
നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘എന്റെ മകൾ മോനിഷ’. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
1992, ഞങ്ങളുടെ കുടുംബത്തിന്റെ സൗഭാഗ്യങ്ങളെ അതിക്രൂരമായി മരണം തട്ടിയെടുത്ത വർഷം. എന്റെ മകനും കുടുംബവും ദുബായിൽ താമസിച്ചിരുന്ന കാലം. കുട്ടേട്ടന്റെ പെങ്ങളുടെ മകൻ ജയകുമാർ കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി കഴിഞ്ഞ് ബൈക്കിൽ സൈറ്റിൽനിന്നും മടങ്ങുമ്പോൾ കാറ്റത്ത് ആടിയുലഞ്ഞ ക്രെയിൻ തലയ്ക്കു തട്ടി മരണമടഞ്ഞത് ഒരു സായംകാലമായിരുന്നു. ഈ വാർത്ത സജിത് ആയിരുന്നു ഫോണിൽ വിളിച്ചു പറഞ്ഞത്. ഇതു കേട്ട നിഷ കോണിപ്പടികളിൽ കുഴഞ്ഞുവീണു. അത്രയ്ക്ക് കാര്യമായിരുന്നു ജയേട്ടനെ. അവിടംകൊണ്ട് അവസാനിച്ചില്ല, വരാൻപോകുന്ന വിപത്തിന്റെ മുന്നോടിയായി തുടരത്തുടരെ വീഴ്ചയായിരുന്നു. ഞാനും മരുമകൾ ജാക്കിയും കോയമ്പത്തൂരിൽ ഒരു കല്യാണത്തിനു പോയ ദിവസം, വീട്ടിൽ നിഷയും വല്യമ്മയും അച്ഛനും. കോണിപ്പടിയുടെ മുകളിലത്തെ പടവിൽനിന്നും ആരോ പിന്നിൽനിന്ന് ഉന്തിയപോലെ നിഷ ഉരുണ്ടുവീണു. കുറച്ചു നേരത്തേക്ക് ബോധംപോയി.
വല്യമ്മയും അച്ഛനും ഉടനെ മുഖത്ത് വെള്ളംതളിച്ചു വിളിച്ച് ഒരുവിധം ബോധം ശരിയായിവന്നു. കോളേജിൽ സ്വന്തം കാർ ഓടിച്ചാണ് നിഷ പോകുന്ന പതിവ്. അവധിക്ക് വന്ന ഏട്ടന്റെ ഒരു വയസ്സു തികയാത്ത മകൻ നിഹാൽ ഉണ്ണിയെ കാറിൽ ഒരു പ്രാവശ്യം കറക്കിക്കൊണ്ടു വന്നശേഷം മാത്രമേ അവൾ കോളേജിലേക്ക് പോവുകയുള്ളൂ. അവൾക്ക് രസകരമായ ഒരു പതിവായിരുന്നു അത്. ധൃതിയിൽ നടന്നുവന്നപ്പോൾ കാറിനടുത്തുള്ള വെള്ളത്തിന്റെ സംപിലേക്ക് വീണു. അപ്പോഴും ബോധരഹിതയായി. ഭയപ്പെടാനില്ല, പരുക്കൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ സമാധാനമായി. വീണ്ടും അവളെ വീഴ്ച പിന്തുടർന്നുകൊണ്ടേയിരുന്നു. ജാക്കിയും അവളും കമേഴ്സ്യൽ ഷോപ്പിങ്ങിനു പോയി, കാറിൽനിന്നും ഇറങ്ങി, ആ സ്ട്രീറ്റിൽ നടക്കുമ്പോൾ വീണ്ടും വീണു. പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തി ഗേറ്റിന്റെ മുമ്പിൽ കാലിടറി വീണു. അപ്പോഴൊക്കെ ഞാൻ ശാസിക്കുമായിരുന്നെങ്കിലും എന്തോ ഒരു ഭീതി എന്നെ പിടികൂടി. നിഷ പറഞ്ഞു, 'ആരോ എന്നെ പിന്നിൽനിന്നും തള്ളിയിടുന്നപോലെ തോന്നുന്നു അമ്മേ.' അശ്രദ്ധകൊണ്ടാണ് നീ ഇടയ്ക്കിടെ വീഴുന്നത് എന്ന് അച്ഛൻ ശാസിച്ചു. ഞങ്ങൾ അറിയാതെപോയ മുന്നറിയിപ്പുകൾ.
തലേ ദിവസം ഉറങ്ങുന്നതിനു മുമ്പ് ഞങ്ങൾ തമാശകളെല്ലാം പറഞ്ഞ് അവളുടെ കുസൃതിനിറഞ്ഞ സംസാരവും ഒക്കെയായി ഗുഡ്നൈറ്റ് പറഞ്ഞു. പിറ്റേ ദിവസം രാവിലെ പുലർച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര. എല്ലാം ഒരുക്കി, രാവിലെ അവൾക്ക് പല്ലു തേയ്ക്കുവാൻ ബ്രഷ് പേസ്റ്റ് തേച്ച്, ടങ് ക്ലീനർ അടുത്തുവെച്ചു. ഇതൊക്കെ എന്നും എനിക്ക് പതിവായിരുന്നു. ധാരാളം മുടി ഉള്ളതിനാൽ ചീർപ്പ് എടുത്ത് കണ്ണാടിയുടെ അടുത്തും, അവൾക്ക് ഇഷ്ടപ്പെട്ട, അവൾ തന്നെ വാങ്ങിയ ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാർ സെറ്റ്- 'റിതുസ്' എന്ന ബാംഗ്ലൂരിലെ ഡിസൈനർ സെറ്റ്-അതും എടുത്തുവെച്ചു. പങ്കജ് ഹോട്ടൽ റിസപ്ഷനിൽനിന്നും വേക്ക് അപ് കോൾ മൂന്നു മണിക്ക് കിട്ടി. ഞാൻ ആ രാത്രി ഉറങ്ങിയിരുന്നില്ല. മോളെ പതുക്കെ ഉണർത്തി ബാത്റൂമിൽ നിർത്തി പല്ലു തേയ്ക്കാൻ ബ്രഷ് കൈയിൽ കൊടുത്തു. പാതിയുറക്കത്തിൽ അവൾ പല്ലു തേച്ച്... ഒന്നും എന്നോടു മിണ്ടിയില്ല. ഉറക്കച്ചടവുള്ളതിനാൽ ഞാനും ക്ഷമയോടെ അവൾക്ക് ഡ്രസ്സ് മാറാൻ കൊടുത്തു. അവൾ ജഗ്ഗിൽനിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു. കാർ വന്നു എന്ന് ഹോട്ടൽ റിസെപ്ഷനിൽനിന്നും അറിയിച്ചു. ഏകദേശം രാവിലെ മൂന്നരമണി കഴിഞ്ഞുകാണണം. അവളെ ചേർത്തുപിടിച്ച് റൂം പൂട്ടി ലിഫ്റ്റിൽ കയറി.
ചെപ്പടിവിദ്യ സിനിമയുടെ സെറ്റിൽനിന്നും യാത്ര പറഞ്ഞ് ഞങ്ങൾ പങ്കജ് ഹോട്ടലിൽ ഞങ്ങളുടെ സ്ഥിരമായ മുറിയിൽ എത്തി. ഏകദേശം ഏഴുമണി കഴിഞ്ഞുകാണും. നിരുത്സാഹയായിരുന്ന നിഷയെ ഞാൻ കളിതമാശ പറഞ്ഞ് കുറേ സന്തോഷിപ്പിച്ചു. ഒരു റഷ്യൻ സാലഡ് ഓർഡർ ചെയ്തു. കുളിയൊക്കെ കഴിഞ്ഞ് ഒരു ക്രീം കളർ നൈറ്റി ഇട്ട അവൾ തമാശ പറയാനും തുടങ്ങി-സിനിമക്കാരെപ്പറ്റിയും ചില കൂട്ടുകാരെപ്പറ്റിയും ഒക്കെയായിരുന്നു. സോഫയിൽ ഇരുന്ന് സാലഡ് കഴിച്ചു. എന്നിട്ട് എന്നോടു പറഞ്ഞു, 'അമ്മാ, ജീവിതം ഒന്നേ ഉള്ളൂ. വേണ്ടത് കുടിച്ചും തിന്നും സന്തോഷമായിരിക്കുക. ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കരുത്. അറിയാതെ ചെയ്താൽ പിന്നെ അതിനെപ്പറ്റി ചിന്തിക്കരുത്.' 'life is once. You drink n eat n enjoy life. Don't harm any one knowingly. Unknowingly forget it' ഇതു കേട്ട ഞാൻ ചിരിച്ചുകൊണ്ട് കളിയാക്കി, 'ഓ, സുബ്രഹ്‌മണ്യൻ ഓംകാരത്തിന്റെ പൊരുള് ശിവന് ഉപദേശിച്ചപോലെ.'
ഞങ്ങൾ ഡാൻസ് സ്‌റ്റൈലിൽ കാതുപൊത്തി ഉപദേശംകൊടുക്കുന്ന ആംഗ്യം കാണിച്ചു. അവൾ ചിരിച്ച് എഴുന്നേറ്റ് വാതിലിന്റെ ബോൾട്ട് ഇടാൻ നടക്കുമ്പോൾ പറഞ്ഞു, 'അമ്മയ്ക്ക് ഞാൻ ആരാണെന്ന് അറിയില്ല അമ്മേ, ഞാൻ മോനിഷ.' നൈറ്റിയുടെ കോളർ പിടിച്ച് ഒരു ആക്ഷനോടുകൂടി എന്നെ നോക്കി ഒന്നു ചിരിച്ചു. ആ ചിരിക്ക് എന്തോ ഒരു മാസ്മരികശക്തി, ഒരു മനോഹാരിത എനിക്ക് തോന്നി. ഉടനെ ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു, 'പിന്നെ ദേവി മൂകാംബികയുടെ രശ്മി എന്നിലേക്ക് വന്നിറങ്ങിയതല്ലേ!' അപ്പോൾ വാതിലിന്റെ കുറ്റിയിട്ടുകൊണ്ട് എന്നെ ഒന്നു തിരിഞ്ഞുനോക്കി. ആ കണ്ണുകൾ വിടർന്നിരുന്നു. ഒരു ദൈവികത, നല്ല പുഞ്ചിരിയോടെ ഒരിക്കൽക്കൂടി ഒന്നു തറപ്പിച്ചു പറഞ്ഞു, 'You do know me? I am Monisha. അമ്മയ്ക്ക് എന്നെ അറിയില്ല. ഞാൻ മോനിഷയാണ്.' എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ആ വാക്കുകളായിരുന്നു എന്നോട് അവൾ അവസാനമായി പറഞ്ഞത്. പിന്നെ മിണ്ടിയിട്ടില്ല. നിത്യനിദ്രയിലേക്കുള്ള തയ്യാറെടുപ്പായിരുന്നു അത് എന്ന് ഈ അമ്മയ്ക്ക് ഒരു തരിപോലും അറിയാൻ സാധിച്ചില്ലല്ലോ മകളേ, 'നീ ഒന്നും മിണ്ടാതെ മിണ്ടാതെ പോയി. ഈ നെഞ്ചിലെ മൈനയും തേങ്ങി' എന്ന് ഒ.എൻ.വി. കുറുപ്പിന്റെ വരികൾ അന്വർത്ഥമാക്കി.
നിന്റെ അഭാവത്തിൽ എന്റെ ജീവിതം ഞാൻ മുന്നോട്ടു കൊണ്ടുപോയി. പല ഏകാന്തനിമിഷങ്ങളിൽ ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കും. ആത്മഗതമായി ഇങ്ങനെ പറഞ്ഞുകൊണ്ട്, കലാകാരന്മാരുടെ ദേവി അല്ലേ മൂകാംബിക. എന്റെ പ്രാർത്ഥനയ്ക്ക് വരദാനമായി ദേവിതന്നെ ഒരു രശ്മിയായി നിന്റെ രൂപത്തിൽ എന്റെ മകളായി പിറന്നു. നിന്നിലെ കലാകാരിയെ ഞാൻ വളർത്തി, ആരാധിച്ചു; അങ്ങനെ എന്നിലെ കലാകാരിയെ സംതൃപ്തയാക്കി. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ദൗത്യം അവസാനിപ്പിച്ച് പൊടുന്നനെ ആ ശക്തി തിരിച്ചുപോയി. ഇങ്ങനെ മനസ്സിനെ പഠിപ്പിക്കാതെ ഈ ഭൂമിയിൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കും? നിന്റെ അമ്മയായി നിലനിൽക്കും മകളേ.
കേവലം ഇരുപത്തിയൊന്നു വർഷം ഭൂമിയിൽ ജീവിച്ച് ഒരു ആയുഷ്‌കാലം മുഴുവൻ ജീവിക്കാനുള്ള പോഷകാംശമായും, മനം നിറയെ സന്താപസന്തോഷസമ്മിശ്രമായ ഓർമ്മകൾ തന്ന എന്റെ മകൾ നിഷ/മോനിഷ-നീ ഈ നിമിഷവും എന്നിലുണ്ട്, ആത്മാവിന്റെ അംശമായി. വെള്ളനിറത്തിലുള്ള അംബാസഡർ ഡീസൽ കാർ ആയിരുന്നു. ഡ്രൈവറെ എനിക്ക് പരിചയമില്ല. കൂടെ ഞങ്ങൾക്ക് കൂട്ടിനായി പ്രൊഡ്യൂസർ മോഹൻകുമാർ അദ്ദേഹത്തിന്റെ അക്കൗണ്ടന്റിനെ അയച്ചിട്ടുണ്ട്. അയാളെ ഞങ്ങൾ കണ്ടിട്ടില്ല. പരിചയവുമില്ല. ബോംബെക്കാരനാണ്. ഹിന്ദിയിൽ ഒന്നോ രണ്ടോ വാക്കുകൾ പറയുന്നതു കേട്ടു. ഡ്രൈവറും ഒന്നും സംസാരിച്ചിരുന്നില്ല. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ ഓർത്തു, മോൾക്ക് ഒരു തലയണ വേണം. ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ അറ്റൻഡർ നിൽക്കുന്നുണ്ടായിരുന്നു. അയാളോട് ഞാൻ ചോദിച്ചു, 'ഒരു തലയണ തരുമോ? മോനിഷയ്ക്ക് കിടന്നുറങ്ങാനാണ്.' ഉടനെ ഞങ്ങൾ കിടന്ന മുറിയിൽനിന്നും വെള്ള കവറുള്ള തലയണ കൊണ്ടുത്തന്നു. തലയണ ഞാൻ എന്റെ മടിയിൽ വെച്ചു. കാർ പുറപ്പെട്ടു.
വിജനമായ റോഡ്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നിഷ റോഡിലേക്ക് നിശ്ചലയായി നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 'മോള് കിടന്നുറങ്ങിക്കോ, എയർപോർട്ട് എത്തുന്നത് വരെ ട്ടോ...' ഞാൻ സാന്ത്വനിപ്പിച്ചു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കിടക്കാൻ തുടങ്ങി. എനിക്ക് വയറിന് ഓപ്പറേഷൻ കഴിഞ്ഞതിനാൽ അവൾ മടിയിൽ തലവെക്കാതെ ഡോറിനോടു ചേർത്തുവെച്ചു. ഡ്രൈവറുടെ സീറ്റിനു പിറകിലാണ്. കാലുകൾ ഡോറിന്റെ മറ്റേ ഡോറിനോട് ചേർത്തുവെച്ചു. അമ്മയുടെ വയറിന്റെ ഭാഗത്ത് ഭാരം വരരുത് എന്ന് അവൾ കരുതിയിരുന്നു. 'മനുഷ്യശരീരത്തിൽ തലയ്ക്കാണ് ഭാരം അമ്മേ, അതിനാൽ അമ്മയുടെ മടിയിൽ തല വെക്കില്ല.' അവൾ ഉറക്കത്തിലായെന്നു മനസ്സിലായപ്പോൾ ഡോറിൽ വെച്ച കാൽപ്പാദങ്ങൾ ഞാൻ എന്റെ മടിയിൽ വെച്ചു. എന്റെ സ്വപ്നസുന്ദരി, എന്റെ കുഞ്ഞുനർത്തകി, ഒരുപാട് അരങ്ങിൽ നൃത്തം ചെയ്ത എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചവൾ... അവളോടുള്ള ആരാധനയാൽ ഞാൻ ആ ഭംഗിയുള്ള കാലുകൾ പതുക്കെ തലോടി... നന്ദി പറഞ്ഞ് ഞാൻ ദേവീമാഹാത്മ്യം ഉരുവിട്ടുകൊണ്ടേയിരുന്നു. അവസാനത്തെ സിനിമയിലെ കഥാപാത്രം ഒരു സാധുപ്പെണ്ണിന്റെ ആയതിനാൽ അവളുടെ സ്വർണ്ണമാലയും കാത്പ്പൂവും വളയും മോതിരവും എല്ലാം അവൾ അഴിച്ച് ഒരു ചെറിയ പെട്ടിയിലാക്കി എന്റെ ബാഗിൽ വെച്ചിരുന്നു.
യാത്ര പുറപ്പെടുമ്പോൾത്തന്നെ ഡ്രൈവർ മോനിഷയ്ക്ക് ഇഷ്ടമുള്ള തിരുവനന്തപുരം പപ്പടം പ്രൊഡ്യൂസറുടെ ഭാര്യ തിലകം തന്നയച്ചത് കാറിൽ വെച്ചത് തന്നു. കാറിൽനിന്ന് ഇറങ്ങിയിട്ട് അത് പെട്ടിയിൽ വെക്കാമെന്ന് ഞാൻ വിചാരിച്ചു. കാർ വേഗത കൂടി പോവുകയാണ്. ചമ്പക്കുളം തച്ചൻ എന്ന സിനിമ ഷൂട്ട് ചെയ്ത പ്രദേശത്തുകൂടിയാണ് യാത്ര. അതിനാൽ ഞാൻ ഡയറക്ടർ ഫാസിലിന്റെ വീട്ടിൽ വിരുന്നുപോയതും, പിന്നെ പ്രിൻസ് ഹോട്ടൽ കണ്ടപ്പോൾ ഞങ്ങൾ അവിടെ ഷൂട്ടിങ്ങിനു താമസിച്ചതും എല്ലാം ഓർമവന്നു.
എനിക്ക് ചേർത്തല പ്രദേശമൊക്കെ തികച്ചും അപരിചിതമാണ്. കാറിന്റെ വേഗത വീണ്ടും കൂടിയപ്പോൾ അക്കൗണ്ടന്റ് ഹിന്ദിയിൽ, ഡ്രൈവറോട് സ്പീഡു കുറയ്ക്കാൻ പറഞ്ഞുകൊണ്ടിരുന്നു. അയാൾക്ക് അതു മനസ്സിലായില്ലെന്നു തോന്നി. നല്ല റോഡും ഒരു വാഹനവും എതിരേയും ഇല്ലായിരുന്നു. ഇത്ര നല്ല റോഡാണല്ലോ എന്ന് എനിക്കും തോന്നിപ്പോയി. പെട്ടെന്നാണ് രണ്ടു ഹെഡ്ലൈറ്റ് ഇട്ട ബസ് ഒരു ജങ്ഷൻ റോഡിൽനിന്നും വരുന്നതു കണ്ടത്. ചെറുതായ ഒരു വളവായിരുന്നു അവിടെ എന്നുമാത്രം കാണാൻ സാധിച്ചു. വലിയൊരു ശബ്ദത്തിൽ കാർ തിരിഞ്ഞു. ഞാനിരുന്ന ഭാഗത്തെ കാറിന്റെ വാതിൽ പെട്ടെന്നു തുറന്ന് ഞാൻ അകലത്തേക്ക് തെറിച്ചുവീണു. ആക്സിഡന്റ്, ആക്സിഡന്റ് എന്ന് ഞാൻ ഉറക്കെ നിലവിളിച്ചു. പക്ഷേ, എന്റെ മോൾക്കുവേണ്ടി ഞാൻ പിടഞ്ഞെഴുന്നേറ്റു. മഞ്ഞുമൂടിയ പുലരിയുടെ വെളിച്ചത്തിൽ കാറിന്റെ ഡിക്കി എനിക്കു കാണാൻ സാധിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. മോള് ആ കാറിൽ ഉണ്ടെന്നു മാത്രം അറിയാം. രണ്ടുമൂന്ന് ഓട്ടോറിക്ഷക്കാർ എന്റെ അടുത്തേക്ക് ഓടിയെത്തി.
'അമ്മേ നിങ്ങളാരാണ്' എന്ന് ആവർത്തിച്ചു ഉറക്കെ ചോദിക്കുന്നു. ഞാൻ ഓടുകയാണ്, നനഞ്ഞുകുളിച്ചിരിക്കുന്നു. കാലുകൾ നീങ്ങുന്നില്ല. മോനിഷ, മോനിഷ എന്നാണ് ഞാൻ നിലവിളിച്ചത്. രണ്ടു കാലിന്റെയും മേൽഭാഗത്തെ എല്ലുകൾ ചീന്തിപ്പോയതോ വേദനയോ അറിയുന്നില്ല. ഓടാൻ ശ്രമിക്കുന്ന എന്നെ, സ്നേഹനിധിയായ ഒരു ഓട്ടോറിക്ഷക്കാരൻ മെല്ലെ ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നു. ഇല്ല, എന്റെ മോളില്ലാതെ ഞാൻ വരില്ല, വരില്ല എന്ന് ഞാൻ ശഠിച്ചു. അപ്പോഴേക്കും മൂന്നുനാലു ചെറുപ്പക്കാർ, അയ്യോ! നമ്മുടെ മോനിഷ എന്നു പറഞ്ഞ് കാറിന്റെ അടുത്തേക്ക് ഓടി. ആ രംഗമെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. തുടർന്ന് ഞാൻ കാണുന്നത് അവർ മോനിഷയുടെ കാലിലും കൈയിലും നടുവിലും പിടിച്ച് എടുത്തുകൊണ്ട് ഓടിവരികയാണ്; 'ഇതാ അമ്മേ നമ്മടെ മോനിഷ. ഇതാ അമ്മേ അമ്മയുടെ മകൾ,' എന്നു പറഞ്ഞ്. അപ്പോഴേക്കും ആ സഹോദരൻ എന്നെ ഓട്ടോയിൽ കയറ്റിയിരുത്തി. മോളെ അവർ എന്റെ മടിയിൽ കിടത്തി ചേർത്തലയിലെ കെ.വി.എം. ഹോസ്പിറ്റലിലേക്കു പറന്നു. ഓട്ടോറിക്ഷക്കാരൻ ഉറക്കെ കരയുന്നു എന്റെയൊപ്പം.
'ദൈവത്തെ വിളിച്ചോ അമ്മേ, ദൈവത്തെ വിളിച്ചോ അമ്മേ,' എന്ന് വീണ്ടും വീണ്ടും പറഞ്ഞു. ഞാൻ 'കൃഷ്ണാ ഗുരുവായൂരപ്പാ മൂകാംബികേ' എന്ന് ആർത്തുവിളിച്ചു. അപ്പോഴേക്കും അടുത്തുള്ള ഈ ഹോസ്പിറ്റലിലേക്കെത്തി. നഴ്സുമാരും മറ്റും ഓടിവന്ന് ഓട്ടോയിൽനിന്ന് മോളെ എടുത്ത് മുമ്പിൽക്കണ്ട ഒരു സ്ട്രെക്ചറിൽ കിടത്തി, അപ്പോഴാണ് ഞാൻ കാണുന്നത്. അടുത്ത ബെഡ്ഡിൽ കിടക്കുന്ന രോഗിയെ അവർ മാറ്റി, ആ കിടക്കയിൽ മോളെ കിടത്തി. കാരണം, പെട്ടെന്ന് ബെഡ്ഡ് ഉണ്ടായിരുന്നില്ല. ആദ്യം ആരൊക്കെയോ വന്ന് എന്നോട് ഫോൺ നമ്പർ ചോദിച്ചു. ഫാസിലിന്റെ നമ്പർ, മോനിഷയുടെ അച്ഛന്റെ നമ്പർ, വാസുവേട്ടന്റെ നമ്പർ. എങ്ങനെയോ മനസ്സിൽ തെളിഞ്ഞുവന്നു, എല്ലാം ലാൻഡ് ലൈൻ. വെന്റിലേറ്റർ കൊണ്ടുവരൂ എന്നൊക്കെ അവർ തമ്മിൽ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. എങ്ങനെയോ മോളുടെ കട്ടിലിനരികിൽ ഞാൻ മാത്രമായ അവസാനനിമിഷങ്ങൾ.
വായിൽനിന്നും ചെവിയിൽനിന്നും രക്തപ്രവാഹം. കണ്ണുകൾ അടഞ്ഞിരുന്നു. മോളേ അമ്മയെ നോക്ക് മോളേ. അമ്മയെ നോക്ക് എന്തെങ്കിലും പറയൂ. എന്നു ഞാൻ അവളോട് മുഖംചേർത്തു പറഞ്ഞപ്പോൾ, ആ വലിയ കണ്ണുകൾ തുറന്നു, ഒരിറ്റു ചോരയില്ലാതെ വിളറിയ വലിയ കണ്ണുകൾ. എന്നെ നോക്കി വായ തുറന്നതും ഒരു വെള്ളച്ചാട്ടംപോലെ രക്തപ്രവാഹം. അപ്പോൾ ഞാനറിഞ്ഞു, അവൾക്കു പോകാൻ മുഹൂർത്തമായി. അവളെ പിടിച്ച് ഞാൻ ഭഗവാനോടു പറഞ്ഞു, ഒരമ്മയ്ക്കും പറയാൻ നാവിൽ വരാത്ത വാചകങ്ങൾ. ഹൃദയത്തിൽനിന്നു വന്നതാണ്, 'കൃഷ്ണാ, നീ തിരിച്ചെടുത്തോ അവളെ... നീ സൂക്ഷിച്ചുവെക്കുക, ഞാൻ വരുംവരെ.'
'എന്റെ ആത്മാവിന്റെ ഒരംശം ഈശ്വരൻ അവളോടു ചേർത്തുവെച്ച് അവളെ കൊണ്ടുപോയി, സ്വർഗത്തിലേക്ക്. സ്വർണരഥത്തിലായിരിക്കുമോ' എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുന്നു. ആ ഭംഗിയുള്ള വിടർന്ന കണ്ണുകൾ താനേ മൂടി. അത് അന്നും ഇന്നും എന്നും എനിക്ക് ഒരദ്ഭുതമാണ്. ആ നിമിഷങ്ങൾ ഈ അമ്മയ്ക്കും മകൾക്കും മാത്രം സ്വന്തമായി സ്വകാര്യമായിത്തന്നെ ദൈവം ഒരുക്കി. ഒരു ദൃക്സാക്ഷിയെപ്പോലും അവിടെ നിർത്തിയില്ല. ഒരുപക്ഷേ, ഞാൻ ഒരുപാട് ആരാധിക്കുന്ന എന്റെ ഭഗവാൻ കൃഷ്ണന് തോന്നിക്കാണും, ഗുരുവായൂർ ഏകാദശിപ്പുലരിയിൽ തനിക്കു പറ്റിയ ഒരു കൈയബദ്ധമോ ഈ മൃത്യു? പ്രായശ്ചിത്തമായി ഇത്രയെങ്കിലും ഈ അമ്മയ്ക്ക് കൊടുക്കണ്ടേ എന്ന്. ആ നിമിഷങ്ങളെ അങ്ങനെ ഓർക്കാനാണ് അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
Content Highlights: Explore poignant memories of actress Monisha, penned by her mother in the book `Ente Makal Monisha`. A heartbreaking account of love, life, and loss.
Published: 14 Feb 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented