മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബിജു മുത്തത്തിയുടെ ലേഡീസ് കംപാര്‍ട്ട്‌മെന്റ് എന്ന പുസ്തകത്തില്‍ നിന്ന്;
സമയം പുലര്‍ച്ചെ 5.50. കണ്ണൂര്‍ ആദികടലായിയില്‍നിന്നുള്ള സുന്ദരേശ്വര ബസ്സില്‍ ഡബിള്‍ ബെല്‍ മുഴങ്ങി. ബസ് പുറപ്പെട്ടുതുടങ്ങുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും ക്ലീനറും കഴിഞ്ഞാല്‍ മൂന്നു നാലു യാത്രക്കാര്‍ മാത്രം. ബസ്സിന്റെ സഞ്ചാരത്തിനനുസരിച്ച് നേരം വെളുത്തുവന്നു. സീറ്റുകളെല്ലാം നിറഞ്ഞു. ബസ് ആദികടലായില്‍നിന്ന് പുറപ്പെട്ട് കുന്നുംകൈ റോഡിലൂടെ കാള്‍ടെക്സ്, മരക്കാര്‍ക്കണ്ടി, സിറ്റി, പ്രഭാത്, പഴയ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, സ്റ്റേഡിയം വഴി കണ്ണൂര്‍ നഗരത്തെ ദിവസവും എട്ടു തവണയെങ്കിലും പ്രദക്ഷിണം വെക്കുന്നുവെന്നാണ് കണക്ക്. രാത്രി പത്തിനാണ് ടൗണില്‍നിന്നും ആദികടലായിയിലേക്കുള്ള സുന്ദരേശ്വരന്റെ അവസാനത്തെ സര്‍വീസ്.
സുന്ദരേശ്വരന്‍ എന്നാല്‍ ശിവനാണ്. കണ്ണൂര്‍ തളാപ്പിലാണ് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച ശ്രീസുന്ദരേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1916-ല്‍ ഗുരു തന്റെ നവോത്ഥാനവിപ്ലവത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്ഷേത്രത്തില്‍ സകല ജാതിമതസ്ഥര്‍ക്കും പ്രവേശനമുണ്ട്. മറയില്ലാത്ത ആ മതസൗഹാര്‍ദവും മനുഷ്യസ്നേഹവും തന്നെയാണ് സുന്ദരേശ്വര ബസ്സിനെയും മുന്നോട്ടോടിക്കുന്ന യഥാര്‍ഥ ഇന്ധനം.
സുന്ദരേശ്വര ബസ് കണ്ണൂരിലുള്ള അനവധിയായ പ്രൈവറ്റ് ബസ് സര്‍വീസുകളില്‍ ഒന്നു മാത്രമല്ല. നാട്ടുകാര്‍ക്ക് ഈ ബസ്സിനോടും ബസ് ജീവനക്കാരോടും പ്രത്യേകം ചില ഇഷ്ടങ്ങളും കടപ്പാടുകളുമുണ്ട്. ലാഭമുണ്ടാക്കാനല്ല, നാട്ടുകാരുടെ സുഗമമായ യാത്രയ്ക്കുവേണ്ടിയോടുന്ന ബസ് എന്ന ഖ്യാതിയാണ് സുന്ദരേശ്വരന്‍ ഇക്കാലമത്രയും ഓടിയുണ്ടാക്കിയ സമ്പാദ്യം.
ഡ്രൈവര്‍ മുഹമ്മദ് വളയം പിടിക്കുന്നതുകൊണ്ടു മാത്രമല്ല ബസ് മുന്നോട്ടോടുന്നത്. പിന്നില്‍ വലിയ കരുതലും കരുത്തുമായി ഒരു 'പെണ്‍കിളി'യുള്ളതുകൊണ്ടുകൂടിയാണ്. ഏഴു വര്‍ഷംമുമ്പ് തട്ടമിട്ട ഒരു മുസ്ലിംസ്ത്രീ ധൈര്യത്തോടെ ഡബിള്‍ ബെല്ലടിച്ചു കടന്നുവന്ന ഈ തൊഴില്‍രംഗത്തേക്ക് ഇപ്പോഴും സ്ത്രീകള്‍ മടിച്ചുനില്‍ക്കുകയാണെന്ന് അറിയുമ്പോഴാണ് ആദികടലായി വട്ടംകുളത്തെ അറയ്ക്കല്‍ ഹൗസില്‍ റെജിമോളുടെ ജീവിതം തിളക്കമുള്ളതാവുന്നത്.
'എതു സ്ഥാനത്താണ് ഇപ്പോള്‍ സ്ത്രീ ഇല്ലാത്തതെന്ന് നിങ്ങള്‍ പറ. എന്നിട്ട് ഞാന്‍ പറയാം,' രണ്ടുപേര്‍ക്ക് കയറാന്‍ ബസ് നിര്‍ത്തിക്കൊടുക്കുന്നതിനിടെ റെജിമോള്‍ പറഞ്ഞു. സ്ത്രീകള്‍ ഇന്നു സകല തൊഴില്‍രംഗത്തും പുരുഷനെ അതിശയിച്ചും അസൂയപ്പെടുത്തിയും മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. കണ്ണൂരില്‍ത്തന്നെ കെ.എസ.്ആര്‍.ടി.സി. ബസ്സുകളില്‍ എത്രയോ വനിതാ കണ്ടക്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. സ്ത്രീകള്‍ ബസ് ഡ്രൈവര്‍മാരായും ഉണ്ട്. പക്ഷേ, പ്രൈവറ്റ് ബസ്സില്‍ ക്ലീനറായി ജോലിചെയ്യാന്‍ എത്രപേരുണ്ട് എന്ന ചോദ്യത്തിന് കേരളത്തില്‍ ഇന്ന് ഒരേയൊരു ഉത്തരമേയുള്ളൂ.
'സ്ത്രീ മുന്നോട്ടുവരുന്നത് ഒരു പുരുഷനും പിടിച്ചുകെട്ടാനാവില്ല. സ്ത്രീകള്‍ ബസ് മാത്രമല്ല വിമാനംവരെ ഓടിക്കുന്നില്ലേ. സ്ത്രീകള്‍ക്ക് സാധിക്കാത്തതായി ഇവിടെ എന്താണുള്ളത്? ഇത്രയും കാലം ഒരു കിളിയുണ്ടായില്ലെങ്കില്‍ ഇതാ ഇപ്പം കിളിയുമായി. ഈ ജോലിക്കും നല്ല അധ്വാനമുണ്ട്. നല്ല ശ്രദ്ധയും നല്ല മനസ്സും ഉണ്ടാവണം. സ്റ്റെപ്പ് കയറിവരുന്ന യാത്രക്കാര്‍ നമ്മുടെ സഹോദരീസഹോദരങ്ങളാണെന്ന് തോന്നണം. സഹോദരീസഹോദരന്മാരുമായി നമ്മള്‍ ഒരു യാത്രയ്ക്ക് പോകുകയാണെന്നു കരുതണം.'
ഒരു സ്ത്രീ, അതും തട്ടമിട്ട ഒരു മുസ്ലിംസ്ത്രീ ഒരു പ്രൈവറ്റ് ബസ്സിന്റെ പിന്‍സീറ്റില്‍നിന്ന് ഡബിള്‍ ബെല്ലടിക്കുമ്പോള്‍ കൗതുകവും എതിര്‍പ്പും പുച്ഛവും പരിഹാസവുമെല്ലാം സ്വാഭാവികം. പ്രത്യേകിച്ച് ആണുങ്ങള്‍ കയറുന്ന വാതിലില്‍നിന്ന് സ്ഥിരമായി ജോലിചെയ്യേണ്ടിവരുമ്പോള്‍, രാത്രി വൈകിയും സര്‍വീസ് നടത്തുന്ന ഒരു ബസ്സിലാകുമ്പോള്‍, സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരും. പക്ഷേ, കണ്ണൂരിലെ നാട്ടുകാര്‍ വേറെയാണെന്നു പറയും റെജിമോള്‍.
'കണ്ണൂരുകാര്‍ തങ്കപ്പെട്ടവരാണ്. ആളുകള്‍ ഈ നാടിന്റെ മറ്റേതോ ഒരു വശം മാത്രമാണ് കാണുന്നത്. ഞാന്‍ ആറു വര്‍ഷമായി ഈ പണിയെടുക്കുന്നുണ്ട്. എന്റെ കൂടെ ഇരിക്കുന്നവരെല്ലാം എന്റെ ആങ്ങളമാരാണ്,' റെജിമോള്‍ തൊട്ടരികിലിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചുമലില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു. 'ഞാനും പത്രങ്ങളില്‍ സ്ത്രീപീഡനവാര്‍ത്തകള്‍ വായിക്കാറുണ്ട്. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. സത്യത്തില്‍ എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.'
റെജിമോള്‍ എന്ന പേര് സാധാരണനിലയ്ക്ക് ഒരു മുസ്ലിം സ്ത്രീക്ക് കാണാറില്ല. പരിഷ്‌കരിച്ചതാണ് അവരുടെ പേരുപോലും. റെജിയുടെ തൊഴിലും ഏര്‍പ്പെടുന്ന സകല ജീവകാരുണ്യകര്‍മ്മങ്ങളുമെല്ലാംതന്നെ സാധാരണ മുസ്ലിം സ്ത്രീകളില്‍നിന്നു മാറി വളരെയധികം പുരോഗമനപരമാണ്. ഒരു സാധാരണ സ്ത്രീ ചാടിക്കടക്കേണ്ടുന്ന പ്രതിബന്ധങ്ങള്‍ മാത്രം ചാടിക്കടന്നാല്‍ പോരായിരുന്നു അവര്‍ക്ക്. ബിരുദത്തിനുശേഷം നഴ്സിങ് പഠിച്ച റെജിമോള്‍ കുറച്ചു കാലം നഴ്സായി വിദേശത്തു ജോലിചെയ്തിട്ടുണ്ടായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ തന്റെയും ഭര്‍ത്താവിന്റെയും സമ്പാദ്യമെല്ലാം കൂട്ടിപ്പെറുക്കിയാണ് ബസ് വാങ്ങിയത്. മുതലാളിമാരായി ഇരിക്കാതെ ഇരുവരും ഡ്രൈവറുടെയും കിളിയുടെയും കുപ്പായമിട്ടു.
ജോലിക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിനും റെജിമോള്‍ സമയം കണ്ടെത്തുന്നു. നാട്ടുകാരുമായി ചേര്‍ന്ന് രൂപീകരിച്ച 'ഗ്രാമിക' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാവങ്ങള്‍ക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായം നല്‍കുന്നു. കുറച്ചു ദിവസംമുമ്പ് കാറിടിച്ച് ഒരു സ്ത്രീ റോഡില്‍ വീണതു കണ്ടപ്പോള്‍ റെജിമോള്‍ ബസ്സില്‍നിന്ന് ചാടിയിറങ്ങിയാണ് ആ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. അന്ന് ക്ലീനറില്ലാതെയാണ് ബസ് ഓടിയത്. ബസ് ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ എക്സിക്യൂട്ടീവ് അംഗം, മകന്‍ അജുവാദ് പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട് ഈ നാല്‍പ്പത്തിയഞ്ചുകാരിക്ക്. മകള്‍ അജിനാസ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്.
'ഇത്താത്തക്ക് ഒരു പത്തുര്‍പ്പ്യ കിട്ടീട്ടുണ്ടെങ്കില്‍ അതില്‍ അഞ്ചുര്‍പ്യ മറ്റൊരാള്‍ക്ക് കൊടുക്കും. ഒരു കൈയിലൂടെ കൊടുക്കുന്നത് മറുകൈ അറിയാതെയാണ് ഇത്താത്തയുടെ ദാനകര്‍മം. ഇത്താത്തയെപ്പോലെ വേറെ ഇത്താത്ത ഈ ദുനിയാവിലുണ്ടാവില്ല. ഇത്താത്ത ബസ്സിലുണ്ടെങ്കില്‍ കുട്ടികളെ ഒറ്റയ്ക്കാണെങ്കിലും ധൈര്യമായി അയയ്ക്കാം. കുട്ടികളെ സ്വന്തം മക്കളെപ്പോലെത്തന്നെ ശ്രദ്ധിക്കും. പ്രായമായവരെയും അങ്ങനെത്തന്നെ. എല്ലാവരെയും ഇത്താത്ത നോക്കുന്നുണ്ട്. ബസ്സിന്റെ സൈഡും നോക്കുന്നുണ്ട്. വീട്ടിലെ കാര്യങ്ങളും നോക്കുന്നുണ്ട്. നാട്ടിലെ കാര്യങ്ങളും നോക്കുന്നുണ്ട്. ഇത്താത്തയ്ക്ക് എന്താണ് പേരിടുകയെന്ന് എനിക്കറിയില്ല,' കാള്‍ടെക്സില്‍ നിന്നു കയറി മരക്കാര്‍ക്കണ്ടിയിലേക്കു പോകേണ്ടിയിരുന്ന യാത്രക്കാരി നബീസയ്ക്ക് റെജിമോളെക്കുറിച്ചു പറയാന്‍ നൂറു നാവാണ്.
പ്രൈവറ്റ് ബസ്സുകളുടെ മത്സര ഓട്ടങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്ക് പരാതിയുള്ള കാലമാണ്. പക്ഷേ, റെജിമോളുടെ സുന്ദരേശ്വരന് ആരോടും മത്സരമില്ല. ആര് തോല്‍പ്പിച്ച് മുന്നില്‍പ്പാഞ്ഞാലും പ്രശ്നമില്ല. ബസ്സില്‍ യാത്രക്കാരന്‍ ഒരാളാണെങ്കില്‍പ്പോലും ഷെഡ്യൂള്‍ ചെയ്ത ഓട്ടം മുടക്കില്ല. അത് മനുഷ്യരോട് തനിക്കു ചെയ്യാനുള്ള സേവനത്തിന്റെ ഒരു മാര്‍ഗമാണെന്ന് ഈ ബസ്സുടമ കരുതുന്നു. സ്വന്തം ബസ്സിന്റെ പേരില്‍ അവര്‍ നാട്ടില്‍ എത്രയോ ബസ്സ്റ്റോപ്പുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് കണ്ണൂരില്‍ വെറുതേ സര്‍വീസ് നടത്തുന്ന ഒരു സാധാരണ ബസ്സിന്റെ പേരല്ല സുന്ദരേശ്വര എന്നു പറയുന്നത്.
'രാത്രിയായാല്‍, ടൗണില്‍ ജോലിക്കുപോയവര്‍ക്ക് നാട്ടിലെത്തല്‍ ബുദ്ധിമുട്ടാണ്. ഈ ബസ്സില്ലെങ്കില്‍ നാട്ടിലെത്താന്‍ അവര്‍ക്ക് 200 രൂപയെങ്കിലും ഓട്ടോറിക്ഷയ്ക്ക് കൊടുക്കേണ്ടിവരും. 200 രൂപ യാത്രയ്ക്കു ചെലവായാല്‍ സാധാരണ ആളുകള്‍ എങ്ങനെ ജീവിക്കും. രാത്രിയിലെ ആ ട്രിപ്പുകൊണ്ട് എനിക്ക് രണ്ടായിരം രൂപ ഒരുദിവസം നഷ്ടമാണ്. എങ്കിലും ട്രിപ്പ് ഞാന്‍ മുടക്കില്ല. അതാണ് ഞങ്ങള്‍ ചെയ്യുന്ന സേവനം.'
ബസ് ഗ്രാമങ്ങള്‍ വിട്ട് നഗരത്തിലേക്കും നഗരം വിട്ട് ഗ്രാമങ്ങളിലേക്കും ഓടിക്കൊണ്ടിരുന്നു. സുന്ദരേശന്റെ ലാളിത്യം നിറഞ്ഞ രൂപവും നിറവും ദൂരെനിന്നു കാണുമ്പോള്‍ത്തന്നെ ആളുകള്‍ തിരിച്ചറിയുന്നു. മുന്നിലും പിന്നിലും ബസ്സുകള്‍ നിരവധിയുണ്ടെങ്കിലും സുന്ദരേശ്വരനുവേണ്ടിമാത്രം കാത്തിരിക്കുന്ന യാത്രക്കാരുണ്ട്. ആനയെ കാണുന്നതുപോലെയാണ് ബസ് കാണുമ്പോഴുള്ള ആളുകളുടെ ആഹ്ലാദം. സ്ഥിരം യാത്രക്കാരെ കാണുമ്പോള്‍ ബസ്സും പ്രത്യേകതരം ആനന്ദഹോണ്‍ മുഴക്കുന്നു.
'വെറും ആറാളെയുംകൊണ്ട് ഞാന്‍ ആദികടലായിവരെ പോയിട്ടുണ്ട്. ഈ ആറാള്‍ക്ക് ഒമ്പതു രൂപ വെച്ച് എത്ര രൂപയുണ്ടാകുമെന്ന് നിങ്ങള്‍ കണക്കു കൂട്ടിക്കോ. രണ്ടാളെങ്കിലും ഉണ്ടാവും അവിടെ എത്തേണ്ടവര്‍. അവരെ ഞാന്‍ കൊണ്ടുപോയേ പറ്റൂ. അതിന്റെ പുണ്യം എനിക്ക് എപ്പോഴായാലും കിട്ടും,' റെജിമോള്‍ പറഞ്ഞു.
റെജിമോള്‍ ബസ്‌ക്ലീനറായതോടെ സ്ത്രീകള്‍ ഇപ്പോള്‍ ബസ്സിന്റെ പിന്‍ഡോറിലൂടെയും സ്വാതന്ത്ര്യത്തോടെ കയറാന്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍മക്കളുള്ള മതാപിതാക്കള്‍ക്ക് രാത്രി വൈകിയാലും റെജിമോളുടെ ബസ്സുള്ളതുകൊണ്ട് വലിയ ആധിയില്ല. കാരുണ്യത്തിന്റെയും നന്മയുടെയും ഒരു കൈത്താങ്ങ് പാവപ്പെട്ടവന് എപ്പോള്‍ കൈനീട്ടിയാലും ഈ ബസ്സില്‍നിന്നും ഉറപ്പാണ്. വിപ്ലവം മനുഷ്യസ്നേഹത്തിന്റെ ഭാഷയില്‍ കണ്ണൂരില്‍ ഇങ്ങനെയും സംഭവിക്കുന്നുണ്ടെന്നാണ് റെജിമോള്‍ കാണിച്ചുതരുന്നത്.
'എനിക്ക് എല്ലാവരെയും സഹായിച്ചും സഹകരിച്ചും ജീവിക്കുമ്പോള്‍ വലിയ ആനന്ദമാണ്. ഇരുന്നൂറു രൂപ എന്നും ഞാന്‍ ഹജ്ജിനുപോകാന്‍വേണ്ടി മാറ്റിവെക്കുന്നു. അവിടെ പോയാല്‍ ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കും. എന്റെ പ്രാര്‍ത്ഥനയുടെ അംശംപോലും എല്ലാവര്‍ക്കും കിട്ടണം. ഞാന്‍ ആരുടെ മുഖത്തേക്കു നോക്കുന്നുവോ അവര്‍ക്കെല്ലാം നന്മ വരണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. നിങ്ങളും അതില്‍ പെട്ടു. എനിക്ക് എന്തുണ്ടോ അതെല്ലാം എന്റെ അയല്‍വാസികള്‍ക്കും ഉണ്ടാവണം. എനിക്ക് എല്ലാമുണ്ടായിട്ട് അവര്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥയുണ്ടാവരുത്.'
വിശുദ്ധ ഖുര്‍ ആനില്‍നിന്നുമുള്ള വരികള്‍പോലെയാണ് റെജിമോളുടെ സംസാരം. കരുണ, നന്മ, സ്നേഹം തുടങ്ങിയ വാക്കുകളിലാണ് എല്ലാ സംസാരവും അവസാനിക്കുന്നത്. ഞങ്ങള്‍ റെയില്‍വേസ്റ്റേഷന്‍ സ്റ്റോപ്പില്‍ ഇറങ്ങി കൈവീശി നടന്നുനീങ്ങിയിട്ടും ആ വാക്കുകള്‍ ഒരു ബസ്സുപോലെ ചിന്തയുടെ വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും കടന്ന് ഞങ്ങളെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
2016 ജനുവരി 25-നായിരുന്നു സുന്ദരേശ്വര ബസ്സിലെ ഞങ്ങളുടെ യാത്ര. നന്മയും കാരുണ്യവും പടര്‍ത്തി ബസ്സ് യാത്ര തുടരുന്നു.
Content Highlights: Book excerpt from Ladies compartment
Published: 03 Jul 2025, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented