വാഷിങ്ടൺ: അമേരിക്കയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നാണ് നടപടി. അസാധാരണ സാഹചര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് നടപടിയെന്ന് എഫ്.എ.എ. വ്യക്തമാക്കി. 

To advertise here,

വിമാന സർവീസുകൾ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് കമ്മ്യൂണിക്കേഷൻ തകരാർ ബാധിച്ചതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്.എ.എ. സാങ്കേതിക വിദഗ്ധർ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

2023 ജനുവരിയിൽ എഫ്.എ.എ.യുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലുണ്ടായ തകരാറിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിൽ രാജ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കുന്നത്. അതിനുമുമ്പ് 2001 സെപ്റ്റംബർ 11 ഭീകരാക്രമണങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. 

സാങ്കേതികവിദ്യയുടെ നവീകരണം: എയർ ട്രാഫിക് കൺട്രോളർമാർ ഉപയോഗിക്കുന്ന പഴയ സാങ്കേതികവിദ്യകൾ പരിഷ്‌കരിക്കുന്നതിനായി കഴിഞ്ഞ വർഷം കോൺഗ്രസ് 12.5 ബില്യൺ ഡോളർ അനുവദിച്ചിരുന്നു. പഴയ കോപ്പർ വയറുകൾക്ക് പകരം ഫൈബർ ഒപ്റ്റിക് ലൈനുകളും പുതിയ റേഡിയോ സിസ്റ്റങ്ങളും മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. എന്നാൽ ഈ പദ്ധതി പൂർത്തിയാക്കാൻ 30 ബില്യൺ ഡോളർ കൂടി ആവശ്യമുണ്ടെന്നും ഇതിനായി വൈറ്റ് ഹൗസ് കോൺഗ്രസിനെ സമീപിച്ചിട്ടുണ്ടെന്നും ഷോൺ ഡഫി വ്യക്തമാക്കി.