സമരങ്ങൾ ബാക്കിയാക്കുന്നത് ഏകാന്തനാവുന്ന മനുഷ്യന്റെ അവശിഷ്ടവിലാപങ്ങളെ മാത്രമാണ്. കേട്ടതും വായിച്ചതും കണ്ടതും അനുഭവിച്ചതുമായ സമരങ്ങൾ അത് അറിയിച്ചു. അനാഥമാക്കപ്പെടുന്ന മനുഷ്യാവസ്ഥകൾ, മരിച്ചുപോകുന്ന ദൈവങ്ങൾ...

To advertise here,

അരുൺ സെബാസ്റ്റ്യന്റെ പുതിയ പുസ്തകം 'ജൽ ജംഗൽ ജമീൻ' അതിനാൽ പ്രിയതരമാകുന്നൊരു മരണഗാഥ. അനിശ്ചിതത്വത്തിന്റെ ആയിരത്തൊന്നു രാവുകളിലും കഥയുടെ അതിജീവനം.

അരുൺ സെബാസ്റ്റ്യൻ ഒരു കോളേജ് ഡ്രോപ്ഔട്ടാണ്. അതിനാൽ അക്കാദമിക സാഹിത്യത്തിന്റെ ആലഭാരങ്ങളില്ല. സാഹിത്യക്കൂട്ടായ്മകളുടെ വേഷപ്പകർച്ചകൾക്ക് അരുണിന് നേരമില്ല. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നിറങ്ങണം. ദിവസേന 20 ടണ്ണോളം ഭാരമിറക്കണം, ടാറ്റാ അൾട്രാ നിറച്ചുണ്ടാവും.

അരുണടക്കം മൂന്നാൾക്കുള്ള ചുമടാണത്. അതിനിടെ ഇന്ത്യൻ വിദൂരവിസ്തൃതികളിൽ അയാൾ അലഞ്ഞുമറിഞ്ഞു. മരിക്കാൻ വയ്യ. അതിന് ചെയ്യാത്ത പണിയില്ല. അതിനിടെ മധ്യേന്ത്യൻ ഗ്രാമങ്ങളേയും കണ്ടു, ജീവിതങ്ങളേയും. ഇന്ത്യൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇന്ന് കാണുന്നത് നാളെ ഉണ്ടാവില്ല. ഖനിമേഖലയിൽ പ്രത്യേകിച്ചും, സംസ്‌കാരത്തോടൊപ്പം സമൂഹവും മാഞ്ഞുമറയും.

ഗൂണ്ടാ

ഗൂണ്ടാ ആക്ടിനെ പറ്റിയല്ല. അത് എല്ലാർക്കും അറിയുന്നത്. ആ പേരിനെ പറ്റിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം. ജഗദാൽപൂരിൽ ഒരു ആദിവാസി ഉണ്ടായിരുന്നു. ഗൂണ്ടാ ധുർ. 1910-ലെ ബസ്തർ കലാപം. വനാവകാശം സംരക്ഷിക്കാൻ സമരം. വെള്ളക്കാർ അത് അടിച്ചമർത്തി. വനവും ഖനിയും അന്നും തർക്കമായി.

ഗൂണ്ടാ ധുറിനെ

പിടികിട്ടിയില്ല. പലനാൾ ഒളിവിൽ. ഒടുവിൽ ബ്രിട്ടീഷുകാർ പിടിച്ചു. വധിച്ചു. ആ പേര് വെള്ളക്കാർക്ക് ഇടിത്തീയായി. പിന്നീട് സമാന സമരങ്ങളിലെ നേതാക്കളെയൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ 'ഗൂണ്ടയെപ്പോലെ' എന്നു വിശേഷിപ്പിച്ചു. പതിയെ ആ പേര് നിഘണ്ടുവിലെത്തി. പിന്നെ ഇന്നത്തെ അർഥം മാത്രമായി.

കാലാന്തരത്തിലെ ശമിക്കാത്ത കയ്പ്, പ്രവീർ ചന്ദ്ര ബജ്‌ദേവ്

ബസ്തറിലെ അവസാനത്തെ രാജാവ്. ജഗദാൽപൂരിലെ ജനങ്ങൾക്ക് പ്രിയങ്കരൻ. ഖനികൾ നാടിന് എതിരാവരുതെന്ന് ആവശ്യപ്പെട്ടു. സമരം ചെയ്തു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ നടപടികളിലൊന്ന്. കൊട്ടാരപ്പടവുകളിൽ നാട്ടുകാർക്കൊപ്പം രാജാവും വെടിയേറ്റു വീണു.

ആ രാജാവിന്റെ പിന്മുറക്കാരനെ പിന്നീടൊരിക്കൽ കണ്ടിരുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് പഠിച്ചിറങ്ങിയ ചെറുപ്പക്കാരൻ. മൃദുഭാഷി. സ്വപ്നങ്ങളും ഭയവും നിറഞ്ഞ യുവാവ്. പിന്നീട് അദ്ദേഹം ബിജെപിയിൽ ചേർന്ന് ജനപ്രതിനിധിയായി.

മഹൂവാമരച്ചോട്ടിലെ ദൈവങ്ങൾ പട്ടിണിയാവുന്നത് കോട്‌ക്കേലിൽ ഞങ്ങൾ അറിഞ്ഞു. അധ്യാപകരില്ലാത്ത സ്‌കൂളുകൾ കണ്ടു. കരി പാറുന്ന ബെഞ്ചുകൾ. വീട്ടിനോടു ചേർന്നുള്ള കൃഷിയിടം. അടുക്കളക്കൃഷിയിലെ കോവലും പാവലും വഴുതനയും. ഫൂൽമതി ദേവി പറഞ്ഞു: 'മൗലി മാതയ്ക്കും ക്ഷീണമാണ്. വിളകൾ കുറവാണ്. കുട്ടികൾക്കും അസുഖങ്ങൾ പെരുകുന്നു'. ദന്തേശ്വരിയുടെ ചേച്ചിയാണ് മൗലിമാത. ആദിവാസി ഗോത്രങ്ങളുടേയും പ്രകൃതിയുടേയും ദേവി.

നവരാത്രിയിലെ ആഘോഷങ്ങൾ പകർത്തി നിന്ന മറ്റൊരു രാത്രി. തിരിച്ചുപോകാൻ നോക്കുമ്പോൾ അവിടത്തുകാർ പറഞ്ഞു, 'വേണ്ട, ഇന്ന് ഇവിടെ കിടന്നോളൂ. അല്ലെങ്കിൽ നിങ്ങൾ എങ്ങുമെത്തില്ല. നക്‌സലുകളോ, സാൽവാ ജുഡുമോ സൈന്യമോ ആരായാലും കേട് നിങ്ങൾക്കാവും.'

ആ കേട് ഒരുപാട് അനുഭവിച്ചവരാണ് ആ ഗ്രാമീണർ. അടിമപ്പണിയിൽ നിന്ന് കരാർ പണിയിലേക്കുള്ള യാത്ര ജീവിതം. ഖനിക്കുവേണ്ടി അപഹരിക്കപ്പെട്ട സ്വന്തം ഭൂമിക്കായി പരാതി കൊടുക്കാൻ പോലും കഴിയാത്ത നാട്ടുകാരെ കണ്ടു. അവർക്ക് എല്ലാം നഷ്ടമായി. പ്രിയപ്പെട്ടവരെ, ബന്ധുക്കളെ, തൊടിയിലെ മരങ്ങൾ, വീട്ടിലെ മാടുകൾ, ഉറ്റവർ, ബന്ധുക്കൾ, സ്വപ്നങ്ങൾ, എന്തിന് ദൈവങ്ങളെ തന്നെ. ജലവും ജംഗലും ജമീനും ഒരിക്കലും ജനങ്ങൾക്കു കിട്ടിയതേയില്ല. വെള്ളവും വനവും മണ്ണും കവർന്നെടുക്കപ്പെട്ടു. അതിനിടെ നക്‌സലുകളും സാൽവാ ജുദൂമും ജനങ്ങളെ ബന്ദികളാക്കി. പല പേരുകൾ, പല രാഷ്ട്രീയങ്ങൾ, അനാഥരാക്കപ്പെട്ട ജനത. നിലയ്ക്കാത്ത വിലാപം. ആ സങ്കടങ്ങളിലൂടെ നടക്കുകയാണ് അരുൺ സെബാസ്റ്റ്യൻ.

ഇല്യൂമിനാറ്റിയാണ് അരുണിന്റെ ആദ്യ നോവൽ. വ്യത്യസ്തമായ കൃതി. അങ്ങനെയാണ് അരുണിനെ വിളിക്കുന്നത്. ഇന്നോളം കണ്ടിട്ടില്ല. മൂന്നോ നാലോ സംഭാഷണങ്ങൾ. ബസ്തറിലെ ആഴ്ചച്ചന്തകളിൽ ഇന്നും കോഴിപ്പോരുണ്ട്. ബാർട്ടർ സമ്പ്രദായം നിലനിൽക്കുന്ന ഇടങ്ങളുണ്ട്. ഇലകളുടെ നിറം കറുപ്പെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതുന്ന കുട്ടികളുണ്ട്. ശങ്കർ ഗുഹാ നിയോഗിയുടേയും ബിനായക് സെന്നിന്റെയും ആശുപത്രികളിൽ പോയിട്ടുണ്ട്. മഹേന്ദ്ര കർമ്മയുടെ, അജിത് ജോഗിയുടെ, രമൺസിംഗിന്റെ, ഭൂപേഷ് ബാഗേലിന്റെ ഒക്കെ പ്രചാരണം കണ്ടിട്ടുണ്ട്.

അവർക്കു പറയാനുള്ളത് കേട്ടിട്ടുണ്ട്. നിസ്സഹായരായ മനുഷ്യരുടെ കണ്ണീരിൽ കലങ്ങി നിന്നിട്ടുണ്ട്. ആ ജീവിതങ്ങളെ ഓർമ്മിപ്പിക്കുന്നു അരുൺ സെബാസ്റ്റ്യൻ.

'ജൊഹാരിയാക്കുന്നിൽ ഇനി ശബ്ദമൊന്നുമില്ല.

അവിടെ നിശ്ശബ്ദതയും മരിച്ചുകഴിഞ്ഞിരിക്കുന്നു.'