മലയാളസിനിമയിലെ സ്ത്രീസാന്നിദ്ധ്യചരിത്രത്തെ വീണ്ടെടുക്കുകയും പുനർവ്വായിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പുസ്തകമാണ് അനു പാപ്പച്ചന്റെ പെൺതിര. ആദ്യകാല നടി റോജരമണിയെക്കുറിച്ചെഴുതിയത് വായിക്കാം.
1972 ലെ ജൂലൈ മാസത്തിൽ മലയാളതിരശീലയിലെ വമ്പൻ അഭിനേതാക്കൾക്കിടയിൽ ഒരു പതിമൂന്നുകാരി, അവളുടെ പ്രായത്തിൻ്റെ കുതൂഹലങ്ങൾ , ജീവിതാകാംക്ഷകൾ
ജീവസ്സോടെ പകർന്നാടി തരംഗം സൃഷ്ടിക്കുകയുണ്ടായി.
ചിത്രം : ചെമ്പരത്തി, സംവിധാനം: പി.എൻ മേനോൻ.
കഥാപാത്രത്തിൽ നിന്ന് അഭിനേത്രിയുടെ വ്യക്തിത്വം ഒട്ടുമേ വേർതിരിച്ചെടുക്കാൻ പറ്റാത്ത തന്മയത്വമായിരുന്നു ആ പ്രകടനത്തിൻ്റെ പ്രത്യേകത.
മലയാളി മണ്ണിലെ നിതാന്ത സാന്നിധ്യമാകുന്ന ചെമ്പരത്തിപ്പൂവിനോടാണ് സംവിധായകൻ ആ പെൺകൊടിയുടെ സ്വരൂപത്തെ ചേർത്തുവെച്ചത്.
അകൃത്രിമവും അതിസാധാരണവുമായ നാട്ടു പെണ്ണിൻ്റെ പെരുമാറ്റരീതികൾ സൂക്ഷ്മമായി ആ ശരീരമുൾക്കൊള്ളുകയായിരുന്നു.
കാണിയുടെ മനസ്സിൽ ആഴത്തിൽ വേരോടിയ നീറുന്ന ഓർമ്മയാണ് ഇന്നും ആ ചെമ്പരത്തിപ്പെണ്ണ്. അരനൂറ്റാണ്ടിലേക്കെത്തുന്ന ആ വിസ്മയ പ്രകടനം നടത്തിയ അഭിനേത്രിയുടെ യഥാർത്ഥ പേർ ഇന്നും ഒട്ടൊരു അപരിചിതത്തോടെയെ നമുക്കോർക്കാനാകൂ!
'ശോഭന 'യെന്ന തിരനാമം 'ചെമ്പരത്തി ശോഭന'യെന്ന് തിരുത്തി വായിച്ച കാണികൾ, റോജരമണിയെന്ന ശരിക്കുമുള്ള പേർ കണക്കിലെടുത്തേയില്ല!
അഭിനേത്രിയുടെ അസാധാരണ പ്രകടനം പകർന്ന രസാനുഭൂതി അവർക്കത്രമേൽ ഹൃദയനിർഭരമായിരുന്നു.
ഇളമനസ്സിൻ്റെ തിരസ്വരൂപം മലയാള തിരശീലയിൽ
ജൈവിക സ്വാഭാവികതയിൽ അവതരിപ്പിക്കുന്നതിൽ റോജാരമണി കൈവരിച്ച വിജയം അവിസ്മരണീയമാണ്.
ബാല്യത്തിനും യൗവ്വനത്തിനുമിടയിൽ പെൺമനസ്സ് അനുഭവിക്കുന്ന സംത്രാസങ്ങളെ അതിശക്തമായും അനുഭവ തീഷ്ണതയോടെയും റോജ രമണി തിരശ്ശീലയിലേക്ക് കൊണ്ടുവന്നു.
ആ പ്രായത്തിൻ്റെ നിഷ്കളങ്കതയും ഹൃദയസുതാര്യതയും ലോക പരിചയക്കുറവും ചെന്നുപെടുന്ന പ്രലോഭനങ്ങൾ, വാഗ്ദാനങ്ങൾ, പ്രണയങ്ങൾ, ചതികൾ ,ചൂഷണങ്ങൾ, അരക്ഷിതാവസ്ഥകൾ
പിന്നിടും ഒരു പിടി ചിത്രങ്ങൾക്ക് മലയാളത്തിൽ വിഷയമായി. തീർത്ഥയാത്ര (1972), നീലത്താമര (1979), ലജ്ജാവതി (1979), ഇളക്കങ്ങൾ (1982), നഖക്ഷതങ്ങൾ ( 1986), രുഗ്മിണി (1988), സൂത്രധാരൻ (2001), നന്ദനം (2002) , പാഠം ഒന്ന് ഒരു വിലാപം(2003) ,മഞ്ഞു പോലൊരു പെൺകുട്ടി (2004), വെറുതെ ഒരു ഭാര്യ (2008) അങ്ങനെ അഭിനേത്രികളുടെ മികച്ച പ്രകടനങ്ങൾക്കും പുരസ്കാരങ്ങൾക്കും വഴിയൊരുക്കിയ ഈ സിനിമകൾ ,വാണിജ്യ സിനിമയിൽ ഒരു ധാര തന്നെ സൃഷ്ടിക്കുന്നത് കാണാം.
ഇത്തരം ഗൗരവ സമീപനങ്ങളുള്ള സിനിമകൾ കൂടാതെ അപക്വമോഹങ്ങളും 'പൊട്ടിത്തെറിക്കുന്ന 'പ്രായത്തിൻ്റെ എടുത്തുചാട്ടങ്ങളും രതി താല്‌പര്യങ്ങളെയും ഉൾപെടുത്തി നിർമിക്കപ്പെടുന്ന ഇക്കിളി പടങ്ങളും മറ്റൊരു സമാന്തരമായി വളർന്നു.
മികച്ച നടിക്കും ബാലതാരത്തിനുമുളള അവാർഡുകൾ കൂടിക്കുഴഞ്ഞാണ് ഇവരിൽ പലർക്കും ലഭിച്ചത് എന്നതും
ആ പ്രായം സൃഷ്ടിക്കുന്ന സന്ദിഗ്ദ്ധതകൾ വ്യക്തമാകുന്നുണ്ട്.
പ്രായത്തേക്കാൾ പക്വതകാട്ടിയ അഭിനേത്രി കൂടിയാണ് റോജ രമണി. കേവല ശൈശവ നിഷ്കളങ്കതയോ, കൗമാരകുസൃതികളോ അല്ലാതെ, സങ്കീർണ ഭാവാന്തരങ്ങൾ ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ ഈ അഭിനേത്രിയെ വിശ്വസിച്ചേല്പിക്കാൻ സംവിധായകർ തയ്യാറായത് അതുകൊണ്ടാണ്. തനിക്ക് ലഭ്യമായ കഥാപാത്ര വ്യക്തിത്വത്തിലേക്ക്, അത് ഏത് ഭാഷയിലാകട്ടെ പൂർണമായും ഇഴുകിച്ചേരുവാനുള്ള അപൂർവ്വമായ സിദ്ധിയുള്ള അഭിനേത്രി കൂടിയാണ് റോജാരമണി.
നടനം ദേഹാതീതവൃത്തിയാവുകയും അതിൻ്റ മോഹനിദ്രാ സ്വഭാവത്തിലൂടെ(trance) അഭിനേത്രി കടന്നു പോവുകയും ചെയ്യുന്നത്, കഥാപാത്രാവിഷ്കാരത്തെ ആധികാരികവും വൈകാരിക പൂർണതയുള്ളതുമാക്കുന്ന
അസുലഭ സന്ദർഭങ്ങൾ റോജാരമണിയുടെ പ്രകടനങ്ങളിൽ പരക്കെ ദർശിക്കാം. സിനിമയുടെ പിന്നിലെ സാങ്കേതിക നൂലാമാലകൾ, നിർമാണത്തിലെ നൈരന്തര്യമില്ലായ്മ ,നീളുന്ന ചിത്രീകരണ കാലയളവ് തുടങ്ങിയവയെല്ലാം അതിജീവിക്കുന്ന
ഏകാഗ്രതയും സ്ഥൈര്യവും ഈ അഭിനേത്രിയിൽ പ്രത്യക്ഷമായി.
കൗമാരക്കാരിയായ പെൺകുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണണങ്ങളെ , ഇരവല്ക്കരണത്തെ
അതിശക്തമായി മലയാളത്തിരയിൽ അവതരിപ്പിച്ച അഭിനേത്രിയാണ് റോജാര രമണി. ബാലചാപല്യങ്ങൾ വിട്ടുമാറാത്ത , ജീവിതം എന്തെന്നറിഞ്ഞുകൂടാത്ത പെൺകുട്ടിയെപ്പോലും പിച്ചിചീന്തുന്ന ആൺലോകത്തിൻ്റെ നിഷ്ഠൂരതകൾ സിനിമയ്ക്ക് വിഷയമാകാൻ 1970 കളുടെ ആദ്യപകുതിയിൽ തന്നെ സിനിമ തയ്യാറായതിന് പിന്നിൽ റോജാരമണിയുടെ നിരങ്കുശ സ്വരൂപത്തിന് വലിയ റോളുണ്ട്.
കുട്ടിക്കഥപോലെ അത്ഭുതവും സ്തോഭകരവുമായ ചില സംഭവങ്ങൾ റോജ രമണിയുടെ സിനിമാ പ്രവേശനത്തിന് പിന്നിലുണ്ട്.
സിനിമ റോജാരമണിയെ തിരഞ്ഞെടുത്തതാണോ, റോജാരമണി സിനിമയെ തിരഞ്ഞെടുത്തതാണോ എന്ന് തിരിയാത്തവിധമാണ് ജീവിത നിയോഗത്തിൻ്റെ തിരക്കഥ!
ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിലാണ് ജനിച്ചതെങ്കിലും മദിരാശിയിലാണ് റോജ രമണി വളർന്നത്. ചലച്ചിത്രപത്ര പ്രവർത്തകനായിരുന്ന അഛൻ 'സിനിമാരംഗം' എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി ജോലി ചെയ്യുന്ന കാലമായിരുന്നു അത്. പൊതുവേ കണിശക്കാരനായിരുന്നു അഛനെങ്കിലും അമ്മ രാഷ്ട്രീയ നേതാക്കളോടും സിനിമാതാരങ്ങളോടും ബഹുമാനവും ഇഷ്ടവും
സൂക്ഷിച്ച വ്യക്തിയായിരുന്നു.1959ൽ റോജാരമണി ജനിച്ചപ്പോൾ, പേരിനൊപ്പം 'റോജാ' എന്ന് ചേർക്കാൻ ആ അമ്മയ്ക്ക് പ്രേരണയായത് ജവഹർലാൽ നെഹ്റുവിൻ്റെ നെഞ്ചത്ത് വിളങ്ങി നിന്ന റോസാപ്പൂവിൻ്റെ ഓർമയാണ്.ചെറുപ്പം മുതലെ ഊർജസ്വലയായ കുട്ടിയായിരുന്നു റോജ. മെലിഞ്ഞ ശരീരവും തവിട്ടു നിറവുമുള്ള കുട്ടി.
മുഖം വെളുക്കെ 'കുട്ടിക്കുറ' പൂശി നടക്കുന്ന സ്വഭാവമുണ്ടായിരുന്നതിനാൽ 'കുട്ടി' എന്നൊരു ഇരട്ടപ്പേരും കുഞ്ഞിന് കിട്ടി. വീട്ടിലെ വിശിഷ്ട വസ്തുവായ മർഫി റേഡിയോവിൽ നിന്ന് കേൾക്കുന്ന പാട്ടുകളായിരുന്നു അക്കാലത്തെ ഹരം. പാട്ടുകേൾക്കാനല്ലാതെ അതിൽ 'കൈ വെക്കാൻ ' അച്ഛൻ മകളെ സമ്മതിച്ചിരുന്നില്ല.
കുട്ടിക്കാലത്തൊരു ദിനം അയൽക്കൂട്ടുകാരുമായി കളിച്ചു കൊണ്ടിരുന്ന റോജാരമണിക്കരികെ ആകാശനീലക്കളറിൽ ഒരു വാൻ വന്നു നിന്നു. എല്ലാവരും അതിൽക്കയറിയിരുന്നപ്പോൾ അഞ്ചുവയസുകാരിയായ റോജയും അതിലുൾപ്പെട്ടു. പക്ഷെ കയ്യിൽ കരുതിയ ഒരു ലിസ്റ്റിൽ, ആ കുഞ്ഞിൻ്റെ പേരില്ല എന്നു പറഞ്ഞ് ഡ്രൈവർ അവളെ വണ്ടിയിൽ നിന്നിറക്കി വിട്ടു. കുഞ്ഞു മനസ് വല്ലാതെ നീറി.എ.വി.എം സ്റ്റുഡിയോ ഒരുക്കുന്ന ബഹ്മാണ്ഡ സിനിമ 'ഭക്ത പ്രഹ്ളാദ'യിലേക്കുള്ള ഓഡിഷനായി കുട്ടികളെ കൊണ്ടു പോകാനായി വന്ന വണ്ടിയായിരുന്നു അത്.
അക്കാര്യം കൂടി അറിഞ്ഞതോടെ രോജയുടെ സങ്കടം ഇരട്ടിയായി.
അവൾക്കും ഓഡിഷന് പോകണം എന്ന് വാശി പിടിച്ച് കരയാൻ തുടങ്ങി. അത് ശൈശവസഹജമായ ദുർവാശിയായി അഛന് തോന്നിയെങ്കിലും മകളെ സമാധാനിപ്പിക്കാൻ ഒരു ഉപായം കണ്ടെത്തി.
അമ്മയെ കൂടി ഭാഗവാക്കാക്കി കുഞ്ഞുറോജയുടെ അഭിനയ പരിശോധന നടത്തുക എന്നതായിരുന്നു അത്. കരഞ്ഞഭിനയിച്ചുകൊണ്ട് ചില സംഭാഷണങ്ങൾ അമ്മയോട്
പറയാനായിരുന്നു നിർദ്ദേശം. റോജ ഒട്ടും കൂസലില്ലാതെ ആത്മാർത്ഥമായി അതങ്ങ് അഭിനയിച്ചു! പക്ഷെ അഛൻ കനിഞ്ഞില്ല.അഭിനയം ശരിയായില്ല എന്നൊക്കെ പറഞ്ഞ് അവളുടെ ആഗ്രഹത്തെ മാറ്റി നിർത്തിയതോടെ കുഞ്ഞു മനസ്സിൽ ഭാരമേറി. പിന്നീട് ഒരു കുടുംബ സുഹൃത്താണ് ഭാര്യയെയും കുഞ്ഞുങ്ങളെയും കൂട്ടി ഒന്ന് എ.വി.എം സ്റ്റുഡിയോ ഒക്കെ ചുറ്റിക്കാണിച്ചാൽ എന്താ എന്ന ചോദ്യം അദ്ദേഹത്തോട് ഉന്നയിച്ചത്.
നാഗേശ്വരറാവുവിൻ്റേയും ശിവാജിയുടേയും എം.ജി.ആറിൻ്റേയും ഒക്കെ ആരാധികയായ അമ്മയും സന്തോഷത്തോടെ അതിനെ അനുകൂലിക്കുകയായിരുന്നു.
ഇതേ സമയം,'ഭക്തപ്രഹ്ളാദ' എന്ന വൻ ബഡ്ജറ്റ് സിനിമയ്ക്കായി കൂറ്റൻ സെറ്റുകളും മുൻനിര താരങ്ങളുടെ കാൾഷീറ്റുകളും ലഭ്യമായിട്ടും പ്രഹ്ലാദനായി അഭിനയിക്കാൻ ഒരു ബാലതാരത്തെ കിട്ടാത്ത നിരാശയിലായിരുന്നു എ.വി. മെയ്യപ്പചെട്ടിയാരും സംഘവും.
ഓഡിഷനുകൾ പലതു നടത്തി. ഒന്നും ശരിയായില്ല. സ്റ്റുഡിയോ കാണാനെത്തിയ ഉത്സാഹിയായ പെൺകുട്ടിയിൽ അണിയറ പ്രവർത്തകരുടെ ശ്രദ്ധ പതിഞ്ഞത് യാദൃശ്ചികമായാണ്. ചോദ്യങ്ങൾക്ക് ചുറുചുറുക്കോടെ ഉത്തരം പറയുന്ന അഞ്ചുവയസുകാരിയെ അവർ നോട്ടമിട്ടു.
സ്റ്റുഡിയോയുടെ അകത്തെ ചിത്രീകരണവും ഇഷ്ടതാരങ്ങളെയും കണ്ടതോടെ കുഞ്ഞിനെ അതുവരെ അലട്ടിയ വിഷമവും ആധിയുമൊക്കെ പമ്പ കടന്നു.
പക്ഷെ പിറ്റേന്ന് റോജ രമണിയെത്തേടി ഏവി എം ൽ നിന്ന് കാറെത്തി!
കുഞ്ഞിൻ്റെ കുറച്ചു സ്റ്റിൽസ് എടുക്കുകയായിരുന്നു ഉദ്ദേശ്യം. പെൺകുട്ടിയുടെ ഫോട്ടോഗ്രാഫുകൾ കണ്ട മെയ്യപ്പചെട്ടിയാർ അണിയറക്കാരെ ശകാരിക്കുകയായിരുന്നു. ആൺവേഷത്തിലേക്ക് ഒരു പെൺകുട്ടിയെ തീരുമാനിക്കാനുതകുന്ന രീതിയിലല്ല ആ നിശ്ചല ചിത്രങ്ങൾ എന്ന് അദ്ദേഹത്തിന് തോന്നി.
അടുത്ത ദിവസങ്ങളിൽ വീണ്ടും റോജയെത്തേടി സ്റ്റുഡിയോവിൽ നിന്ന് വിളി വന്നു.പക്ഷെ നീണ്ട മുടി മുറിച്ചു കൊണ്ട്, ബോയ് കട്ടിൽ ഫോട്ടോയെടുക്കാനാണ് എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് വിഷമമായി.അവർ എതിർപ്പറിയിക്കുകയും ചെയ്തു. 'മുടി പിന്നെയും വളരും പക്ഷെ ഭക്ത പ്രഹ്ളാദ എപ്പോഴും ചെയ്യാനവസരമുണ്ടാകില്ല' എന്ന ഉപദേശത്തിന് അമ്മയും വഴങ്ങുകയായിരുന്നു. മുടി നീളം കുറച്ച്, ബാബാ സ്യൂട്ടിട്ട് എടുത്ത ഫോട്ടോകൾ മെയ്യപ്പചെട്ടിയാർക്ക് ഇഷ്ടമായി. വിഗും
മറ്റു പ്രത്യേക ആടയാഭരണങ്ങളും ധരിപ്പിച്ച് വീണ്ടും വിശദമായ സ്ക്രീൻ ടെസ്റ്റ് നടത്തി.
ഒരു പാട്ടു പാടാൻ പറഞ്ഞപ്പോൾ റേഡിയോവിൽ കേട്ട് ആ കുഞ്ഞു മനസ്സിൽ പതിഞ്ഞ 'മൂക മനസുലു'വിലെ ഹിറ്റു ഗാനം 'ഗോദാരി ഗട്ടുന്ദി' ഭംഗിയായി പാടിക്കൊടുത്തു. സംവിധായകൻ ചിത്രപു നാരായണ റാവുവിന് റോജയുടെ അഭിനയ പ്രകടനത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും വലിയ സെറ്റും ബഹളവും പ്രശസ്ത താരങ്ങളും വന്യമൃഗങ്ങളുമൊക്കെ വരുന്ന സന്ദർഭത്തിൽ കുഞ്ഞ് എങ്ങനെ പെരുമാറും എന്ന ആശങ്ക ബാക്കിയായി.
അതു കൂടി പരീക്ഷിച്ചിട്ടുമതി അന്തിമ തീരുമാനമെടുക്കാൻ എന്ന് നിശ്ചയിച്ച് ഒരു ദിവസം കൂടി റോജയെ സ്റ്റുഡിയോവിലേക്ക് വിളിപ്പിക്കുകയായിരുന്നു.
പ്രഹ്ളാദൻ്റെ വേഷത്തിൽ ഒരുക്കി, ഒരു പദ്യ ശകലം പഠിപ്പിച്ച് തയ്യാറാക്കിയ ശേഷം കുഞ്ഞിന് മുന്നിൽ വെച്ച് ഒരു പെട്ടി തുറന്നപ്പോൾ പാമ്പ് ഫണമുയർത്തുന്നത് കണ്ട അമ്മ ഭയന്ന് വല്ലാതായി.പക്ഷെ ഒരു ആകുലതയും കൂടാതെ ആ അഞ്ചുവയസുകാരി ശിശുസഹജമായ നിർഭയത്വത്തോടെ പാമ്പിനെ കഴുത്തിൽ ചുറ്റി, ഒരു പകപ്പുമില്ലാതെ
പഠിപ്പിച്ച പാട്ട് വൃത്തിയായി ചൊല്ലി കൊടുത്തു!
ദീർഘകാലമായി അനിശ്ചിതാവസ്ഥയിലായ ആ സിനിമ സംഭവിക്കാൻ റോജാമണിയെ കാലം തിരഞ്ഞെടുക്കുകയായിരുന്നു.
മെയ്യപ്പചെട്ടിയാരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ എന്ത് സമ്മാനമാണ് കുഞ്ഞിന് വേണ്ടത് എന്ന ചോദ്യത്തിന് 'മർഫി റേഡിയോ' എന്ന് ഉത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല റോജ രമണിക്ക്. അരമണിക്കൂറിനുള്ളിൽ ആദ്യ പ്രതിഫലം റേഡിയോയും ഒരു മുച്ചക്ര സൈക്കിളും ആ കുഞ്ഞിനെ തേടിയെത്തി.
റോജാരമണി എന്ന അഭിനേത്രിയുടെ ഗുരുകുലമായി അക്ഷരാർത്ഥത്തിൽ എ.വി.എം സ്റ്റുഡിയോ.
റംഗൂൺ രാമരാജ് എന്ന അധ്യാപകൻ ഗുരുവായി. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകൾ പഠിപ്പിച്ചു.ഒരു മാസത്തോളം പരിശീലനത്തിലേർപ്പെട്ടു.
പദ്യങ്ങൾ, സംസ്കൃത ഗ്ലോകങ്ങൾ, ഗാനങ്ങൾ, സംഭാഷണങ്ങൾ എന്നിങ്ങനെ 'ഭക്തപ്രഹ്ളാദ 'യിൽ ഒരു ബാലതാരത്തിൻ്റെ സർവ്വശേഷിയും പരീക്ഷിക്കുന്ന സന്ദർഭങ്ങൾ ധാരാളമുണ്ടായിരുന്നു. ഒന്നര വർഷത്തോളം എടുത്താണ് ചിത്രീകരണം പൂർത്തിയായത്.അക്കാലമത്രയും ഈ കുഞ്ഞ് തികഞ്ഞ സമർപ്പണത്തോടെ സിനിമയുടെ ഭാഗമായി നിന്നു എന്നതും ഇന്നോർക്കുമ്പോൾ അത്ഭുതം.
കൂറ്റൻ സെറ്റുകൾ, കണ്ണഞ്ചുന്ന വെളിച്ചങ്ങൾ,ചൂട്, പൊടി, ചമയത്തിൻ്റെയും ഉടയാടകളുടേയും അസൗകര്യങ്ങൾ എല്ലാം സഹിച്ച് റോജാ രമണി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിനിമയാണ് 'ഭക്തപ്രഹ്ളാദ'.
ഈ അത്യധ്വാനം തന്നെ ബാധിക്കാത്ത രീതിയിൽ പ്രഹ്ളാദയുടെ സ്ഥിരചിത്തത ,നിർഭയത്വം കുഞ്ഞു അഭിനേത്രിയിൽ അവർ പോലുമറിയാതെ വേരുറപ്പിക്കുകയായിരുന്നു എന്ന് അവർ പില്ക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ പ്രഹ്ളാദയുടെ ചിത്രീകരണം നടന്നു.
എസ്.വി.രംഗറാവു, അഞ്ജലി ദേവി, ബാലമുരളികൃഷ്ണ തുടങ്ങിയ പ്രഗത്ഭ രേക്കാൾ റോജാ രമണിയുടെ പ്രഹ്ളാദൻ ജനങ്ങളേറ്റെടുത്തു.1967 ൽ പുറത്തിറങ്ങിയ 'ഭക്തപ്രഹ്ളാദ', തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ സൂപ്പർ ഹിറ്റായി.
പുണ്യപുരാണ സിനിമകളിൽ ഒരു ബാലതാരത്തിൻ്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഭക്തപ്രഹ്ളാദയിലെ റോജാരമണിയുടെതെന്ന് ഇന്നും വിലയിരുത്തപ്പെടുന്നു. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിനും റോജ അർഹയായി.
കൊച്ചു കുഞ്ഞിൻ്റെ നാക്കിന് വഴങ്ങാത്ത സംസ്കൃത ശ്ലോകങ്ങളും പദ്യങ്ങളും പഠിച്ച് കിറുകൃത്യമായി അവതരിപ്പിക്കാൻ ഈ മിടുക്കിക്ക് കഴിഞ്ഞു. വിഷ്ണു വൈരിയായ ഹിരണ്യകശുപും (എസ്.വി.രംഗറാവു ) വിഷ്ണുഭക്തനായ പ്രഹ്ളാദനും (റോജാരമണി ) തമ്മിലുള്ള സംഘർവും അതിനിടയിൽ അമ്മ ലീലാവതി (അഞ്ജലി ദേവി ) അനുഭവിക്കുന്ന വേദനയും സിനിമയുടെ വൈകാരികതലത്തെ സമ്പന്നമാക്കിയമ്പോൾ, ഛായാഗ്രാഹകൻ എ വിൻസെൻ്റിൻ്റെ നേതൃത്വത്തിലുള്ള സംഘമൊരുക്കിയ ദൃശ്യപൊലിമയും ഭക്ത പ്രഹ്ളാദയുടെ വിജയഘടകമായി.
അഛൻ മകന് വിധിക്കുന്ന ദണ്ഡനമുറകൾ കാണിയെ നടുക്കും വിധം തന്നെ സിനിമയിൽ അവതരിപ്പിക്കപ്പെട്ടു. ആനയെ കൊണ്ട് ചവിട്ടിക്കൊല്ലാനും, കൊക്കയിലെറിയാനും, തല വെട്ടാനും
വിഷ സർപ്പങ്ങൾക്കിടയിലേക്ക് തള്ളിവിടാനും, അഗ്നിക്കും സമുദ്രത്തിനും വിഴുങ്ങാനും കാളകൂടം പാനം ചെയ്യാനും അവസരമുണ്ടാക്കിയ പിതാവിന് നേരെ ഹരി നാരായണ മന്ത്രവുമായി ചിരിതൂകി നില്ക്കുന്ന പ്രഹ്ളാദൻ്റെ മുഖഭാവ പ്രസന്നത കുട്ടിത്തത്തേക്കാൾ ഭക്തി നിർവൃതിയുടെ ദർശനാനുഭൂതിയായി മാറ്റാൻ റോജ രമണിക്ക് കഴിയുന്നു.
നീണ്ട സംഭാഷണങ്ങൾ ശബ്ദ വ്യക്തതയോടെ പറയുന്നത് മാത്രമല്ല, കണ്ണുകളിൽ ,ശരീരഭാഷയിൽ ഒരു പുരാണ കഥാപാത്രത്തെ കുറിച്ച് ഭാരതീയ സങ്കല്പങ്ങളിലുള്ള സകലമാനകങ്ങളേയും തൃപ്തിപ്പെടുത്തുന്ന സ്വരൂപമായി ഈ പെൺകുട്ടി മാറി.
പത്തു മുപ്പത് വിഷസർപ്പങ്ങൾക്ക് നടുവിൽ നിന്ന്, ഒരെണ്ണത്തെ കഴുത്തിൽ ചുറ്റി , അതിനെകുറിച്ചൊന്നും വേവലാതി കൊള്ളാതെ ഗാനമാലപിക്കുന്ന ഈ പെൺകുട്ടിയുടെ പ്രകടനം കണ്ട് ആദ്യം അഭിനന്ദിച്ച ഒരാൾ രാഷ്ട്രപതി സർവ്വേപള്ളി രാധാകൃഷ്ണനാണ്.
രാഷ്ട്രപതി ഭവനിലേക്ക് വിളിച്ച് പ്രത്യേക വിരുന്നും നല്കി അദ്ദേഹം.
'ഭക്തപ്രഹ്ളാദ' നല്കിയ പ്രസിദ്ധി നൊടിയിടകൊണ്ട് റോജാരമണിയെ തിരക്കുള്ള ബാലതാരമാക്കി.പന്ത്രണ്ട് വയസ്സുവരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഏതാണ്ട് നാല്പതോളം സിനിമകളിൽ കുട്ടിത്താരമായി ഈ അഭിനേത്രി.
ശിവാജി ഗണേശൻ തൻ്റെ സിനിമകളിലേക്ക് റോജ രമണിയെ നിർദ്ദേശിച്ചു തുടങ്ങിയതും ആദ്യകാല അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. സ്വാഭാവികത നിലനിർത്തികൊണ്ട് കഥാപാത്രമായി പെരുമാറാനുള്ള കഴിവും, അവതരിപ്പിക്കുന്ന വ്യക്തിയുടെ അകം പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നതും റോജാരമണിയുടെ അഭിനയനിലവാരം ഉയർത്തുക തന്നെ ചെയ്തു. വമ്പൻ താരങ്ങൾക്കൊപ്പം അതേ മികവോടെ പ്രകടനം നടത്താൻ കഴിയുന്ന റോജ രമണിയുടെ പത്രാവിഷ്കാര മികവ് ശിവാജിയുടെ കൂടെയുള്ള സിനിമകളിൽ തന്നെ കാണാം.
സിനിമോചിത ദൃശ്യവിന്യാസത്തിലൂടെ ആഖ്യാനം നടത്തുന്ന പി.എൻ മേനോൻ്റെ സംവിധായകകലയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ കലാകാരിയാണ് റോജാരമണി.
പതിമൂന്നു വയസ് മാത്രമുള്ള, മലയാളി ജീവിതത്തെ കാര്യമായി അറിയാത്ത റോജരമണിയെന്ന പെൺകുട്ടി ഈ ആൾമാറാട്ടത്തിൽ പുലർത്തുന്ന ശ്രദ്ധ അഭിനയവിശകലനത്തിൽ താല്പര്യമുള്ള ഒരാൾക്ക് ആഴത്തിൽ പഠിക്കാനുള്ള വിഷയമാണ്.
അടൂർ ഭവാനി, കൊട്ടാരക്കര എന്നീ അഭിനയപ്രതിഭകൾക്കൊപ്പം മത്സരിച്ച് നടിച്ച ,റോജരമണിയുടെ മുഖഭാവങ്ങളുടെ സമീപദൃശ്യ
ങ്ങൾ ,പി എൻ മേനോൻ എന്ന സംവിധായകകനും അശോക് കുമാർ എന്ന ഛായാഗ്രാഹകനും ചേർന്ന് ചെമ്പരത്തിയിൽ രൂപപ്പെടുത്തിയ ഫ്രെയിമുകളിൽ ജീവസ്സുറ്റതായി പരിണമിക്കുകയായിരുന്നു.
ഉള്ളം തകർന്ന സ്ത്രീയുടെ ആത്മാവ് പേറി നില്ക്കുന്ന നായികാ ചിത്രം നെഞ്ച് നീറിക്കൊണ്ടല്ലാതെ കണ്ടിരിക്കുക പ്രയാസകരമാണ്.
കണ്ണീരുപ്പു കലർന്ന നോട്ടങ്ങളിലൂടെ മരവിച്ച പെൺ മനസ്സിൻ്റെ നിർവികാരത പകർന്നാടുമ്പോൾ പതിമൂന്നു പിന്നിടാത്ത പെൺകുട്ടിയാണ് അഭിനേത്രി എന്ന വസ്തുത കാണിക്ക് അപ്രസക്തമായി തോന്നുന്നു.
പെൺകുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറി നില്ക്കുന്ന സമകാലത്തുനിന്ന് നോക്കുമ്പോൾ കാലങ്ങൾക്ക് മുമ്പേ പിറന്ന സിനിമയ്ക്ക്മൂല്യമേറുന്നേയുള്ളൂ.
'ചെമ്പരത്തി'യിലെ റോജാരമണിയുടെ പ്രകടനം ദേശീയ അംഗീകാരങ്ങൾക്ക് പരിഗണിക്കപ്പെടാതെ പോയതെന്താവും എന്ന സമകാലത്ത് ആശ്ചര്യപ്പെടുത്തുന്നു.
റോജയുടെ ആകാരത്തിനിണങ്ങാത്ത ശബ്ദംമാത്രമാണ് ഇന്നത്തെ കാഴ്ചയിൽ ന്യൂനതയായി തോന്നുന്നത്.
'കുണുക്കിട്ട കോഴി കുളക്കോഴി ' , ' അമ്പാടി തന്നിലൊരുണ്ണി ' എന്നീ ഗാനരംഗങ്ങൾ ഭാവസംപുഷ്ടത കൊണ്ടും ഗാനാവതരണത്തിൻ്റെ ലാളിത്യംകൊണ്ടും ഹൃദയം കവരും.
'ചെമ്പരത്തി' യിലെ ഏറ്റവും ഹൃദയവേധിയായ ഗാനം 'ചക്രവർത്തിനി നിനക്കു ഞാനെൻ്റെ ശില്പ ഗോപുരം തുറന്നു...' തന്നെയാണ്.
'ചെമ്പരത്തി 'ക്കായി 'ശോഭന ' എന്ന തിരനാമം റോജ രമണി സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതോടെ അത് 'ചെമ്പരത്തി ശോഭന'യെന്ന രീതിയിൽ പ്രചാരം നേടി. കേരളമെങ്ങും 'ചെമ്പരത്തി ' തരംഗം സൃഷ്ടിച്ചു. തെലുങ്കിൽ 'കണ്ണേ വയസ്സു ' (1973),
തമിഴിൽ 'പരുവ കാലം ' (1974) എന്നീ പേരുകളിൽ
റോജാരമണി തന്നെ അഭിനയിച്ച് പുനർനിർമിക്കപ്പെട്ടതും വൻ വിജയമായി.
ചെമ്പരത്തിയെ തുടർന്ന് 1981 വരെ മുപ്പത്തിമൂന്നോളം സിനിമകളിൽ റോജരമണി മലയാളത്തിൽ അഭിനയിച്ചു. നായികയായി മലയാളത്തിൽ ലഭിച്ച അംഗികാരം തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി ഭാഷകളിലേക്കും ഈ അഭിനേത്രിയെ വളർത്തി. ഒന്നര പതിറ്റാണ്ടിലെ അഭിനയ ജീവിതത്തിനിടയിൽ നൂറ്റി ഇരുപഞ്ചോളം സിനിമകളാണ് ആറ് ഭാഷകളിലായി റോജ രമണി പൂർത്തിയാക്കിയത്.നടൻ എസ്.ചക്രപാണിയുമായുള്ള വിവാഹത്തോടെയാണ് അവർ അഭിനയരംഗത്തു നിന്ന് പിൻവാങ്ങുന്നത്.തുടർന്ന് മുൻനിര ശബ്ദ കലാകാരിയായി മാറിയ റോജ രമണി ,സുഹാസിനി, അർച്ചന, ശോഭന, ഖുശ്ബു, ഗൗതമി, ഭാനുപ്രിയ, അമല, ജൂഹി ചാവ് ല, ഉൾവശി, വിജയശാന്തി, മീന തുടങ്ങി ഒട്ടനവധി താരങ്ങൾക്കായി ഡബ് ചെയ്തിട്ടുണ്ട്.നാനൂറിലധികം സിനിമകൾ ഈ രംഗത്തും റോജാരമണിയുടെ ക്രെഡിറ്റിലുണ്ട്.
ദീർഘവൃത്താകൃതിയുള്ള മുഖവും ,കൂർത്ത കീഴ്ത്താടിയും തുടുത്ത കവിളുകളും ഒതുങ്ങിയ ശരീര പ്രകൃതിയും റോജാരമണിയിലെ അരുമ സ്വരൂപത്തിന് ഗുണകരമായത്. ആരുടേയും പ്രീതിപെട്ടെന്ന് പിടിച്ചുപറ്റുന്ന ഈ കൗമാരക്കാരിക്ക് കുടുംബസദസ്സുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.ഈ ജനകീയതയെ ഒരർത്ഥത്തിൽ അവരുടെ അഭിനയ ജീവിതത്തെ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
ഗാർഹികതയുടെ അഭിരുചികൾ പിന്തുടരുന്ന, ആ കാണിയെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങൾക്കപ്പുറം ചെറുപ്രായത്തിൽ തന്നെ
റോജാരമണി പ്രകടിപ്പിച്ച പ്രതിഭയോട് നീതികരിക്കുന്ന അവസരങ്ങൾ അവർക്ക് ലഭിച്ചോ എന്ന സംശയം ന്യായമായും ഉയരുന്നുണ്ട്.
അനിയത്തി, മകൾ കഥാപാത്രങ്ങൾ ആവർത്തിച്ച് ചെയ്യേണ്ടി വരുമ്പോഴും സ്വന്തമായ മാനറിസങ്ങളോ ശൈലികളോ പിന്തുടരാതെ അവയോരോന്നും വ്യത്യസ്തമാക്കാൻ അഭിനേത്രി ശ്രമിക്കുന്നത് അവരുടെ അഭിനയ ജീവിതത്തിൽ കാണാം.
സംവിധായകരായ പി .എൻ. മേനോൻ, കെ.എസ് സേതുമാധവൻ, സുബൈർ, ശ്രീകുമാരൻ തമ്പി എന്നിവരാണ് റോജരമണിയുടെ നടനശേഷി തങ്ങളുടെ സിനിമയിൽ കാര്യമായി ഉപയോഗപ്പെടുത്തിയത്.
ചെമ്പരത്തിയെ തുടർന്ന് 1973 ൽ 'ചായം ', 'ദർശനം' , മഴക്കാറ് , ' ഗായത്രി ' എന്നീ നാല് ചിത്രങ്ങളിലും പി.എൻ മേനോൻ റോജരമണിയെ തൻ്റെ അഭിനേത്രിയാക്കി.
വെറും പത്തു വർഷങ്ങൾ മാത്രമാണ് റോജ രമണി, മലയാളത്തിരയിൽ 'ചെമ്പരത്തി ശോഭന 'യായി സജീവമായത്. പക്ഷെ, ആ തിരപ്രസാധനത്തിൻ്റെ സ്വാധീനം കാണിയിൽ ഇക്കാലവും നിലനില്ക്കുന്നു. റോജാരമണിയുടെ മകൻ തരുൺ ബാലതാരമായി തമിഴിൽ 'അഞ്ജലി ' മലയാളത്തിൽ 'അഭയം ' എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
'അഞ്ജലി'യിലൂടെ അമ്മയെപ്പോലെ മകനും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും നേടിയെടുത്തു.
വാണിജ്യ സിനിമയിൽ തൊഴിലിടം കണ്ടെത്തുന്ന ഒരഭിനേത്രിക്ക്
കാലഹരണപ്പെടാത്ത കഥാപാത്രങ്ങൾ ലഭിക്കുക വലിയ ഭാഗ്യമാണ്. ആ ഭാഗ്യം മലയാളത്തിൽ റോജാരമണിക്കുണ്ടായി.പക്ഷെ, 'ചെമ്പരത്തി' യിൽ ഈ പതിമൂന്നുകാരി പ്രദർശിപ്പിച്ച പ്രതിഭയ്ക്ക് ഇന്ന് ബഹുമാനം ലഭിക്കേണ്ടത് അഭിനയ തിളക്കം കൊണ്ടു മാത്രമല്ല. അരനൂറ്റാണ്ട് മുമ്പേ, ഒരു കുരുന്നു പെണ്ണ് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തിൻ്റെ കൊടും വേദന ശക്തമായി തിരശ്ശീലയിൽ വരച്ചിടാൻ തയ്യാറായതിന് കൂടിയാണ്.
Published: 03 Sept 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented