രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുൾ ഹമീദ് എന്ന വാസ്തുശിൽപ്പിയുടെ അസാമാന്യമായ ജീവിതകഥ പറയുന്ന പുസ്തകമാണ് അഷ്റഫ് കാനാമ്പുള്ളി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അസ്തമയ ശോഭകൊണ്ടൊരു വാസ്തുശില്പം. പുസ്തകത്തിന് കൽപറ്റ നാരായണൻ എഴുതിയ അവതാരിക.
പണ്ടുപണ്ട്, നാട്ടുരാജ്യങ്ങൾ നിലനിന്നിരുന്ന കാലം. പ്രജകളിലൊരാളോ സേവകരിലൊരാളോ കുറ്റം ചെയ്തതായി ചാരന്മാരിലൂടെ അറിഞ്ഞാൽ രാജാവ് കുറ്റവാളിയെത്തന്നെ ദൂതനാക്കി സുഹൃദ്രാജ്യങ്ങളിലൊന്നിലേക്ക് അയയ്ക്കും. ലഘുവായ ഒരു വാക്യമേ കൈയിലേൽപ്പിക്കപ്പെട്ട സന്ദേശത്തിലുണ്ടാവൂ, 'ഇയാളെ വൈകാതെ വധശിക്ഷയ്ക്ക് വിധേയനാക്കുക.' നിരക്ഷരനായ ദൂതൻ തന്നെ ഏൽപ്പിച്ച ദൗത്യവുമായി പരമാവധി വേഗത്തിൽ തന്റെ മരണത്തിലേക്ക് എത്തിച്ചേരും, രാജനിയോഗമല്ലേ? ആ ദൂതൻ നിരക്ഷരനല്ലെങ്കിലോ? താൻ വഹിച്ച ചുമതലയെന്തെന്ന് വായിച്ചു മനസ്സിലാക്കിയാലും അയാൾക്കാ ദൗത്യനിർവ്വഹണത്തിൽനിന്ന് പിന്തിരിയാനാവില്ല. തന്റെ തലയിലെഴുത്ത് വായിച്ചറിഞ്ഞു എന്നതയാളുടെ അവസ്ഥയെ ഭേദപ്പെടുത്തുമോ, സംഘർഷഭരിതമാക്കുമോ?
അതയാളുടെ ജീവിതസ്നേഹത്തെ ദീപ്തമാക്കുമോ? നോക്കുക, അജ്ഞാനിയും ജ്ഞാനിയുമായുള്ള അന്തരം തന്റെ വിധിയെന്തെന്ന് വായിച്ചറിയാത്ത നിരക്ഷരനിലും വായിച്ചറിഞ്ഞ സാക്ഷരനിലും നമുക്ക് വായിക്കാനാവുമോ?
മരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതൽ അയാളാക്കിയതേയുള്ളൂ. അയാളിലെ നർമ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. 'ഡയബറ്റിക്സിന്റെ കൗണ്ട് നോക്കിയപ്പോഴാണ് മനസ്സിലായത്, ഒളിമ്പിക്സിൽ ഒരു മത്സരമുണ്ടെങ്കിൽ ഗോൾഡ് മെഡലിന് ഞാൻ അർഹനാകുമായിരുന്നെന്ന്.' മറ്റൊരു ദിവസത്തെ അയാളുടെ ഫേസ്ബുക്ക് കുറിപ്പ്: 'കഴിഞ്ഞ ദിവസത്തെ മഴച്ചാറൽ കണ്ടതിനുശേഷമാണ് നമ്മുടെ കാലാവസ്ഥാവിദഗ്ദ്ധർ വരുംദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് പ്രവചിച്ചത്. ഒന്നും സംഭവിച്ചില്ല. സാങ്കേതിക മികവുള്ള ഉപകരണങ്ങളെയാണോ അതോ ഡിപ്പാർട്ട്മെന്റ് തിരുകിക്കയറ്റിയ ഒരുകൂട്ടം ജ്യോത്സ്യന്മാരെയാണോ അവർ ഈ പ്രവചനത്തിന് ആശ്രയിക്കുന്നതെന്ന് എനിക്കറിയില്ല. മിക്കവാറും എല്ലാരാജ്യങ്ങളിലും മഴ വർഷിക്കുന്ന സമയം മുൻകൂട്ടി അറിയിക്കുകയും പ്രവചിച്ച സമയത്തുതന്നെ കൃത്യമായി വർഷിക്കുകയും ചെയ്യാറുണ്ട്. അവിടെ അവരുടെ കണക്കുകൂട്ടൽ തെറ്റാറില്ല. പ്രവചനത്തിന്റെ കാര്യത്തിൽ നമ്മുടെ കാലാവസ്ഥാനിരീക്ഷകരെക്കാൾ വ്യത്യസ്തനായിരിക്കും എന്റെ ഓങ്കോളജിസ്റ്റ് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. നാളെയാണ് എന്റെ രണ്ടാമത്തെ കീമോ.'
ഇതാണ് ഹമീദ്. വാസ്തുശിൽപ്പിയായ ഹമീദ് പണിയുന്തോറും തകർന്നുവീഴുന്ന ഒരു മന്ദിരത്തെ സർഗ്ഗാത്മകതകൊണ്ട് പ്രതിരോധിച്ചതിന്റെ വിവരണമാണ് ഈ ഫേസ്ബുക്ക് കുറിപ്പുകളിൽ. 'ക്ഷീണം തോന്നിയപ്പോൾ ഒരു ചെക്കപ്പിന് പോയതാണ്. ഡോക്ടർമാർക്ക് ലിംഫോമ ആണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയം തീർന്നു. ഇന്നലെയായിരുന്നു ടെസ്റ്റ്. പോസിറ്റീവാണ്. ഇന്നുതന്നെ കീമോ തുടങ്ങണം.'
തുടർന്ന് ഹമീദ് പറയുന്നത് ആ അനിഷ്ടത്തെക്കുറിച്ചല്ല, ''അഷറഫേ, കാറ് കണ്ടില്ലേ? മിനിയാന്നാണ് ഡെലിവറി എടുത്തത്. ഐ ലൗ ദിസ് കോംപാക്ട് ഡിസൈൻ.'' ഒരു വശത്ത് ഇരുട്ടു പരക്കുമ്പോൾ മറുവശത്ത് പ്രകാശം വർദ്ധിക്കുകയാണ്. മരണത്തിനോട് കൃതജ്ഞരായിരിക്കണം എന്ന് ഈ പുസ്തകത്തിലൊരിടത്തും പ്രകടമായി പറയുന്നില്ലെങ്കിലും വായനക്കാരെക്കൊണ്ട് ദുഃഖത്തോടെയാണെങ്കിലും അങ്ങനെ പറയിക്കുന്ന ഒരു വിചിത്ര നിർമ്മിതിയായി ഒരു 'കോംപാക്ട് ഡിസൈൻ' ആയി ഈ വാസ്തു മാറുന്നു. 'ന്നാ പിന്നെ ങ്ങള് ങ്ങോട്ട് പോരീൻ' എന്ന ഷഹീറിന്റെ വാക്കുകളിൽ അന്വർത്ഥമായി ഈ കുറിപ്പുകൾ തുടങ്ങുന്നു.
രസികനാണ് ഹമീദ്. സുലഭമായ സൗഹൃദം. കാർഡിയാക് സർജൻ മുരളി വെട്ടവും മിംസ് അക്കാദമി ഡയറക്ടർ ഡോ. കെ.കെ. വർമയും ഒരുമിച്ചാണ് കാണാൻ വന്നത്. എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന നഴ്സ് ചോദിച്ചു:
''ഈ വന്ന ഡോക്ടർമാരും എന്റെ ക്ലാസ്മേറ്റ്സ് ആണോ?'' 'ഗ്ലാസ്മേറ്റ്സ്' എന്നായിരിക്കാം ശരിയായ പ്രയോഗം എന്ന് അവളോടു പറഞ്ഞില്ല. എത്ര വ്യക്തികളോടാണ്, എത്ര സംഭവങ്ങളോടാണ്, എത്ര ആഭിമുഖ്യങ്ങളോടാണ്, ഭിന്ന ഭിന്ന ജീവിതമേഖലകളോടാണ് ഹമീദ് ചിയേഴ്സ് പറയുന്നത്. എന്നിലെ ഗതകാലസ്മരണകളെ തട്ടിയുണർത്തുന്നതിൽ കൊൽക്കത്ത നഗരം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. സമ്പത്തു മാത്രമല്ല സമ്പത്ത് (Wealth), സഹൃദയത്വവും നർമ്മബോധവും നിർമ്മാണവാസനയും സ്നേഹശക്തിയും രുചികളും അഭിരുചികളും യാത്രകളും തത്ത്വചിന്തയും അലിവും അറിവും പല പല കൗതുകങ്ങളും എല്ലാം ഹമീദിന്റെ സമ്പന്നതയുടെ നാനാവശങ്ങളാണ്. മരണത്തിനു കൊള്ള ചെയ്യാൻ അത്രയേറെ നേടിവെച്ച ഒരു സമ്പന്നന്റെ കുറിപ്പുകളാണിവ. 'തൂക്കിയിട്ട കുപ്പിയിൽനിന്ന് ഇറ്റിക്കൊണ്ടിരിക്കുന്ന വിലപിടിപ്പുള്ള ദ്രാവകം ശരീരത്തിലേക്ക് പ്രവേശിക്കുന്നതും നോക്കി കിടക്കുകയാണു ഞാൻ. തീരാറായി... ഇന്നത്തെ ക്രിക്കറ്റ് മത്സരം കാണാനുള്ള സമയമാകുമ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തും. ഒരു കൊന്യാക്കിനുള്ള സാദ്ധ്യത കാണുന്നുണ്ട്. ഒന്നിരുന്ന് ആഞ്ഞുവലിക്കുകയും ചെയ്യാം.' ഗുളികകളില്ലാത്ത ഏഴു ദിവസങ്ങളെയാണ് ഹമീദ് പരോൾ എന്നു വിളിച്ചത്. ഈ ദിവസങ്ങളിലാണ് അയാൾ ജീവിതസ്സവാരി നടത്തിയത്.
നഷ്ടപ്പെടുവാൻ ഏറെയുള്ള ഒരാളുടെ സമീപത്താണ് അയാളെ വിലങ്ങണിയിക്കാൻ മരണം കാത്തുനിന്നത്. അതിന്റെ സാന്നിദ്ധ്യം തന്നെ യാതൊന്നിൽനിന്നും തടയുന്നില്ല. വേദനയും രുചിക്കുറവും ഉറക്കമില്ലായ്മയും അയാളുടെ ജീവിതോത്സാഹങ്ങളെ ഒട്ടുംതന്നെ ബാധിക്കുന്നില്ല. മരണത്തിന്റെ മടിയിൽക്കിടന്ന് അയാളെഴുതുന്നു, 'ഞാൻ ജീവിച്ചിരിക്കുന്നുവെന്നും ഊർജ്ജസ്വലനാണെന്നും ഇതിനാൽ നിങ്ങളെ അറിയിക്കുന്നു.'
ഹമീദ് ലിംഫോമയെ എത്ര സൗന്ദര്യാത്മകമായാണ് കാണുന്നതെന്നോർക്കുക:'ലിംഫോമ, ഈ പേരിൽ ഒരു താളമോ സംഗീതമോ അന്തർല്ലീനമായി കിടക്കുന്നു. ഒരു റഷ്യൻ ബല്ലറിനയുടെയോ ഒരു ഗ്രീക്ക് ദേവതയുടെയോ പേരുമായി ലിംഫോമ എന്ന പേര് യോജിക്കുമെന്നാണ് എനിക്കു തോന്നുന്നത്. മാഡം ലിം ഫോമ പ്രകൃതിയുമായി നല്ല അടുപ്പത്തിലാണ്. ഒരിക്കൽ നിങ്ങളുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ ഒരിക്കലും പിന്നെ കൈയൊഴിയില്ല.' ഹമീദ് ജീവനെടുക്കാൻ വന്ന ഈ വിഷകന്യകയെ എത്ര ഹാർദ്ദമായാണ് സത്കരിക്കുന്നതെന്നോർക്കുക. മരണത്തിൽ അത്രയേറെ നഷ്ടപ്പെടുവാനുണ്ടെന്നറിഞ്ഞിട്ടും അയാൾ അവളോട് കുപിതനാവുന്നില്ല. തനിക്ക് സഹജമായ കളിമട്ട് (playfulness) അയാൾ ഒരുഘട്ടത്തിലും കൈവിടുന്നില്ല. മനുഷ്യൻ മരണത്തിലും ജീവിതത്തിലാണ് എന്ന് ഈ കുറിപ്പുകൾ ആവേശത്തോടെ പറയുന്നു.
ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാൾ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്. ഞാൻ അതഭിമുഖീകരിച്ചത് ഇതാ ഈ വിധത്തിൽ സരസമായും സാഹസികമായിട്ടുമാണ്, ഹമീദ് പറയുന്നു, 'കടുകിട വിട്ടുകൊടുത്തില്ല, എങ്കിലും ഞാൻ പരാജയപ്പെട്ടു.'ഓരോ വാക്യത്തിലും സജീവമായ ഈ കുറിപ്പുകൾ മരണത്തെ, ഭാഷകൊണ്ടും പ്രതിരോധിക്കാമെന്നതിന്റെ സാക്ഷ്യവും നൽകുന്നു. മരണം അനുവദിച്ച 'ഹോളിഡെയ്സ്' (പരോൾ) ആണ് ഹമീദ് കലവറയില്ലാതെ ആഘോഷിച്ചത്. തനിക്കുമാത്രം കഴിയുന്നവിധം; കണ്ണുപറിക്കാതെ മരണം നോക്കിനിൽക്കുമ്പോൾ.
Published: 12 Aug 2026, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented