മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരണക്കൂട്ട് :ഒരു 'ശവംവാരി'യുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.

To advertise here,

ത്തുപതിനൊന്നു വർഷം മുമ്പാണ്. മൂന്നാർ കാന്തല്ലൂർ റൂട്ടിൽ ഹൈവേയിൽനിന്ന് കുറച്ചു മാറി വിജനമായൊരു മലമ്പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബൈക്ക് കണ്ടെത്തി. സമീപത്തെ റിസോർട്ടുകളിലെ ജോലിക്കാരാണ് അതാദ്യം കണ്ടത്.

പൊതുവേ സഞ്ചാരികൾ കുറവുള്ള ഏരിയയാണ്. റിസോർട്ടുകളിലേക്കുള്ള ഗസ്റ്റുകൾ മാത്രമേ ആ വഴി ചെല്ലാറുള്ളൂ. ബൈക്കിരുന്നത് വലിയൊരു പാറയുടെ മുകളിലായിരുന്നു. അവിടന്ന് നൂറ്, നൂറ്റമ്പത് അടി താഴേക്ക് കൊക്കയാണ്. അങ്ങനെയൊരു സ്ഥലത്ത് ആളില്ലാത്ത ബൈക്ക് കണ്ടപ്പോൾ സ്വാഭാവികമായും റിസോർട്ടുകാർ പോലീസിനെ വിവരമറിയിച്ചു.

സംഭവസ്ഥലത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ വ്യക്തമായി. ബൈക്കോടിച്ചയാൾ ഒറ്റയ്ക്കല്ല വന്നത്. ഒപ്പമൊരു യുവതിയും ഉണ്ടായിരുന്നു. ഒരുപക്ഷേ, കമിതാക്കളാകാം. അവർക്ക് എന്തെങ്കിലും അപകടം പറ്റിയതാകാം. അതല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ പാറയുടെ മുകളിൽനിന്ന് ചാടിയതാകാം. അപകടത്തിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ കമിതാക്കൾ ആത്മഹത്യ ചെയ്തു എന്നുതന്നെയായിരുന്നു സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസുകാരുടെ പ്രാഥമിക നിഗമനം.

താഴെ കൊക്കയിൽ ഇറങ്ങിനോക്കാന്നൊക്കെ പറഞ്ഞാൽ ഭയങ്കര റിസ്‌കാ. പോരാത്തതിന് കനത്ത മഞ്ഞും. കുറച്ചപ്പറം നിൽക്കുന്ന ആളെപ്പോലും കാണാൻ വയ്യ. അങ്ങനെയൊരു സാഹചര്യത്തിൽ പോലീസുകാർ പിന്നെന്തു ചെയ്യും?

വൈകിട്ടു വരെ നോക്കിയിട്ടും കാണാതായവരുടെ വിവരമൊന്നുമില്ല. അന്നു രാത്രി ആ മലമുകളിൽ താത്കാലികമായി ക്യാമ്പു ചെയ്യാൻ പോലീസ് തീരുമാനിച്ചു. അതിനിടെ ആ ഏരിയയിൽ മൃതദേഹം എടുക്കുന്നവരുമായിട്ടും അവർ ബന്ധപ്പെട്ടുകൊണ്ടിരുന്നു.

പ്രായമായ ഒരാളായിരുന്നു ആ പ്രദേശത്തു മൃതദേഹമെടുത്തിരുന്നത്.പക്ഷേ, അയാളെക്കൊണ്ട് അത്രയും സാഹസികമായി കൊക്കയിലിറങ്ങാനൊന്നും പറ്റില്ല. സാധാരണയായി മൃതദേഹമെടുക്കുന്നവർ മദ്യപിച്ചിട്ടേ പണിക്കിറങ്ങൂ. പക്ഷേ, അവിടെ അതു പറ്റില്ല. സ്വബോധത്തോടെ ആരും അത്രേം റിസ്‌ക് എടുക്കുകയുമില്ല. സംഭവം നടന്ന സ്ഥലത്ത് മൃതദേഹമെടുക്കാൻ ആരെയും കിട്ടിയില്ലെങ്കിൽ അയൽജില്ലകളിൽനിന്ന് ആളെ കൊണ്ടുവരാറുണ്ട്. അങ്ങനെയൊരാൾക്കായി പോലീസ് അന്വേഷണം നടത്തുമ്പോഴാ ആലുവയിൽ ഒരാളുണ്ടെന്ന് മൂന്നാർ പോലീസ് അറിയുന്നത്. അങ്ങനെ, മൂന്നാറിൽനിന്നൊരു പോലീസ് വണ്ടി അർദ്ധരാത്രി കഴിഞ്ഞപ്പോൾ ആലുവയിലെ എന്റെ വീട്ടിലെത്തി. വെളുപ്പിന് രണ്ടുമണിയോടെ ആ ജീപ്പിൽ ഞാൻ ഹൈറേഞ്ചിലേക്കു പുറപ്പെട്ടു.

നേരേ സംഭവസ്ഥലത്തേക്കാ എന്നെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ അതിരാവിലെ അഞ്ചര മണി. ആളില്ലാത്ത മലമുകളിലായതുകൊണ്ട് അസ്ഥികളൊക്കെ ഐസായിപ്പോകുന്ന തണുപ്പ്. പിന്നെ കൊക്കയിലിറങ്ങാനുള്ള ഒരുക്കങ്ങളായി. ക്രെയിനും ഇരുമ്പുവടവും നെറ്റുമൊക്കെയായി രണ്ടു വണ്ടി ഫയർഫോഴ്സ്, ഫയർഫോഴ്സ് സൂപ്രണ്ട്, കലക്ടറുടെ ചുമതലയുള്ള ആർ. ഡി. ഒ., പോലീസുകാർ, പോലീസ് സർജൻ, സ്ഥലം മെമ്പർമാർ, വേറെയും ചില്ലറ രാഷ്ട്രീയക്കാർ, നാട്ടുകാർ... അങ്ങനെ പലരും എത്തി. പോരാത്തതിന് ഒരുപിടി ചാനലുകാരും പത്രക്കാരും. അഥവാ കാണാതായവരെയെങ്ങാൻ ജീവനോടെ കിട്ടിയാൽ എമർജൻസിക്കായിട്ട് ഫുൾ മെഡിക്കൽ ടീമും ആംബുലൻസും ഒരുക്കിനിർത്തിയിട്ടുണ്ട്.

ഒരുക്കങ്ങളൊക്കെ പൂർത്തിയായപ്പോൾ രാവിലെ പതിനൊന്നു മണി. തണുപ്പ് മാറ്റാനായി ബീഡി ആഞ്ഞുവലിച്ച് ഞാൻ റെഡിയായി. എന്നിട്ടും പല്ലൊക്കെ'കടകടാ'ന്ന് കൂട്ടിയിടിച്ചോണ്ടിരിക്കുകയാണ്. നമ്മക്കിത്രേം തണുപ്പൊന്നും കൊണ്ട് ശീലമില്ലല്ലോ. ഫയർഫോഴ്സുകാരുടെ ജാക്കറ്റ് ബെൽറ്റിട്ട്, വയർലെസ് സെറ്റും വിസിലും ചാക്കുമൊക്കെയായിട്ടാ എന്നെ കെട്ടിയിറക്കുന്നത്. താഴെയിറങ്ങി പോലീസുകാരുമായിട്ട് സംസാരിക്കാനാണ് വയർലെസ് സെറ്റ്. പക്ഷേ, നൂറടി താഴെ അതിനു റെയ്ഞ്ച് കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. നമുക്കെന്തെങ്കിലും അപകടം പറ്റിയാലോ മൃതദേഹം കണ്ടാലോ അടിക്കാനുള്ളതാണ് വിസിൽ.

ചാക്ക് മൃതദേഹം മുകളിലേക്കെത്തിക്കാൻ. ഞാനാദ്യമായിട്ടാ ഹൈറേഞ്ചിൽ പണിക്കിറങ്ങുന്നത്. റോപ്പ് പൊട്ടിയാൽ എന്റെ പൊടിപോലും കിട്ടില്ല. ജീവൻ കൈയിപ്പിടിച്ചുള്ള പരിപാടിയാണ് ചെയ്യുന്നതെങ്കിലും എനിക്ക് വലിയ പേടി തോന്നിയില്ല. ഫയർഫോഴ്സുകാരും പോലീസുകാരുമൊക്കെ മുകളിൽ നിൽപ്പുണ്ടല്ലോ. മാത്രമല്ല, എന്റെ മുന്നിലൊരു ലക്ഷ്യവുമുണ്ട്. അറിഞ്ഞോ അറിയാതെയോ കൊക്കയിൽ വീണുപോയ രണ്ടു മനുഷ്യർക്കായി ദൂരെയെവിടെയോ പ്രിയപ്പെട്ടവർ കാത്തിരിക്കുന്നു.

ക്രെയിനിൽ ഇരുമ്പുവടം കെട്ടി പയ്യപ്പയ്യെ എന്നെ കൊക്കയിലേക്ക് താഴ്ത്തിത്തുടങ്ങി. ഏതാനും അടി കഴിഞ്ഞപ്പോൾ ഞാൻ മുകളിലേക്ക് നോക്കി. ഒന്നും കാണാൻ പറ്റുന്നില്ല!മുകളിൽ നിൽക്കുന്നവരോ ക്രെയിനിന്റെ കൈയോ യാതൊന്നുമില്ല എന്റെ നോട്ടപ്പുറത്ത്. എങ്ങും പുകപോലെ മഞ്ഞു മാത്രം! നേരമത്രയായിട്ടും അതു മലകളെ കെട്ടിപ്പിടിച്ചു കിടപ്പാണ്. ഞാൻ വീണ്ടും താഴേക്കിറങ്ങി. തണുപ്പ് കൂടിക്കൂടിവരികയാണ്. പല്ലിടിക്കുന്നതിന്റെ മാത്രമല്ല, നെഞ്ചിടിക്കുന്നതിന്റെ ശബ്ദവും എനിക്കപ്പോൾ വ്യക്തമായി കേൾക്കാം.

കുറച്ചുനേരം പരിചയിച്ചാൽ ഏതു കൂരിരുട്ടിലും നമുക്കു മുന്നിലൊരു അരണ്ട വെളിച്ചം തെളിഞ്ഞുവരുമല്ലോ. അങ്ങനെ ചിലത് കണ്ണടിച്ചുപോകുന്ന ആ വെളുപ്പിലും മെല്ലെമെല്ലെ എനിക്കു മുന്നിൽ തെളിഞ്ഞുതുടങ്ങി. ആദ്യമൊക്കെ പാറകളുടെ കറുത്ത പൊട്ടും പൊടിയുമായിരുന്നു. പിന്നപ്പിന്നെ അതെല്ലാം അവ്യക്തമായ മലകളായി. അവയ്ക്കിടയിൽ പുല്ലും ചെടിയുമൊക്കെ ഇളകുന്നപോലെ.

'ഇതെന്ത് പണ്ടാറോണ്'എന്ന, ഒരു പിടിത്തോം കിട്ടാത്ത ഏതോ ഭ്രാന്തൻ സ്വപ്നത്തിലേക്ക് ആണ്ടുമുങ്ങിപ്പോകുന്നപോലെയാണ് എനിക്കപ്പോൾ തോന്നിയത്. ഏതാണ്ട് അറുപതടി താഴെയെത്തിയപ്പോൾ തൊട്ടുമുമ്പിലുള്ള പാറയിൽ രക്തം കണ്ടു. പെട്ടെന്ന് വിസിലടിച്ച് സിഗ്നൽ കൊടുത്തു. എന്നിട്ട് അവിടെയിറങ്ങി പരതി. തട്ടുതട്ടായിട്ട് കിടക്കുന്ന കൊക്കയാണ്. വിശദമായിട്ട് പരതിയപ്പോൾ ഞാൻ നിൽക്കുന്നതിന്റെ കുറച്ചപ്പുറം എന്തോ കിടക്കുന്നതു കണ്ടു. അടുത്തു ചെന്നപ്പോൾ ഒരു പെൺകൊച്ചിന്റെ ശരീരം.

തൊട്ടുനോക്കി. ശരീരത്തിലെ ചൂടു മുഴുവൻ വാർന്നുപോയിരിക്കുന്നു. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകൾ ആയിക്കാണണം. മൃതദേഹം ഭദ്രമായി പൊതിഞ്ഞ് മുകളിലേക്ക് വടംവലിക്കാനുള്ള സിഗ്നൽ കൊടുത്ത് വീണ്ടും ഞാൻ തിരച്ചിൽ തുടർന്നു. കൂടെയുണ്ടെന്നു പോലീസുകാർ പറഞ്ഞ ആ പയ്യന്റെ ശരീരം അവിടെങ്ങും ഇല്ലായിരുന്നു.

ക്രെയിനിൽ കെട്ടിയ വടത്തിൽ പിന്നെയും ഞാൻ താഴേക്കിറങ്ങി. ഏതാണ്ടൊരു നൂറടി താഴ്ചയിൽ എത്തിക്കാണും. കീഴ്ക്കാംതൂക്കായ കൊക്കയിൽ നടക്കാനാവുന്നൊരു തട്ടു കണ്ടപ്പോൾ ഞാൻ അവിടെയിറങ്ങി. പുല്ലു വളർന്നുനിൽക്കുന്ന പാറക്കെട്ടുകളാണ്. കുറച്ചുസമയത്തെ തിരച്ചിലിനൊടുവിൽ അതു കണ്ടു;ജീവനറ്റുകിടക്കുന്ന ആ പയ്യന്റെ ശരീരം!വീഴ്ചയുടെ ആഘാതത്തിൽ അത് രണ്ടായി മുറിഞ്ഞുപോയിരുന്നു!

ആ മൃതദേഹം ചാക്കിലാക്കി വടംവലിക്കാനുള്ള വിസിലടിച്ചു. ആരാണെന്നോ എന്താണെന്നോ ഒന്നുമറിയാത്തൊരു പയ്യന്റെ ശരീരം നെഞ്ചോടുചേർത്ത് ആ മലയിടുക്കിൽനിന്ന് മുകളിലേക്കുയരുന്തോറും അവനെന്റെ ആരൊക്കെയോ ആയിത്തീരുന്നപോലെ തോന്നി. മകനു സംഭവിച്ചതൊന്നുമറിയാതെ അവൻ മടങ്ങിയെത്താൻ വൈകുന്നതിൽ ആധി മൂത്ത് ദൂരെയെവിടെയോ ഒരമ്മ ഇപ്പോൾ തീതിന്നിരിക്കുകയാവും. ആ പയ്യന്റെ ജീവന്റെ കാര്യത്തിൽ ഞാൻ തീർത്തും നിസ്സഹായനായിരുന്നു. എന്നാൽ, വീട്ടുകാർക്ക് അവസാനമായൊന്നു കാണാനായി അവന്റെ മൃതദേഹം വീണ്ടെടുത്തുകൊടുക്കാൻ എനിക്കു കഴിഞ്ഞു. ആ ചാരിതാർത്ഥ്യമായിരുന്നു സ്വന്തം ജീവൻ പണയം വെച്ചുള്ള കളിയിൽ എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ കൂലി.

സേഫായി മലമുകളിലെത്തിച്ച മൃതദേഹങ്ങൾ ആദ്യം മൂന്നാറിലെ ഗവൺമെന്റ് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. അത്രയും സാഹസികമായി മൃതദേഹങ്ങളെടുത്ത എന്നെ പോലീസും ഫയർഫോഴ്സും ആർ. ഡി. ഒയും സ്ഥലം മെംബർമാരും നാട്ടുകാരുമൊക്കെ അഭിനന്ദിച്ചു. ആർക്കും ചെയ്യാനാവാത്തത് ചെയ്തൊരാളോടുള്ള സ്നേഹം ചിലരുടെയൊക്കെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ആലുവാപ്പുഴയിൽ മൃതദേഹം തപ്പിയിറങ്ങിയ ചിലരെ നോക്കി ആരാധനയോടെ നിന്ന ഒരു പത്താം ക്ലാസുകാരനെയാണ് എനിക്കപ്പോൾ ഓർമ്മവന്നത്.

ആ പയ്യൻ എന്റെ കണ്ണുകളിലങ്ങനെ തുളുമ്പിനിൽക്കെ നാട്ടുകാരിൽ പലരും എന്നോട് മിണ്ടാൻ വന്നു. പലരും എന്റെ പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു. ആലുവയിൽനിന്ന് മൃതദേഹമെടുക്കാൻ വേണ്ടി മാത്രം ഇത്രദൂരം വന്നുവെന്നു കേട്ടപ്പോൾ പലർക്കും അദ്ഭുതമായി. ചിലരൊക്കെ 'ഇതിരിക്കട്ടെ'എന്നു പറഞ്ഞ് എന്റെ പോക്കറ്റിൽ കാശൊക്കെ ഇട്ടുതന്നു. പോലീസുകാരും എനിക്ക് കാശും നല്ല ഫുഡും തന്നു. ആയിരത്തിയഞ്ഞൂറിലധികം മൃതദേഹങ്ങൾ അതുവരെ ഞാൻ എടുത്തിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും സാഹസികമായെടുത്തത് മൂന്നാറിലെ ആ സൂയിസൈഡ് പോയിന്റിൽനിന്നായിരുന്നു.

സ്വന്തം നാട്ടിൽനിന്നും ഒരുപാടൊരുപാട് അകലെ, മൂന്നാറിലെ ഏതോ മലമുകളിൽ, അതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ ജനക്കൂട്ടത്തിന്റെ മുഴുവൻ സ്നേഹവും അനുഭവിച്ച് സ്വയം മറന്നുനിൽക്കുകയാണ് ഞാൻ. ആ നാട്ടുകാരെ സംബന്ധിച്ച് അതൊരു സൂയിസൈഡ് പോയിന്റായിരിക്കാം. എന്നാൽ എനിക്കത് പ്രത്യാശയുടെ മുനമ്പായിരുന്നു.

അത്രയും തുറസ്സിൽ, അത്രമേൽ ഉയരത്തിൽ, അത്രയേറെ വെളിച്ചത്തിൽ ജീവിതത്തിലൊരിക്കലും ഞാൻ നിവർന്നുനിന്നിട്ടില്ലായിരുന്നു. കൊളുത്തിവലിക്കുന്ന ഇരുട്ടിന്റെ മാളങ്ങളിൽ മുറിവേറ്റ മനസ്സുമായി എലിയെപ്പോലെ ഒളിച്ചിരുന്ന ഇന്നലെകളായിരുന്നു എന്റേത്. ജീവിച്ചിരിക്കുന്ന പകലിന് എത്ര തെളിച്ചമുണ്ടെങ്കിലും കൊഴിഞ്ഞ രാത്രികളുടെ ഇരുട്ട് മറക്കുക വയ്യ. പകലിന്റെ ആരവങ്ങൾക്കിടയിലൂടെ പയ്യപ്പയ്യെ ആ ഇരുളിലേക്ക് എന്റെ ഓർമകൾ ആളിത്തുടങ്ങി.