സ്നേഹലത റെഡ്ഡിയുടെ ജയില് ഡയറിയില് നിന്നും...

ഇന്ത്യൻ വനിതകളിൽ ഏറ്റവും ഊറ്റമുള്ള പേരുകളിലൊന്നായ സ്നേഹലത റെഡ്ഡി വീണ്ടും സ്വാതന്ത്ര്യത്തിന്റെ, അന്തസ്സിന്റെ, സ്വേച്ഛയുടെ, ധീരതയുടെ, പര്യായമായി മാറിയിരിക്കുകയാണ്. അടിയന്തരാവസ്ഥ ഓർമകൾ അമ്പതാമാണ്ടിലേക്ക് ഇന്ത്യ കാലെടുത്തുകുത്താനിരിക്കേയാണ് 'മിസ' എന്ന നാടകവും സ്നേഹലതാ റെഡ്ഡിയുടെ ജയിൽ നരകജീവിതവും കേരളത്തിൽ ഇങ്ങ് തൃശൂരിൽ ഒരു നാടകവേദിയിൽ തെളിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിന്, ഭരണകൂടത്തെ ആക്ഷേപിച്ചതിന്, നിർമാതാവും അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ സ്നേഹലതാ റെഡ്ഡി അറസ്റ്റുചെയ്യപ്പെട്ട് ജയിലിൽ യാതൊരു പരിഗണനയും ലഭിക്കാതെ വിവസ്ത്രയാക്കപ്പട്ട് അതിക്രൂരമായി മർദ്ദിക്കപ്പെട്ടതിന്റെ ഓർമകൾ വീണ്ടെടുക്കലായിരുന്നു കോഴിക്കോട് ‘ചിലങ്ക തിയേറ്ററി’ന്റെ ബാനറിൽ ചിന്നു ചിലങ്ക അവതരിപ്പിച്ച നാടകം '1975 മിസ ദ ലാസ്റ്റ് ബ്രത്ത്.' ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നാടകത്തെ അത്യന്തം തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപിച്ചപ്പോൾ മലയാളസമൂഹം ഒന്നാകെ സ്നേഹലതാ റെഡ്ഡിയെ വീണ്ടെടുക്കുകയായിരുന്നു. ജയിൽ മർദ്ദനവും പീഡനവും ആസ്തമയും നൽകിയ നരകതുല്യമായ ആ ജീവിതം നാൽപ്പത്തിയഞ്ചാം വയസ്സിൽ അണഞ്ഞപ്പോൾ അതിജീവനത്തിന്റെ ആഹ്വാനങ്ങളെ സ്നേഹലത ആളിക്കത്തിച്ചത് അക്ഷരങ്ങളിലൂടെയാണ്. സ്നേഹലത റെഡ്ഡിയുടെ ജയിൽ ഡയറി പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. യു.ആർ അനന്തമൂർത്തിയുടെ 'സംസ്കാര' എന്ന വിഖ്യാതകൃതിയെ ആധാരമാക്കി അതേ പേരിൽ സിനിമയാക്കിയപ്പോൾ സിനിമയുടെ ജീവസ്സായി മാറിയത് സ്നേഹലതാ റെഡ്ഡിയായിരുന്നു. അതേ അനന്തമൂർത്തിയാണ് സ്നേഹലതയുടെ ജയിൽ ഡയറികൾ കെ.പി ശങ്കരനോട് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ആവശ്യപ്പെടുന്നത്. കെ.പി ശങ്കരൻ വിവർത്തനം ചെയ്ത ജയിൽ ഡയറികൾ ചിന്ത പബ്ലിഷേഴ്സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. സ്നേഹലത റെഡ്ഡിയുടെ ജയിൽ ഡയറിയിൽ നിന്നും ഒരു അധ്യായം.
ജൂലൈ 23 - വിധിനിർണ്ണായക ദിനം! യഥാർത്ഥമായും മരിച്ചുപോയി. ഏതാനും നിമിഷങ്ങൾ മാത്രം, നാഡികൾ നിശ്ചലമായി. നിരവധി തവണ മോഹാലസ്യപ്പെട്ടു. ഒന്നുമുണ്ടായിരുന്നില്ല.
ജൂലൈ 23 - മത്തു പിടിച്ചതുപോലെ, തളർച്ച, ദിവസം മുഴുവനും മോഹാലസ്യപ്പെടുക. ഒന്നുമില്ല.
ജൂലൈ 24 - വയ്യ. രണ്ടുതവണ മോഹാലസ്യപ്പെട്ടു. ഉച്ചയ്ക്കുമാത്രം ഇത്തിരി ആഹാരം കഴിച്ചു.ശ്വാസം എടുക്കാൻപോലും ആയാസപ്പെടേണ്ടി വന്നു.
ജൂലൈ 25 - സുദീർഘവും ഏകാന്തവുമായ ദിവസം-ഞാൻ മരണത്തിനിന്നും അംഗുലങ്ങൾ മാത്രം അകലെയായിരുന്നു. എന്നെ ഇവിടുന്നുപുറത്താക്കുകയോ പരോളിൽ വിടുകയോ വേണം.
ജൂലൈ 26 - രാത്രി മുഴുവൻ മോഹാലസ്യമോ മുതുകുവേദനയോ ആയി ഉറങ്ങാൻ കഴിഞ്ഞില്ല. അവരെന്നെ പരിചരിച്ചിട്ടില്ല. എന്റെ ഹൃദയമോ രക്തസമ്മർദ്ദമോ നോക്കിയിട്ടില്ല. ആർക്കും വേണ്ടത്ര ശ്രദ്ധയില്ല- ഇതെല്ലാം എന്തു വിചിത്രമായിരിക്കുന്നു! ഇന്നലെ മുതൽ ആസ്തമ- ഇപ്പോഴും വല്ലാതെ മൂർച്ഛിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുശേഷം ഡോക്ടർ ഒരു മാസത്തെ ലീവിൽ പോകയാണ്. പിന്നെ എനിക്കെന്തു സംഭവിക്കും? ആരോഗ്യത്തിന്റെ പേരിൽ എന്നെ വിമോചിപ്പിക്കുകയോ പരോളിൽ വിടുകയോ ആയിക്കൂടെ? ഇവിടത്തെ ചുറ്റുപാടുകൾ നിമിത്തം ഞാൻ മിക്കവാറും മരിച്ചിരിക്കുന്നു-എന്റെ ആസ്തമ ഒരിക്കലും ഇത്ര തുടർച്ചയായി നിൽക്കാറില്ല. കടുത്തുപോവാറുമില്ല-ഇവിടെ ഇതിന് ഒരു ഭേദവുമുണ്ടാവില്ല-ഇഞ്ചക്ഷനും മറ്റും എടുത്താലും ശരി, എനിക്ക് താമസിയാതെതന്നെ ഒരു ഞരമ്പുതകർച്ച ഉണ്ടാവാൻ പോകുകയാണ്-ഞാനതിന്റെ വഴിക്കാണിപ്പോൾ-എനിക്ക് വീട്ടിൽ പോകണം. എന്റെ ആളുകളുടെ ഒപ്പം ഇരിക്കണം; ദയവായി എന്നെ വേഗം പുറത്തുവിടുക 'കെ' (കോനാരക്ക്) പോവുന്നതിനുമുമ്പായി-ദയവായി.
കോനാരക്കിനെ കണ്ടത് എത്ര കുറച്ചു നേരത്തേക്കുമാത്രമാണ്-കഷ്ടി അരമണിക്കൂർ-ഓ-എനിക്കിനി ഒറ്റ നിമിഷവും ഇവിടെ കഴിച്ചുകൂട്ടാൻ വയ്യ-ദയവായി എന്നെ പുറത്തുവിടൂ. കേസൊന്നുമില്ലെന്നും പോലീസ് സമ്മതിച്ചിട്ടുണ്ട്. എന്റെ ഈ ഗുരുതരമായ നിലയ്ക്ക് ജയിലധികൃതരാണ് തീർത്തും ഉത്തരവാദികൾ-തുടക്കത്തിൽ ആശുപത്രിയിൽ പോകുന്നതിൽനിന്ന് അവരെന്നെ തടഞ്ഞു. അവർ തടഞ്ഞുതുനിമിത്തം ഞാനിപ്പോൾ വിഷണ്ണയാണ്. സംഭ്രാന്തയാണ്്-മൂന്നുമാസമായി നിത്യേന ആസ്തമയുണ്ടാവുക എന്നത് എന്താ കളിയാണോ! ഞാൻ മൃതപ്രായയായാണ്. എന്നിട്ടും അവർ മൂടിവെയ്ക്കാൻ നോക്കുന്നു-അവർക്ക് നാണമില്ലേ? അവരാരും മനുഷ്യരല്ലേ?
ജൂലൈ 27 - അടുത്തതവണ സഹായത്തിനപേക്ഷിക്കാൻ കൂട്ടാക്കില്ല എന്നു ഞാൻ ഡോക്ടറോടു പറഞ്ഞു- ഞാൻ മരിക്കട്ടെ, അതവരുടെ തലയ്ക്കുവരട്ടെ! ഒരാൾ ഗുരുതരമായ അവസ്ഥയിലെത്തിയാലും അവർക്ക് അതൊരടിയന്തര കാര്യമല്ല തന്നെ. ശരി, എന്നാൽ അവരുടെ പാപം അവർക്ക് തന്നെ അനുഭവിക്കാറാവട്ടെ. മുതുകത്ത് ഇടത്തുഭാഗത്തായി കടുത്തവേദന, വീർപ്പുമുട്ട്. വല്ലാത്ത വിവശത, ബോധക്കേടുകളും-ഞാനെത്രമാത്രം തളർന്നും കഴിഞ്ഞും പോയിരിക്കുന്നു എന്നു മനസ്സിലാക്കാൻ ഒരു പരിശോധനയുംനടന്നിട്ടില്ല. എനിക്കെപ്പോഴും ബോധക്കേടുണ്ടാവുന്നു. ഞാനാകെ വിഷണ്ണയായിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത ക്ഷീണം തോന്നുന്നു. ഉറക്കം വരുന്നു- ഉടനെ നിലത്തുകിടന്നിലെങ്കിൽ ഹൃദയം ഇതാ നിലയ്ക്കുകയായി എന്നതുപോലെ.
മരണം ഇത്ര ലളിതമാണോ? ഇത്ര നിരർഥകം? ഒരു മണിക്കൂറിലേറെ ചെന്നിട്ടും... വേദന, പീഡനം, ശ്വാസം കിട്ടായ്കയും.
അരഡസൻ തവണയായി ഞാൻ ബോധക്കേടിൽ ഊർന്നുവീഴുന്നു. കഴിഞ്ഞതവണ അതു വന്നതു പതുക്കെയാണ്... മയത്തിൽ... ഒരാഘാതം പിന്നിട്ട് ഞാൻ ഒരിഞ്ചക്ഷനെത്തുടർന്ന് തളർന്നുകിടക്കും പോലെ... എന്നാൽ, ഇതെന്താണ് വിസ്മൃതിയിലേക്കോ വേദനയിലായ്മയിലേക്കോ ഒഴുകിച്ചെല്ലുന്ന ആ പ്രതീതികൂടിയും ഇല്ലല്ലോ, ഒരു നിമിഷനേരത്തേക്ക്.
മരണം അപ്രകാരമായിരിക്കുമെന്നത് എത്ര വിചിത്രമല്ല!... അഥവാ, ഞാനുൾക്കൊണ്ട ഒരഭ്യൂഹം മാത്രമോ? ഇതു തികച്ചും ഒരു യാഥാർത്ഥ്യമല്ല എന്നുണ്ടോ? അതേ വൈകുന്നേരം എത്ര ശാന്തയായാണ് കോനാരക്കിനെ ഞാൻ കണ്ടത്. ഞാൻ വളരെ കൃതകൃത്യയാണ്, അവന്റെ മുഖം വീണ്ടും കാണാൻ കഴിഞ്ഞുവല്ലോ, ഞാൻ കൃതകൃത്യയാണ്... അവന്റെ വത്സലമായ, പ്രിയങ്കരമായ, മുഖം ഒരിക്കൽക്കൂടി കാണാൻ കഴിഞ്ഞല്ലോ. അതുപോലെ തന്നെ അഞ്ജലിയുടേയും റോഡ്നിയുടേയും പട്ടേലിന്റെയും കാര്യവും. എനിക്ക് ഞാൻ ബാക്കിയായി? എന്തെങ്കിലും ഉദ്ദേശിച്ചാവുമോ?
ജൂലൈ 28 - ചീത്ത രാത്രി, കടുത്തവേദനയും തളർച്ചയും. എപ്പോഴാണ് ഇതിനൊക്കെ ഒരറുതി? ഐജിയും സുഹൃത്തും സൂപ്രണ്ടും വന്നു. എന്റെ കാര്യം ശുപാർശ ചെയ്യാത്തതിനെപ്പറ്റി ഞാൻ പരാതിപ്പെട്ടു-അവർ തിരികെപ്പോയി. അവരച്ചൊല്ലി ഞാൻ വളരെ അസ്വസ്ഥയായിരുന്നു, വിശേഷിച്ചും സൂപ്രണ്ടിനെച്ചൊല്ലി. അയാൾ ശരിക്കും ഒരു വൃത്തികെട്ട വ്യക്തിയാണ്.
രാവിലെ മണി പതിനൊന്നായി... ഇത്ര നേരമായിട്ടും എനിക്ക് ചായയോ പ്രാതലോ കിട്ടിയില്ല. ചില നേരത്ത് അവർ ഉൾക്കണ്ഠയുള്ളവരായിരിക്കും, അടുത്ത നിമിഷംതന്നെ അങ്ങേയറ്റത്തെ അശ്രദ്ധമായ നിലപാടും. കാരുണ്യവും മനുഷ്യത്വവുമുള്ള ഒരെയൊരു വ്യക്തി ഐ ജി മാത്രമാണ്. അദ്ദേഹം ഈ ചുറ്റുവട്ടത്തുള്ളപ്പോൾ കാര്യങ്ങൾ തൃപ്തികരമായി നീങ്ങുന്നു. അല്ലെങ്കിലോ, ആരും ശ്രദ്ധിക്കയില്ല.
ഞാനൊരുപാടായി വിലപിക്കുന്നു. എന്റെ തൊണ്ടയിലെ പേശികൾ വളരെ വേദനിക്കുന്നു.
ജൂലൈ 29 - ഇന്നലെ രാത്രിയും ഉറക്കമില്ല-ഇടയ്ക്കിടെ തേങ്ങൽതന്നെ- എനിക്ക് നിർത്താൻ കഴിയുന്നില്ല. ഒരു ഗ്ലാസു കഴുകുകയോ അങ്ങനെ വല്ല എളിയ പണി ചെയ്താൽപോലും ഞാൻ എളുപ്പം തളർന്നു പോകുന്നു. ഈ കോർട്ടിസോണും ഒക്കെ കൂടി എന്റെ ഹൃദയത്തെയാണോ ബാധിച്ചിട്ടുള്ളത് എന്ന് എനിക്ക് പേടി തോന്നുന്നു. നനുത്ത അധ്വാനമുള്ള ഏതു പ്രവൃത്തിയെത്തുടർന്നും കിതപ്പുംവല്ലാത്ത വിയർപ്പും-എന്റെ കഴുത്തിലും മുതുകത്തും പ്രത്യേകിച്ചും. ഇടത്തുഭാഗത്ത് ഇടയ്ക്കു ഭയങ്കരമായ പീഡ (530 വൈകുന്നേരം). കോനാരക്കും മറ്റുള്ളവരും എന്നെ കാണാൻ വരുന്നതു കാത്തിരുന്നു.
ആരും വന്നില്ല. വൈകുന്നേരം മുഴുവനും രാത്രിയും ഞാൻ മനഃക്ലേശത്തിലായിരുന്നു. ഭക്ഷണവും വസ്ത്രങ്ങളും എത്തി-പക്ഷേ കോനാരക്കില്ല-എന്തുപറ്റി? അവനു വയ്യേ? ആർക്കെങ്കിലും രോഗമാണോ?
ഈശ്വരാ ദയവായി എന്നെ തുണയ്ക്കണേ! അതോ സൂപ്രണ്ട് എന്റെ കേസ് ശുപാർശ ചെയ്തില്ലല്ലോ, അതിന്റെ പേരിൽ ഞാനസ്വസ്ഥയായതിന് അവരെന്നോടു പകരം വീട്ടുകയാണോ? സംഗതിയെന്താണ്?: ഞാൻ ആശകെട്ടുപോവുമാറ് ആതുരയായിരുന്നു, അയാളുടെ ജയിലിൽക്കിടന്നു മിക്കവാറും അന്ത്യശ്വാസം വലിക്കാറായതുമാണ്. എന്നിട്ടുംഅയാൾ പറയുന്നു എന്നെ ആശുപത്രിയിലാക്കണമെന്ന് ശുപാർശചെയ്യാൻ അയാൾക്കു സാധ്യമല്ലത്രെ.
ഇല്ല, അയാൾ ഇത്ര മൂഢനും നീചനുമായിക്കൂടാ.അയാൾ ഒരച്ഛനാണല്ലോ- നിരാശ എന്നത് എന്താണെന്ന് അയാൾക്ക് അറിവുണ്ടാവണം; അസ്വസ്ഥയായ ഒരു സ്ത്രീയുടെ പ്രകൃതം എന്താവുമെന്നും-ഇല്ല, അയാൾ അത്ര തരതാണ ഒരുത്തനാവാൻ വഴിയില്ല.
അയാൾ നല്ലവനാണ്. പക്ഷേ, നാണം കുണുങ്ങിയും-എന്നാണ് എനിക്ക് തോന്നിയത്. ഈശ്വരാ അവരെന്തേ വരാത്തത്, എനിക്കറിയില്ലല്ലോ.
Published: 21 Aug 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented