മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അത്രമേല്‍ അപൂര്‍ണ്ണം' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
ഹ്രസ്വമായിരുന്നു സുധയുടെയും നാരായണമൂര്‍ത്തിയുടെയും മധുവിധു. ഉടന്‍തന്നെ മൂര്‍ത്തിക്ക് അമേരിക്കയിലേക്കു പോകേണ്ടതുണ്ടായിരുന്നു. അതിനുമുമ്പുള്ള അല്‍പ്പദിവസങ്ങള്‍ അവര്‍ പുണെയില്‍ കഴിഞ്ഞു. സുധ രാവിലെ ടെല്‍കോയില്‍ ജോലിക്കു പോവും; മൂര്‍ത്തി പച്ചക്കറികള്‍ വാങ്ങാന്‍ സഞ്ചിയുമായി ചന്തയിലേക്കിറങ്ങും. കടക്കാരന്‍ ചോദിക്കുന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന പ്രകൃതമായിരുന്നു നാരായണമൂര്‍ത്തിയുടേത്. വിലപേശല്‍ അദ്ദേഹത്തിന് അറിയാത്ത കലയായിരുന്നു.
ചോറും സാമ്പാറും മോരുമുണ്ടായാല്‍ ഉച്ചഭക്ഷണം മൂര്‍ത്തിക്ക് സദ്യയ്ക്കു സമമാണ്. ഭാര്യ രാവിലെ ജോലിക്കു പോവുന്നതും ഭര്‍ത്താവ് പകല്‍ മുഴുവന്‍ വീട്ടിലിരിക്കുന്നതും കണ്ട ഒരു അയല്‍വാസി സ്ത്രീ, നാരായണമൂര്‍ത്തിയോടു ചോദിച്ചു:
''ഭാര്യയുടെ അധ്വാനത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? പോയി ഒരു ജോലി കണ്ടുപിടിക്കൂ.''
മറുപടിയൊന്നും പറയാതെ നാരായണമൂര്‍ത്തി അവരുടെ മുന്നില്‍നിന്നും രക്ഷപ്പെട്ടു.
പട്ടാനി കമ്പനിക്കുവേണ്ടി അമേരിക്കയില്‍ പരിശീലനത്തിനു പോവുമ്പോള്‍ സുധയെയും കൊണ്ടുപോവണം എന്നായിരുന്നു മൂര്‍ത്തിയുടെ ആഗ്രഹം. പക്ഷേ, സുധയ്ക്ക് വിസ ലഭിച്ചില്ല. തണുത്തുറഞ്ഞ അമേരിക്കയിലേക്കാണ് തനിയേ നാരായണമൂര്‍ത്തി ചെന്നിറങ്ങിയത്. അദ്ദേഹത്തിന്റെ താമസത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും കമ്പനി ചെയ്തുകൊടുത്തിരുന്നു. അവിടെനിന്ന് മൂര്‍ത്തി സുധയ്ക്ക് എഴുതി:
'പട്ടാനി സഹോദരന്മാരെ എന്നും ഞാന്‍ നന്ദിയോടെ ഓര്‍ക്കും. തൊഴിലാളികള്‍ക്ക് അവര്‍ നല്‍കുന്ന കരുതല്‍ കണ്ണു നനയിക്കുന്നതാണ്. ഞാന്‍ ഒരു കമ്പനി തുടങ്ങുമ്പോള്‍ ഇത് തീര്‍ച്ചയായും അനുകരിക്കും.'
മൂര്‍ത്തി ഒപ്പമില്ലാത്ത പുണെ സുധയ്ക്ക് മടുത്തു. അവര്‍ മുംബൈയ്ക്ക് സ്ഥലം മാറ്റം ചോദിച്ചു. കമ്പനി അത് നല്‍കുകയും ചെയ്തു. മുംബൈയിലെ ടെല്‍കോ പുണെയിലേതിനെക്കാള്‍ സുധയ്ക്ക് ഇഷ്ടമായി. അവിടത്തെ തൊഴില്‍ജീവിതം സുധ ആസ്വദിക്കാന്‍ തുടങ്ങി.
ഒരു ഓഗസ്റ്റ് മാസത്തില്‍ നാരായണമൂര്‍ത്തി അമേരിക്കയില്‍നിന്നും തിരിച്ചെത്തി. അടുത്ത ഏപ്രിലില്‍ വീണ്ടും പോകുകയും വേണം. ഇത്തവണ സുധയെയും കൂട്ടണം എന്നത് മൂര്‍ത്തിയുടെ നിര്‍ബ്ബന്ധമായിരുന്നു. അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം പോവാന്‍ ടെല്‍കോ സുധയ്ക്കു ലീവ് അനുവദിച്ചു. വിസയും ശരിയായി. അങ്ങനെ നാരായണമൂര്‍ത്തിയുടെ രണ്ടാം അമേരിക്കന്‍ യാത്രയില്‍, അരികില്‍ സുധയുമുണ്ടായിരുന്നു.
പുലര്‍കാലം മുതല്‍ പാതിരാത്രി വരെ നീളുന്നതായിരുന്നു മൂര്‍ത്തിയുടെ ജോലിസമയം. തളര്‍ന്ന ശരീരവുമായി വന്ന് കിടക്കയില്‍ വീഴുകയായിരുന്നു പതിവ്. ഒരിക്കലും സുധയ്ക്ക് കൂട്ടാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഭര്‍ത്താവിന്റെ അവസ്ഥ പൂര്‍ണമായി ഉള്‍ക്കൊണ്ട് സുധ തനിച്ച് അമേരിക്ക കാണാനിറങ്ങി. ക്യാമറ തോളില്‍ തൂക്കി, ഒരു പാത്രം തൈര്‍സാദം പാത്രത്തിലാക്കി ബാഗില്‍ വെച്ച് സുധ രാവിലെയിറങ്ങും. പുസ്തകങ്ങള്‍, പുസ്തകശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയായിരുന്നു എക്കാലവും സുധാമൂര്‍ത്തിയുടെ ആവേശം. അവയുടെ കടലായിരുന്നു ബോസ്റ്റണ്‍. ഒരു ദിവസം സുധയെ വഴിയില്‍ പോലീസ് തടഞ്ഞു. ബാഗ് കാണിക്കാന്‍ പറഞ്ഞു. പാത്രത്തിലെ തൈര്‍സാദം കണ്ട് ഏതോ മയക്കുമരുന്നാണ് എന്നു കരുതി പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഒരുവിധത്തിലാണ് സുധ രക്ഷപ്പെട്ടുപോന്നത്.
ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ വരാന്തയിലൂടെയും ലൈബ്രറിയിലൂടെയും നടന്നപ്പോള്‍, സുധ സഫലമാവാതെ പോയ തന്റെ സ്വപ്നത്തെക്കുറിച്ച് അല്‍പ്പം വേദനയോടെ ഓര്‍ത്തു. ടാറ്റയ്ക്ക് എഴുതിയ കത്തിന്റെ പേരില്‍, അച്ഛന്റെ അഭിപ്രായത്തെ മാനിച്ച് താന്‍ കീറിക്കളഞ്ഞ ആ പ്രവേശനക്കത്തിന്റെ കഷണങ്ങള്‍ സുധയുടെ കണ്ണില്‍ പാറിപ്പറന്നു.
കറക്കം കഴിഞ്ഞ് അന്ന് സുധ അല്‍പ്പം നേരത്തേ അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി. ഭക്ഷണം കഴിക്കാതെ കിടന്നു. ഉറക്കം വന്നതേയില്ല. തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. മൂര്‍ത്തി വന്നപ്പോള്‍ എന്താണ് കാര്യമെന്നു ചോദിച്ചു. ഒഴുകുന്ന കണ്ണീരായിരുന്നു മറുപടി. പിന്നെയും ചോദിച്ചപ്പോള്‍ മസാച്ചുസെറ്റ്‌സ് സര്‍വ്വകലാശാലയിലൂടെ നടന്നപ്പോള്‍ തന്നില്‍ നിറഞ്ഞുതുളുമ്പിയ കാര്യങ്ങളെക്കുറിച്ച് സുധ പറഞ്ഞു. സുധയുടെ കവിള്‍ തന്റെ കൈക്കുമ്പിളില്‍വെച്ച് മൂര്‍ത്തി പറഞ്ഞു: ''സമയം വൈകിയിട്ടില്ല. നിനക്ക് എം.ഐ.ടിയില്‍ പഠിക്കണമെങ്കില്‍ ഞാന്‍ പട്ടാനി ഗ്രൂപ്പിനുവേണ്ടി ഇവിടെ തുടരാം. നിനക്ക് പിഎച്ച്.ഡി. എടുക്കുകയും ചെയ്യാം.''

ഒരു സംരംഭകനാവുക എന്ന സ്വപ്നം തനിയ്ക്കുവേണ്ടി മൂര്‍ത്തി ത്യജിക്കാന്‍ തയ്യാറാവുകയാണ് എന്ന് സുധയ്ക്കു മനസ്സിലായി. നെഞ്ച് കൂടുതല്‍ കനംവെക്കുന്നതുപോലെ തോന്നി. മൂര്‍ത്തിയോടുള്ള സ്‌നേഹവും ബഹുമാനവും സുധയില്‍ നിറഞ്ഞുകവിഞ്ഞു. ഭര്‍ത്താവിനെ അടുത്തേക്കു ചേര്‍ത്ത് സുധ ചെവിയില്‍ പറഞ്ഞു:
''നിങ്ങളാണ് എന്റെ പിഎച്ച്.ഡി.''
അമേരിക്കയിലെ ജോലി തീര്‍ന്നതോടെ നാരായണമൂര്‍ത്തിയും സുധയും കൂടി പാരീസിലേക്കു പോയി. തന്നെ രൂപപ്പെടുത്തിയ നഗരത്തെ മൂര്‍ത്തി ഭാര്യയ്ക്ക് കാണിച്ചുകൊടുത്തു. പള്ളികള്‍, വഴിയോര കഫേകള്‍, മ്യൂസിയങ്ങള്‍... എല്ലാം സുധയ്ക്ക് അദ്ഭുതക്കാഴ്ചകളായിരുന്നു. ലൂവ്‌റ് മ്യൂസിയത്തില്‍ മൊണാലിസയുടെ ചിത്രത്തിനു മുന്നില്‍ സുധ പകച്ചുനിന്നു. സുധ മ്യൂസിയങ്ങള്‍ കണ്ടുതീര്‍ക്കുന്ന സമയം നാരായണമൂര്‍ത്തി പുറത്തുള്ള കഫേയില്‍ കാപ്പി കുടിച്ചും പുസ്തകം വായിച്ചുകൊണ്ടുമിരിക്കും. ഇന്ത്യയിലേക്ക് തിരിച്ചുപോരുമ്പോള്‍ സുധ നാരായണമൂര്‍ത്തിയോടു പറഞ്ഞു:
''പല കാര്യത്തിലും നിങ്ങളെന്റെ മുത്തച്ഛനെ ഓര്‍മിപ്പിക്കുന്നു. മൂല്യങ്ങളില്‍ അടിയുറച്ച മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടുകൂടിയാണ് ഞാന്‍ നിങ്ങളെ അത്രമേല്‍ ഇഷ്ടപ്പെടുന്നത്.''
മുംബൈയിലും നാരായണമൂര്‍ത്തിയുടെ ജോലിസമയം പുലര്‍ച്ചെ മുതല്‍ പാതിരാവ് കഴിയുന്നതുവരെയായിരുന്നു. മിക്ക ദിവസവും പരമാവധി നാലു മണിക്കൂര്‍ മാത്രമേ ഉറക്കം ലഭിക്കുമായിരുന്നുള്ളൂ. സാന്റാക്രൂസില്‍ മൂര്‍ത്തി ദമ്പതിമാരുടെ വാടക അപ്പാര്‍ട്ട്‌മെന്റ് റെയില്‍വേപ്പാളത്തിനോടു ചേര്‍ന്നായിരുന്നു. നാലാം നിലയിലെ ഒരു കുടുസ്സുമുറിയായിരുന്നു അത്. ലിഫ്റ്റില്ലായിരുന്നു. ആദ്യ താമസസ്ഥലത്തില്‍നിന്നും വ്യത്യസ്തമായി സ്വന്തമായി ബാത്‌റൂമുകള്‍ ഉണ്ടായിരുന്നു എന്നതു മാത്രമായിരുന്നു മെച്ചം. പുലര്‍ച്ചെ 1.30 വരെ സബര്‍ബന്‍ ട്രെയിനുകള്‍ ജാലകത്തിനു തൊട്ടപ്പുറത്തുകൂടെ പാഞ്ഞുപോവും. രണ്ടുമണിക്കൂറിന്റെ ഇടവേളയ്ക്കുശേഷം നാലു മണിമുതല്‍ വീണ്ടും ഓട്ടം തുടങ്ങും. ട്രെയിനിന്റെ ശബ്ദം മൂര്‍ത്തിയെ നിരന്തരം ഉണര്‍ത്തുമായിരുന്നു.
ഇതു കാരണം പതിവില്‍നിന്ന് വ്യത്യസ്തമായി തനിക്കു പെട്ടെന്ന് ദേഷ്യംവരുന്നതായി മൂര്‍ത്തിക്കു മനസ്സിലായി. ശരീരഭാരം കുറഞ്ഞുതുടങ്ങി. മൂര്‍ത്തിയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നത് സുധ കണ്ടു. ഇത്രയ്ക്ക് അധ്വാനമില്ലാത്ത ഒരു ജോലി മൂര്‍ത്തിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് സുധ മോഹിച്ചു; അല്‍പ്പംകൂടി മെച്ചപ്പെട്ട ഒരു ഫ്‌ളാറ്റിലേക്കു മാറാന്‍ സാധിച്ചെങ്കില്‍ എന്നും.
ആ സമയത്താണ് നാരായണമൂര്‍ത്തിയുടെയും സുധയുടെയും കണ്ടുമുട്ടലിന് കാരണക്കാരനായ പഴയ സുഹൃത്ത് പ്രസന്നയെ മുംബൈയില്‍വെച്ച് കണ്ടുമുട്ടുന്നത്. പ്രസന്ന അപ്പോള്‍ അസിം പ്രേംജിയുടെ വിപ്രോയില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലിചെയ്യുകയായിരുന്നു. സാങ്കേതികവിഭാഗത്തിന് ഒരു തലവനെത്തേടുകയായിരുന്നു അപ്പോള്‍ വിപ്രോ. അസിം പ്രേംജിയുമായി ഒരു അഭിമുഖം മൂര്‍ത്തിക്ക് ശരിയാക്കിക്കൊടുക്കാം എന്ന് പ്രസന്ന പറഞ്ഞു. മൂര്‍ത്തി ഒന്നും മിണ്ടിയില്ല.
''നിങ്ങള്‍ക്ക് ആ ജോലി കിട്ടുകയാണെങ്കില്‍ നമുക്ക് ട്രെയിന്‍ ശബ്ദത്തിന്റെ ശല്യമില്ലാത്ത ഒരു ഫ്‌ളാറ്റിലേക്ക് മാറുകയും ചെയ്യാം,'' സുധ തന്റെ മോഹം പറഞ്ഞു, മൂര്‍ത്തി സമ്മതിച്ചു.
പറഞ്ഞതുപോലെ പ്രസന്ന അസിം പ്രേംജിയുമായുള്ള ഒരു അഭിമുഖം നാരായണമൂര്‍ത്തിക്ക് തരപ്പെടുത്തിക്കൊടുത്തു. വില്ലിങ്ഡന്‍ ക്ലബ്ബിലെ ഉച്ചഭക്ഷത്തോടൊപ്പമായിരുന്നു അഭിമുഖം. സൂട്ടും കോട്ടുമിട്ടായിരുന്നു അസിം പ്രേംജി വന്നത്. സാധാരണ പാന്റ്‌സും ഷര്‍ട്ടുമായിരുന്നു മൂര്‍ത്തിയുടെ വേഷം. മേശമേല്‍ നിരന്ന നൂറുനൂറ് വിഭവങ്ങള്‍. ഇതുപോലൊരു ചുറ്റുപാടില്‍ മൂര്‍ത്തി ആദ്യമായിട്ടായിരുന്നു. പ്ലേറ്റിനരികെ സ്പൂണുകള്‍, കത്തികള്‍, ഫോര്‍ക്കുകള്‍... ഇത് തന്റെ ലോകമല്ല എന്ന് മൂര്‍ത്തിക്ക് പെട്ടെന്നുതന്നെ മനസ്സിലായി. മൂര്‍ത്തിയുടെ പ്രശ്‌നം അസിം പ്രേംജിക്കും മനസ്സിലായി. തന്റെ കമ്പനിയിലെ വളരെ പ്രധാനപ്പെട്ടതും ആധുനികവുമായ ഒരു വിഭാഗത്തിന്റെ തലവനാവാന്‍ ഇയാള്‍ പോരാ എന്ന് അസിം പ്രേംജിക്കു തോന്നി. ഫലം: നാരായണമൂര്‍ത്തിക്ക് വിപ്രോയില്‍ ജോലികിട്ടിയില്ല.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നായിരുന്നു ഈ തീരുമാനം എന്ന് പിന്നീട് അസിം പ്രേംജി പല ഘട്ടങ്ങളില്‍ പറഞ്ഞു ഖേദിച്ചു.
നാരായണമൂര്‍ത്തിയുടെ ആരോഗ്യം തകര്‍ന്നുതുടങ്ങിയിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കിയ പട്ടാനി ഗ്രൂപ്പ് അദ്ദേഹത്തിന് കുറേക്കൂടി സൗകര്യങ്ങളുള്ള, കടല്‍ക്കാറ്റ് ലഭിക്കുന്ന ഫ്‌ളാറ്റ് നല്‍കി, ബാന്ദ്ര വെസ്റ്റില്‍. അപ്പോഴും മൂര്‍ത്തി ഉറങ്ങാന്‍ മാത്രമേ വീട്ടിലെത്താറുള്ളൂ. ബോംബെ ഐ.ഐ.ടിയില്‍നിന്നും പഠിച്ചിറങ്ങിയ ഒന്നാംതരം ടീം അദ്ദേഹത്തിന്റെ കീഴില്‍ പരിശീലിച്ചുവന്നിരുന്നു. രാവിലെ അഞ്ചുമണിക്ക് ജോലിക്കിറങ്ങുന്ന ഭര്‍ത്താവിനുള്ള ഉച്ചഭക്ഷണവുമായി ഒന്‍പതുമണിക്ക് സുധ ചര്‍ച്ച് ഗേറ്റിലെത്തും. അതു നല്‍കി തന്റെ ഓഫീസിലേക്കു പോവും. ചിലപ്പോള്‍ രാത്രിഭക്ഷണവുമായി വൈകുന്നേരവും വരും.
ആ സമയത്തും നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും സാമ്പത്തികസ്ഥിതി അത്രയൊന്നും മെച്ചപ്പെട്ടിരുന്നില്ല. ഒരു സഹോദരിയുടെ വിവാഹത്തിനായി ഇനിയും മൂര്‍ത്തിക്ക് പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. തന്റെ ജോലിയുടെ സ്വഭാവം കാരണം സുധ അനുഭവിക്കുന്ന ഏകാന്തതയും വിഷമങ്ങളും മൂര്‍ത്തിയെ വിഷമിപ്പിച്ചു. തന്റെ വിഷമം ഒരു അത്താഴസമയത്ത് മൂര്‍ത്തി ഭാര്യയോട് പങ്കുവെച്ചു. അപ്പോള്‍ സുധ പറഞ്ഞു:
''എന്റെ അച്ഛന് നന്ദി, വര്‍ക്ക്‌ഹോളിക്കുകളെക്കുറിച്ച് എനിക്ക് നന്നായറിയാം. പുലര്‍ച്ചെ മൂന്നു മണിവരെ രോഗികളെ പരിശോധിക്കുന്ന അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകാരണം അമ്മ ഒരിക്കലും അച്ഛനെ ശകാരിച്ചിട്ടില്ല. അമ്മയുടെ ജീവിതവും ഏകാന്തതയും അമ്മ ആസ്വദിച്ചു. അമ്മയെക്കണ്ടു പഠിച്ച ഞാനും ഇപ്പോള്‍ അതുതന്നെ ചെയ്യുന്നു.''
പ്രതിഭകളായിരുന്നു നാരായണമൂര്‍ത്തിയുടെ കീഴില്‍ പരിശീലിക്കുന്ന ചെറുപ്പക്കാരെല്ലാവരും: നന്ദന്‍ നിലേഖാനി, കെ. ദിനേഷ്, എസ്.ഡി. ഷിബുലാല്‍, അശോക് അറോറ, മാധവ് മുത്തലിക്, അരവിന്ദ് ഖേര്‍, മധുസൂദനന്‍ ഗൈക്വാരി, കമലേഷ് ഗാന്ധി... തങ്ങളുടെ ജീവിതത്തിലെ അപൂര്‍വ്വ നിയോഗത്തെക്കുറിച്ച് അവരാരും അപ്പോഴും ബോധവാന്മാരിയിരുന്നില്ല. ഐ.ടി. ലോകത്തിന്റെ അകംപുറം അറിയാന്‍ പട്ടാനി കമ്പനിയിലെ തൊഴില്‍ക്കാലം നാരായണമൂര്‍ത്തിയെ സഹായിച്ചു.
1960-70 കാലഘട്ടങ്ങള്‍ ഒരു ഇന്ത്യന്‍ കമ്പനി കടലിനപ്പുറത്ത് ഒരു കസ്റ്റമര്‍ ബേസ് ഉണ്ടാക്കാന്‍ അനുയോജ്യമായിട്ടുണ്ടായിരുന്നില്ല. പുറംലോകത്ത് ഇന്ത്യയെക്കുറിച്ച് വളരെ മോശം പ്രതിച്ഛായയായിരുന്നു. ദാരിദ്യം, മാലിന്യം, ഭക്ഷ്യക്ഷാമം... മൂര്‍ത്തിക്ക് നിരവധി വിദേശയാത്രകള്‍ ആവശ്യമായിരുന്നു. ഓരോ വിദേശയാത്രയ്ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദം വേണ്ടിയിരുന്നു. അതിനുള്ള കാത്തിരിപ്പ് അസഹ്യവുമായിരുന്നു. വിദേശനാണ്യ നിയമത്തിലെ ഊരാക്കുടുക്കുകള്‍ കാരണം ഐ.ബി.എമ്മിനെപ്പോലുള്ള വലിയ കമ്പനികള്‍ 1977-ല്‍ത്തന്നെ ഇന്ത്യ വിട്ടിരുന്നു.
കംപ്യൂട്ടര്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഡല്‍ഹിയിലേക്ക് നിരവധി യാത്രകള്‍ ആവശ്യമായിരുന്നു. അതൊന്നും പലപ്പോഴും സഫലമാവുകയുമില്ല. ഡല്‍ഹിയിലെ ഉദ്യോഗസ്ഥവൃന്ദം എല്ലാ കാര്യത്തിലും സംശയാലുക്കളുമായിരുന്നു.
''നിരവധി വെല്ലുവിളികള്‍ വലിയ കമ്പനികള്‍ക്കുപോലും നേരിടാന്‍ പറ്റുന്നില്ല. നിങ്ങള്‍ എന്തുചെയ്യും?'' സുധ ചോദിച്ചു
ആത്മവിശ്വാസത്തോടെയുള്ള നാരായണമൂര്‍ത്തിയുടെ മറുപടി ഇങ്ങിനെയായിരുന്നു:
''വെല്ലുവിളികളെ മനസ്സിലാക്കുക എന്നതാണ് അവയെ മറികടക്കുന്നതിനുള്ള ആദ്യപടി.''
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴേക്കും സുധ ഗര്‍ഭിണിയായി. സുധയെ സഹായിക്കാന്‍ സഹോദരി സുനന്ദ മുംബൈയില്‍ വന്നുനിന്നു. പ്രസവസമയമടുത്തപ്പോഴേക്കും രണ്ടുപേരുംകൂടി ഹുബ്ലിയിലെ വീട്ടിലേക്കു പോയി.1980 ഏപ്രില്‍ 25-ന് നാരായണമൂര്‍ത്തിക്കും സുധാമൂര്‍ത്തിക്കും ഒരു പെണ്‍കുട്ടി പിറന്നു. പെണ്‍കുട്ടിയാണെങ്കില്‍ ഇടാന്‍ അക്ഷത എന്ന പേര് സുധ നേരത്തേതന്നെ കണ്ടുവെച്ചിരുന്നു.
മുംബൈയിലെ ഫ്‌ളാറ്റില്‍ ഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു. സുധയുടെ പിതാവ് ഡോ. കുല്‍ക്കര്‍ണി പട്ടാനി കമ്പനിയുടെ ഓഫീസിലേക്കു വിളിച്ചു. നാരായണമൂര്‍ത്തി അപ്പോഴേക്കും ഓഫീസില്‍നിന്നുമിറങ്ങിയിരുന്നു. അരവിന്ദ് ഖേര്‍ എന്ന സഹപ്രവര്‍ത്തകനായിരുന്നു ഫോണ്‍ എടുത്തത്. അയാള്‍ ഉടന്‍ മൂര്‍ത്തിയെ തിരഞ്ഞുപിടിച്ച് കാര്യം പറഞ്ഞു. എന്നിട്ട് ചോദിച്ചു:
''എന്തുതോന്നുന്നു?''
''ഞാന്‍ ഇന്നുമുതല്‍ കൂടുതല്‍ നല്ല മനുഷ്യനാവാന്‍പോവുന്നതായി തോന്നുന്നു. ഇതൊരു വലിയ ചുമതലയാണ്. അതെന്നെ ഭയപ്പെടുത്തുന്നു,'' മൂര്‍ത്തി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷം നാരായണമൂര്‍ത്തി മകള്‍ അക്ഷതയ്ക്ക് എഴുതി:
''നിന്റെ ജനനം എല്ലാതരത്തിലും എന്റെ ജീവിതത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു. അതിനുശേഷം ജോലിസ്ഥലത്തെ എന്റെ ഇടപെടലുകള്‍ കൂടുതല്‍ ആലോചനാബദ്ധവും അളന്നുതൂക്കിയതുമായി. പുറംലോകവുമായുള്ള എന്റെ ബന്ധം കൂടുതല്‍ പരവികാരം മാനിക്കുന്നതായി മാറി; അന്തസ്സുള്ളതും പക്വതയുള്ളതുമായി. എല്ലാ മനുഷ്യരോടും ഹൃദ്യമായും മര്യാദാപൂര്‍വവും പെരുമാറേണ്ട ആവശ്യകതയെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായി.''
ഒരു ഡസന്‍ പാല്‍ക്കുപ്പികളുമായാണ് നാരായണമൂര്‍ത്തി എന്ന അച്ഛന്‍ പിറ്റേന്ന് മുംബൈയില്‍നിന്ന് ഹുബ്ലിയിലേക്കു കുതിച്ചത്. ജനിച്ചയുടനെ കുഞ്ഞിന് പാല്‍ക്കുപ്പികള്‍ ആവശ്യമില്ല എന്ന കാര്യം മൂര്‍ത്തിക്ക് അറിയില്ലായിരുന്നു! മൂര്‍ത്തി മകളെ ചേര്‍ത്തുപിടിച്ചു, കണ്ണീര്‍ ഒഴുകി കവിളില്‍ വീണു. കണ്ടുനിന്ന സുധയുടെ അച്ഛന്‍ ഡോ. കുല്‍ക്കര്‍ണി പറഞ്ഞു:
''റോബോട്ടിനും ഹൃദയമുണ്ട് എന്നു മനസ്സിലായി.''
പ്രസവത്തിന്റെ മാസങ്ങള്‍ കഴിഞ്ഞ് സുധയ്ക്ക് ഓഫീസില്‍ പോകാറായപ്പോഴേക്കും കുഞ്ഞിനെ നോക്കാനായി ഹുബ്ലിയില്‍നിന്ന് അമ്മയും മുംബൈയിലേക്കു വന്നു. ഒരു മുഴുവന്‍സമയ ആയയെ ഹുബ്ലിയില്‍നിന്നും കിട്ടിയെങ്കിലും മുംബൈ അവര്‍ക്ക് പിടിച്ചില്ല. നാട്ടിലും വീട്ടിലും പോവാനുള്ള വെമ്പല്‍ വേട്ടയാടിയപ്പോള്‍ അവര്‍ പണിനിര്‍ത്തി പോയി.
''അക്ഷതയെ നോക്കി വീട്ടിലിരിക്കുകയാണെങ്കില്‍ വീട്ടുചെലവുകള്‍ ഞാന്‍ നോക്കിക്കോളാം,'' നാരായണമൂര്‍ത്തി സുധയോടു പറഞ്ഞു.
പുണെയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങണമെന്ന മോഹത്തില്‍ അവര്‍ ലോണ്‍ എടുത്തിരുന്നു. അതിന്റെ പ്രതിമാസ അടവുണ്ട്. മൂര്‍ത്തിയുടെ ജോലിക്കാര്യം വിശ്വസിക്കാന്‍ വയ്യ. എപ്പോള്‍ വേണമെങ്കിലും ഇട്ടേച്ചുപോരാം. അതുകൊണ്ട് സുധ ജോലി ഉപേക്ഷിക്കാന്‍ മടിച്ചു. അക്ഷതയെ ഹുബ്ലിയില്‍ അമ്മയ്‌ക്കൊപ്പം നിര്‍ത്താന്‍ ഹൃദയവേദനയോടെ തീരുമാനിച്ചു. കരച്ചിലടക്കിക്കൊണ്ടാണ് കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ച് സുധ തിരിഞ്ഞുനടന്നത്. തന്റെ വീട്ടില്‍ അവള്‍ നന്നായി വളരുമെന്ന് അറിയാമെങ്കിലും കുഞ്ഞിനെ ഏല്‍പ്പിച്ച് പോവുന്ന അമ്മയുടെ വേദന സുധയുടെ നെഞ്ചില്‍ കനത്തു. അക്ഷത മുലകുടിക്കുന്ന പ്രായമായിരുന്നു. അമ്മയുടെ നെഞ്ചിലെ പാലാഴി അലതല്ലി; കുഞ്ഞിന്റെ ചുണ്ട് പതിയാന്‍ വേണ്ടി നെഞ്ച് കൊതിച്ചു.
ഹുബ്ലിയില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചുപോരുന്ന വഴിയത്രയും സുധ കരഞ്ഞുകൊണ്ടേയിരുന്നു. 'ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും കടുത്ത തീരുമാനം' എന്നാണ് പില്‍ക്കാലത്ത് ഇതിനെ സുധാമൂര്‍ത്തി വിശേഷിപ്പിച്ചത്. എല്ലാ വെള്ളിയാഴ്ചരാത്രികളിലും സുധയും നാരായണമൂര്‍ത്തിയുംകൂടി മുംബൈയില്‍നിന്നും ഹുബ്ലിയിലേക്കുള്ള ബസ് കയറും. ശനിയാഴ്ച രാവിലെ ഹുബ്ലിയിലെത്തി അക്ഷതയ്‌ക്കൊപ്പം കുറച്ച് മണിക്കൂറുകള്‍ ചെലവഴിച്ച് ഞായറാഴ്ച ഉച്ചയ്ക്കുള്ള ബസ്സിന് മുംബൈയിലേക്ക് തിരിച്ചുപോരും. പിറ്റേന്ന് ഉറക്കച്ചടവോടെ ഓഫീസില്‍ പോവും. അങ്ങനെ മാസങ്ങള്‍ കടന്നുപോയി. പ്രിയപ്പെട്ട മകള്‍ വിദൂരത്ത് വളര്‍ന്നു.
സോഫ്‌ട്രോണിക്‌സ് തകര്‍ന്നെങ്കിലും തന്നിലെ സംരംഭകമോഹം മൂര്‍ത്തി കെടുത്തിയിരുന്നില്ല. അതങ്ങനെ ചാരം മൂടിക്കിടക്കുകയായിരുന്നു. അനുകൂലമായ കാറ്റൊന്നു വീശിയാല്‍ മതി ആളിക്കത്താന്‍. മുന്‍പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടം തനിക്കിനി സാധിക്കില്ല എന്ന കാര്യം മൂര്‍ത്തി മനസ്സിലാക്കിയിരുന്നു. കാരണം, താനിപ്പോള്‍ സുധയുടെ ഭര്‍ത്താവ് മാത്രമല്ല, അക്ഷതയുടെ അച്ഛനുംകൂടിയാണ്. അവളുടെ ഭാവി താന്‍ കാരണം തകരരുത്.
ആത്മാഭിമാനിയായിരുന്നു നാരായണമൂര്‍ത്തി. അതുകൊണ്ടാണ് പട്ടാനി കമ്പനിയിലെ പട്ടാനി കുടുംബാംഗമായ ഒരാള്‍ ഒരു ദിവസം 'ഞാന്‍ പറഞ്ഞ കാര്യം ചെയ്താല്‍ മതി, മറ്റ് കാര്യങ്ങള്‍ അന്വേഷിക്കേണ്ട. അത് നിങ്ങളുടെ ജോലിയല്ല. നിങ്ങളിവിടത്തെ ജോലിക്കാരന്‍ മാത്രമാണ്' എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയത്. പട്ടാനി സഹോദരന്മാര്‍ നാരായണമൂര്‍ത്തിയെ സഹോദരനെപ്പോലെയായിരുന്നു കണ്ടിരുന്നത്. അവര്‍ ഓഫീസിലില്ലാത്ത സമയത്തായിരുന്നു കുടുംബാംഗത്തിന്റെ ഈ പെരുമാറ്റം.
കുടുംബ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ മുമ്പേതന്നെ താത്പര്യമില്ലാതിരുന്ന നാരായണമൂര്‍ത്തിയില്‍ ഈ അനുഭവംകൂടിയായപ്പോള്‍ ആ ബോധ്യം ഉറച്ചു. ''എനിക്കിത്തരത്തിലൊരു സംവിധാനത്തിന്റെ ഭാഗമാകാന്‍ സാധിക്കില്ല. ഞാനീ ജോലിയില്‍നിന്നും ഇറങ്ങിപ്പോവും. അധികം പണമില്ലാതെയാണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. അതിനിയും തുടരാന്‍ സാധിക്കും. എന്റെ ആനന്ദത്തിന് തടിച്ച ശമ്പളക്കവറിന്റെ ആവശ്യമില്ല. പക്ഷേ, ആത്മാഭിമാനം അത്യാവശ്യമാണ്,' ഓഫീസില്‍ തന്റെ സീറ്റിലേക്കു മടങ്ങുമ്പോള്‍ മൂര്‍ത്തി മനസ്സില്‍ പറഞ്ഞു.
അന്നു രാത്രി സ്വാഗത് റെസ്റ്റോറന്റില്‍ ഭക്ഷണത്തിനു മുന്നില്‍ മൗനിയായിരുന്ന മൂര്‍ത്തിയോട് സുധ കാര്യം തിരക്കി.
''ഞാന്‍ ജോലി രാജിവെച്ചു.''
ഒരു ബോംബ് പോലെയാണ് ആ വാക്കുകള്‍ സുധയില്‍ വീണു ചിതറിയത്. അവര്‍ ഒന്നും മിണ്ടിയില്ല.
''എന്റെ സംരംഭകപദ്ധതിയിലേക്ക് തിരിച്ചുപോവാനുള്ള ഏറ്റവും നല്ല അവസരമാണിത്. നീ എന്തുപറയുന്നു?'' മൂര്‍ത്തി ചോദിച്ചു.
റെസ്റ്റോറന്റ് അടയ്ക്കുംവരെ അവര്‍ അവിടെയിരുന്നു.
''ഈ വഴി തിരഞ്ഞെടുക്കുന്ന കാര്യം നിങ്ങള്‍ ഉറപ്പിച്ചോ? നമ്മള്‍ ടാറ്റയോ ബിര്‍ലയോ അല്ല. എല്ലാം കഴിഞ്ഞ് അവസാനം കിടപ്പാടമില്ലാത്തവരാവരുത്. അക്ഷതയുടെ ചെലവുകളെക്കുറിച്ചുകൂടി ഇനി ആലോചിച്ചുതുടങ്ങിയേ തീരൂ,'' സുധ പറഞ്ഞു.
മൂര്‍ത്തിയുടെ മറുപടി ദൃഢമായിരുന്നു:
''ഇപ്പോഴത്തെ സാങ്കേതികവിപ്ലവം ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ അര്‍ഥപൂര്‍ണമായി ഈ ജീവിതത്തില്‍ എനിക്കൊന്നും സൃഷ്ടിക്കാന്‍ സാധിക്കില്ല. നീ ചരിത്രം ഇഷ്ടപ്പെടുന്നവളല്ലേ? 1800-കളില്‍ ബ്രിട്ടനിലെ വ്യവസായ വിപ്ലവത്തിനുശേഷം ഇന്ത്യ വെറും അസംസ്‌കൃത വസ്തുക്കളുടെ ദാതാക്കള്‍ മാത്രമായി. അതാവര്‍ത്തിക്കാന്‍ എനിക്കു താത്പര്യമില്ല.''
''സ്വപ്നത്തെ പിന്തുടരാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. ഞാന്‍ ജോലിചെയ്യുന്നതുകൊണ്ട് നമുക്കു ജീവിക്കാനുള്ളത് അതില്‍നിന്നും കിട്ടും. നമുക്കധികം ആവശ്യങ്ങളുമില്ലല്ലോ. നമുക്ക് ബെല്‍റ്റ് ഒന്നുകൂടി മുറുക്കിക്കെട്ടാം. ഭക്ഷണം അല്‍പ്പം കുറയ്ക്കുകയും കാണുന്ന സിനിമകളുടെ എണ്ണം കുറയ്ക്കുകയും ചെയ്താല്‍ ഒരാളുടെ ശമ്പളംകൊണ്ട് നമുക്കു ജീവിക്കാം. തികഞ്ഞ വിശ്വാസത്തോടെ സര്‍ക്കസില്‍ അടുത്ത കുതിപ്പ് നടത്തുന്ന ട്രിപ്പീസ് അഭ്യാസിയെപ്പോലെ നിങ്ങളെക്കാണാനാണ് എനിക്കിഷ്ടം. അപ്പോള്‍ ഞാന്‍ താഴെ നിങ്ങള്‍ക്ക് സുരക്ഷയുടെ വലവിരിക്കും.'' സുധ പറഞ്ഞു.
1977-ല്‍ ജനതാപാര്‍ട്ടി ഭരണത്തില്‍ വരികയും ഐ.ബി.എം., ഐ.സി.എല്‍. തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളെ രാജ്യത്തുനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഐ.ബി.എമ്മിലെ 1200 തൊഴിലാളികള്‍ക്ക് ജോലിപോയി. ഐ.സി.എല്ലിലേയും സ്ഥിതി അതുതന്നെ. മൂര്‍ത്തിയുടെ മനസ്സിലെ ടീം അവരെപ്പോലുള്ളവരായിരുന്നു. 1980-ല്‍ ഇന്ദിരാഗാന്ധി ഭരണത്തില്‍ വന്നപ്പോള്‍ ലൈസന്‍സ് രാജ് നിലവില്‍വന്നു. ലൈസന്‍സുകളെല്ലാം തത്പരകക്ഷികള്‍ക്കായി കൂടുതല്‍. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി സുഹൃത്തുക്കളെ സഹായിക്കാനും ശത്രുക്കളെ ഇല്ലാതാക്കാനും ലൈസന്‍സ് രാജിനെ ഉപയോഗിച്ചു. നാരായണമൂര്‍ത്തി സംരംഭകനാവാന്‍ ഇറങ്ങിയ സമയം ഇക്കാരണങ്ങള്‍കൊണ്ടൊക്കെ ഏറെ പ്രതികൂലമായിരുന്നു. മാത്രമല്ല, ഇന്ത്യയില്‍ അക്കാലത്ത് വ്യവസായം കുറേ കുടുംബങ്ങളുടെ കുത്തകയുമായിയിരുന്നു. ഒഴുക്കിനെതിരെ, കാറ്റിനെയും മഴയെയും മറികടന്നുവേണമായിരുന്നു മൂര്‍ത്തിക്ക് തന്റെ പായ്ക്കപ്പലിനെ കൊണ്ടുപോവാന്‍.
പട്ടാനി കമ്പനിയില്‍ മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന എന്‍.എസ്. രാഘവന്‍ പറഞ്ഞു:
''സാര്‍ വിട്ടുപോവുകയാണെങ്കില്‍ ഞാനും ഒപ്പം വരും.''
''എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത ഒരാളുടെ കൂടെ ഇറങ്ങിപ്പുറപ്പെടുന്നത് ബുദ്ധിയല്ല. എന്റെ കമ്പനിക്ക് ഒരു പേരുപോലുമില്ല,'' മൂര്‍ത്തി രാഘവനെ നിരുത്സാഹപ്പെടുത്തി.
സുധയും നാരായണമൂര്‍ത്തിയും രാത്രി രാഘവന്റെ വീട്ടിലെത്തി. തന്റെ സ്വപ്നങ്ങള്‍ കാരണം ആ കുടുംബം തകരരുത് എന്ന് മൂര്‍ത്തിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. പക്ഷേ, രാഘവനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഉറച്ചുനിന്നപ്പോള്‍ മൂര്‍ത്തിക്കും സുധയ്ക്കും വഴങ്ങേണ്ടിവന്നു.
''ഇത്തവണ നിങ്ങള്‍ അമേരിക്കപോലുള്ള രാജ്യങ്ങളിലെ കയറ്റുമതി മാര്‍ക്കറ്റിലാണ് ശ്രദ്ധിക്കേണ്ടത്. അവിടെ സാങ്കേതികവികസനം പടരുകയാണ്. ചുവപ്പുനാടകള്‍ സ്ഥാപനങ്ങളെ കെട്ടിവരിയുന്നുമില്ല,'' സുധ മൂര്‍ത്തിയോടു പറഞ്ഞു. സിലിക്കണ്‍വാലിയുടെ വളര്‍ച്ചയായിരുന്നു സുധയുടെ മനസ്സില്‍. മാത്രമല്ല, ഡല്‍ഹിയിലെ ബ്യൂറോക്രസി ചെറിയ സംരംഭങ്ങളെയൊന്നും മുഖവിലയ്‌ക്കെടുക്കുന്നുമില്ലായിരുന്നു. പിന്നീടുള്ള രാത്രികളില്‍ നാരായണമൂര്‍ത്തിക്കൊപ്പം സുധയും ഉരുകി. എങ്ങനെ വിജയകരമായ ഒരു സ്ഥാപനം തുടങ്ങാം എന്ന് അവര്‍ ആലോചിച്ചുകൊണ്ടേയിരുന്നു.
ഊര്‍ജ്ജ്വസ്വലനും ഇരുപത്തിയഞ്ചു വയസ്സുകാരനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ എന്ന എഞ്ചിനീയറിലേക്ക് നാരായണമൂര്‍ത്തി എത്തുന്നത് അങ്ങനെയായിരുന്നു. റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റില്‍ അയാള്‍ സൃഷ്ടിച്ച പ്രോസസ് കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍ സിസ്റ്റം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തന്റെ പുതിയ സംരംഭത്തില്‍ പങ്കാളിയാകാന്‍ താത്പര്യമുണ്ടോ എന്ന് മൂര്‍ത്തി ചോദിച്ചപ്പോള്‍ മറിച്ചൊന്നാലോചിക്കാതെ ക്രിസ് സമ്മതിച്ചു.
''നിങ്ങളുടെ കുടുംബവുമായി ആലോചിച്ചോ?''
''റിസ്‌കെടുക്കാന്‍ മടിയില്ലാത്തയാളാണ് ഞാന്‍. ഒരു ബിസിനസ് കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്,'' ക്രിസ് പറഞ്ഞു.
പിറകേ നന്ദന്‍ നിലേഖാനിയും വന്നു. നന്ദന്റെ അമ്മാവന് മരുമകന്റെ തീരുമാനത്തിലും ചേരാന്‍പോകുന്ന കമ്പനിയുടെ കാര്യത്തിലും സംശയങ്ങളുണ്ടായിരുന്നു. ഒരു അത്താഴത്തിനിടെ അദ്ദേഹം അത് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു.
''നന്ദന്റെ കാര്യത്തില്‍ നിങ്ങള്‍ ആധിപ്പെടേണ്ട. അയാള്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. ഈ കമ്പനി പച്ചപിടിച്ചില്ലെങ്കിലും സ്വന്തം കഴിവുകൊണ്ട് അയാള്‍ക്ക് നല്ല ജോലി നേടിയെടുക്കാവുന്നതേയുള്ളൂ. എന്റെ അവസ്ഥ നോക്കൂ. ഉയര്‍ന്ന ശമ്പളവും സുരക്ഷിതത്വവും ഉള്ള ജോലി ഉപേക്ഷിച്ചാണ് ഞാന്‍ ഇതിലേക്ക് എടുത്തുചാടിയിരിക്കുന്നത്. എനിക്ക് ഒരു കുഞ്ഞു മകളുണ്ട്. ഇത് തകര്‍ന്നാല്‍ എനിക്ക് മറ്റൊരിടത്തും പോകാന്‍ സാധിക്കില്ല. പക്ഷേ, അപ്പോഴും എനിക്ക് ആത്മവിശ്വാസമുണ്ട്.'' നാരായണമൂര്‍ത്തി പറഞ്ഞു. ദിനേഷും ഷിബുലാലും അശോക് അറോറയും പിറകേ വന്നു. സ്വപ്നത്തിലേക്കു പറന്നുയരാനുള്ള ടീം സജ്ജമായി.
മകളുടെ നല്ല നിമിഷങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് നാരായണമൂര്‍ത്തിയെയും സുധയെയും വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയ ത്യാഗങ്ങള്‍ വേണ്ടിവരും എന്ന സത്യം അവര്‍ക്കുമുന്നില്‍ പ്രകാശിച്ചുനിന്നു. അക്ഷതയ്ക്ക് സുധ ആരാണെന്നുപോലും അറിയില്ലായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം. ഇത് സുധയുടെ സങ്കടത്തിന്റെ ആഴം കൂട്ടി. വല്ലപ്പോഴും വീട്ടില്‍ വരുന്ന ഒരു സ്ത്രീ എന്നായിരുന്നു അമ്മയെപ്പറ്റിയുള്ള മകളുടെ വിചാരം. ''ഞാന്‍ നിന്റെ അമ്മയാണ്'' എന്നു പറഞ്ഞ് സുധ അവളെ കെട്ടിപ്പിടിക്കുമ്പോള്‍ അവള്‍ സംശയത്തോടെ മിഴിച്ചുനില്‍ക്കും.
1981-ല്‍ നാരായണമൂര്‍ത്തി തന്റെ പുതിയ കമ്പനിക്ക് രൂപം നല്‍കി. നല്ലൊരു ഇടപാടുകാരനെ ലഭിക്കണം. പട്ടാനി കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചയാളും അമേരിക്കയിലെ ഡാറ്റാ ബേസിക്‌സിന്റെ ഉടമയുമായ ഡോണ്‍ ലില്ലിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഇന്ത്യാ സര്‍ക്കാരിനെതിരെ ഡോണ്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു.
''നിങ്ങളുടെ ഇന്ത്യന്‍ കമ്പനി പൂട്ടാനാണോ തീരുമാനം?'' മൂര്‍ത്തി ഡോണിനോടു ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല.
''നിങ്ങള്‍ക്കായി ഇവിടെ പ്രവര്‍ത്തിക്കാനും പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ഒരു ടീം ഇവിടെയുണ്ടെങ്കില്‍ താങ്കള്‍ ഇന്ത്യയില്‍ തുടരുമോ?'' മൂര്‍ത്തി അടുത്ത ചൂണ്ടയിട്ടു.
''അങ്ങനെയൊരു ടീം ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ ഞാന്‍ എങ്ങനെ അവരെ കണ്ടെത്തും?'' ഡോണ്‍ ചോദിച്ചു.
നാരായണമൂര്‍ത്തി തന്റെ ടീമിനെ ഡോണിനു പരിചയപ്പെടുത്തി. ഒരു ബന്ധം അവിടെ ഉറയ്ക്കുകയായിരുന്നു.
കമ്പനിയുടെ ആദ്യചുവട് കഴിഞ്ഞപ്പോള്‍ അടുത്ത പ്രശ്‌നം വന്നു. രാഘവന്റെയും ഷിബുലാലിന്റെയും കൈയില്‍ ഇക്വിറ്റിക്കുള്ള പണംപോലുമില്ലായിരുന്നു.
''കമ്പനി തുടങ്ങാന്‍ എനിക്കല്‍പ്പം പണം ആവശ്യമുണ്ട്. നിനക്ക് എന്നെ സഹായിക്കാന്‍ സാധിക്കുമോ?'' മൂര്‍ത്തി സുധയോടു ചോദിച്ചു.
''ഒരു കമ്പനി തുടങ്ങാനുള്ള പണമൊന്നും എന്റെ കൈയിലില്ല. മാത്രമല്ല, ഓരോ മാസവും നമുക്ക് ഒരുപാട് ചെലവുകളുമുണ്ട്. ബെംഗളൂരുവിലുള്ള നിങ്ങളുടെ കുടുംബത്തെ സഹായിക്കാനും നമ്മളേയുള്ളൂ. അക്ഷതയുടെ കാര്യവും മറക്കേണ്ട,'' സുധ പറഞ്ഞു.
''വലിയ വ്യവസായങ്ങള്‍ക്ക് വലിയ മുതല്‍മുടക്ക് ആവശ്യമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് അത്ര ആവശ്യമില്ല. നിന്റെ സഹായമില്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല,'' മൂര്‍ത്തി തന്റെ നിസ്സഹായത സുധയ്ക്കുമുന്നില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷംകൊണ്ട് 10250 രൂപ സുധ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. പിറ്റേന്ന് പതിനായിരം രൂപ സുധ ഭര്‍ത്താവിന്റെ കൈയില്‍ വെച്ചുകൊടുത്തിട്ട് പറഞ്ഞു:
''തോല്‍വിയെക്കാള്‍ മോശമായ കാര്യമാണ് പശ്ചാത്താപം. താങ്കള്‍ അശ്വമേധത്തിനു പോയി വരൂ. അത് ആനന്ദപ്രദമോ കടുത്തതോ ആയിക്കൊള്ളട്ടെ. നമുക്കൊന്നിച്ചു നേരിടാം, അനുഭവിക്കാം.''
സുധ കൊടുത്ത പണം ലോണായി ഉപയോഗിച്ചു. തന്റെ ടീമിനെ മൂര്‍ത്തി കമ്പനിയുടെ ലിമിറ്റഡ് ഷെയറുടമകളാക്കി. മുപ്പതു ശതമാനം മാത്രമേ മൂര്‍ത്തി സ്വന്തം കൈവശം വെച്ചുള്ളൂ. രാഘവന് 19 ശതമാനവും ക്രിസിനും നന്ദനും 15 വീതവും ദിനേഷിനും ഷിബുവിനും അശോകിനും ഏഴു വീതവും നല്‍കി. ഇന്ത്യയുടെ കമ്പനിചരിത്രത്തില്‍ ഇതൊരു അപൂര്‍വ്വ മാതൃകയായിരുന്നു. ഇത് കുഴപ്പമാവുമെന്ന് ഒരുപാട് പേര്‍ മൂര്‍ത്തിയെയും സുധയെയും ഉപദേശിച്ചു. ദാരിദ്ര്യം അറിഞ്ഞ് വളര്‍ന്നതുകൊണ്ടും മൂല്യവ്യവസ്ഥയിലുള്ള വിശ്വാസംകൊണ്ടും സഹപ്രവര്‍ത്തകരോട് തനിക്ക് അങ്ങനെയേ പെരുമാറാന്‍ സാധിക്കൂ എന്ന് മൂര്‍ത്തി അവരോടു പറഞ്ഞു.
പട്ടാനി കമ്പനിയില്‍നിന്നും ഇറങ്ങിപ്പോന്നതും ശുചിമുറിയില്‍പ്പോലും ജാതി ഒളിപ്പിച്ച മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി വേണ്ടെന്നുവെച്ചതും നാരായണമൂര്‍ത്തി മറന്നിരുന്നില്ല. അത്തരം അവസ്ഥകള്‍ തന്റെ കമ്പനിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. എല്ലാറ്റിലുമുപരി നാരായണമൂര്‍ത്തി ജ്ഞാനിയായ ഒരു സോഷ്യലിസ്റ്റായിരുന്നു. Compassionate Capitalism, Enlightened Meritocracy എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍.
നന്ദനും സംഘവും അമേരിക്കയിലേക്കു പോവും. കമ്പനിയുടെ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ശരിയാക്കാന്‍ നാരായണമൂര്‍ത്തി ഇന്ത്യയില്‍ തുടരാനും തീരുമാനിച്ചു. ചുവപ്പുനാടകളാല്‍ കെട്ടിച്ചുറ്റപ്പെട്ട ഇന്ത്യയില്‍ താന്‍ നേരിടാന്‍ പോവുന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്ന് നാരായണമൂര്‍ത്തിക്കറിയാമായിരുന്നു.
കമ്പനിയുടെ പേരായിരുന്നു അടുത്ത പ്രശ്‌നം. പലതും ആലോചിച്ചെങ്കിലും ഒന്നും തൃപ്തിയായില്ല. ഒരു ദിവസം ഉച്ച കഴിഞ്ഞനേരത്ത് മൂര്‍ത്തി മനസ്സ് മുഷിഞ്ഞിരിക്കുകയായിരുന്നു. മേശമേല്‍ കടലാസുകള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നുണ്ടായിരുന്നു. അതൊക്കെ ഒഴിവാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വൃത്തിയുള്ള മേശ ഒരുപക്ഷേ പ്രസന്നമായ മനസ്സിനെയും ചിന്തയെയും നല്‍കും എന്ന് വിശ്വസിച്ചു. ആ കടലാസ് കൂട്ടത്തില്‍നിന്നും ഒരു മാസിക കിട്ടി. Infosystems എന്നായിരുന്നു അതിന്റെ പേര്. ആ പേര് നാരായണമൂര്‍ത്തിയുടെ മനസ്സില്‍ ഒരു മിന്നല്‍പോലെ പൊലിഞ്ഞു. തന്റെ സ്വപ്നത്തിലെ കമ്പനിയുടെ പേര് ആരോ ആകാശത്ത് എഴുതിക്കാണിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നി. Infosys എന്ന പേര് അങ്ങനെ പിറന്നു.
രാഘവന്റെ കാര്യത്തിലായിരുന്നു എല്ലാവര്‍ക്കും ആശങ്ക. അയാള്‍ക്ക് മുതിര്‍ന്ന കുട്ടികളുണ്ടായിരുന്നു. ഇത് പരാജയപ്പെട്ടാല്‍ അയാള്‍ക്ക് മറ്റു വഴികളില്ലായിരുന്നു. അയാളുടെ കുടുംബത്തിന്റെ കാര്യം അപകടത്തിലാവുമോ എന്ന് മൂര്‍ത്തി ഭയന്നു. പുണെയിലെ സര്‍ക്കാര്‍ ജിംഘാനയുടെ അടുത്ത് സ്വന്തമായി ഒരു രണ്ട് കിടപ്പുമുറിയുള്ള ഫ്‌ളാറ്റ് ആദ്യമായി മൂര്‍ത്തിദമ്പതികള്‍ സ്വന്തമാക്കി. അതിന്റെ ഒരു കിടപ്പുമുറിയായിരുന്നു ഇന്‍ഫോസിസിന്റെ ആദ്യത്തെ ഓപ്പറേഷനല്‍ ഓഫീസ്!
Content Highlights: Sudha Kulkarni & Narayana Murty's life story
Published: 29 Mar 2025, 12:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented