ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രിക്കാലത്തെ ഒരു ദൃശ്യം ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇടം. അവർ കസേരയിൽ നന്നായി ഇരുപ്പുറപ്പിച്ചിരിക്കുന്നു. മന്ത്രിമാർ ഒരുപാടുണ്ട് മുറിയിൽ. എല്ലാവരും നിൽക്കുകയാണ്.

ഒറ്റക്കേൾവിയിൽ അധികാരത്തെ ഓർമ്മപ്പെടുത്തുകയും ഇരിപ്പ് എന്ന ആശയംകൊണ്ട് മേലാളനെയും നിൽപ്പ് എന്ന ചിത്രംകൊണ്ട് കീഴാളനെയും ഒരേസമയം അവതരിപ്പിക്കുകയും ചെയ്യുന്ന കസേരയെക്കുറിച്ചുള്ള ചിന്തകളാണ് ഇ.പി. രാജഗോപാലന്റെ 'കസേര: സംസ്‌കാരത്തിലെ ഇരിപ്പ്' എന്ന പുസ്തകം. അതിൽ നിന്ന് ഒരു ഭാഗം ചുവടെ.
കസേരകളുടെ എണ്ണം ഒരു വിഷയമാണ്. ഒരു പൊതുയോഗസ്ഥലത്ത് ഒറ്റക്കസേര മാത്രമേയുള്ളൂ എന്നുവരികിൽ അത് പെട്ടെന്ന് പഴയ കാലത്തിന്റെ ഓർമ്മ ഉണ്ടാക്കും—സിംഹാസനക്കാലത്തിന്റെ.
ജെ. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. അവർ പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ സഹമന്ത്രിമാരൊക്കെ നിൽക്കും. വേദിയിൽ ഒരു കസേര മാത്രമേ കാണൂ. അത് മുഖ്യമന്ത്രിക്കുള്ളതാണ്. കേൾവിക്കാർക്ക് ചിലപ്പോൾ കസേരയുടെ സൗകര്യം കിട്ടും. വേദിയിൽ, പക്ഷേ, ഒറ്റക്കസേര. അതിന് ഇരുവശങ്ങളിലുമായി മന്ത്രിപ്പടയുടെ കുത്തനെയുള്ള നിലനിൽപ്പ്. കസേരയിലെ അധികാരകേന്ദ്രീകരണം അവിടെ ദൃശ്യപ്പെടുകയാണ്. മന്ത്രിമാർക്ക് കസേര വിന്യസിക്കുന്നതിനെപ്പറ്റി വ്യക്തമായ ഭരണഘടനാനിർദ്ദേശങ്ങളോ മറ്റോ ഇല്ല. അതിനാൽ ജെ. ജയലളിതയുടെ ഏകക്കസേരജയം തടസ്സമില്ലാതെ നടപ്പിലായിപ്പോന്നു.
ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രിക്കാലത്തെ ഒരു ദൃശ്യം ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇടം. അവർ കസേരയിൽ നന്നായി ഇരുപ്പുറപ്പിച്ചിരിക്കുന്നു. മന്ത്രിമാർ ഒരുപാടുണ്ട് മുറിയിൽ. എല്ലാവരും നിൽക്കുകയാണ്. ഈ ചിത്രത്തിൽ അടിയന്തരാവസ്ഥ (1975–’77) പ്രവചിക്കപ്പെട്ടിരിക്കുന്നു.
ഒറ്റക്കസേരയെ ഒരു മലയാളകവി നേരിട്ട കഥയും ഉണ്ട്. 1956 നവംബർ ഒന്നാണ് ആ നേരിടലിന്റെ തീയതി. കേരള സംസ്ഥാനപ്പിറവിയുടെ ദിവസം. തിരഞ്ഞെടുപ്പു നടന്നിട്ടില്ല. ഗവർണറുണ്ട്. ബി. രാമകൃഷ്ണറാവുവാണ് ഗവർണർ.
തിരുവനന്തപുരത്ത് ഔദ്യോഗികസമ്മേളനം—സംസ്ഥാനത്തിന്റെ ജനനം കൊണ്ടാടാൻ. വേദിയിൽ ഒരു വലിയ കസേര. കൊത്തുപണികളോടു കൂടിയത്. വിശിഷ്ടം. പിന്നെ കുറച്ചു കസേരകൾകൂടിയുണ്ട്. ഇത്രമേൽ വിശേഷപ്പെട്ടവയല്ല.
കവി എത്തി. ഗവർണർ പുറപ്പെട്ടിട്ടേയുള്ളൂ.
കവി വേദിയിൽ കയറി. വലിയതാകയാൽ ഒറ്റപ്പെട്ട കസേരയിൽത്തന്നെ ഇരുന്നു. അപ്പോൾ കസേര കൂടുതൽ വലുതും ഒറ്റപ്പെട്ടതുമായി. സംഘാടകരായ ഉദ്യോഗസ്ഥന്മാർ വിരണ്ടു. ഗവർണർക്ക് ഇരിക്കാനുള്ള ഒറ്റക്കസേരയായി ഉദ്ദേശിച്ചതാണ്. കവി വള്ളത്തോളാണ്. കസേരയിൽനിന്ന് മാറാൻ പറയാനാവില്ല. കൊട്ടാരത്തിൽനിന്നെത്തിച്ച വകയാണ് ആ വിശിഷ്ടാസനം. സർക്കാർ വണ്ടി വീണ്ടും കൊട്ടാരത്തിലേക്ക് നീങ്ങി. മറ്റൊരു വിശിഷ്ടാസനം കൊണ്ടുവന്നു. ഗവർണർ അതിനുശേഷം മാത്രം അരങ്ങുപൂകി.
വള്ളത്തോളിന്റെ ഒരു പ്രായോഗികകവിത (practical poem) തന്നെയാണ് നേരത്തേ അരങ്ങേറിയത്. താൻ കേരളത്തിന്റെ ശരിയായ പ്രതിനിധിയാണ് എന്ന വിചാരത്തിന്റെ ആവിഷ്‌കാരം. ഗവർണർ എന്ന ഉയർന്ന ഉദ്യോഗസ്ഥനൊപ്പം തുല്യനിലയിൽ ഇരിക്കാനുള്ള ഉയരം കവിക്ക് ഉണ്ട്—വള്ളത്തോളിന് ഉറപ്പായിരുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചലച്ചിത്രത്തിൽ ഒറ്റക്കസേര വിഷയമാകുന്നുണ്ട്. ഭാസ്‌കര പട്ടേലർ എന്ന ഫ്യൂഡൽ അധികാരി അങ്ങാടിവരാന്തയിലെ മരക്കസേരയിൽ ഇരിക്കുന്നു. ഒറ്റക്കസേര. പഴക്കമുള്ളത്. ചുറ്റിലും സേവകർ—ഏറാന്മൂളികൾ.
ഈ അധികാരിക്കും കസേരയ്ക്കും മുന്നിലേക്കാണ് തൊമ്മി എന്ന മെലിഞ്ഞ പാവത്താൻ വരുന്നത്. ഒറ്റക്കസേര പട്ടേലരുടെ ഇരിപ്പിടവും പ്രത്യയശാസ്ത്രവുമാണ്. തൊമ്മിയെ പരിഹസിക്കാൻ, പിന്നെ തൊഴിച്ചു വീഴ്ത്താൻ പട്ടേലർ എഴുന്നേൽക്കുന്നത് ആ കസേരയിൽനിന്നാണ്. അതിലേക്കുതന്നെ തിരിച്ചെത്താനാണ് ആ എഴുന്നേൽപ്പ്. അധികാരം മൂർത്തമായി ദൃശ്യപ്പെടുന്ന ഒരു രംഗമാണത്. ആ കസേരയുടെ ഒരു മരക്കൈ കാണാനില്ല. വികലക്കസേരയാണ് അത്. ക്ലാസിക്കൽ ഫ്യൂഡലിസത്തിന്റെ കാലമല്ല ചലച്ചിത്രത്തിലെ ആഖ്യാനകാലം എന്ന് ഈ ഇല്ലാക്കൈയിൽനിന്ന് കണ്ടറിയാം. പട്ടേലരുടെ നാശത്തിന്റെ ഒന്നാം സൂചന ഈ അദൃശ്യതയാണ്. കസേരയിൽ ചരിത്രം ഇരിക്കുന്നു; ഒറ്റക്കസേരയിലും ചരിത്രം ഇരിക്കുന്നു. ഉച്ചാടനം സാദ്ധ്യമല്ല.
ജാതിക്കസേര
ഒരു പുതിയ സ്‌കൂളിലേക്ക് സ്ഥലംമാറിയിരിക്കുകയാണ്. മുമ്പ് അന്നാട്ടിലേക്ക് പോയിട്ടില്ല. സ്ഥലപ്പേരുപോലും കേട്ടിട്ടില്ല. കുറേ ദൂരേയാണ്. സ്ഥാനക്കയറ്റമാണ്. വേണ്ടെന്നുവെക്കാൻ ബുദ്ധിമുട്ടു തോന്നി.
ഒറ്റയ്ക്കാണു പോയത്. തലേന്നു പുറപ്പെട്ടു. രാത്രി വൈകി താഴ്‌വാരത്തിലെ പട്ടണത്തിൽ തങ്ങി. ഒറ്റയാൾ കട്ടിൽ മാത്രമുള്ള ലോഡ്ജ് മുറി. രാവിലെ ഏഴു മണിക്ക് മലകയറിത്തുടങ്ങി. ബസ്സിൽ സീറ്റിനു കണക്കായ ആൾക്കാർ ഉണ്ടായിരുന്നു. കാറ്റ് നിറയെ തണുപ്പോടെ ഉള്ളിലേക്ക് വീശി. ആൾത്തിരക്കുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഒൻപതുമണിക്ക് ബസ്സിൽനിന്നിറങ്ങി. വെയിൽ വന്നിട്ടില്ല. ഇനി മുന്നു കിലോമീറ്ററോളം ഉണ്ട്. ഒരു ജീപ്പിൽ ഇടം കിട്ടി. നിറയെ ആളുകൾ. തിരക്ക് തണുപ്പിനെ എതിരിട്ടു. പത്തു മണിക്കു മുമ്പ് സ്ഥലത്തെത്തി. സ്ഥലം അപരിചിതമായി തോന്നി. ഖസാക്കിന്റെ ഇതിഹാസത്തിന്റെ തുടക്കം ഓർമ്മയുണ്ട്. അത് ഇപ്പോൾ തുണയായില്ല. സ്‌കൂളിൽ ചെറിയ ആളനക്കമുണ്ട്.
ഏറെ കുട്ടികളില്ലാത്ത സ്ഥാപനമാണ് എന്നു തോന്നുന്നു. വരാന്തയിൽ മൂന്നുപേർ നിൽക്കുന്നുണ്ട്. രണ്ട് ആണുങ്ങളും ഒരു സ്ത്രീയും. അവർ മഞ്ഞ് മായുന്നത് കാര്യമായി നിരീക്ഷിക്കുകയാണ്. മൂവരും എന്നെ കണ്ടില്ല. വരാന്തയിൽ നാലാമതായി ഉള്ളത് ഒരു കസേരയാണ്. മരക്കസേര. തെക്കോട്ടു നോക്കിയിരിക്കുന്നു. പടിഞ്ഞാറേ കൈ കാണാനില്ല. കസേരയും എന്നെ ഗൗനിച്ചില്ല.
ഉള്ളിലേക്ക് കയറി. ചെറിയ വെളിച്ചമുണ്ട്. ആരും ഇല്ല എന്നു തോന്നി.
ഒരു മൂലയിൽനിന്ന് ഒച്ച കേട്ടു,
‘‘എന്താ?’’

ഇപ്പോൾ ആളെ കാണാം. ഞാൻ കാര്യം പറഞ്ഞു. അയാൾ ഇരിക്കുകയായിരുന്നു. കാര്യം കേട്ടപ്പോൾ എഴുന്നേറ്റു. ചുമർ തപ്പി. ഒരു ബൾബ് വെളിച്ചമായി. മ്ലാനതയുള്ള വെളിച്ചം.
‘‘ഹേമന്തൻ സാറ് സ്റ്റാഫ് റൂമിൽ ഉണ്ടാകും. വിളിച്ചു കൊണ്ടുവരാം.’’
എന്നോട് ഇരിക്കാനൊനും പറയാതെ അയാൾ പുറത്തേക്കിറങ്ങി.
വരാന്തയിൽ ഇപ്പോൾ മൂന്നുപേർ കൂടി ഉണ്ട്. മൂവരും സ്ത്രീകൾ. ആ ആറു പേരും പുറത്തേക്കിറങ്ങിയയാളും പിന്നെ ഒരാളും ഉള്ളിലേക്ക് വന്നു. ആ ഒരാളാവും ഹേമന്തൻ സാർ. മുതിർന്ന അദ്ധ്യാപകൻ. അയാൾ എന്നെ അഭിവാദ്യം ചെയ്തു. മറ്റുള്ളവർ പുഞ്ചിരിച്ചു. ഹേമന്തൻ സാർ മുറിയുടെ മൂലയിലുള്ള മേശയ്ക്കരികിലേക്ക് നയിച്ചു.
അവിടെയുള്ള ജനലിന്റെ എല്ലാ പാളികളും ഹേമന്തൻ സാർ തുറന്നു. മഞ്ഞുകലർന്ന വെളിച്ചത്തിൽ ഞാൻ ആദ്യം കണ്ടത് കൈകൾ രണ്ടും പഴകി വെളുത്തുപോയ ഒരു ചുവന്ന പ്ലാസ്റ്റിക് കസേരയാണ്. പിൻഭാഗത്തും പഴക്കത്തിന്റെ നിറം ഉണ്ട്. എന്നോട് അവിടെ ഇരിക്കാൻ ആദരം കാട്ടി ക്ഷണിച്ചു. ഞാൻ ഇരുന്നു. ഒപ്പുപുസ്തകത്തിൽ വേണ്ടത് ചെയ്തു.
ഇപ്പോൾ മുറിയിലെ വെളിച്ചം കൂടി. ട്യൂബ് സ്വയം തീരുമാനിച്ച് പ്രകാശിച്ചതാണ്.
മുറിയുടെ മൂലയിൽ ഒരു വട്ടക്കസേര കാണായി. തിരിയുന്ന കസേര. പൊടിയും മാറാലയും ചൂടിയിട്ടുണ്ട്. വലുതാണ്. കാഴ്ചയിൽ തകരാറൊന്നും ഇല്ല. പഴയ പത്രങ്ങൾ അതിമേൽ ഇരിക്കുന്നു. ഒരു സ്റ്റീൽ മൊന്തയും. ഞാൻ സവിശേഷമായ ഒന്നെന്നപോലെ അതിലേക്കുതന്നെ നോക്കിപ്പോയി.
ഹേമന്തൻ സാർ അടക്കം എല്ലാവരും മറഞ്ഞിരിക്കുന്നു. ക്ലാസിന്റെ സമയമായിട്ടുണ്ട്.
‘‘എന്റെ പേര് അജു. ഓഫീസിലെയാണ്,’’ മുറിയിൽ ബാക്കിയുള്ള ഒരേയൊരാൾ പറഞ്ഞു.
ഞാൻ മൂലയിലെ കസേര നോക്കുകയായിരുന്നു. കറുപ്പു നിറം. പ്ലാസ്റ്റിക്കിന്റെ ഉറയുണ്ട്. പഴയതാണെന്നു തോന്നുന്നില്ല.
എന്റെ നോട്ടത്തിലുള്ള ഇടപെടൽ എന്നപോലെ അജു പറഞ്ഞു: ‘‘കസേര പഴയതല്ല. കഴിഞ്ഞ വർഷത്തെ നാണുക്കുട്ടൻ നമ്പീശൻ സാറ് മാറ്റിയിടീച്ചതാണ്. തകരാറൊന്നുമില്ല.’’
പിന്നെയെന്തിനാണ് മാറ്റിവെച്ചത് എന്ന് ഞാൻ ചോദിച്ചു.
അജു പറഞ്ഞു: ‘‘നമ്പീശൻ സാറ് വരുന്നതിനു മുമ്പ് ജാനിക്കുട്ടി ടീച്ചറായിരുന്നു. അവർ വന്നതിനു ശേഷം പി.ടി.എക്കാർ വാങ്ങിച്ച കസേരയാണ്. നമ്പീശൻ സാർ വന്നു. ടീച്ചറുടെ ഓർഡർ വന്നുനിൽപ്പുണ്ടായിരുന്നു. അന്നുതന്നെ അവർ നാട്ടിലേക്ക് പോയി. ടീച്ചർ ഇറങ്ങിയ ഉടൻ നമ്പീശൻ സാർ എന്നെ വിളിച്ച് കസേര മാറ്റിയിടാൻ പറഞ്ഞു.’’
അതെന്തിന് എന്ന് ഞാൻ ചോദിച്ചു.
അജു പറഞ്ഞു: ‘‘ടീച്ചർ എസ്.ടിക്കാരിയാണ്. മലൈപണ്ടാരം.’’ കസേര മൂലയിൽനിന്ന് എന്നെ നോക്കി. അജു പറഞ്ഞു: ‘‘പുതിയ കസേരയാണ് എന്ന് പി. ടി.എക്കാരും പറഞ്ഞു. നമ്പീശൻ സാർ വഴങ്ങിയില്ല.’’
കസേര കേൾക്കുന്നുണ്ട്. കാണുന്നുണ്ട്.
Published: 03 Sept 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented