പഴയ ബി.എസ്.-III വാഹനങ്ങളിലെ (2016ന് മുമ്പ് നിർമ്മിച്ചവ) ചില റബ്ബർ ഭാഗങ്ങളും ഗ്യാസ്‌കറ്റുകളും ഇ20 പെട്രോളിൽ ഓടിക്കുമ്പോൾ മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര സർക്കാർ. എന്നിരുന്നാലും എഥനോൾ മിശ്രിത ഇന്ധനം വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയോ എഞ്ചിൻ മാറ്റങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ നടത്തിയ പഠനങ്ങൾ രണ്ട് - നാല് ചക്ര വാഹനങ്ങളിൽ ഇ20 ഇന്ധനത്തിന്റെ സ്വാധീനം വിലയിരുത്തിയതായി കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ എ.എ. റഹീമം എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബി.എസ്.-VI വാഹനങ്ങൾ ഇ20 ഇന്ധനത്തിൽ പരീക്ഷിച്ചപ്പോൾ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. കാർ, ഇരുചക്ര വാഹന എഞ്ചിനുകൾക്ക് എഥനോൾ മിശ്രിത ഇന്ധനത്തിൽ പ്രവർത്തിക്കാൻ മാറ്റങ്ങൾ ആവശ്യമില്ലെന്നും പഠനങ്ങൾ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

എൻജിൻ മാറ്റേണ്ടതില്ല

ഇ20 പെട്രോൾ പഴയ വാഹനങ്ങൾക്ക് പോലും കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഗഡ്കരി പറഞ്ഞു. പഴയ വാഹനങ്ങൾ പോലും ഇ20 ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ കാര്യമായ പ്രശ്‌നങ്ങൾ കാണിച്ചില്ല. അസാധാരണമായ തേയ്മാനവും ശ്രദ്ധയിൽപ്പെട്ടില്ല. ഡ്രൈവബിലിറ്റി, സ്റ്റാർട്ടബിലിറ്റി, മെറ്റൽ - പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് അനുയോജ്യമായ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാൽ, 2005 ഏപ്രിൽ 1 മുതൽ പുറത്തിറക്കുകയും 2016-ന് മുമ്പ് നിർമ്മിക്കുകയും ചെയ്ത പഴയ ബി.എസ്.-III വാഹനങ്ങളിലെ പരിശോധനകൾ സൂചിപ്പിച്ചത് ചില റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം എന്നാണ്. 'ഈ കാലയളവിൽ നിർമ്മിച്ച ബി.എസ്.-III വാഹനങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രമാണ് ചില റബ്ബർ ഭാഗങ്ങൾക്കും ഗ്യാസ്‌കറ്റുകൾക്കും മാറ്റം വേണ്ടിവന്നേക്കാമെന്ന് കണ്ടത്. ഇത് വാഹനത്തിന്റെ സാധാരണ സർവീസിങ് സമയത്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്,' ഗഡ്കരി പറഞ്ഞു.

ഇ20 ഇന്ധനം ഇ10 പെട്രോളിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളെ ബാധിച്ചേക്കാം എന്ന് ARAI നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ പഠനത്തിലെ കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം പുറത്തുവന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, വാഹനത്തിന്റെ മൈലേജ് ഇന്ധനത്തെ മാത്രം വിലയിരുത്തി നിശ്ചയിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡ്രൈവിങ് ശീലങ്ങൾ, വാഹനത്തിന്റെ പരിപാലനം, ഇന്ധനത്തിന്റെ ഗുണമേന്മ, ട്രാഫിക് സാഹചര്യങ്ങൾ, ടയർ പ്രഷർ, വീൽ അലൈൻമെന്റ്, എയർ-കണ്ടീഷണർ ഉപയോഗം എന്നിവ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ20 പെട്രോളിനെക്കുറിച്ച് വാഹന ഉടമകൾക്കിടെയിൽ വ്യാപകമായ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇറക്കുമതിചെയ്യുന്ന ഇന്ധനത്തെ പൂർണമായും ആശ്രയിക്കുന്നത് ഒഴിവാക്കാനും ഇന്ധന സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിനും അടക്കമുള്ളവയ്ക്കായാണ് കേന്ദ്ര സർക്കാർ പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.