ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്‌സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ മകൻ, നിറക്കൂട്ട്, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, ശ്യാമ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, സംഘം, നായർസാബ്, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, ആകാശദൂത് തുടങ്ങി നിരവധി സൂപ്പർഹിറ്റുകളെക്കൊണ്ട് മലയാളസിനിമയുടെ മുഖച്ഛായ മാറ്റിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ ഓർമക്കുറിപ്പുകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'നിറക്കൂട്ടുകളില്ലാതെ'. ജീവിതവും സിനിമയും നിറഞ്ഞു നില്ക്കുന്ന ഈ അനുഭവാഖ്യാനങ്ങൾ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാകുന്നു. 'രാജാവിന്റെ മകൻ' എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ടായതിന് പിന്നിലെ കഥ ഇവിടെ വായിക്കാം.

നിറക്കൂട്ട് ഞാൻ 1985-ൽ മലയാളത്തിൽ എഴുതി. 1986-ൽ തമിഴിൽ വരുകയും സൂപ്പർഹിറ്റാവുകയും ചെയ്തു. രസകരമായ കാര്യമുണ്ട്. ഇപ്പോൾ എന്റെ മകൻ ജോസ് ചെന്നൈ ക്രിസ്ത്യൻ കോളേജിൽ ബി.എ. ഇക്‌ണോമിക്‌സിന് പഠിക്കുകയാണ്. സിലയൂർ ഹാൾ എന്ന ഹോസ്റ്റലിലാണ് താമസം. അവന്റെ ഹോസ്റ്റലിലെ ഒരു പരിചാരകൻ പണ്ട് നിറക്കൂട്ടിന്റെ തമിഴ് പതിപ്പ് (മനിതനിൽ മറുപക്കം) കണ്ട്, അതിലെ എല്ലാ പാട്ടുകളും, എല്ലാ സീനുകളും കാണാപ്പാഠം പഠിച്ചുവെച്ചിട്ടുണ്ട്. മകന് ഇപ്പോൾ ഹോസ്റ്റലിൽ സ്‌പെഷൽ ഫുഡ് കിട്ടും. കാരണം, മനിതനിൽ മറുപക്കം എന്ന സിനിമയുടെ റൈറ്ററുടെ മകനാണ് അവൻ. അങ്ങനെയൊരാൾ ഇപ്പോഴും ആ സിനിമ കൃത്യമായി ഓർത്തുവെച്ചിരിക്കുന്നത് എന്നിൽ അമ്പരപ്പ് ഉണ്ടാക്കുന്നു. മകൻ അടുത്തകാലത്താണ് ഇത് എന്നോടു പറഞ്ഞത്.
ശ്യാമ വിജയമായപ്പോൾ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഐ.വി. ശശിയും ഒഴികെയുള്ള ഏതാണ്ട് ഒട്ടെല്ലാ സംവിധായകരും എന്നോട് തിരക്കഥ ചോദിക്കാൻ തുടങ്ങി. തമ്പി കണ്ണന്താനത്തെ ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം ചെയ്തുകൊണ്ടിരുന്ന പടം മമ്മൂട്ടി നായകനായ ആ നേരം അല്പദൂരം ആയിരുന്നു. അതൊരു സാമ്പത്തികപരാജയമായിരുന്നു. തമ്പി എനിക്ക് പടം ഓഫർ ചെയ്‌തെങ്കിലും അദ്ദേഹത്തിന് ഒരു നിർമാതാവിനെ കിട്ടാതെപോയി. അങ്ങനെ തമ്പിയും ജോഷിയും മറ്റുള്ളവരുംകൂടി ആലോചിച്ച് ഒരു സിനിമ സ്വയം നിർമിക്കാൻ തീരുമാനിച്ചു. ജോഷി എന്നോടു പറഞ്ഞു, 'എടാ, നീ തമ്പിക്ക് ഒരു തിരക്കഥ എഴുതിക്കൊടുക്കണം.'
തമ്പിയും ജോഷിയും അടുത്ത സുഹൃത്തുക്കളാണ്. തമ്പി ശശികുമാർ സാറിന്റെ സഹസംവിധായകനും ജോഷി ക്രോസ്‌ബെൽറ്റ് മണിയുടെ സഹസംവിധായകനുമായിരുന്നു. രണ്ടുപേരും ഏതാണ്ട് ഒരേ പ്രായക്കാർ. അവർ അക്കാലത്തേ പറയുമായിരുന്നു: 'ആദ്യം ആര് സംവിധായകൻ ആകുന്നോ അയാളുടെ പടത്തിൽ മറ്റേയാൾ സംവിധായകസഹായി ആകണം.' അങ്ങനെ ജോഷി ആദ്യം സംവിധായകനായി. ജോഷിയുടെ പടത്തിൽ തമ്പി സഹായിയുമായി. അന്നും അവർ പരസ്പരം എടാപോടാ എന്ന് വിളിക്കുന്ന അടുത്ത സുഹൃത്തുക്കളാണ്.
ഞാൻ അന്ന് എറണാകുളത്ത് എന്റെ പ്രസ്സിന്റെ പിറകിലുള്ള ഒറ്റമുറിയിലാണ് താമസം. തമ്പി ഒരു ദിവസം മദ്രാസ് മെയിലിൽ വന്നിറങ്ങി പെട്ടിയുമൊക്കെയായി നേരേ എന്റെ മുറിയിലേക്ക് വന്നു. ഞങ്ങൾ രണ്ടുപേരും അവിടെയിരുന്ന് അടുത്ത പടം ആലോചിക്കാൻ തുടങ്ങി. എനിക്ക് അപ്പോഴേക്കും ഒരുപാട് വലിയ സംവിധായകരുടെ വമ്പൻ ഓഫറുകൾ വന്നുതുടങ്ങിയിരുന്നു. അന്ന് ചിലർ എന്നോടു ചോദിച്ചിരുന്നു, 'തമ്പിയെപ്പോലെ പരാജിതനായ സംവിധായകന്റെ പടം ചെയ്യണോ?' സിനിമയുടെ ഒരു സ്വഭാവമാണ് അത്. തമ്പിക്ക് എഴുതിക്കൊടുക്കണോ എന്ന് എന്നോട് ചോദിച്ച നിർമാതാവ് പിന്നീട് തമ്പിയുടെ പിറകെ വർഷങ്ങളോളം നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് സിനിമയുടെ കാര്യത്തിൽ സ്വാഭാവികം. കുറ്റം പറയാൻ കഴിയില്ല.
ഞാനും തമ്പിയും ഇരുന്ന് പല കഥകൾ ആലോചിച്ചു. ഏതു വിഷയം വേണമെന്ന് ചർച്ച ചെയ്തു. പണ്ട് ശശികുമാർസാർ സംവിധാനം ചെയ്ത പിക്‌നിക് എന്ന ഒരു പടമുണ്ട്. ഞാൻ കോളേജിൽ വെച്ച് കണ്ടതാണ്. പ്രേംനസീറും ലക്ഷ്മിയും നായികാനായകന്മാരായി അഭിനയിച്ച പടം. അതുപോലെ, പഴയ മധുമതിപോലെ ഒരു പടം ആയിരുന്നു ഞാൻ മനസ്സിൽ കണ്ടത്. വനവാസികളുടെ പശ്ചാത്തലമുള്ള സിനിമയാണ് മധുമതിയും. അതുപോലെ ഒരു സിനിമ ആയാലോ എന്ന് ഞാൻ തമ്പിയോട് ചോദിച്ചു. തമ്പി പറഞ്ഞു: 'എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, ശശികുമാർസാർ എടുത്ത് വിജയിപ്പിച്ച സാധനം ഞാൻ കോപ്പിയടിക്കുന്നു എന്ന് ആക്ഷേപം വരും. ഡെന്നീസിന് അത് പുതുമയായിരിക്കും. പക്ഷേ, വേണ്ട നമുക്ക് വേറെയൊരു വിഷയം ആലോചിക്കാം.'

To advertise here,
placeholder

 

അങ്ങനെയാണ് രാജാവിന്റെ മകൻ വരുന്നത്. സാധാരണരീതിയിൽ ഒരുവിധം നിർമാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലാത്ത സബ്ജക്ട്. നായകൻതന്നെയാണ് വില്ലൻ. പക്ഷേ, തമ്പിക്ക് ആ കഥാസാരം കേട്ടപ്പോഴേക്കും ഇഷ്ടമായി. 'നമ്മൾ ഇതുതന്നെ ചെയ്യുന്നു,' തമ്പി ഉറപ്പിച്ചു.
തമ്പിക്ക് അപ്പോൾ നിർമാതാവില്ല. അത് ഒരു വലിയ പ്രശ്‌നമാണ്. എനിക്കാകട്ടെ ഈ സിനിമ മമ്മൂട്ടി ചെയ്യണം എന്നായിരുന്നു ആഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോടാണ്. അവർ ആത്മസുഹൃത്തുക്കളായിരുന്നു.
പക്ഷേ, ആ നേരം അല്പദൂരം പരാജയപ്പെട്ടതോടുകൂടി വീണ്ടും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. മമ്മൂട്ടി അന്ന് വിജയംവരിച്ചുനില്ക്കുന്ന ഹീറോയാണ്. മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടമായിരുന്നു. എന്നെ ജോയിക്ക് പരിചയപ്പെടുത്തിയ ആൾ മമ്മൂട്ടിയാണ്. അങ്ങനെ എന്നെ നൂറുശതമാനം സമ്മതമാണ്. പക്ഷേ, തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എന്തോ വിസമ്മതിച്ചു.
ഞാൻ നിർബന്ധിച്ചു. തമ്പി ഒരുപാട് നിർബന്ധിച്ചു. എന്നിട്ടും മമ്മൂട്ടി സമ്മതിച്ചില്ല. എന്നു മാത്രമല്ല, അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. തമ്പിക്ക് വാശിയായി. മോഹൻലാലിനെ വെച്ച് ആ സിനിമ എടുക്കും എന്ന് തമ്പി തീരുമാനിക്കുന്നു. ലാലിനോടും നല്ല അടുപ്പമുണ്ട്.
അന്നത്തെ നിലയ്ക്ക് വേറൊരു നിർമാതാവാണെങ്കിൽ മമ്മൂട്ടി പിന്മാറിയാൽ തമ്പിയെ ഉപേക്ഷിച്ചു സ്ഥലം വിടും. പക്ഷേ, ഇവിടെ നിർമാണം തമ്പിതന്നെയാണ്. ഒരു കുഴപ്പവുമില്ല. തമ്പി ഉടനെ മോഹൻലാലിനെ സമീപിച്ചു. എനിക്ക് അക്കാലത്ത് മോഹൻലാലിനെ പരിചയമില്ല. ലാലിനെ ഒന്നു പരിചയപ്പെടാനും കഥ പറയാനുംവേണ്ടി ഞാനും കൂടെ പോയി.
എറണാകുളത്തെ ഇന്നത്തെ പി.വി.എസ്. ഹോസ്പിറ്റൽ അന്ന് കല്പക ഹോട്ടൽ. സിനിമാക്കാരുടെ താവളം. അവിടെ പത്മരാജന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. മോഹൻലാൽ നായകനായ ദേശാടനക്കിളി കരയാറില്ല ആണെന്നാണ് ഓർമ. അതിന്റെ ലൊക്കേഷനിൽ ഞാനും തമ്പിയും കൂടെ ചെന്നു. അവിടെവെച്ച് ഞാൻ മോഹൻലാലിനെ പരിചയപ്പെട്ടു. ലാലിനോട് ഞാൻ ചോദിച്ചു, 'ഇന്ന് വൈകീട്ടോ നാളെയോ എപ്പോഴാ ഇതിന്റെ കഥ ഒന്നു കേൾക്കുന്നത്?'
മോഹൻലാൽ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. എനിക്ക് അന്ന് ഒരു പരിചയവുമില്ലാത്ത ആൾ. അദ്ദേഹം അന്ന് സൂപ്പർസ്റ്റാറായിട്ടില്ല. എന്നാൽ, മമ്മൂട്ടി കഴിഞ്ഞാൽ അടുത്ത താരം എന്ന നിലയിൽ തിരക്കുള്ള നായകനാണ്. ശശികുമാർ സാറിന്റെ പത്താമുദയം പോലുള്ള വലിയ ഹിറ്റ് സിനിമകൾ അഭിനയിച്ചുകഴിഞ്ഞു. ലാൽ എന്നോടു പറഞ്ഞു, 'ഏയ്... എനിക്ക് കഥയൊന്നും കേൾക്കേണ്ട.. നിങ്ങൾക്ക് ഒക്കെ അറിയാമല്ലോ.. പിന്നെ എന്തിനാ കഥ കേൾക്കുന്നത്? ഞാൻ റെഡി...'

 

 

 


ഞങ്ങൾക്ക് അത് വലിയ പ്രോത്സാഹനമായിരുന്നു. മനസ്സ് തെളിഞ്ഞു. അങ്ങനെ മോഹൻലാലിനെ വെച്ച് സിനിമയെടുക്കാൻ ഞാൻ തിരക്കഥ എഴുതിത്തുടങ്ങി. ഇടയ്ക്കിടെ മമ്മൂട്ടി എന്റെ റൂമിൽ വരും. ഞാൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് മമ്മൂട്ടി സ്‌റ്റൈലിൽ, അങ്ങനെ ശബ്ദക്രമീകരണത്തിൽ മമ്മൂട്ടി നടന്നു പറയാൻ തുടങ്ങി. ഞാൻ അന്തംവിട്ടിരുന്നു. അസ്വസ്ഥനാകുകയും ചെയ്തു. അന്നുതന്നെ ഞാൻ തമ്പിയോട് പറഞ്ഞു, 'തമ്പീ, നമുക്ക് മാറ്റിച്ചിന്തിച്ചാലോ.' 'ഏയ്, ഇനി അവൻ ഫ്രീ ആയിട്ട് അഭിനയിക്കാമെന്നു പറഞ്ഞാലും എന്റെ പടത്തിൽ വേണ്ട,' തമ്പിയുടെ ശബ്ദം ഉറച്ചതായിരുന്നു.
അങ്ങനെ തമ്പി ധീരമായി പലതും പരിത്യജിച്ച് രാജാവിന്റെ മകൻ ചെയ്തു. തമ്പിയുടെ ഫിയറ്റ് കാർ വിറ്റും നാട്ടിലുള്ള റബ്ബർത്തോട്ടം പണയംവെച്ചും വളരെ കഷ്ടപ്പെട്ടാണ് രാജാവിന്റെ മകൻ പൂർത്തിയാക്കുന്നത്.
ഷിബു ചക്രവർത്തിയാണ് പാട്ട് എഴുതിയത്. ജയാനൻ വിൻസന്റ്് ക്യാമറ. പൈസ കുറവായതുകൊണ്ട് ചെറിയ ചെലവിലാണ് ഷൂട്ട് ചെയ്തത്. കുറച്ചുദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും രാജാവിന്റെ മകൻ ഇന്നും ആളുകൾ ഓർമിക്കുന്നത് അമ്പരപ്പിക്കുന്നതും അഭിമാനം തോന്നുന്നതുമായ കാര്യമാണ്. ആഗ്രഹിച്ചതുപോലെ ആ സിനിമ എടുക്കാനുള്ള സാഹചര്യം തമ്പിക്ക് കിട്ടിയില്ല.

placeholder
ഡെന്നീസ് ജോസഫ്‌

സിനിമ നമ്മുടെ കൈയിൽനിന്ന് വിട്ട് ദൈവികമായ ശക്തിയുടെ ഫലമായി മാറുന്നു എന്നു തിരിച്ചറിഞ്ഞ അനുഭവമാണ് രാജാവിന്റെ മകൻ. ആ സിനിമയുടെ ഒപ്പം എന്റെ കസിൻ രാജന്റെ (എന്റെ ആദ്യ സിനിമ ഈറൻസന്ധ്യയുടെ നിർമാതാവ്) ജോഷി സംവിധാനം ചെയ്ത, ഞാൻ എഴുതിയ ആയിരം കണ്ണുകൾ എന്ന സിനിമയും റിലീസായി. മമ്മൂട്ടിയാണ് ഹീറോ. അതൊരു കുറ്റവാളിയായ മാനസികരോഗിയുടെ കഥയാണ്. ത്രില്ലർ ആണ്. സത്യം പറഞ്ഞാൽ, ഈറൻസന്ധ്യയിലൂടെ ഒരു ദുഷ്‌പേര് വന്നതുകൊണ്ട് രാജന്റെ പടം വിജയിപ്പിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.
ഞാൻ എഴുപതു ദിവസം എടുത്താണ് ആയിരം കണ്ണുകളുടെ തിരക്കഥ എഴുതുന്നത്. ചർച്ചയൊക്കെ കഴിഞ്ഞ് രാജാവിന്റെ മകൻ ഞാൻ വെറും അഞ്ചോ ആറോ ദിവസംകൊണ്ട് എഴുതിത്തീർത്തു. രണ്ടിന്റെയും ഷൂട്ടിങ് ഒരുമിച്ചാണ് നടന്നത്. രണ്ടിന്റെയും യൂണിറ്റും ആൾക്കാരുമെല്ലാം എറണാകുളത്ത് കല്പക ടൂറിസ്റ്റ്‌ഹോമിൽ താമസിക്കുന്നു.
രാവിലെ മുറിയിൽനിന്ന് ജോഷിയുടെ സഹായികൾ ആയിരം കണ്ണുകളുടെ തിരക്കഥ വാങ്ങിച്ചു കൊണ്ടുപോകും. തമ്പിയുടെ ആൾക്കാർ വന്ന് രാജാവിന്റെ മകന്റെ തിരക്കഥയും കൊണ്ടുപോകും. പലപ്പോഴും തമ്മിൽ മാറിപ്പോയിട്ടുണ്ട്. രാജാവിന്റെ മകൻ തിരക്കഥ ജോഷിക്ക് കൊടുത്തുവിട്ടിട്ടുണ്ട്.
അന്നത്തെ നിലയ്ക്ക് വളരെ ചെലവു ചെയ്താണ് ആയിരം കണ്ണുകൾ എടുക്കുന്നത്. രാജാവിന്റെ മകൻ ആവട്ടെ വളരെ ചെലവ് ചുരുക്കി ഇല്ലായ്മയുടെ നടുവിൽ എടുക്കുന്നു. പക്ഷേ, സിനിമ റിലീസ് ചെയ്തപ്പോൾ ഗംഭീരമായ ഇടിവെട്ടായി. മോഹൻലാൽ സൂപ്പർസ്റ്റാറായി. രാജാവിന്റെ മകൻ പത്തുമുപ്പതു വർഷം കഴിഞ്ഞിട്ടും ഇന്നും ആളുകൾ ഓർക്കുന്നു. ആയിരം കണ്ണുകൾ എന്നൊരു സിനിമ മലയാളത്തിൽ ഉണ്ടായിരുന്നോ എന്ന് ഇപ്പോളായിരിക്കും ആളുകൾ ആലോചിക്കുന്നത്. സാമ്പത്തികമായി പരാജയപ്പെട്ടുപോയെങ്കിലും ആയിരം കണ്ണുകൾ നന്നായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു. ചാനലിൽ ഇപ്പോൾ കാണുമ്പോൾ ആളുകൾക്ക് അത് മനസ്സിലാകും. പക്ഷേ, എന്തുകൊണ്ടോ അത് ഓടിയില്ല. മോശം സിനിമ ആയതുകൊണ്ടല്ല. അതാണ് ഇതൊന്നും നമ്മുടെ കൈയിലുള്ള കാര്യമല്ല എന്ന് ഞാൻ പറഞ്ഞത്. ഒരു പടം എന്തുകൊണ്ട് ഓടി, ഓടാതെപോയി എന്നതിനെക്കുറിച്ച് എനിക്ക് ഇന്ന് ഒരുവിധം വ്യക്തമായ ചില ധാരണകളുണ്ട്. അന്ന് ഇല്ലായിരുന്നു.
പാട്ട് എനിക്കിഷ്ടമാണ്. പാടാൻ അറിയില്ലെങ്കിലും പാട്ടിന്റെ കമ്പോസിങ്ങിന് സംഗീതസംവിധായകന്റെ കൂടെ ഇരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ശ്യാമയുടെ പശ്ചാത്തലസംഗീതം ചെയ്തത് ശ്യാം സാറാണ്. ശ്യാം സാർ അന്ന് ഒരേ ദിവസം നാലും അഞ്ചും സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. ഒരു ദിവസം ശ്യാംസാറിനു പകരം അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് വന്നത്. അന്ന്, സഹസംവിധായകൻ ആകാനുള്ള മോഹംകൊണ്ട് ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന അന്നുമുതൽ ഫൈനൽ കോപ്പി ലാബിൽനിന്ന് ഇറങ്ങുന്നതുവരെ മുഴുവൻ സമയം ഞാൻ ജോഷിയുടെ കൂടെയുണ്ട്. ശ്യാംസാർ സഹായിയെ വിടും എന്നു പറഞ്ഞപ്പോൾ, ഞാൻ ജോഷിയോട് ഇത് ശരിയാകുമോ എന്നു ചോദിച്ചു. ജോഷി പറഞ്ഞു, 'അവൻ മിടുക്കനാണ്, ഗംഭീരമായി ചെയ്യും.' ശ്യാമയുടെ ക്ലൈമാക്‌സൊക്കെ ഈ അസിസ്റ്റന്റാണ് ചെയ്തത്. അദ്ദേഹം ഭംഗിയായി തന്റെ ജോലി നിർവഹിച്ചു. ഞാൻ പതുക്കെ ആളെ പരിചയപ്പെട്ടു. നിങ്ങൾ സ്വന്തമായി സിനിമ ചെയ്തിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി, 'ഇല്ല, ഞാൻ ചെയ്താൽ സക്‌സസ് ആകുമോ എന്ന് എനിക്കറിയില്ല. എനിക്കതിൽ താത്പര്യവുമില്ല. സഹസംഗീതസംവിധായകൻ എന്ന നിലയിലായിട്ടുതന്നെ ഞാൻ വളരെ തിരക്കുള്ള ആളാണ്. സംഗീതസംവിധാനത്തിനു പോയാൽ ചിലപ്പോൾ അതും ഇതും ഇല്ലാതെപോകും.'
എനിക്ക് അയാളെ നന്നേ ഇഷ്ടമായി. അങ്ങനെ രാജാവിന്റെ മകന്റെ ചർച്ച വന്നപ്പോൾ ഞാൻ ആളുടെ കാര്യം തമ്പിയോട് പറഞ്ഞു. തമ്പിയുടെ വളരെ അടുത്ത ആളാണ് ജോൺസൺ. ജോൺസൺ അല്ലാതെ വേറെ ഒരാളെ നോക്കാം എന്ന് തമ്പിക്കും ഒരു ആലോചന ഉണ്ടായിരുന്നു. ഞാൻ തമ്പിയോട് പറഞ്ഞു, 'ഞാൻ ആളെ പരിചയപ്പെട്ടപ്പോൾ അയാൾക്ക് ഒരു പടം ഓഫർ ചെയ്തിട്ടുണ്ട്.' തമ്പി ചോദിച്ചു, 'ആരാ, അവനോ?'
ഞാനീ പറഞ്ഞ ആൾ വളരെ നല്ല പണിക്കാരനാണെങ്കിലും സിനിമയിൽ അറിയപ്പെടുന്നത് മദ്യപാനി ആയിട്ടാണ്. അതുകൊണ്ട് അയാൾക്ക് പടം കൊടുക്കാൻ മടി തോന്നി. എന്റെ നിർബന്ധംകൊണ്ട് തമ്പി അയാളെ പരീക്ഷിക്കാൻ തീരുമാനിച്ചു. അയാൾ ഒരു ദിവസം എന്റെയും തമ്പിയുടെയുമൊക്കെ മുൻപിൽ വന്നു പറഞ്ഞു, 'ഇനി ഒരിക്കലും മദ്യപിക്കില്ല.' അത് സത്യമായിരുന്നു. അയാൾ മദ്യപാനം നിർത്തി രാജാവിന്റെ മകനിലൂടെ സംഗീതസംവിധായകനായി. ശ്യാം സാറിനുശേഷം മലയാളത്തിലെ ഏറ്റവും വലിയ സംഗീതസംവിധായകനായി കുതിച്ചുകയറി- എസ്.പി. വെങ്കിടേഷ്!
വെങ്കിടേഷിന്റെ ആദ്യസിനിമയായിരുന്നു രാജാവിന്റെ മകൻ. വെങ്കിടേഷ് അന്നും ഇന്നും എന്റെ അടുത്ത സുഹൃത്താണ്. ഇന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിക്കും. ഇപ്പോൾ അധികം മലയാളസിനിമ ചെയ്യുന്നില്ലെങ്കിലും വെങ്കിടേഷിന് ബംഗാളിയിൽ വലിയ തിരക്കാണ്. വെങ്കിടേഷിന്റെ മക്കളും സിനിമാ മ്യൂസിക് പ്രോഗ്രാമിങ് ചെയ്യുന്ന കലാകാരന്മാരാണ്. ശ്യാമിനെ ഒരുകാലത്ത് സിനിമയിൽ ഓർക്കസ്ട്ര വായിക്കാൻ കൊണ്ടുവന്നത് വെങ്കിടേഷിന്റെ പിതാവ് പഴനി മാസ്റ്റർ എന്ന പഴയ, വലിയ സംഗീതജ്ഞനാണ്.
ശ്യാം സാർ വളരെ വിദ്യാസമ്പന്നനാണ്. മദിരാശി ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ശ്യാംജി എൽ.എൽ.ബിക്കാരനാണ്. അതുപോലെ സലിൽ ചൗധരി പഴയ മാത്തമാറ്റിക്‌സ് എം.എക്കാരനാണ്. അന്ന് എം.എ. മാത്തമാറ്റിക്‌സ് ഉണ്ടായിരുന്നു.
ശ്യാമ പിന്നീട് തമിഴിൽ എടുത്തപ്പോൾ, നിറക്കൂട്ട് തമിഴിലും കന്നടയിലും എടുത്ത ആർ. രങ്കരാജൻ തന്നെയാണ് സംവിധാനം ചെയ്തത്. അത് അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ആയിരുന്നു. അതിൽ മമ്മൂട്ടിയുടെ റോൾ ശിവകുമാറായിരുന്നു. ഇന്നത്തെ നടൻ സൂര്യയുടെ പിതാവ്. നദിയാമൊയ്തുവിന്റെ റോൾ അവർതന്നെ. തെലുങ്കിൽ ശ്യാമ നിർമിച്ചത് ശങ്കരാഭരണം സിനിമ എടുത്ത നാഗേശ്വര റാവുവിന്റെ കമ്പനിയായിരുന്നു.
രാജാവിന്റെ മകനും സൂപ്പർ ഹിറ്റ് ആയതോടുകൂടി എന്റെ പേരിൽ മൂന്നു വലിയ സിനിമകളുടെ വൻവിജയം കൈവന്നു. നിറക്കൂട്ടും ശ്യാമയും ജോഷി മുൻപു ചെയ്ത സിനിമകളോട് സാമ്യമുള്ളതല്ല. തമ്പിയുടെ കാര്യവും അങ്ങനെതന്നെ. തമ്പി രണ്ടുമൂന്ന് സിനിമകളിൽ വീണിട്ടാണ് രാജാവിന്റെ മകനിൽ ഉയിർത്തെഴുന്നേല്ക്കുന്നത്. എനിക്ക് അതൊരു വലിയ അംഗീകാരമായി.
1986-ൽ ആണെന്നു തോന്നുന്നു, ഞാൻ 13 സിനിമകൾക്ക് തിരക്കഥ എഴുതി. അതിൽ ഒൻപതെണ്ണം റിലീസായി. ജോഷിയും ഞാനും ചേർന്നുള്ള കുറെ സിനിമകൾ ഒഴിവാക്കേണ്ടിയുംവന്നു.
ജൂബിലി ജോയിയുടെ സ്ഥിരം സംവിധായകൻ ജോഷിയാണെങ്കിലും വല്ലപ്പോഴും ഒരു പടം ഭരതൻ ചെയ്യും. അങ്ങനെ ഭരതന്റെ സിനിമയ്ക്കും എഴുതാൻ ജോയി എന്നെ നിർദേശിച്ചു. ഞാൻ ഭരതേട്ടനോട് വലിയ ആരാധനയുള്ള ആളാണ്. ജോഷിയുടെ പടവും തമ്പിയുടെ പടവും വിജയിച്ചു. പക്ഷേ, ഭരതന്റെ പടം എഴുതാൻ പോകുന്നതിന് ഒരു ധൈര്യക്കുറവു തോന്നി. പക്ഷേ, അതിനു മുൻപ് ജോർജ് സാറിന്റെ ഓഫറാണ് വന്നത്. ജോർജ് സാറിനുവേണ്ടി ഏതു സ്വഭാവത്തിലുള്ള കഥ ഒരുക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. പണ്ട് അച്ഛന്റെ അനുജൻ ഫ്രാൻസിസ് അങ്കിളിന്റെ മക്കൾ അവധിക്ക് ഡൽഹിയിൽനിന്നു വരുമ്പോൾ ധാരാളം പുസ്തകങ്ങൾ കൊണ്ടുവരുമായിരുന്നു. നല്ല വായനയുള്ളവരായിരുന്നു അവർ. എന്നെക്കാൾ പ്രായം കുറഞ്ഞവർ. കുട്ടികളുടെ ത്രില്ലർ ആയ, Enid Blyton കഥകൾ, അതായത് Adventures of 5, Adventure of 7 കഥകൾ. അതായത്, അവധിക്കാലത്ത് നാലോ അഞ്ചോ ബന്ധുക്കളായ കൂട്ടുകാർ ഒത്തുചേരുന്നു. അവരുടെ ഓരോ ദിവസത്തെയും യാത്രകളിൽ അവർക്കു സംഭവിക്കുന്ന ഓരോരോ സാഹസിക അനുഭവങ്ങൾ, ഇതിനിടയ്ക്കുള്ള സംഭവങ്ങൾ. അത് രസകരമായ കഥകളാണ്.
എന്റെ കസിൻസ് അവധി കഴിഞ്ഞ് ഡൽഹിക്ക് തിരിച്ചുപോകുമ്പോൾ പുസ്തകങ്ങൾ വീട്ടിൽ ഉപേക്ഷിച്ചുപോകും. അത് വായിച്ചിട്ടുള്ള ഒരു ഓർമ എന്നിലുണ്ടായിരുന്നു. ഞാൻ ജോർജ് സാറിനോട് പറഞ്ഞു, 'സർ, Enid Blyton മാതൃകയിൽ കുട്ടികളുടെ ഒരു സിനിമ എടുത്താലോ?' നല്ല വായനക്കാരനായ ജോർജ് സാറിന് അതിനോടു താത്പര്യമായി.
Enid Blyton മാതൃകയിൽ നാലഞ്ചു കുട്ടികൾ ചെയ്യുന്ന റിയലിസത്തിൽനിന്ന് അല്പം ഉയർന്നുനില്ക്കുന്ന ഒരു ത്രില്ലർ! ഞാനും ജോർജ് സാറുംകൂടി ആലോചിച്ച് ഒരു കഥയുണ്ടാക്കി. അതാണ് മനു അങ്കിൾ!