പുസ്തകങ്ങളുടെ സ്വരൂപത്തിൽ മനുഷ്യപ്രകൃതത്തിനോട് ചാർച്ചയുള്ള വഴക്കങ്ങൾ ഉണ്ടെന്നത് വായനക്കാരായ എല്ലാവരുടെയും അനുഭവമാണ്. ഓരോ പുസ്തകവും ഓരോ മനുഷ്യനാണെന്നതുമാത്രമല്ല, മനുഷ്യകുലവും,മനുഷ്യപ്രതിസന്ധിയും കൂടിയാണ്. ജീവിതത്തിൻ്റെ രൂപകമാവുന്നതുകൊണ്ടാണ് പുസ്തകങ്ങൾക്ക് ആധികാരികതയും തനിമയും കൈവരുന്നത്. മാനുഷികമായ ശക്തിദൗർബല്യങ്ങളും, അവസ്ഥാ സങ്കീർണതകളും, പുസ്തകങ്ങളിലല്ലാതെ, തത്തുല്യമായ പ്രതീകശേഷിയോടെ, മറ്റൊരു വ്യവഹാരവും കയ്യാളുന്നില്ല .മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്ക്കും, സംസ്കൃതിയിലേയ്ക്കുമുള്ള പ്രവാഹമാണ് പുസ്തകങ്ങളുടെ സത്ത എന്നത് എടുത്തു പറയേണ്ടതില്ല. പുസ്തകങ്ങളുടെ വ്യാവഹാരികജീവിതം മറ്റേതൊരു സങ്കലിത ജീവിതവുംപോലെ സ്വയംപൂർണവും സചേതസ്സുമാണെന്നതിനും, വായന തന്നെ സാക്ഷ്യം.

To advertise here,

ഇത്തരത്തിൽ പുസ്തകങ്ങളെ ഒരു സംസ്കാരവിശേഷവും ജൈവസ്വത്വവുമാക്കിത്തീർക്കുന്ന പശ്ചാത്തലജീവിതങ്ങളുടെ ഒരു പനോരമയാണ് എം.സിദ്ധാർത്ഥന്റെ ‘ബുക്ക് മാർക്ക് -ഒരു പുസ്തക കച്ചവടക്കാരന്റെ കുറിപ്പുകൾ’.

30 വർഷത്തോളം നീളുന്ന ഒരു പുസ്തകസ പര്യയുടെ ആത്മഭാഷണമാണ് ഈ പുസ്‌തകം. ഇത്രയും ദീർഘിച്ച കാലയളവിലൂടെ അടയാളപ്പെടുത്തപ്പെടുന്ന കർമ്മക്രമം ,പൗരാണികമായ ഒരു വടവൃക്ഷത്തെപ്പോലെ ഗാംഭീര്യത്തിലേക്കും സാക്ഷാത്കാരത്തിലേയ്ക്കും ഉദാത്തപ്പെടുന്നു.

പുസ്തകസഫലതകൾ വിനിമയം ചെയ്യുന്ന അവബോധപ്പകർച്ചകളുടെ വർണ്ണരാജികൾ ബുക്ക്മാർക്കിൻ്റെ താളുകളിലൂടെ ചരിയ്ക്കുന്ന സഹൃദയനെ, ഹൃദയ തരളതയിലേയ്ക്കും, ആത്മലാവണ്യത്തിലേയ്ക്കും സ്വതന്ത്രനാക്കുന്നു.പുസ്തകം, പുസ്തകം മാത്രമല്ലാതാവുകയും അനിർവ്വചനീയമായ അനുഭൂതിയിലേയ്ക്കും, സാംസ്കാരിക ജാഗ്രതയിലേയ്ക്കും, ജീവിതകാമനയിലേയ്ക്കും കടത്തു നടത്തുന്ന യാനപാത്രമാവുകയും ചെയ്യുന്നു. ഹെർമൻ ഹെസ്സേയുടെ സിദ്ധാർത്ഥയെ ഈ നവ സിദ്ധാർത്ഥൻ അങ്ങനെ അന്വർത്ഥമാക്കുകയും ചെയ്യുന്നു.

ബാഷോയുടെ ഹൈക്കുവിൽ എന്നതുപോലെ, അള്ളിപ്പിടിക്കപ്പെട്ട ശിലകളിൽ നിന്നും വസന്തത്തിൽ അടരുന്ന കക്കകളെപ്പോലെ, പുസ്തകങ്ങളിൽ നിന്നും അതീതമനുഷ്യത്വത്തിലേക്കും, സ്വത്വസ്വാതന്ത്ര്യത്തിലേക്കും അടർന്നു വരുന്ന, സുന്ദരികളും സുന്ദരന്മാരുമായ മനുഷ്യരുടെ ഒരു സമാഹാരമാണ് ബുക്ക് മാർക്ക് എന്ന് പറയാം.

35 ഓളം ചെറുലേഖനങ്ങൾ ആയി എഴുതപ്പെട്ട മനുഷ്യകവിതകളും പുസ്തക ഗീതികളുമാണ് സിദ്ധാർത്ഥന്റെ പുസ്തകം. അതിൻ്റെ ഉപശീർഷകത്തിലൂടെ ഒരു പുസ്തകക്കച്ചവടക്കാരനായി സ്വയം വിനയപ്പെടുന്ന പുസ്തകകൃത്ത്, യഥാർത്ഥത്തിൽ മലയാളത്തിൽ ഇദം പ്രഥമമായി പുസ്തകപ്രകാശനത്തിന്റെ സാംസ്കാരികവിവക്ഷകളെ രേഖപ്പെടുത്തുകയാണ്.

ഓരോ പുസ്തകത്തിൻ്റേയും ആന്തരിക സമസ്യകളെ അപനിർമ്മിക്കുകയും, പരിവർത്തിപ്പിക്കുകയും, ഉദാത്തവൽക്കരിക്കുകയും ചെയ്യുന്ന അനന്യനായ വായനക്കാരനെയാണ് അത് അടയാളപ്പെടുത്തുന്നത്. അവരിൽ ലഫ്. കേണൽ സുരേന്ദ്രൻ മുതൽ ഡോക്ടർ
ഷെർലി വാസു വരേയും, ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുതൽ ഒർഹാൻ പാമുക്കു വരേയും, വേണുനാഥും, ഐ. ജി .ഭാസ്കരപ്പണിക്കരും മുതൽ ഡോക്ടർ എസ് നാഗേഷും, പ്രൊഫസർ പി ജയേന്ദ്രനും വരേയുമുണ്ട്. കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ്സിൻ്റെ ടി വി ഗോവിന്ദനും ബോധി ബുക്സിന്റെ ജോയ് മാത്യുവും ഒരേ വർത്തമാനത്തിന്റെ ഇരു പുറത്തുമിരിക്കുന്നുണ്ട്. എഴുത്തുകാരനും വിവർത്തകനുമായ ജയകൃഷ്ണനും കവി എ അയ്യപ്പനും ഒരേ താളിൽ തിരുപ്പിടിക്കുന്നു മുണ്ട്.

ഒരർത്ഥത്തിൽ, മലബാറിൻ്റേയും വിശേഷിച്ച് കോഴിക്കോടിൻ്റേയും ബൗദ്ധിക- സർഗാത്മക ജീവിതത്തിന്റെ സൗഹൃദരേഖ കൂടിയാണ് ഈ പുസ്തകം. വലിയ ഈടുവെപ്പുകളേയും, അവയോളം തന്നെ പോന്ന വലിയ മനുഷ്യരേയും താൻപോരിമയോ അഹന്തയോയില്ലാതെ നെഞ്ചിലൊതുക്കുന്ന ഒരു നഗരം.
ഓരോ തെരുവകൾക്കും ത്രസിക്കുന്ന ഓർമ്മകളുടെ ഉർവരജീവിതം. ഓരോ ദിനരാത്രങ്ങൾക്കും വൈവിധ്യത്തിൻ്റേയും അനന്യതയുടേയും ഊഷ്മളത . ജീവിതത്തിന്റെ സാന്ദ്രവും മൂല്യവത്തും ധന്യവുമായ നിരന്തരാവിഷ്കാരങ്ങളാൽ സചേതനമാവുന്ന സമയം. ആ നഗരത്തിന് സർഗ്ഗതീക്ഷ്ണവും കല്പനാധന്യവുമായ ഒരു സജീവത എങ്ങനെ സഹജമാവാതിരിക്കാൻ എന്ന് അതിശയപ്പെടുന്ന ഒരു സാക്ഷിയുടെ സത്യവാങ്മൂലമാണ് ഈ പുസ്തകം.

പുസ്തകങ്ങളും, സൗഹൃദങ്ങളും, സാംസ്കാരിക സദസ്സുകളും, കലാസംവാദങ്ങളുമെല്ലാം ഒന്നിനോടൊന്നിണങ്ങുന്ന ഒരു സംവേദന ശേഷിയും, അഭിരുചിയും ബുക്ക്മാർക്കിൽ എഴുത്താളിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിവിധങ്ങളായ ജീവിതസന്ദർഭങ്ങളുടെയും പുസ്തക സന്ദർഭങ്ങളുടെയും സങ്കലനത്തിൽ, സ്വതസിദ്ധമായ ഒരു ശൈലികൊണ്ട് ഒരേ സമയം പ്രസന്നതയും ഗഹനതയും സൃഷ്ടിക്കുവാൻ അയാൾക്ക് കഴിയുന്നു. പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതു പോലെ മനുഷ്യരേയും ഇയാൾ തെരഞ്ഞെടുക്കുകയാണോയെന്ന് അതിശയിപ്പിക്കുംവിധം അനന്യതയും, സഹൃദയത്വവുമുള്ള വ്യക്തികളെ, അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നമ്മൾ ഇവിടെ കണ്ടുമുട്ടുന്നു.
ഈ പുസ്തകത്തിനകത്തൊന്നു കയറിയിറങ്ങിയതിനു ശേഷം, തങ്ങളുടെ വാഴ്‌വിൻ്റെ രാശിയിലേക്കുതന്നെ മടങ്ങി, അചഞ്ചലമാകുന്ന, ഉൾക്കനമുള്ള മനുഷ്യരുടെ പുസ്തകമായിരിക്കുന്നു ബുക്ക് മാർക്ക്.

പുസ്തകങ്ങൾ വിറ്റു വിറ്റ്, പുസ്തകം പറയുന്നവനും ഒടുവിൽ പുസ്തകം തന്നെയായിത്തീരുന്നവനുമായ ഒരസാധാരണ എഴുത്തുകാരൻ, ഇവിടെ വായനക്കാരന് ഹസ്തദാനം നൽകുന്നു. പുസ്തകങ്ങളിലൂടെയുള്ള സ്വത്വശുശ്രൂഷയുടെ തുടക്കമായി, ആ ഹസ്‌തദാനം മാറുന്നു.