ഒരു അസാദ്ധ്യകഥ വേണം...
നടന്ന സംഭവങ്ങളെടുത്ത് വീര്യം ചേര്‍ത്തൊരു പരുവത്തിലങ്ങനെ കൊടുക്കുന്നതാ ഇപ്പോഴത്തെ ട്രെന്‍ഡ്... ഒറ്റപ്പെട്ട തുരുത്തും അതിന്റെ നടുക്കുള്ള പള്ളിയും. പ്രത്യേക രീതിയിലുള്ള പാതിരിയച്ചന്‍, പുത്തനോല വെഞ്ചെരിച്ചപോലൊരു നസ്രാണിപ്പെണ്ണ്, കൊലപാതകം... അതല്ലെങ്കിലൊരു അമ്പലത്തിലെ ഉത്സവം, നാട്ടുപെണ്ണ്... വെടിക്കെട്ട്, കവലച്ചട്ടമ്പികളും വരത്തന്‍മാരും, ഉത്സവത്തിനിടെ നടക്കുന്ന കത്തിക്കുത്ത്, ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഒരു ഓത്തുപുര. വാങ്കുവിളി, തട്ടംമറയുന്ന പകലന്തികള്‍, ജിന്ന്, കൂടോത്രം... അങ്ങനെ ചിലത്... തീം എന്തായാലും ഒരല്‍പ്പം നാട്ടുഭാഷ കലര്‍ത്തി, ഒരു കിണ്ണന്‍ടൈറ്റിലുമിട്ട് കൊടുത്താ പ്രധാനവരക്കാരന്റെ മിടുക്കോടെ, മാസികയുടെ പത്തുപതിനാറു പേജങ്ങനെ നിറഞ്ഞു കവിഞ്ഞ് സംഗതി വൈറലാവും. എനിക്ക് നേരിട്ടറിയാവുന്ന മൂന്നാലു സംഭവങ്ങള്‍ എടുത്തിട്ട് അലക്കിക്കഴിഞ്ഞതോടെ കൈയിലുണ്ടായിരുന്ന സ്റ്റോക്ക് ഡെഡ്ഡായി...
'നിരാശപ്പെടേണ്ട വത്സാ... അനുഭവങ്ങളങ്ങനെ പെറ്റുകിടക്കുകയല്ലേ..! ട്രന്‍ഡ് തീരുംമുന്നേ നീ ഇറങ്ങിപ്പുറപ്പെട്ടോളൂ...'
നിലവിളക്കില്‍ തിരിയിട്ട് കൈകൂപ്പി നില്‍ക്കുമ്പോഴേക്കും ഞാനങ്ങനെയൊരു അശരീരി കേട്ടു... എന്റെ എഴുത്തുപേന എരിപിരികേറി മൂക്കാനും തുടങ്ങി.
അമ്മേടെ വകേലൊരു ആങ്ങളയുണ്ട്. വണ്ടിത്താവളത്തിലാണ് പൊറുതി. മുടിഞ്ഞ വായനക്കാരന്‍. ലോകത്തിനു കീഴേയുള്ള എല്ലാറ്റിനെക്കുറിച്ചും നല്ല അറിവാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും അലഞ്ഞു തിരിഞ്ഞിട്ടുണ്ട്.
പ്രണയിച്ചവളെ താലി ചാര്‍ത്താതെ ഒപ്പം പാര്‍പ്പിച്ചാണ് മാമന്‍ ജീവിതം തുടങ്ങുന്നത്. ആ വകയില്‍ ഒരു മോളുണ്ട്. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ അഡ്മിഷന്‍ ഫോമിലെ രണ്ടു കോളങ്ങള്‍ മാമന്‍ പൂരിപ്പിച്ചില്ല. ഒരെണ്ണം ജാതിമതക്കോളവും, മറ്റൊന്ന് പിതാവിന്റെ പേരെഴുതാനുള്ളതും. ജാതിക്കോളത്തില്‍ വെറുംവര വരച്ചാലും അച്ഛന്‍കോളത്തില്‍ പേരെഴുതണമെന്ന് ടീച്ചര്‍ ശാഠ്യം പറഞ്ഞു. മാമനവിടെ 'പുന്നാരേ' എന്ന് എഴുതി. അനു പുന്നാരേ.. വിളിപ്പേരു കേട്ട് കുഞ്ഞിലേ മാമന്റെ മോള് ഒരുപാട് കരഞ്ഞെങ്കിലും വളര്‍ന്നപ്പോള്‍ അവള്‍ക്കതൊരു കിടുക്കാച്ചി നെയിമായി.
അനു പുന്നാരേക്ക് പതിനെട്ടു തികഞ്ഞതും തന്റെ ദൗത്യം പൂര്‍ത്തിയായെന്നും പറഞ്ഞ് മാമന്‍ കുടുംബം പിരിച്ചുവിട്ടു. വീടും അതിന്റെ പവിത്രതയുമൊക്കെ മാമനു പുശ്ചം. അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്.
മൂന്നാളും മൂന്നു വഴിക്കായതോടെ മാമന്‍ തെണ്ടിത്തിരിഞ്ഞ് എത്തിച്ചേര്‍ന്ന ഇടമായിരുന്നു വണ്ടിത്താവളം.
വണ്ടിപ്പേട്ടയില്‍ എത്തിയതോടെ മാമന്‍ സ്വന്തമായി ചില പച്ചിലയൊക്കെ ഉണക്കിപ്പുകച്ച് പൊകപോലൊരു ജീവിതം തുടങ്ങി. സ്ഥിരമായി പെണ്ണുംപെടയുമൊന്നുമില്ല. അറുപതാം പിറന്നാളിലും ആള് ഉശിരന്‍ പവറിലാ. മാമന്റെയടുത്ത് ചെന്നാല്‍ എഴുത്തിനുള്ള വക തടയുമെന്നൊരു തോന്നല്‍...
വെളുപ്പിനേ ഇറങ്ങുമ്പോള്‍ അമ്മ വിലക്കി, 'മര്യാദയ്ക്കൊരു ജോലിയുള്ളതല്ലേ, നിനക്കവന്റെ അടുത്തേക്കു പോവേണ്ട വല്ല കാര്യോണ്ടോ...'
മാമന്റെ കുത്തഴിഞ്ഞ ജീവിതമറിയാവുന്ന അമ്മ തടസ്സം പറഞ്ഞിട്ടും ഞാന്‍ ബാഗും തൂക്കിയിറങ്ങി. വെലമ്പ്രം ബൈപാസിനടുത്തൊരു വണ്ടിത്താവളത്തിലാണ് കക്ഷി. അവിടെ ചെല്ലുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ചരക്കു കയറ്റിയ ലോറി റിവേഴ്സെടുത്തു പോയതിന്റെ പൊടിപടലം അടങ്ങിയതോടെ സഞ്ചിയില്‍ കരുതിയിരുന്ന ചാരായക്കുപ്പിയുമെടുത്ത് ഞാന്‍ മാമന്റെ കാല്‍ച്ചോട്ടിലിരുന്നു. കായ്ച്ചുലഞ്ഞ വേപ്പിന്റെ മൂട്ടില്‍ പഴയ ടയറും റ്റിയൂബുമൊക്കെ ചേര്‍ത്തിട്ടൊരു സെല്‍ഫ് മെയ്ഡ് സപ്രമഞ്ചലിലാണ് കക്ഷിയുടെ ശയനം. ചാരായം കടത്താനുള്ള ലോറിയും അന്വേഷിച്ചെത്തിയ വാറ്റുകാരനാണെന്ന ധാരണയില്‍ അങ്ങേരെഴുന്നേറ്റു. പൂച്ചവാലന്‍പൂപോലെ നീണ്ട മീശയുടെ അറ്റം ഒരേ താളത്തില്‍ പിരിച്ചുകൊണ്ട് മാമന്‍ കേള്‍ക്കാനിരുന്നു. വന്ന കാര്യം വെള്ളം തൊടാതെ പതഞ്ഞു...
'മാപ്പിളേ, നീ കേരളാവിലെ പെരിയ റൈറ്ററാ...'
'അപ്പിടിയേ ഒന്നുമില്ല മാമാ, ഒരു ചിന്ന റൈറ്റര്‍.'
റാക്കുകുപ്പീടെ കോര്‍ക്ക് കടിച്ചുതുറന്ന് മാമന്‍ ഒരു കവിള്‍ കൂടി വിഴുങ്ങി. വാറ്റിന്റെ ഊക്കന്‍ഗ്രേഡ് ബോധിച്ച മട്ടില്‍ പുള്ളി പേച്ച് തുടങ്ങി.
'മലയാളത്തില്‍ ഇന്തമാതിരി കഥകള്‍ കേട്ടെഴുതുന്ന ഒരുത്തനുണ്ടല്ലോ...'
ഞാനൊന്നുരണ്ട് പേരുകള്‍ പറഞ്ഞു.
'യാര്, ആ തിരുടന്റെ കഥ പറഞ്ഞയാളോ... അയാളല്ലെടേ... ഒരു പെരിയ റൈറ്റര്‍. കടല്‍ കടന്നു നരകിച്ചവന്റെ നീണ്ട സ്റ്റോറി എഴുതിയില്ലേ...'
ഞാന്‍ നോവലിസ്റ്റിന്റെ പേര് പറഞ്ഞു.
'റൈറ്റ്, അയാള് തന്നേ... അപ്പിടിയൊരു പെരിയകഥ വേണോ അതോ ചിന്നത് മതിയോ...'
'എന്നതായാലും മതി, എനിക്കൊരു ത്രെഡ് കിട്ടണം... ഞാനതേ തൂങ്ങി ചത്തോളാം...'
പാണ്ടിച്ചിരി അടങ്ങിയപ്പോള്‍ മാമന്‍ തുടങ്ങി:
'ശൊല്ലട്ടുമാ കണ്ണാ...'
'ശീഘ്രം ചൊല്ലുങ്കോ മാമാ...'
'കഥ ക്ലിക്കായാ എനക്ക് എന്ന കെടയ്ക്കും...'
'മുഴുവനും കെടത്താം. സംഗതി ഹിറ്റായാ മതി.'
'മുഴുസാ തള്ള വേണ്ട... എനക്ക് ജസ്റ്റ് തേര്‍ട്ടി പേര്‍സന്റേജ്. റാക്കുകച്ചോടത്തിന്റെ റേറ്റ് മട്ടും...'
സമ്മതം മൂളി ഞാന്‍ വോയിസ് റെക്കോഡര്‍ എടുത്തു.
'നോ റെക്കോഡിങ്. മെദുവാ കേട്ട് മെമ്മറീസീന്ന് എഴുതണം. അപ്പത്താന്‍ നീ പെരിയ റൈറ്ററാവൂ.'
ചുണ്ടാണിയുടെ വിരല്‍പ്പുറത്തിനാല്‍ മീശ വശങ്ങളിലേക്കുഴിഞ്ഞു. തമ്പാക്ക് അല്‍പ്പം കൈവെള്ളയിലേക്ക് കുടഞ്ഞിട്ടു. ഉള്ളംകൈയിലിട്ട് ഉഴിഞ്ഞവനെ ചുണ്ടിന്നിടേലേക്ക് ചേടി മാമന്‍ കണ്ണടച്ചിരുന്നു. വേപ്പിന്‍കമ്പേന്ന് ജീവിതം വെറുത്ത ഒരു പഴുത്തില മാമന്റെ നെറ്റിയേ തൊട്ടു കീഴോട്ടു വീണതോടെ അങ്ങേര് കഥ പറയാന്‍ തുടങ്ങി...
സ്പിരിറ്റും കയറ്റി ആന്ധ്രയില്‍നിന്ന് രണ്ടുപേര്‍ കേരളത്തിലേക്കു വരുന്നതായിരുന്നു സംഭവം. വാളയാര്‍ കഴിയുമ്പോഴേക്കും വഴിക്കുവെച്ചൊരു പെണ്ണ് കൈകാണിച്ചു കയറുന്നു. തുടര്‍ന്നുള്ള യാത്രയില്‍ നടക്കുന്ന കൊലപാതകം. ഒപ്പമുണ്ടായിരുന്നവന്റെ ശവവുമായുള്ള യാത്ര. കേട്ടതെല്ലാം വണ്ടിത്താവളത്തിലെ അരണ്ട വെട്ടത്തില്‍ കുത്തിയിരുന്ന് എഴുതി. മൂന്നാം മാസം സംഗതി അച്ചടിച്ചു വന്നു. അതിന്റെ പിറ്റേ മാസം മൂവായിരം രൂപയുടെ ചെക്ക് മാസികക്കാര്‍ അയച്ചുതന്നു. ഞാനതീന്ന് ഒരു നയന്‍ ഹണ്ട്രഡ് മാമനു കൊടുത്തു.
'മാമന്റെ തേര്‍ട്ടി പേര്‍സന്റേജ്.'
അങ്ങേര് അതെന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
'മലയാളിമലരേ, ഇതു നീതന്നെ മൂഞ്ച്...'
കഷ്ടം! ഒരു കഥയ്ക്ക് ലക്ഷങ്ങള്‍ കിട്ടുമെന്നായിരുന്നു മാമന്റെ നിനവ്.
Content Highlights: masterpiece francis norona novel excerpts
Published: 01 Apr 2023, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented