
'ഐ, നോബഡി', 'ഇരുമുടി', 'ഡാഡ്'... മൂന്ന് ഭാഷകൾ, മൂന്ന് സിനിമകൾ. മൂന്നിലും ഒപ്പം അതത് ഭാഷകളിലെ സൂപ്പർതാരങ്ങൾ. അച്ഛൻ-മകൾ ബന്ധം പറയുന്ന ചിത്രങ്ങളിലൂടെ പാൻ-ഇന്ത്യൻ ശ്രദ്ധനേടുകയാണ് കണ്ണൂരുകാരിയായ നക്ഷത്ര സി.എം. ഏഴാം ക്ലാസ് വിദ്യാർഥിനിയായ നക്ഷത്ര, 'ഐ, നോബഡി' എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെയും പാർവതി തിരുവോത്തിന്റെയും മകളായി മലയാളികളുടെ പ്രിയതാരമായി. പിന്നാലെ, തിയേറ്ററിലെത്തിയ രവി തേജയുടെ ഇരുമുടിയുടെ അപ്രതീക്ഷിത വിജയത്തോടെയാണ് നക്ഷത്ര പാൻ-ഇന്ത്യൻ ശ്രദ്ധ നേടുന്നത്. ധനുഷും ചിരഞ്ജീവിയും രശ്മിക മന്ദാനയും ഉൾപ്പെടെയുള്ളവർ നക്ഷത്രയുടെ പ്രകടനത്തെയും സിനിമയെയും പ്രശംസിച്ചു. ഇനി പുറത്തിറങ്ങാനിരിക്കുന്നത് ശിവ രാജ്കുമാർ നായകനാകുന്ന കന്നഡ ചിത്രം 'ഡാഡ്'. ഇതുവരെ ആറ് ചിത്രങ്ങളിൽ അഭിനയിച്ച നക്ഷത്ര സിനിമാ തിരക്കുകൾക്കും അഭിനന്ദന പ്രവാഹത്തിനുമിടെ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിച്ചു.
ധനുഷ് വിളിച്ചു
'ഇരുമുടി'യെക്കുറിച്ച് പ്രശസ്തരും അല്ലാത്തവരുമായ ആളുകൾ നല്ലതു പറയുമ്പോൾ സന്തോഷം തോന്നി. ധനുഷ്, ചിരഞ്ജീവി, രശ്മിക മന്ദാന ഉൾപ്പെടെയുള്ള വലിയ താരങ്ങൾ ചിത്രത്തെ പ്രശംസിച്ചു. ധനുഷ് സർ വീഡിയോ കോൾ ചെയ്തു. എനിക്ക് നിന്റെ അടുത്തുനിന്ന് അഭിനയം പഠിക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് കരഞ്ഞുപോയെന്നും ധനുഷ് സർ പറഞ്ഞു.
വഴിതുറന്ന് റീൽസ്
ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാറുണ്ട്. അതുകണ്ടാണ് 'ഇരുമുടി' ടീം ഓഡിഷന് വിളിച്ചത്. അമ്മയാണ് എന്റെ ഇൻസ്റ്റഗ്രാം മാനേജ് ചെയ്യുന്നത്. റീൽസ് കണ്ട് അമ്മയെ വിളിക്കുകയായിരുന്നു.
തെലുങ്ക് പഠിച്ചു
തെലുങ്ക് കുറച്ചൊക്കെ പഠിച്ചെടുത്തു. 'ഇരുമുടി'യുടെ ഷൂട്ടിനായി ഹൈദരാബാദിലും മറ്റും ഉണ്ടായിരുന്നപ്പോൾ പഠിച്ചതാണ്. അതിന് മുമ്പ് അറിയുമായിരുന്നില്ല. കുറേ ദിവസം അവിടെയുണ്ടായിരുന്നു. അവർ ഇങ്ങോട്ട് പറയുന്നതെല്ലാം മനസിലാവും. അത്യാവശം സംസാരിക്കാനും അറിയാം.
'ഇരുമുടി' ഡയറക്ഷൻ ടീമിൽ ഷെറിൻ എന്നൊരു ചേട്ടനുണ്ടായിരുന്നു. മലയാളിയാണ്. തെലുങ്കും തമിഴും കന്നഡയും ഉൾപ്പെടെയുള്ള ഭാഷകൾ അറിയാം. ചേട്ടൻ തെലുങ്ക് മലയാളത്തിൽ എഴുതിത്തരും. ഞാൻ അത് പഠിച്ച് പറയും.
'ഇരുമുടി'യിൽ തെലുങ്ക് ഡബ്ബ് സ്വയം ചെയ്തതാണ്. ഷൂട്ടിങ്ങിന്റെ സമയത്ത് ഷെറിൻ ചേട്ടൻ പഠിപ്പിച്ച് തന്നത് ഓർമയുണ്ടായിരുന്നു. നേരത്തെ പഠിച്ചതുകൊണ്ട് ഡബ്ബിന് പോകുമ്പോൾ ബുദ്ധിമുട്ട് തോന്നിയില്ല. ഡയലോഗുകൾ എല്ലാം മനസിലുണ്ടായിരുന്നു. അപ്പോഴേക്ക് തെലുങ്ക് മനസിലാക്കാനും അത്യാവശ്യം പറയാനും തുടങ്ങിയിരുന്നു.
'ഇരുമുടി' കണ്ടത് ഹൈദരാബാദിൽ
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വലിയ പ്രൊമോഷൻ പരിപാടികൾ ഉണ്ടായിരുന്നു. ആദ്യമായാണ് അങ്ങനെയുള്ള പരിപാടിയിൽ പങ്കെടുക്കുന്നത്. വളരെ ആവേശത്തിലായിരുന്നു ഞാൻ. അത്രവരെ എത്തിയതിൽ സന്തോഷം തോന്നി. ഹൈദരാബാദിലാണ് സിനിമ കണ്ടത്. സംവിധായകൻ ശിവ നിർവാണയും അദ്ദേഹത്തിന്റെ ഭാര്യയും ആദ്യ ഷോ കാണാൻ കൂടെയുണ്ടായിരുന്നു. അമ്മയും അങ്കിളും സിനിമ കാണാൻ വന്നിരുന്നു. അനിമൽ ഡയറക്ടർ സന്ദീപ് റെഡ്ഡി വാങ്കയും സിനിമ കാണാൻ എത്തിയിരുന്നു.
ഗ്ലിസറിൻ ഇല്ലാതെയും കരയും
ഡയറക്ടർ ശിവ സർ അടിപൊളിയാണ്. എല്ലാം നന്നായി പറഞ്ഞുതരും. ആദ്യമൊക്കെ ഇംഗ്ലീഷിലായിരുന്നു പറഞ്ഞുതന്നിരുന്നത്. തെലുങ്ക് മനസിലാവാൻ തുടങ്ങിയപ്പോൾ ആ ഭാഷയിലേക്ക് മാറി. ഇമോഷണൽ സീനിൽ കരയണമെങ്കിൽ ചിലപ്പോൾ ഗ്ലിസറിൻ ഇടും. അല്ലെങ്കിൽ സ്വയം ആ മൂഡിലേക്ക് വരും. ഒരു ഇമോഷണൽ സീൻ എടുക്കുമ്പോൾ, ഗ്ലിസറിൻ ഇട്ടോ കരയേണ്ടതല്ലേ എന്ന് അമ്മയായി അഭിനയിക്കുന്ന പ്രിയ മാം എന്നോട് ചോദിച്ചു. ഞാൻ ഗ്ലിസറിൻ വേണ്ട എന്ന് പറഞ്ഞു. മൂഡുണ്ടെങ്കിൽ എനിക്ക് ഗ്ലിസറിൻ വേണ്ട. ഞാൻ കരഞ്ഞ് അഭിനയിച്ചു. അതിനെക്കുറിച്ച് പ്രിയ മാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
രവി തേജയ്ക്ക് മകളെപ്പോലെ
മാസ് മഹാരാജ എന്നാണ് രവി തേജ സർ അറിയപ്പെടുന്നത്. അദ്ദേഹത്തെ എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. നല്ല ഫ്രണ്ട്ലി ആണ് അദ്ദേഹം. പാവം മനുഷ്യനാണ്. നമ്മളോട് നന്നായി അടുത്ത് പെരുമാറും. കോമഡിയൊക്കെ പറയും. അദ്ദേഹത്തിന്റെ മകളെപ്പോലെയാണ് എന്നെ കണ്ടത്. അദ്ദേഹത്തിന്റെ മകളും അടിപൊളിയാണ്. ഇടയ്ക്ക് അവർ സാറിന്റെ കൂടെ സെറ്റിൽ വരും. എന്നെ കാണുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ തരും. അതുപോലെ തന്നെയാണ് രവി തേജ സാറും.
ഒറ്റ ടേക്കിൽ ഓക്കേ
'ഇരുമുടി'യുടെ കഥ ആദ്യം തന്നെ പറഞ്ഞുതന്നിരുന്നു. ആദ്യം കേട്ടപ്പോൾ കുറേ ചെയ്യാൻ ഉണ്ടെന്നൊന്നും മനസിലായില്ല. 'ഐ, നോബഡി' ചെയ്യുമ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്നൊക്കെ തോന്നി. പിന്നീടാണ് ശിവരാജ്കുമാർ സാറിനൊപ്പം 'ഡാഡ്' ചെയ്തത്. അതിലും വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. അതിന് ശേഷമാണ് 'ഇരുമുടി'യിൽ അഭിനയിക്കുന്നത്. അതുകൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ചെയ്യാൻ സാധിച്ചു.
ചെറിയ പേടിയുണ്ടായിരുന്നു. കുറേ ഇമോഷണൽ സീനുകൾ ഉണ്ട്. അത് നന്നായി ചെയ്യാൻ കഴിയുമോ, തെറ്റിയാൽ വഴക്ക് കേൾക്കുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. എന്നാൽ, സംവിധായകനുമായി അടുത്തപ്പോൾ ആ പേടിയെല്ലാം പോയി. ശിവ സാറിനെ എനിക്ക് നല്ല ഇഷ്ടമാണ്.
ഷെറിൻ ചേട്ടൻ വരുന്നതിന് മുമ്പ് തെലുങ്ക് പഠിപ്പിക്കാൻ ഒരു ചേച്ചിയാണ് ഉണ്ടായിരുന്നത്. രമ്യ എന്നാണ് പേര്. ചേച്ചി മലയാളിയാണ്. മൂന്നുമാസം എന്റെ കൂടെ വീട്ടിൽനിന്ന് ഡയലോഗുകൾ പഠിപ്പിച്ചു. അതിന് ശേഷമാണ് ഷൂട്ടിങ്ങിന് പോയത്.
ഞാൻ ചെയ്തത് തെറ്റിയത് കൊണ്ട് പിന്നെയും ടേക്ക് പോയ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. തെലുങ്ക് ആയതുകൊണ്ട് ഭാഷ വഴങ്ങാൻ കുറച്ച് സമയം എടുക്കും. അതുകൊണ്ട് ഡയലോഗ് നേരത്തെ പഠിച്ചുവെക്കും. അങ്ങനെയുള്ള സീനൊക്കെ ചിലപ്പോൾ ഒന്നോ രണ്ടോ ടേക്കിൽ ശരിയാക്കും. കുറേ ടേക്കുകൾ പോവുന്നതിൽ ശിവ സാറിന് കുഴപ്പമൊന്നുമില്ല. എത്രവേണമെങ്കിലും ടേക്ക് എടുത്തോളൂ, ശരിയായി ചെയ്താൽ മതി എന്ന് മാത്രമാണ് സർ പറഞ്ഞത്.
കുഴക്കിയ സീൻ
ട്രെയ്ലറിൽ ഒരു സീൻ ഉണ്ടായിരുന്നു. സൈക്കിൾ ഓടിച്ചുപോവുമ്പോൾ വീഴുന്ന സീൻ. ആകെ ചെളിയും വെള്ളവുമായിരുന്നു. എങ്ങനെയാ വീഴുക എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. സൈക്കിൾ ഓടിച്ചുവരുമ്പോൾ പെട്ടെന്ന് വീഴാൻ പറഞ്ഞു. ബോധപൂർവം എത്ര ശ്രമിച്ചിട്ടും എനിക്ക് വീഴാൻ പറ്റിയില്ല. അപ്പോൾ സൈക്കിൾ ഓടിച്ചുവരുന്നതും വീഴുന്നതും വേറെ ഷോട്ടുകളായി എടുക്കാം എന്ന് പറഞ്ഞു. അതായിരുന്നു കുറച്ച് കുഴക്കിയ സീൻ. പക്ഷേ, അത് അടിപൊളിയായി കിട്ടി. ചെളിവെള്ളത്തിൽ വീഴാൻ ചെറിയ മടിയുണ്ടായിരുന്നു.
സിലേരുവിലെ ഷൂട്ടിങ്
ആന്ധ്രാപ്രദേശിലെ സിലേരുവിലായിരുന്നു കൂടുതലും ഷൂട്ടിങ്. ആദ്യം പത്ത് ദിവസം ഷൂട്ട് ചെയ്തു. മാവോയിസ്റ്റുകളുടെ പ്രശ്നത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തി നാട്ടിലേക്ക് വന്നു. ഒരുമാസം ഷൂട്ടിങ് ഉണ്ടായില്ല. ഒരുമാസത്തോളമായിരുന്നു സിലേരുവിലെ ഷൂട്ടിങ്.
കുറച്ച് അപകടം ഉള്ള സ്ഥലങ്ങളിൽ ഒക്കെ ഷൂട്ടിങ് ഉണ്ടായിരുന്നു. പേടിയുണ്ടായില്ല. ഡാമിന് മുകളിലിരുന്ന് മീൻ പിടിക്കുന്ന സീൻ കണ്ട് ഡയറക്ടർ കരഞ്ഞുപോയി. വെള്ളച്ചാട്ടത്തിന് അടുത്ത് പുഴയ്ക്ക് കുറുകെയുള്ള പാലം സെറ്റിട്ടതാണ്. അവിടെ മുതലയൊക്കെയുണ്ടെന്ന് അവർ പറഞ്ഞിരുന്നു.
'മരിച്ച്' അഭിനയിച്ചു
മരിക്കുന്നതും അതിന് ശേഷമുള്ള ചില സീനുകളുമുണ്ടായിരുന്നു. ശ്വാസം എടുക്കാൻ പറ്റില്ല എന്നതായിരുന്നു ആ സീനുകളിലെ പ്രധാന ബുദ്ധിമുട്ട്. സീൻ അവസാനിക്കുന്നത് വരെ ശ്വാസം പിടിച്ച് നിൽക്കണം. ക്ലോസ് ഷോട്ടിൽ ശ്വാസം വിടാൻ പറ്റില്ല. ഏത് ഷോട്ടിൽ ആയാലും പറ്റുന്നത് വരെ മാത്രം പിടിച്ചുവെച്ചാൽ മതി, കുഴപ്പമില്ല എന്ന് ശിവ സർ പറഞ്ഞു. എങ്കിലും കുറേ നേരം ശ്വാസം പിടിച്ചിരിക്കാൻ എനിക്ക് കഴിഞ്ഞു.
മരിച്ചു കഴിഞ്ഞുള്ള സീൻ എടുക്കുമ്പോൾ രസകരമായ ഒരു സംഭവമുണ്ടായി. രവി തേജ സാറിന്റെ ഒരു ഇമോഷണൽ സീൻ ആയിരുന്നു. കട്ട് പറഞ്ഞ ശേഷം ഡയറക്ടർ വന്ന് എന്നോട് ചോദിച്ചു, രവി തേജ സാറിന്റെ പൊസിഷൻ പറഞ്ഞു തരാമോ എന്ന്. കണ്ണുംപൂട്ടി നിൽക്കുന്ന ഞാൻ എങ്ങനെ പൊസിഷൻ പറയാൻ ആണെന്ന് ഞാൻ ശിവ സാറിനോട് ചോദിച്ചു. അതുകേട്ടതും സെറ്റിലുള്ള എല്ലാവരും ചിരിക്കാൻ തുടങ്ങി.
മരിച്ചുകിടക്കുന്ന സീൻ തിയേറ്ററിൽ കണ്ടപ്പോൾ അമ്മയ്ക്ക് വിഷമമായി. ഇനിയത് ടി.വിയിൽ വന്നാൽപ്പോലും കാണില്ല എന്നാണ് അമ്മ പറയുന്നത്. അമ്മ കരഞ്ഞാണ് സിനിമ കണ്ട് ഇറങ്ങിയത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ ഡയറക്ടർ സാറ് കരയുന്നുണ്ടായിരുന്നു. ഞാൻ സാറിനെ കളിയാക്കി. സെക്കൻഡ് ഹാഫിൽ ഞാനായിരുന്നു ഇരുന്ന് കരഞ്ഞത്, അതുകൊണ്ട് സാറ് എന്നെ കുറേ കളിയാക്കി.
സിനിമയിലെ ലെജൻഡറി അച്ഛന്മാർ
അയ്യപ്പനെക്കുറിച്ചും ശബരിമലയെക്കുറിച്ചും സിനിമയിൽ പറയുന്നുണ്ടെങ്കിലും ശരിക്കും 'ഇരുമുടി' അതിനെക്കുറിച്ച് അല്ല. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ. സമൂഹത്തിൽ പെൺകുട്ടികളെ എങ്ങനെ പരിഗണിക്കണം, വളർത്തണം എന്നൊക്കെയാണ് സിനിമ പറയുന്നത്. അയ്യപ്പനെക്കുറിച്ച് ഒരു നല്ല സീൻ ഉണ്ടായിരുന്നു, പക്ഷേ അത് സിനിമയിൽ ഇല്ല. കട്ട് ചെയ്തുപോയി.
'ഐ നോബഡി', 'ഇരുമുടി', 'ഡാഡ്'. ഇവ മൂന്നും അച്ഛൻ- മകൾ ബന്ധം പറയുന്ന സിനിമയാണ്. മൂന്ന് ലെജൻഡായിട്ടുള്ള നടന്മാരുടെ മകളായി അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
'ഇരുമുടി'യിൽ സ്വാസിക, 'ഡാഡി'ൽ സുരാജ് വെഞ്ഞാറമ്മൂട്
'ഇരുമുടി'യിൽ സ്വാസിക മാമുമായി സീൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ സെറ്റിൽ കണ്ടപ്പോൾ അടുത്തുവന്ന് സംസാരിച്ചു. നല്ല സ്വീറ്റാണ് ആള്. 'ഡാഡി'ൽ സുരാജ് വെഞ്ഞാറമ്മൂട് സാറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെതും നല്ല പെരുമാറ്റമായിരുന്നു.
ഡാൻസ് പഠിച്ചിട്ടില്ല
ഡാൻസ് ക്ലാസിൽ പോയി പഠിച്ചിട്ടില്ല. എന്റെ റീലും സിനിമയിലെ ഡാൻസുമെല്ലാം കണ്ടിട്ട് ആളുകൾ ചോദിച്ചിട്ടുണ്ട്, പഠിക്കാൻ പോയിട്ടുണ്ടോ എന്ന്. ഇഷ്ടത്തിനും താല്പര്യത്തിന്റെയും പുറത്താണ് ഡാൻസ് ചെയ്യുന്നത്. സാധാരണ മറ്റുള്ള സിനിമകളിലെ പാട്ടിന് ഞാൻ ഡാൻസ് ചെയ്ത് റീൽ ചെയ്യാറാണ് പതിവ്. എന്നാൽ, 'ഇരുമുടി'യിലെ 'ഇരുമുടിക്കെട്ട്' എന്ന പാട്ട് ഇറങ്ങിയപ്പോൾ, എന്റെ സ്റ്റെപ്പുകൾ മറ്റുള്ളവർ റീലായി ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ശേഖർ വി.ജെ, ബാബാ ഭാസ്കർ എന്നിവരായിരുന്നു ചിത്രത്തിന് കോറിയോഗ്രഫി ചെയ്തത്. അവർ നല്ല കമ്പനിയായിരുന്നു. സ്റ്റെപ്പുകൾ പറഞ്ഞു തന്നു. ഞാൻ പെട്ടെന്ന് തന്നെ പഠിച്ചു.
അമ്മയുടെ ആഗ്രഹം
ഞാൻ നല്ലൊരു നടിയാവണം എന്നത് അമ്മയുടെ ആഗ്രഹമാണ്. അമ്മയാണ് എന്നെ എല്ലാകാര്യത്തിലും സഹായിക്കുന്നത്. എന്തു പറഞ്ഞാലും ചെയ്തു തരും. എല്ലാത്തിനും അമ്മ തന്നെ വേണം.
റീൽ ചെയ്യാൻ അമ്മ പാട്ട് സെലക്ട് ചെയ്യും. എന്നോട് ചെയ്യാൻ പറയും. അതും ചെയ്ത് ഞാനങ്ങ് പോവും. ബാക്കിയെല്ലാം അമ്മയാണ് ചെയ്യുന്നത്.
'ഇരുമുടി'യും 'നോബഡി'യും
'ഇരുമുടി' തിയേറ്ററിൽ ഓടുമ്പോൾ തന്നെയാണ് 'ഐ, നോബഡി' ഒ.ടി.ടിയിൽ ഇറങ്ങിയത്. കണ്ണൂർ ടൗണിൽ പോയപ്പോൾ സിനിമ കണ്ടവർ അഭിപ്രായം ഒക്കെ പറഞ്ഞു. അടിപൊളിയായി എന്നൊക്കെ പറഞ്ഞു. സ്കൂളിലെ അധ്യാപകർ വിളിച്ച് നല്ലത് പറഞ്ഞു.
കണ്ണൂർ എടക്കാട് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എൽ.കെ.ജി. മുതലാണ് കലാപരിപാടികളിൽ താത്പര്യം കാണിച്ചുതുടങ്ങിയത്. നാലാം ക്ലാസിലാണ് കടമ്പൂർ സ്കൂളിലേക്ക് മാറിയത്. അതിന് ശേഷമാണ് സിനിമയിൽ അവസരം ലഭിച്ചത്. അന്നുതൊട്ടേ എല്ലാവരും നല്ല പിന്തുണയാണ്. ഇപ്പോൾ ഷൂട്ടിങ് തിരക്കൊക്കെ കഴിഞ്ഞ് നാട്ടിലാണ് ഉള്ളത്.
Content Highlights: Seventh-grade student Nakshatra C.M. from Kannur has captured pan-Indian attention through her standout performance in the Telugu film 'Irumudi' alongside Ravi Teja. Prominent Indian cinema personalities including Dhanush, Chiranjeevi, and Rashmika Mandanna praised her acting, with Dhanush even making a video call to appreciate her performance. Initially discovered through her Instagram reels managed by her mother, Nakshatra learned Telugu specifically for this role and dubbed for the film in her own voice. Having previously starred in 'I, Nobody' with Prithviraj Sukumaran and an upcoming Kannada movie 'Dad' with Shiva Rajkumar, she has already established a strong presence as a talented child actor. Despite her rising film schedule and wide acclaim, Nakshatra remains grounded and continues her education at Kadambur Higher Secondary School in Kannur with full support from her family and teachers.
Published: 29 Aug 2026, 04:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented