത്ത ബാഗ് (സഞ്ചി) ശരീരത്തിൽ ധരിച്ചു കൊണ്ട് ഒരു സെമസ്റ്റർ മുഴുവനും ക്ലാസ് അറ്റൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അതിലൂടെ മറ്റു വിദ്യാർത്ഥികൾക്ക് ആ "ബ്ലാക്ക് ബാഗ്"നോടുള്ള മനോഭാവം സെമസ്റ്റർ ന്റെ ആദ്യം മുതൽ അവസാനം വരെ എങ്ങനെ മാറുന്നു എന്നതിനെ കുറിച്ച് പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. തുടക്കത്തിൽ ആ ബ്ലാക്ക് ബാഗിനോടു ശത്രുതയോടെ പെരുമാറിയിരുന്ന സഹപാഠികളുടെ മനോഭാവം, കാലക്രമേണ, അംഗീകാരത്തിലേക്കും ഒടുവിൽ സൗഹൃദത്തിലേക്കും മാറുന്നതായി അദ്ദേഹം കണ്ടെത്തി. മതിയായ സമയം ഒരുമിച്ച് ചെലവഴിക്കാൻ അവസരം ലഭിച്ചാൽ, എന്തിനെയും നമുക്ക് അംഗീകരിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്.

To advertise here,

ലൂക്ക് കെനാർഡ്ന്റെ പേരിട്ടിട്ടില്ലാത്ത കഥാനായകൻ അവസരങ്ങൾ തേടി മടുത്ത, മുപ്പതുകൾ പിന്നിട്ട ഒരഭിനേതാവാണ്‌. തികച്ചും സാധാരണക്കാരനായ ഒരു Under-achiever. മില്ലേനിയൽ തലമുറയുടെ പ്രതിനിധി. അയാളെ തേടി ഒരു സർവകലാശാലയിലെ ക്ലാസ്സിന്റെ പിൻനിരയിൽ, ഒരു സെമസ്റ്റർ മുഴുവൻ, കറുത്ത തുകൽസഞ്ചി മാത്രം ധരിച്ച്, നിശ്ശബ്ദനും അനങ്ങാതെയും ഇരിക്കുക എന്ന ജോലി എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. തുടക്കത്തിൽ ബ്ലാക്ക് ബാഗ് ധരിക്കുന്നത് അയാൾക്ക് അങ്ങേയറ്റം അസുഖകരമായ അനുഭവമാണ്. പക്ഷെ പതിയെ പതിയെ അതയാളുടെ സ്വത്വത്തിന്റെ ഭാഗമായി മാറുകയാണ്. ഒഴിവു സമയങ്ങളിൽ അയാളതിന്റെ സുരക്ഷിതത്വത്തിൽ ഒളിക്കുന്നു. ആദ്യമാദ്യം ബാഗിനുള്ളിൽ ശ്വാസം മുട്ടുന്ന അയാൾ പിന്നീട് ആൾക്കൂട്ടത്തിനിടയിൽ, റെസ്റ്റോറന്റുകളിൽ ഒക്കെ ശ്വാസം തേടി ബാഗിൽ അഭയം തേടുന്നു. അതെ സമയം സഹായം തേടി അയാൾ ചെല്ലുന്ന ബാല്യകാല സുഹൃത്തായ ക്ളോഡിയോ ഈ ബ്ലാക്ക് ബാഗിന്റെ സാമ്പത്തിക സാമൂഹിക സാദ്ധ്യതകൾ നവ ഡിജിറ്റൽ യുഗത്തിൽ എത്രമാത്രമാണെന്നും അതിനെ എങ്ങനെ ഉപയോഗിക്കാമെന്നും കണ്ടെത്തുന്നു. ആ ശ്രമത്തിൽ ക്ലോഡിയോ ബ്ലാക്ക് ബാഗുകളുടെ ഒരു വിചിത്ര സംഘടന തന്നെ കണ്ടെത്തുകയും ചെയ്യുന്നിടത്താണ് കഥയുടെ വഴിത്തിരിവ്.

മൂർച്ചയേറിയ ആക്ഷേപഹാസ്യവും വളരെ വിചിത്രവും അസംബന്ധവുമെന്നു തോന്നുന്ന സാഹചര്യങ്ങളും കൊണ്ട് സമൃദ്ധമാണ് ബ്ലാക്ക് ബാഗ്. കലയെ, സമൂഹത്തെ, മാസ്കുലിനിറ്റിയെ, സൗഹൃദങ്ങളെ ഒക്കെ വളരെ ഉള്കാഴ്ചകളോടെ നോക്കിക്കാണുന്ന പുസ്തകമാണിത്. ഈ നോവലിന്റെ അസാധാരണമായ ഹാസ്യം, സൂക്ഷ്മമായ സാമൂഹിക നിരീക്ഷണങ്ങളെ അസ്വാഭാവികമായ ആശയങ്ങളുമായി സമന്വയിപ്പിക്കുന്നു. അതിനായി മതം മുതൽ pornography വരെയുള്ള വൈപരീത്യം നിറഞ്ഞ ബിംബങ്ങളെ എഴുത്തുകാരൻ ആശ്രയിക്കുന്നു. ബ്ലാക്ക് ബാഗ് ആധുനിക പുരുഷത്വത്തിന്റെ ശൈഥില്യവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ അവസ്ഥയെ കുറിച്ച വിപുലമായ ചർച്ചക്ക് വഴിവച്ചേക്കാം എന്നാണ് പുസ്തകത്തെ വിലയിരുത്തിക്കൊണ്ട് ബുക്കർ ജഡ്ജസ് അഭിപ്രായപ്പെട്ടത്.

2007 ഇൽ തന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിലൂടെ ഫോർവേഡ് പുരസ്‌കാരത്തിന് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ എഴുത്തുകാരനാണ് ലൂക്ക് കെനാർഡ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ The Transition ഉം സമാനമായ surrealist വായനാനുഭവം സമ്മാനിച്ച കൃതിയായിരുന്നു. സാമ്പ്രദായിക രീതികളിൽ നിന്ന് തികച്ചും വ്യതിചലിച്ചുള്ള രചനാശൈലിയും ആശയാവതരണവും ഹാസ്യത്തിലൂടെ ഒളിപ്പിച്ചു കടത്തിയിട്ടുള്ള കടുത്ത സാമൂഹ്യ വിമർശനവും ഈ പുസ്തകത്തിന് 2026 ഇലെ ബുക്കർ പ്രൈസ് നേടിക്കൊടുത്താൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.