1981-ലാണ് തിഹാർ ജയിലറായി ഞാൻ ചുമതലയേൽക്കുന്നത്. സുനിൽ ബത്രയെ ആദ്യമായി ഞാൻ കാണുന്നത് അവിടെവച്ചാണ്. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ അംഗമാണ് അയാൾ. കൊലപാതകക്കേസിലാണ് തിഹാറിലാവുന്നത്. ജയിൽ അഡ്മിനിസ്ട്രേഷൻ ശരിയായ രീതിയിലല്ല നടക്കുന്നത് എന്നാരോപിച്ചുകൊണ്ടുള്ള പരാതി ഉന്നതതലങ്ങളിലേക്ക് അയക്കുക എന്നതായിരുന്നു സുനിൽ ബത്രയുടെ പ്രധാനപരിപാടി. അയാൾ നല്ലൊരു പോരാളിയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുനിൽ അപ്പീലുകളുടെ പേമാരിയാൽ ജീവപര്യന്തമാക്കി തന്റെ ശിക്ഷ കുറച്ചു. യുവാക്കളായ സഹതടവുകാരെ ലൈംഗികമായി ഉപയോഗിക്കുക എന്നത് അയാളുടെ സ്വഭാവമായിരുന്നു. ആനൽ സെക്സിനു നിർബന്ധിക്കുന്ന സുനിൽ ബത്രയെ മറ്റുതടവുകാർ ഭയപ്പെട്ടു. ആരും അയാൾക്കെതിരെ പരാതിപ്പെടാനും പോകുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കരിയറിന്റെ തുടക്കത്തിലെ ഏറ്റവും വലിയ തലവേദനയായിരുന്നു സുനിൽ ബത്ര. ഞാൻ വരുന്ന കാലത്ത് തിഹാർ ഭരിക്കുന്ന കുറ്റവാളികളിൽ പ്രമുഖനാണ് ബത്ര.

പ്രേംശങ്കർ ശുക്ലയെ എനിക്കാരും പരിചയപ്പെടുത്തിത്തരേണ്ടി വന്നിട്ടില്ലായിരുന്നു. വഞ്ചനാക്കുറ്റത്തിനാണ് തിഹാറിലെത്തിയത്. ശുക്ലയുടെ കേസുകളൊക്കെ വിചാരണവേളയിൽ അയാൾ സ്വന്തമായിരുന്നു വാദിച്ചിരുന്നത്. വളരെ അപകടകാരിയായ മനുഷ്യൻ. ജമ്മു-കാശ്മീർ ശ്രീനർ പോലീസ് സ്റ്റേഷനിൽ അയാൾക്കെതിരെ ഒരു കേസുണ്ടായിരുന്നു. അവിടുത്തെ ജയിൽ ഡി ഐ ജിയോട് തന്റെ കേസ് ഫയൽ കാണണമെന്ന് ആവശ്യപ്പെട്ടു ശുക്ല. ഡി.ഐ.ജി ഫയൽ വായിക്കാൻ കൊടുത്തു. ഫയലുമായി അയാൾ കടന്നുകളയുകയായിരുന്നു. പിടിക്കപ്പെട്ടപ്പോൾ അതെല്ലാം ശുക്ല നിഷേധിച്ചു.

അൻവർ അഹ്മദിന്റെ പേരിൽ എണ്ണിത്തീരാവുന്നതിലുമത്രയും കേസുകളുണ്ടായിരുന്നു. ആൾമാറാട്ടം, വഞ്ചന, കസ്റ്റഡിയിൽ നിന്നും ചാടിപ്പോകൽ തുടങ്ങി ഇല്ലാത്ത കേസുകളില്ല. ജയിൽ സ്റ്റാഫിനെതിരേ നിരന്തരം പരാതി ഉന്നയിക്കലായിരുന്നു അൻവറിന്റെ ജയിലിലെ പ്രധാന തൊഴിൽ. പോരാത്തതിന് അവരുടെ പോക്കറ്റിലെ പൈസയും അടിച്ചുമാറ്റും. ഒരിക്കൽ ജയിൽ സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് ജയിൽ ചാടി. അധികം താമസിയാതെ അൻവറിനെ പിടികൂടിയ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ വളരെ വിചിത്രമായ മറുപടിയാണ് അയാൾ പറഞ്ഞത്. യഥാർഥത്തിൽ അയാൾ ജയിൽ ചാടിയതല്ല, രാത്രിയിൽ സി.ബി.ഐ വന്ന് അയാളെ തട്ടിക്കൊണ്ട് പോയതായിരുന്നത്രേ. അവർക്ക് അയാളിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ടായിരുന്നത്രേ. വളരെ നാടകീയമായിട്ടായിരുന്നു അയാൾ ആ സംഭവം കോടതിയിൽ അവതരിപ്പിച്ചത്.

സുരേന്ദ്രർ ഗ്രോവർ തിഹാറിലെത്തിയത് കൊലപാതകക്കുറ്റത്തിലാണ്. സ്വാഭാവികമായും മറ്റുള്ളവരെപ്പോലെത്തന്നെ ഗ്രോവറും ആദ്യം പരാതി നല്കിയത് ജയിൽ സ്റ്റാഫിനെതിരായാണ്. നിയമപരമായി അനുവദിച്ചുകൊടുക്കാൻ കഴിയാത്ത ആവശ്യങ്ങളായിരുന്നു ഗ്രോവർ ഉന്നയിച്ചുകൊണ്ടിരുന്നത്. നിരവധി കോടതികളിൽ അനവധി കേസുകൾ എനിക്കെതിരേ അയാൾ കൊടുത്തു. അയാളുടെ പരാതികൾ കള്ളമാണെന്ന് കണ്ടെത്താൻ കോടതിയ്ക്ക് അനായാസം കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ കേസുകളും വിഫലമായി.

പിന്നെ ഗ്രോവർ അതിവിചിത്രമായ ഒരു അപ്പീലാണ് നല്കിയത്. അതും നോവിസ് പ്രിടെക്സ്റ്റിലൂടെ! ഇത്രയും കാലം തന്റെ പേരിൽ വന്ന പരാതിയൊന്നും താൻ കൊടുത്തതല്ല, അങ്ങനെ കൊടുക്കാൻ ആരെയും ഏൽപിച്ചിട്ടില്ല എന്നായി വാദം. സുപ്രീംകോടതി ഒരു സെഷൻസ് ജഡ്ജിനെ അന്വേഷണത്തിനായി നിയമിച്ചു. ഗ്രോവറെ ഭയന്ന് ജയിൽ ഓഫീസർ അയാൾക്കനുകൂലമായി മൊഴികൊടുത്തു. ഗ്രോവർ വീണ്ടും അപ്പീലുമായി ഇറങ്ങിയപ്പോൾ കോടതി അത് നിരാകരിച്ചു.

മുഹമ്മദ് ഹാഷ്കിം തികച്ചും വിചിത്രമായ സ്വഭാവക്കാരനായിരുന്നു. മെന്റക്സ് ഗുളിക (ഉറക്കഗുളിക) രാത്രി കഴിക്കാനുണ്ടായിരുന്നു അയാൾക്ക്. ഗുളിക കഴിച്ച് അയാൾ കിടക്കും. സഹതടവുകാരൻ ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ എഴുന്നേറ്റ് ഉറങ്ങുന്നയാളെ തലങ്ങും വിലങ്ങും മർദ്ദിക്കും. പിറ്റേന്ന് പകൽ ഒന്നും സംഭവിക്കാത്തതുപോലെ അയാളുടെ തോളിൽ കയ്യിട്ട് നടക്കും. പലപ്പോഴും ഗുളിക കഴിച്ച് ഹാഷ്കിം ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സഹതടവുകാരൻ ഉറങ്ങുക. പക്ഷേ സമയം തെറ്റാതെ മർദനം മുറപോലെ നടക്കും. ബ്ളേഡാണ് ജയിലിലെ മാരകായുധം. ഒരു ദിവസം ഹാഷ്കിം കൂടെയുള്ളയാളെ ബ്ളേഡുകൊണ്ട് മുറിവേൽപിച്ചു. ഇതേപ്പറ്റി ചോദിച്ചപ്പോള ഹാഷ്കിം ഒന്നുമറിയാത്തതുപോലെ കൈമലർത്തി.

ഹാരിസ് നെറ്റോ എന്നൊരു തടവുകാരനുണ്ടായിരുന്നു. ലീഗൽ വിഭാഗത്തിൽ എനിക്ക് അയാൾ നല്ലൊരു സഹായമായിരുന്നു. നന്നായി ടൈപ്പ് ചെയ്യും. ചാരക്കേസിലാണ് അകത്തായത്. എപ്പോഴും പറയുമായിരുന്നു തന്നെ ആരോ ചതിച്ചതാണ് എന്ന്. ഒരിക്കലും ചാരപ്പണി ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അയാൾ ആവർത്തിച്ചുകൊണ്ടേയിരിക്കുമായിരുന്നു. ജയിൽ എന്നത് കോടതി നടപടികൾ പൂർത്തിയായതിന് ശേഷമുള്ള ഇടമാണല്ലോ. സത്യം തെളിയേണ്ടത് കോടതിയിലാണ്. അതുകൊണ്ടുതന്നെ അയാളെ കേട്ടിരിക്കാൻ മാത്രമേ എനിക്കു സാധിക്കുമായിരുന്നുള്ളൂ. വളരെ നല്ല അനുസരണാശീലമുള്ള, അച്ചടക്കമുള്ള ഒരു തടവുകാരനായിരുന്നു അയാൾ. ഉപാധികളോടെ കോടതി അയാൾക്ക് ജാമ്യം അനുവദിച്ചെങ്കിലും അയാൾക്കെതിരേയുള്ള കേസ് നിലനിന്നു. പ്രിസൺ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്കൊക്കെ മറുപടി തയായറാക്കുമ്പോൾ ലീഗൽ അഡൈ്വസർ എന്ന നിലയിൽ ഹാരിസ് എനിക്ക് വലിയ സഹായമായിരുന്നു.

സുനില്‍ ബത്ര, പ്രേംശങ്കര്‍ ശുക്‌ള,വിശ്വനാഥ് വര്‍മ, അന്‍വര്‍ അഹ്മദ്...അതിവിചിത്രം തടവുപുള്ളികള്‍!
വര: ശ്രീലാൽ

വിശ്വനാഥ് വർമയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും. ഭാര്യയെ കൊന്ന കേസിലാണ് അയാൾ അകത്താവുന്നത്. താനൊരു ഐ.എഫ്.എസ് ഓഫീസറാണെന്ന് എപ്പോളും വി.എൻ ശർമ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. അയാളുടെ സ്വഭാവത്തിലും പ്രവർത്തിയിലും ഒരു നികൃഷ്ടത പ്രകടമായിരുന്നു. അൻപത്തിയഞ്ച് വയസ്സുണ്ടാവും തിഹാറിലെത്തുമ്പോൾ. ജയിലിലെ ജോലികളൊക്കെ നന്നായി ചെയ്തുതീർക്കും. ഒരിക്കൽ പരോളിലിറങ്ങിയതാണ്. ആ വഴിക്ക് മുങ്ങി. പിന്നെയൊരിക്കലും തിരിച്ചുവന്നിട്ടില്ല. വി.എൻ വർമയുടെ സംസാരത്തിൽ ജീവിതം തന്നെ അയാൾക്കൊരു തമാശയായിരുന്നെന്ന് തോന്നിയിട്ടുണ്ട്.

ജുബീന്ദർ അഥവാ ലുലു എന്ന തടവുകാരൻ ഒരു തലവേദന തന്നെയായിരുന്നു. ആക്രമണോത്സുകത കുറച്ചധികമായിരുന്നു അയാൾക്ക്. ജയിൽ ജീവനക്കാരെയും സഹതടവുകാരെയും ഒരുപോലെ അക്രമിക്കും. എപ്പോൾ, എവിടെനിന്ന് ആക്രമണം കിട്ടും എന്ന് ആർക്കും മുൻകൂട്ടി കാണാൻ കഴിയില്ലായിരുന്നു. ബ്ലേഡായിരുന്നു അയാളുടെയും ആയുധം. ജീവപര്യന്തമായിരുന്നു ശിക്ഷ. ശിക്ഷാകാലാവധിയുടെ ഇളവിനായി ജയിൽ റിവ്യൂ ബോർഡിന്റെ പരിഗണനയിലേക്ക് ലുലുവിന്റെ പേര് വന്നു. പ്രിസൺ അഡ്മിനിസ്ട്രേഷൻ ജുബീന്ദറിനെ പരിഗണിച്ചത് വളരെ വിചിത്രമായി എല്ലാവർക്കും അന്ന് തോന്നി. അയാളെ എങ്ങനെയെങ്കിലും ജയിലിൽ നിന്നും ഒഴിവാക്കിക്കിട്ടുക എന്നതായിരുന്നു ആ ശുപാർശയുടെ പിറകിലെ രഹസ്യം. വല്ല വിധേനയും തടിയൂരുക എന്നൊക്കെ പറയാറില്ലേ. അതായിരുന്നു തിഹാറിൽ ജുബീന്ദറിന്റെ കാര്യത്തിൽ സംഭവിച്ചത്. ശിക്ഷാകാലാവധിയ്ക്കു മുമ്പേ പറഞ്ഞുവിട്ടു.

കുർദീപ് സിങ് അഥവാ ബിട്ട എനിക്കെതിരേ കോടതിയിൽ കേസു കൊടുത്തയാളാണ്. ഞാനും ബിട്ടയും ഒരേ പ്രദേശത്ത് ജീവിച്ചയാളുകളാണ്. ആ പരിചയത്തിൽ അയാൾ എന്റെയടുക്കൽ നിന്നും ഉപകാരങ്ങൾ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ടുതന്നെ എനിക്കെതിരേ നിയമപരമായി നീങ്ങാൻ അയാൾ ശ്രമം നടത്തി. ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് അതിനുമുമ്പേ ഞാൻ എഫ്.ഐ.ആർ സമർപ്പിക്കുകയുണ്ടായി. ഒന്നും നടക്കില്ലെന്നു കണ്ടപ്പോൾ അയാൾ എന്റെ വഴിയ്ക്കു വന്നു. പിന്നെ ഞങ്ങൾ നല്ല 'ടേംസി'ലായി.

കിരൺ, വൈഫ് ഓഫ് പ്രതാപ് സിങ് ഓർത്തിരിക്കേണ്ട പേരാണ്. കുപ്രസിദ്ധമായ സോനുഗ്യാങ്ങിലെ ഏറ്ററവും പ്രായം കുറഞ്ഞ അംഗമായിരുന്നു കിരൺ. പണം കൊള്ളയടിക്കുന്നതിന് പേരുകേട്ട ഗ്യാങ്ങാണ് സോനു. കിരണിന് രണ്ട് ജീവപര്യന്തമുണ്ടായിരുന്നു. തിഹാർ വനിതാജയിലിൽ കിരൺ ഒരുപാട് മാറ്റങ്ങൾ വരുത്തി. നല്ല അച്ചടക്കവും കൃത്യനിഷ്ടയുമൊക്കെ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ കിരണിനെയാണ് അവിടെ ചുമതലപ്പെടുത്തിയത്. വളരെ സ്തുത്യർഹമായിരുന്നു അവരുടെ സേവനങ്ങൾ.

സുനൽ ബത്രയെ സെന്റൻസ് റിവ്യൂ ബോർഡിന്റെ ശുപാർശപ്രകാരം ശിക്ഷാകാലാവധി കുറച്ച് മോചിതനാക്കിയെങ്കിലും മയക്കുമരുന്ന് കടത്തുകേസിൽ വീണ്ടും അകത്തായി. സുനിൽ ബത്രയെ വീണ്ടും തിഹാറിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ അംഗമാണ്, ഒരിക്കൽ മരണം വിധിക്കുകയും പിന്നീടത് ജീവപര്യന്തമാക്കുകയും ആ ജീവപര്യന്തത്തിൽ ഇളവ് ലഭിക്കുകയും ചെയ്ത് സ്വതന്ത്രനായതാണ്. അതേ വേഗത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അതും അല്പം കൂടി കടുപ്പം കൂടിയ കേസുമായി. ഇങ്ങനെയൊക്കെ സാധിക്കണമെങ്കിൽ ബത്ര നന്നായിട്ടു തന്നെ മെനക്കെട്ടിട്ടുണ്ടാവും.

തിഹാറിലെ ഇരുപത് ശതമാനം തടവുകാരും ഇത്തരത്തിലുള്ളവരാണ്. അവർ പുറത്തിറങ്ങുന്ന അതേ വേഗത്തിൽ തന്നെ അകത്തെത്തിയിരിക്കും.അതവർക്ക് ശീലമാണ്. അതിന്റെ പ്രധാനകാരണം വിശപ്പ് എന്ന യാഥാർഥ്യത്തെ അതിജീവിക്കാൻ അകത്തായാലും പുറത്തായാലും കഴിയും എന്നതു തന്നെയാണ്. ബാക്കിയൊന്നും അവരുടെ പരിഗണനയിൽ ഇല്ല. കുടുംബവും സമൂഹവും രാജ്യവുമൊക്കെ വെറുമൊരു മഴവില്ലിന്റെ പ്രതിഫലനം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം. മറ്റൊന്ന് അവർ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് അവരുടെ ക്രിമിനൽ പ്രവർത്തനങ്ങളിലാണ്. എത്ര പ്രയാസപ്പെട്ടാലും ശരി കുറ്റകൃത്യങ്ങളിലൂടെ ധാരാളം പണം കയ്യിൽ വരും എന്ന് അവർക്കറിയാം. ശേഷിക്കുന്ന വിപത്തുകളൊന്നും അവരെ ബാധിക്കുന്നതേയല്ല. സ്വന്തം കഴിവിൽ അവർക്ക് ആത്മവിശ്വാസമില്ല മറിച്ച് ക്രിമിനൽ കൃത്യങ്ങളെയാണ് ആശ്രയിക്കാനിഷ്ടം. അത്തരക്കാർ ജയിലുകളിൽവന്നും പോയും ഇരിക്കും.

തടവുകാരുടെ പൊതുവായുള്ള ഒരു സ്വഭാവം പറയാം. സ്വാർഥതാല്പര്യങ്ങൾക്കായി ഏതറ്റം വരെയും അവർ പോകും. മറ്റൊരു പരിഗണനയും അവർക്കു മുന്നിലില്ല. എപ്പോൾ വേണമെങ്കിലും എവിടെവെച്ചും അവർ ആരെയും ആക്രമിക്കും. തിഹാറിൽ തടവുകാർക്ക് സേവാദാർ പോലുള്ള സ്ഥാനങ്ങൾ കൊടുക്കാറുണ്ട് (തിരഞ്ഞെടുത്തവർക്കു മാത്രം). ഉത്തരവാദിത്തങ്ങൾ ഏൽപിക്കാനാണത്. പക്ഷേ തങ്ങൾ തടവുകാരാണെന്ന കാര്യംപോലും മറന്ന് അവർ ആ സ്ഥാനമുപയോഗിച്ച് മറ്റ് തടവുകാരെ മർദ്ദിക്കും.

ഇരുനൂറ് ഏക്കർ സ്ഥലത്തായി ഒമ്പത് ജയിലുകൾ!ഏതൊരു തടവുകാരനും സ്വന്തം വിശ്വസവും ജീവിതവും സമാധാനമായി പുലർത്തിക്കൊണ്ടുപോകാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപത്തിലെ തിഹാർ. ഹിന്ദു മുസ്ലിം വിവേചനങ്ങളില്ലാതെ അവരവരുടെ പ്രാർഥനയും വിശ്വാസവുമായി ജീവിക്കാം. അല്ലാതെ ധാരാളം ചെറിയ ആരാധനാലയങ്ങളും തിഹാറിലുണ്ട്. നിരീശ്വരവാദിയായ ഒരു തടവുകാരൻ ജയിൽവാസത്തിനിടയിൽ തികഞ്ഞ ഹിന്ദുഭക്തനായ സംഭവവും ഞാൻ കണ്ടിട്ടുണ്ട്. മുസ്ലിം തടവുകാർക്ക് നമസ്കരിക്കാനുള്ള വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങൾ എല്ലാ വാർഡിലും ഒരുക്കിയിട്ടുണ്ട്. തിഹാറിലെ മൊത്തം തടവുകാരിൽ ഇരുപത്തിനാല് ശതമാനം മുസ്ലിങ്ങളാണ്. വിശേഷദിവസങ്ങളിൽ ഹിന്ദുക്കളും മുസ്ളിങ്ങളും പരസ്പരം സമാധാനാന്തരീക്ഷം പുലർത്തിക്കൊണ്ടുള്ള ആഘോഷങ്ങളും പതിവാണ്.

ആദ്യമായി തടവറയിലെത്തുന്ന വ്യക്തി തീർച്ചയായും നിരാശാഭരിതനായിരിക്കും. വിഷാദമുണ്ടാകും അയാൾക്ക്. അപ്പോൾ ആദ്യം കൗൺസിലിങ് നല്കുന്നത് അയാളുടെ സഹതടവുകാരനാണ്. തന്റെ കഥ പുതിയ ആളോട് പറയുമ്പോൾ അയാൾ കൂടുതലായും ശ്രമിക്കുക പുതിയവന്റെ അവസ്ഥയെ നിസ്സാരമായിക്കാണാനാണ്. ഇത്രാമത്തെ വയസ്സിൽ വന്നതാണ് ഞാൻ, ഇത്ര കാലമായി, മക്കൾ വലുതായി, ഭാവിയെന്താകുമെന്നറിയില്ല തുടങ്ങിയ വർത്തമാനങ്ങൾ അവർക്കിടയിൽ വരുമ്പോൾ പുതിയ ആളെ സംബന്ധിച്ചിടത്തോളം തനിക്കിത്രയൊന്നുമില്ലല്ലോ എന്ന വികാരമാണ് ഉണ്ടാവുക. ഇതൊക്കെ ഒരു സാധാരണ മന:സ്ഥിതിയുള്ളവരുടെ കാര്യമാണ്. അതുപോലെ ഒരേ ദേശത്തുനിന്നും വന്നവരാണ് രണ്ടുപേരുമെങ്കിൽ അത് കൂടുതൽ ഗുണം ചെയ്യും, മാനസികമായി.

വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിപ്പോവുക എന്നതാണ് മറ്റൊരു വലിയവെല്ലുവിളി. പുറം ലോകവുമായി ബന്ധമില്ലാതെ, ചെയ്തുപോയ ഒരു കുറ്റം കാരണം നൂറുകണക്കിന് കുറ്റവാളികൾക്കിടയിൽ കഴിയുമ്പോൾ ഡിപ്രഷനുള്ള സാധ്യത വളരെ കൂടുതലാണ്. തിഹാറിൽ ഏഴ് സൈക്യാട്രിസ്റ്റുകളാണ് നിലവിലുള്ളത്. വിഷാദരോഗം മറികടക്കാൻ കൗൺസിലിങ്ങുകളും കൊടുക്കാറുണ്ട്.

വിചാരണത്തടവുകാർ കുറ്റവിമുക്തരായി പോകുമ്പോൾ അവർക്ക് കാര്യമായ മാനസിക പിന്തുണയൊന്നും ജയിൽ അധികൃതരുടെ ഭാഗത്തുനിന്നും കൊടുക്കാറില്ല. അവർ കുറ്റക്കാരല്ല എന്ന് കോടതിയിൽ തെളിയിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ പോകുന്നത്. എന്നാൽ ശിക്ഷയനുഭവിച്ചതിനുശേഷം മോചിതരാവുന്നവർക്ക് വേണ്ട എല്ലാവിധത്തിലുള്ള മാർഗനിർദ്ദശങ്ങളും നല്കേണ്ട ധാർമികത അതത് ജയിൽ അധികാരികൾക്കുണ്ട്. അത്രയും കാലം തിഹാറിൽ സേവനം നടത്തിയതിന്റെ പേരിൽ ഒരു തുക അവർക്ക് ഗ്രാന്റായി നല്കുന്നത് ചെറിയ കടകളോ കുടിൽവ്യവസായങ്ങളോ തുടങ്ങാനാണ്. അത് നല്കുന്നത് തടവുകാരന്റെ മാന്യമായ പെരുമാറ്റം, ഒരു ലക്ഷത്തിൽ താഴെയുള്ള കുടുംബവാർഷിക വരുമാനം തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിലാണ്. പോരാത്തതിന് അയാൾ ഡൽഹി സ്വദേശിയുമായിരിക്കണം. ജയിൽ വകുപ്പിൽ നിന്നല്ല ഇത്തരത്തിലുള്ള ധനസഹായം ലഭ്യമാക്കുന്നത്, മറിച്ച് ഡൽഹി സർക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നാണ്.

തിഹാറിൽ ക്യാംപസ് പ്ലേസ്മെന്റ് റിക്രൂട്ടുമെന്റുകൾ നടത്താൻ കമ്പനികളെ ക്ഷണിക്കാറുണ്ട്. പല പ്രമുഖ കമ്പനികളും വന്ന് ക്യാംപസ് ഇന്റർവ്യൂ നടത്തിയിട്ടുണ്ട്. കമ്പനികൾക്ക് മതിപ്പുതോന്നിയാൽ, അവർ നിർദ്ദേശിക്കുന്ന യോഗ്യതകളുണ്ടെങ്കിൽ ജയിൽ മോചിതനായതിനുശേഷം കമ്പനിയെ അറിയിക്കുന്നതും ജോലിയിൽ പ്രവേശിക്കാവുന്നതുമാണ്. തടവുകാലാവധി കഴിഞ്ഞിറങ്ങുന്നവർ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രതി എന്ന വിശേഷണം അവരിൽ നിന്നും പോകുന്നില്ല എന്നുള്ളതാണ്. ആരും തന്നെ ജോലി നല്കാൻ തയ്യാറാവില്ല. ഭൂതകാലം വലിയ ഒരു ഘടകം തന്നെയായിട്ടാണ് എല്ലാവരും കരുതിപ്പോരുന്നത്. ആരും വിശ്വസിക്കാതാവുമ്പോൾ, ആരും ജോലി തരാതാവുമ്പോൾ, സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ അവൻ വീണ്ടും കറങ്ങിത്തിരിഞ്ഞ് ജയിലിൽ തന്നെ എത്തുന്നു. 'ഹാബിച്ച്വൽ പ്രിസണർ' എന്ന ലേബലിലേക്ക് അവൻ എളുപ്പം മാറ്റപ്പെടുന്നു.

സിങ്കപ്പുരിൽ ബ്ലൂറിബൺ സൊസൈറ്റി എന്നൊരു സംഘടനയുണ്ട്. ജയിൽ മോചിതരായ ആളുകൾക്ക് സാമ്പത്തികമായും മാനസികമായും അതിജീവിക്കാനുള്ള സംഘടനയാണത്. നമ്മുടെ മനോഭാവമാണ് ഇത്തരം സൊസൈറ്റികളുടെ രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ഒരിക്കൽ അകത്തായവരെ എക്കാലത്തേക്കുമായി അകറ്റി നിർത്തിയാണ് നമുക്ക് ശീലം. അത് എന്നവസാനിപ്പിക്കുന്നോ, അന്ന് മുതൽ നമുക്ക് പ്രതീക്ഷയുടെ കാലമാണ്.

Co-Authored by Shabitha

(തുടരും)

Content Highlights:Sunil gupta writes about the strange prisoners inThihar In his Column Jail and Justice