ന്ധർ, ബധിരർ, മൂകർ, വികലാംഗർ തുടങ്ങിയവർ കുറ്റം ചെയ്താൽ ശാരീരിക വിഷമതകളുടെ പേരിൽ ശിക്ഷിക്കാതിരിക്കാനാവില്ല. അപ്പോൾ അത്തരത്തിലുള്ള തടവുകാരെയും പാർപ്പിക്കാൻ ജയിൽ സംവിധാനത്തിന് ബാധ്യതയുണ്ട്. ശിക്ഷകളുടെ ഇളവിൽ ഇത്തരം പരിഗണനകൾ കോടതികൾ പരിഗണിക്കാറുമില്ല. അതുപോലെയുള്ള മറ്റൊരു ഉത്തരവാദിത്തമാണ് മാനസികമായി സാധാരണ നിലയിലല്ലാത്ത കുറ്റവാളികളുടെ ഉത്തരവാദിത്തവും. കടുത്ത മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന കുറ്റവാളികളെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി മതിയായ ചികിത്സയ്ക്കു വിധേയരാക്കുകയാണ് പതിവ്.

ഞാൻ തിഹാറിൽ സേവനം തുടങ്ങിയ കാലങ്ങളിൽ മാനസികാസ്വാസ്ഥ്യമുള്ള കുറ്റവാളികളും ജയിലിൽത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ദിവസവും റൗണ്ട്സിനു പോകുമ്പോൾ കയ്യിൽ കിട്ടുന്നത് എടുത്ത് അവർ ഞങ്ങൾക്കുനേരെ എറിയുമായിരുന്നു. മലം വരെ വാരിയെറിഞ്ഞ ദിവസങ്ങളുണ്ട്.

മാനസികാരോഗ്യനിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഇത്തരം തടവുകാർക്ക് ആശ്വാസം ലഭിച്ചത്. അവരെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സിക്കാൻ തുടങ്ങി. IBHAS (Institute of Human Behaviour and Allied Sciences)ആണ് തിഹാറിലെ മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ ചികിത്സിക്കുന്നത്. 1988- വരെ പഞ്ചാബ് ജയിൽ മാന്വൽ ഡൽഹി ജയിലിനും ബാധകമായിരുന്നു. അതുപ്രകാരം മാനസികാസ്വാസ്ഥ്യമുള്ളവരെ ജയിലിൽ തന്നെ പാർപ്പിക്കാനുള്ള അനുമതിയുണ്ടായിരുന്നു.1993-ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നപ്പോൾ, മാനസികമായി അസ്വസ്ഥതകൾ നേരിടുന്ന ആരെയും തന്നെ ജയിലിൽ പാർപ്പിക്കാൻ പാടുള്ളതല്ല. എന്ന ഉത്തരവ് വന്നു. എന്നാൽ ജയിൽ സംവിധാനത്തിന് മാനേജ് ചെയ്യാൻ കഴിയുന്ന ചെറിയ അസ്വസ്ഥതകൾ ഉള്ളവരെ ഇപ്പോളും ജയിലിൽ തന്നെ പാർപ്പിക്കാറുണ്ട്. വിഷാദരോഗം പോലുള്ളവ അതിതീവ്രമാകുമ്പോൾ മാത്രം അവരെ ആശുപത്രികളിലേക്ക് മാറ്റുന്നു.

ജയിലിൽ സൈക്യാട്രിസ്റ്റുകളുണ്ട്, കൗൺസിലർമാരുണ്ട്, സോഷ്യൽവർക്കർമാരുണ്ട് മറ്റ് എൻ.ജി.ഒ കളും ഇടപെടുന്നുണ്ട്. ചെറിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ ഈ സംവിധാനങ്ങളുടെ സൗകര്യത്താൽ മാനേജ് ചെയ്യാവുന്നതാണ്. സഹതടവുകാർക്ക് ശാരീരികമായും മാനസികമായും ഉപദ്രവം വരാത്ത രീതിയിൽ പ്രത്യേക വാർഡുകളിൽ അവരെ പാർപ്പിക്കുന്നു.

ശാരീരികമായ വൈകല്യങ്ങളും അസ്വസ്ഥതകളും നേരിടുന്നവരെ കൂടുതൽ വൈദ്യസഹായം നല്കിയാണ് സഹായിക്കുന്നത്. നടക്കാൻ കഴിയാത്തവർക്ക് വീൽചെയർ കൊടുക്കും. അന്ധരായ തടവുകാരെ സഹതടവുകാരാണ് ടോയ്ലറ്റിൽ പോകാനും കുളിക്കാനും ഭക്ഷണശാലയിലേക്ക് പോകാനുമൊക്കെ സഹായിക്കുക. വിചാരണകൾക്കായി കോടതിയിൽ പോകേണ്ടി വരുമ്പോൾ അവർക്ക് ഒരു സഹായിയെക്കൂടി അനുവദിച്ചുകൊടുക്കുന്നു. ആശുപത്രിയും ജയിലും അടുത്തടുത്ത് പ്രവർത്തിക്കുന്നതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ശ്രദ്ധിക്കുന്നുണ്ട് രാജ്യത്തെ പ്രധാനപ്പെട്ട ജയിലുകൾ എല്ലാം തന്നെ.

സൈക്യാട്രിസ്റ്റുകളും സോഷ്യൽ വർക്കർമാരും ജയിൽസേവനത്തിൽ കൃത്യമായ അനുപാതത്തിൽ ഇല്ലെങ്കിൽ തടവുകാർ മാനസികമായ അരക്ഷിതാവസ്ഥ നേരിടുക തന്നെ ചെയ്യും. മാനസികാരോഗ്യകേന്ദ്രത്തിലേക്ക് ഉടനടി മാറ്റുക എന്നത് പ്രായോഗികമാവുന്നത് അത്രയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തടവുകാരുടെ കാര്യത്തിലാണ്. ഓരോ ജില്ലയിലും മാനസികരോഗാശുപത്രികൾ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ ജയിലുകൾ എല്ലാ ജില്ലയിലും ഉണ്ട്. ശാരീരികവിഷമതകൾ അനുഭവിക്കുന്നതിലും കൂടുതൽ മാനസികാസ്വാസ്ഥ്യം നേരിടുന്നവരാണ് തടവുകാരിൽ ഭൂരിഭാഗവും. അപ്പോൾ വിചാരണകൾക്ക് ഹാജരാവാതെയും മതിയായ നിയമസഹായം ലഭ്യമാവാതെയും അയാൾ ജയിലിൽ തന്നെ തളയ്ക്കപ്പെടുന്നു. മാനസികമായി സാധാരണയല്ലാത്തതിനാൽ കോടതിയിൽ ഹാജരാവാതെ, തങ്ങൾക്കുവേണ്ടിയുള്ള വാദപ്രതിവാദങ്ങൾ നടക്കുന്നോ ഇല്ലയോ എന്നറിയാതെ മരിച്ചുമടങ്ങിയവർ എത്രയോ ഉണ്ട്.

ചരൺജിത് ഒരു കൊലപാതകക്കേസിലെ വിചാരണത്തടവുകാരനായിരുന്നു. വാദിക്കാൻ ആരുമില്ലാത്തതിനാൽ ജയിലിൽ പതിമൂന്ന് വർഷം കഴിയേണ്ടി വന്നു. മനുഷ്യാവകാശ കമ്മീഷനുമുന്നിൽ ഈ കേസ് ഞാൻ അവതരിപ്പിച്ചു. അത്രയും കാലം മാനസികാസ്വാസ്ഥ്യംമൂലം തടവിൽ കഴിയേണ്ടിവന്നവരുടെ പ്രതിനിധിയായി ചരൺജിത്തിനെ അവതരിപ്പിച്ചതോടെ പുതിയ നിയമം വന്നു. വിചാരണകാലാവധിയ്ക്കുള്ളിൽ തന്നെ ഇത്തരം കേസുകളിൽ തീർപ്പു കല്പിക്കേണ്ടതാണ്. വിചാരണവേളയിൽ കോടതിയുടെ നടപടികൾ തികഞ്ഞ ബുദ്ധിയോടെ മനസ്സിലാക്കാനും പ്രതികരിക്കാനും യോഗ്യതയുണ്ട് എന്ന സാഹചര്യത്തിൽ മാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആളെ വിചാരണയ്ക്കായി ഹാജരാക്കുകയുള്ളൂ എന്നതും ഇവരുടെ കാര്യത്തിൽ വെല്ലുവിളി തന്നെയാണ്. ബധിരർക്കും മൂകർക്കും അവരുമായി സംവദിക്കാൻ ശേഷിയുള്ള വിദഗ്ധരെക്കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കോടതി ജാമ്യം അനുവദിക്കാറുണ്ട്, അവരുടെ കേസിന്റെ ഗൗരവത്തിനനുസരിച്ച് ജാമ്യം കിട്ടാതെയും വരാറുണ്ട്.

ശാരീരികമായും മാനസികമായും വിഷമതകൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ ഇപ്പോഴും ഇന്ത്യൻ ജയിലുകളിൽ മതിയായ സൗകര്യങ്ങൾ ലഭ്യമായിട്ടില്ല എന്നുതന്നെ സമ്മതിക്കേണ്ടിവരും. മിക്ക ജയിലുകളിലും ഒരു ഡോക്ടറായിരിക്കും സേവനത്തിനുണ്ടാവുക. അദ്ദേഹത്തിന് ജോലിയുടെ അമിതഭാരം താങ്ങാൻ കഴിയാതെ വരും. 234 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതമാണ് നിലവിൽ ഇന്ത്യൻ ജയിൽ സംവിധാനത്തിലുള്ളത്.

മാനസികാരോഗ്യനിയമപ്രകാരം സാധാരണബുദ്ധിയില്ലാത്ത ആരെയും ജയിലിൽ പാർപ്പിക്കാൻ പാടുള്ളതല്ല. പക്ഷേ അതിഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നവരെ മാത്രമേ ആശുപത്രികളിലേക്ക് അയക്കാറുള്ളൂ. ബാക്കിയൊക്കെ ഒരു 'അഡ്ജസ്റ്റ്മെന്റ്' തന്നെയാണ്.

തീവ്രവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളിൽ തടവിൽ കഴിയുന്നവരുടെ കാര്യത്തിൽ ശാരീരിക വിഷമതകൾക്ക് പരിഗണന കൊടുക്കാൻ കോടതിക്ക് അവകാശമില്ല. കാരണം നിയമത്തിനുമുന്നിൽ എല്ലാവരും സമൻമാരാണ്. അർഹിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുക തന്നെ ചെയ്യും. ശിക്ഷാകാലയളവിൽ ചികിത്സ ലഭിക്കണമെന്നത് തടവുകാരന്റെ അവകാശങ്ങളിലൊന്നാണ്. ആ അവകാശം സംരക്ഷിക്കേണ്ടത് ജയിലിന്റെ കടമയുമാണ്. ജീവപര്യന്തമാണ് വിധിക്കപ്പെട്ടതെങ്കിൽ കൃത്യമായി തടവിൽ കഴിയുകയും ജയിൽ റിവ്യൂബോർഡ് അത്തരം തടവുകാരം വിട്ടയക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു. മിക്കവാറും ആരോഗ്യപരമായി മോശം അവസ്ഥയിലുള്ളവരെ മോചനത്തിനായി പരിഗണിക്കാറുണ്ട്. പതിനാല് വർഷത്തിനുശേഷമാണെന്ന് മാത്രം. കേരളത്തിൽ പോക്സോ കേസിൽ പതിനാലുവർഷത്തെ തടവിനു വിധിക്കപ്പെട്ട ഒരു അധ്യാപകൻ തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്യണമെന്നുണ്ടായിരുന്നു. അപേക്ഷ സർക്കാരിന് സമർപ്പിച്ചപ്പോൾ അത് നിരസിക്കപ്പെട്ടു. കാരണം അയാളുടെ ജീവകാരുണ്യപ്രവർത്തനവും ശിക്ഷയും തമ്മിൽ പിന്നീട് ബന്ധപ്പെടുത്തിക്കൊണ്ട് ശിക്ഷായിളവ് ലഭിക്കാൻ പാടില്ല എന്ന തീരുമാനം ബന്ധപ്പെട്ട അധികാരികൾ എടുത്തു. എന്നാൽ മരണാനന്തരം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ തടവുകാരെ ബോധവത്കരിക്കാറുണ്ട്. രക്തം ദാനം ചെയ്യുന്ന ധാരാളം തടവുകാരുമുണ്ട്. രക്തദാനം ചെയ്യാൻ പൂർണമായും അനുയോജ്യരാണെന്ന് ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞാൽ മാത്രമേ തടവുകാരെ അതിന് അനുവദിക്കാറുള്ളൂ.

ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരെ ജയിൽ മാന്വൽ പ്രകാരമുള്ള ജോലികളിൽ നിന്നും ഒഴിവാക്കാറുണ്ട്. പക്ഷേ അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ജോലികൾ അവർ ചെയ്യും. അതിന് കാരണം 'റെമിഷൻ' എന്ന സമ്പ്രദായമാണ്. ഒരു വർഷത്തെ തടവിന് വിധിയ്ക്കപ്പെട്ടയാൾ കൃത്യമായി ജയിൽ മര്യാദകളോടെ ജീവിക്കുകയാണെങ്കിൽ അയാൾക്ക് ശിക്ഷാകാലയളവിലെ ഒമ്പതാം മാസം മോചനം നേടാം. അപ്പോൾ വർഷത്തിലെ മൂന്ന് മാസം കുറഞ്ഞുകിട്ടാനായി എല്ലാവരും ജോലികൾ ചെയ്യും. എന്നാൽ, മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ ജോലിയിൽ ഉൾപ്പെടുത്താറില്ല. ഉൾപ്പെടുത്താൻ പാടില്ല. എന്നാൽ വെറുതെയിരുന്ന് കൂടുതൽ അസ്വസ്ഥരാവാതിരിക്കാൻ വേണ്ടി ചെറിയ ടാസ്കുകൾ അവരുടെ മാനസിതസ്ഥിതിയനുസരിച്ച് കൊടുക്കാറുമുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കേണ്ടതില്ല. അതേസമയം മാനസികമായ വെല്ലുവിളികൾ നേരിടുന്നവരെ വധശിക്ഷയ്ക്കു വിധിക്കാൻ പാടില്ല. എന്റെ തിഹാർ സർവീസിനിടയിൽ വികലാംഗനായ ഒരാളെയും വധശിക്ഷയ്ക്കു വിധേയനാക്കിയിട്ടില്ല.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന രാജ്യത്താകെയുള്ള തടവുകാരിൽ 37 ശതമാനവും ഉത്തർപ്രദേശിലെ ജയിലുകളിലാണ് ഉള്ളത്. 21 ശതമാനം പേർ ചത്തീസ്ഗഢിലും ഉണ്ട്. അതേസമയം കേരളത്തിൽ എൺപത്തഞ്ച് തടവുകാർ (6 ശതമാനം) ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ്. അതിൽ ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലാ ജയിലിലാണ് ഉള്ളത്(18). തിരുവനന്തപുരം സെൻട്രൽ ജയിലിൽ പതിനഞ്ച് പേരും പൊന്നാനി സബ്ജയിലിൽ പത്ത് പേരും ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. മെഡിക്കൽ റിപ്പോർട്ടുകളുമായി വരുന്ന തടവുകാരുണ്ട്. രാഷ്ട്രീയനേതാക്കളും മറ്റ് വി.ഐ.പികളുമാണ് മിക്കവാറും ഇങ്ങനെ വരാറ്. അവരെ നേരെ കൊണ്ടുപോവുക ജയിൽ ആശുപത്രിയിലേക്കാണ്. രോഗികൾക്ക് എവിടെയും പരിഗണന കൊടുത്തേ മതിയാകൂ.

മാനസികമായി വെല്ലുവിളികൾ നേരിടുന്ന തടവുകാരുടെ എണ്ണം ശാരീരികവൈകല്യമുള്ള തടവുകാരേക്കാൾ കൂടുതലാണ് ഇന്ത്യയിലെ എല്ലാ ജയിലുകളിലും. അതിൽ മധ്യപ്രദേശിൽ ഇരുപത് ശതമാനം പേരും (1527) മഹാരാഷ്ട്രയിൽ പതിനാല് ശതമാനം പേരും കേരളത്തിൽ പതിനൊന്നു ശതമാനം പേരുമായി മുന്നിട്ടു നിൽക്കുന്നുണ്ട്.

1982-ലെ വീണാ സേഠി വേഴ്സസ് ബിഹാർ സംസ്ഥാനവുമായുള്ള കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണപ്രകാരം നിർദ്ദേശിക്കുന്നത് ജയിലുകൾ മാനസികാരോഗ്യകേന്ദ്രമല്ലെന്നും മാനസികമായി അസ്വാസ്ഥ്യം നേരിടുന്നവരെ അവിടെ പാർപ്പിക്കാൻ പാടില്ല എന്നുമാണ്.

1987-ലെ മെഡിക്കൽ ഹെൽത്ത് ആക്ട് സെക്ഷൻ 2(1) പ്രകാരം മാനസികാസ്വാസ്ഥ്യത്തെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: മാനസികമായ അസ്വസ്ഥതയാലോ അനാരോഗ്യത്താലോ ചികിത്സ ആവശ്യമുള്ള ഏതൊരുവ്യക്തിയും മാനസികാസ്വാസ്ഥ്യമുള്ളയാളാണ് (മാനസികവളർച്ച പ്രാപിക്കാത്തവരൊഴികെ). അപ്പോൾ ചികിത്സ ആവശ്യമുള്ള വിഭാഗമാണ് ഇവരും. അതിന് തടവറ വിഘാതം സൃഷ്ടിക്കാൻ പാടില്ല.

2007 നവംബറിൽ മെക്കാൾ ലാലങ് കൊടുത്ത ക്രിമിനൽ പെറ്റിഷൻ പ്രകാരം ബഹുമാനപ്പെട്ട സുപ്രീം കോടതി ഇങ്ങനെ ഉത്തരവിടുകയുണ്ടായി: വിചാരണത്തടവിലിരിക്കുന്ന ആർക്കെങ്കിലും മാനസികമായ വിഷമതകളോ ബുദ്ധിമുട്ടുകളോ അനുഭവിക്കുകയാണെങ്കിൽ അവരെ സൈക്യാട്രിക് ആശുപത്രികളിലോ നഴ്സിങ്ഹോമുകളിലോ ചികിത്സയ്ക്കു വിധേയമാക്കേണ്ടതാണ്. എത്രകണ്ട് ഇതെല്ലാം പ്രാവർത്തികമാവുന്നു എന്നതാണ് മറ്റൊരു കാര്യം. സൈക്കോ തെറാപ്പിയും ഫാർമകോ തെറാപ്പിയും ആവശ്യാനുസരണം ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിർഭ്യാഗ്യകരമെന്ന് പറയട്ടെ നമ്മുടെ തടവറകളിൽ അധികമനങ്ങിയാൽ മരുന്നാണ് ആദ്യം കൊടുക്കുക. തടവുകാരന് ആവശ്യം ഒരു പക്ഷേ സൈക്കോതെറാപ്പിയായിരിക്കാം. പക്ഷേ നമുക്കാവശ്യം പ്രതികരണശേഷിയില്ലാത്ത, നമ്മളെ അനുസരിക്കുന്ന, എന്നാൽ, ജീവനും ശ്വാസവുമുള്ള തടവുകാരെയാണ്. മരുന്ന് വേണ്ട എന്ന തടവുകാരൻ ആത്മാർഥമായി പറഞ്ഞാലും നമ്മൾ ബലംപ്രയോഗിച്ച് കുടിപ്പിക്കും. ഫാർമകോ തെറാപ്പിയാണ് നമ്മുടെ ആദ്യത്തെ തിരഞ്ഞെടുപ്പ്. അത് മാറ്റേണ്ടതുണ്ട്. ചെറിയ പ്രശ്നങ്ങൾ കൗൺസിലിങ്ങിലൂടെയും മറ്റ് സൈക്കോ തെറാപ്പിയിലൂടെയും മാറ്റിയെടുക്കേണ്ടതുണ്ട്. മരുന്ന് രണ്ടാമത്തെ തിരഞ്ഞെടുപ്പായിരിക്കണം. കാരണം മനുഷ്യൻ അത്രയും കാലം അനുഭവിച്ച സ്വാതന്ത്ര്യം നഷ്ടമാകുമ്പോൾ ആർക്കാണ് സമനില തെറ്റിപ്പോവാത്തത്!

Co-Authored by Shabitha

Courtesy: George Chacko, Jail Welfare Officer, District Jail Ernakulam