ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തിൽ അവതരിപ്പിച്ച് കിയ. പാസഞ്ചർ, കാർഗോ പതിപ്പുകളിൽ ഈ വാഹനം ലഭ്യമാകും. കിയ തങ്ങളുടെ ബിയോണ്ട് വെഹിക്കിൾ (പിബിവി) പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച രണ്ടാമത്തെ മോഡലാണിത്. പിവി7 പാസഞ്ചർ യാത്രക്കാരുടെ സൗകര്യത്തിനും ദൂരയാത്രകൾക്കും പ്രാധാന്യം നൽകുമ്പോൾ, പിവി7 കാർഗോ വാണിജ്യ ഉപയോക്താക്കൾക്കുവേണ്ടി ഭാരം വഹിക്കാനുള്ള ശേഷിക്കും പ്രായോഗികതയ്ക്കുമാണ് മുൻഗണന നൽകുന്നത്.

To advertise here,

പവർട്രെയിൻ

71.5 kWh, 96.2 kWh എൻസിഎം ബാറ്ററി പായ്ക്കുകളിൽ പിവി7 ലഭ്യമാണ്. ഇത് ഫ്രണ്ട്-വീൽ-ഡ്രൈവ് സെറ്റപ്പ് വഴി 200 kW വരെ കരുത്തും 420 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കിയ പിന്നീട് ഇതിന്റെ ഒരു ഓൾ-വീൽ-ഡ്രൈവ് പതിപ്പും അവതരിപ്പിക്കും. ലോംങ് റേഞ്ച് കാർഗോ വകഭേദം ഡബ്ല്യുഎൽടിപി (WLTP) റേറ്റഡ് റേഞ്ച് പ്രകാരം 460 കിലോമീറ്ററിലധികം ദൂരം വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ ചാർജിംഗ് പോർട്ടുകൾ

ഏകദേശം 25 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ് പിവി7-ന്റെ 800V ഇലക്ട്രിക്കൽ ആർക്കിടെക്ചർ. ഫ്രണ്ട് എസി/ഡിസി പോർട്ടും ഓപ്ഷണൽ റിയർ-സൈഡ് എസി പോർട്ടും സഹിതം ഡ്യുവൽ ചാർജിംഗ് പോർട്ടുകൾ വാഗ്ദാനം ചെയ്യുന്ന കിയയുടെ ആദ്യ മോഡലാണിത്.

ഗ്ലിയോ എഐ വോയ്സ് അസിസ്റ്റന്റ്

പ്ലിയോസ് കണക്റ്റ് (Pleos Connect) ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് ഒഎസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിജിറ്റൽ സംവിധാനങ്ങൾ. ഇത് കണക്ടഡ് നാവിഗേഷൻ, ആപ്പ് മാർക്കറ്റ്പ്ലേസ്, ഫ്‌ളെക്‌സിബിൾ സ്‌ക്രീൻ ലേഔട്ടുകൾ, ഓവർ-ദി-എയർ അപ്ഡേറ്റുകൾ എന്നിവയെ പിന്തുണയ്ക്കുന്നു. കിയയുടെ ഗ്ലിയോ എഐ വോയ്‌സ് അസിസ്റ്റന്റും ഇതിലുണ്ട്.

പിവി7 കാർഗോ, പിവി7 പാസഞ്ചർ

പിവി7 കാർഗോ 2, 3 സീറ്റ് ലേഔട്ടുകളിൽ ഇത് ലഭ്യമാണ്. 8.0 ക്യുബിക് മീറ്റർ വരെ കാർഗോ സ്‌പേസും, 1,200 കിലോഗ്രാം വരെ പേലോഡും വാഗ്ദാനം ചെയ്യുന്നു. കൂടാതെ കുറഞ്ഞ ലോഡിങ് ഹൈറ്റ്, കാർഗോ-ഡോർ മോണിറ്ററിംഗ്, ഭാരം വഹിക്കുന്നതിനുള്ള പ്രത്യേക മോഡുകൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

പിവി7 പാസഞ്ചർ ഷട്ടിൽ സർവീസുകൾ, ടൂറിസം, വലിയ കുടുംബങ്ങളുടെ യാത്രകൾ, ക്രൂ ട്രാൻസ്‌പോർട്ട് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ആഗോളതലത്തിൽ ഒമ്പത് യാത്രക്കാർക്കും (കൊറിയയിൽ 11 പേർക്കും) ഇതിൽ ഇരിക്കാം. യാത്രക്കാരുടെ സൗകര്യത്തിനും ഫ്‌ളെക്‌സിബിലിറ്റിക്കും മുൻഗണന നൽകിക്കൊണ്ട് ഒന്നിലധികം സീറ്റിങ് കോൺഫിഗറേഷനുകൾ, നീക്കം ചെയ്യാവുന്ന സീറ്റുകൾ, റിയർ ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി-സി ചാർജിങ് പോർട്ടുകൾ, അധിക സ്റ്റോറേജ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

സുരക്ഷ

ഫ്രണ്ട് പാസഞ്ചർ റൂഫ്-മൗണ്ടഡ് എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകളും പെഡൽ മിസാപ്ലിക്കേഷൻ സേഫ്റ്റി അസിസ്റ്റും പിവി7-ൽ സജ്ജീകരിച്ചിരിക്കുന്നു. ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ്, ലെയ്ൻ-കീപ്പിങ് അസിസ്റ്റ്, സ്മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, പാർക്കിങ് എയ്ഡ്‌സ് എന്നിവ ഇതിന്റെ ADAS പാക്കേജിൽ ഉൾപ്പെടുന്നു. വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായി സറൗണ്ട്-വ്യൂ ക്യാമറ സിസ്റ്റവും ബിൽറ്റ്-ഇൻ ക്യാം 3.0-ഉം ഈ വാനിലുണ്ട്.