പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ഇ 20 പെട്രോൾ ഉപയോഗം സംബന്ധിച്ച സംശയങ്ങൾ തീരുന്നില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നും ഇന്ധനക്ഷമതയെ ബാധിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ പഴയ പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നവരടക്കം ആശങ്കയിലാണ്.

To advertise here,

അതിനിടെ, ഇ 10 പെട്രോളിന്അനുയോജ്യമായ വാഹനങ്ങളിൽ ഇ 20 ഉപയോഗിക്കുന്നത് ഇന്ധന സംവിധാനങ്ങളിലെ ഹോസുകൾ, ഗ്യാസ്‌കറ്റുകൾ, സീലുകൾ, ഓ-റിങ്ങുകൾ തുടങ്ങിയ റബ്ബർ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) നടത്തിയ പഠനം കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഈ റിപ്പോർട്ട് പരസ്യമാക്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇ20 ഇന്ധനം വ്യാപകമായി ഉപയോഗിക്കാനുള്ള സർക്കാർ നീക്കം ലക്ഷക്കണക്കിന് പഴയ വാഹനങ്ങളുടെ പരിപാലന ചെലവുകൾ കൂട്ടിയേക്കാമെന്ന സൂചന നൽകുന്നതാണ് പഠനം. കേടുവരുന്ന റബർ ഘടകങ്ങൾ പലതും മാറ്റിസ്ഥാപിക്കേണ്ടിവരാം എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാഹനങ്ങളുടെ ലോഹ ഭാഗങ്ങൾക്ക് ഇ 20 ഇന്ധന ഉപയോഗംമൂലം കേടുപാടുകളൊന്നും സംഭവിക്കില്ലെന്നും ARAI പഠനം കണ്ടെത്തിയിട്ടുണ്ട്.

പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ രേഖകളും സർക്കാർ പരസ്യമാക്കണമെന്നത് നീക്കത്തെ എതിർക്കുന്നവർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ARAI പഠന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ലെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

2022 മാർച്ചിലാണ് ARAI പഠനം ആരംഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഇ 10-ന് അനുയോജ്യമായ വാഹനങ്ങളിൽ ഇ 20 യുടെ ആഘാതം പഠനം നടത്തിയ സംഘം പരിശോധിച്ചു. ഇ 10-ന് അനുയോജ്യമായ വാഹനങ്ങളിൽ ഇ 20 യുടെ മൊത്തത്തിലുള്ള ആഘാതം സമ്മിശ്രമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

ARAI പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ

വാഹനം പുറത്തുവിടുന്ന പുകയുടെ അളവും ബാഷ്പീകരണ മലിനീകരണവും നിർദ്ദിഷ്ട നിയമപരമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് പഠനത്തിൽ കണ്ടെത്തി. എന്നിരുന്നാലും ഇ 20 യിൽ മൈലേജ് കൂടിയതിന് ശേഷം ചില വാഹനങ്ങളിൽ മലിനീകരണം വർധിച്ചതായി പഠനം രേഖപ്പെടുത്തി. ഇ 10 ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഏകദേശം 2 ശതമാനം മുതൽ 6 ശതമാനം വരെ ഇന്ധന ഉപഭോഗത്തിൽ നേരിയ വർധനയും പഠനത്തിൽ കണ്ടെത്തി. ഇന്ധന ഉപയോഗത്തിലുള്ള കൃത്യമായ വർധന വാഹനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. BS-IV ടു-വീലറുകൾ ഒഴികെ മിക്ക കേസുകളിലും ഇ 20 ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാനുള്ള സൗകര്യവും ഡ്രൈവിങ് സൗകര്യവും തൃപ്തികരമാണെന്ന് പഠനം കണ്ടെത്തി.

എഞ്ചിൻ ഈടുനിൽപ്പിനെക്കുറിച്ച് നടത്തിയ ടെസ്റ്റുകളിൽ ഒന്നിലധികം നിർമ്മാതാക്കൾ പങ്കെടുത്തിരുന്നു. ഒരു BS-IV എഞ്ചിൻ 400 മണിക്കൂർ പരിശോധനയ്ക്ക് ശേഷം ഇ 20 യിൽ സ്വീകാര്യമായ പ്രകടനം കാണിച്ചു. എന്നിരുന്നാലും, 265 മണിക്കൂറിന് ശേഷം ഒരു BS-VI ടർബോചാർജ്ഡ് എഞ്ചിനിൽ പ്രശ്‌നങ്ങൾ ഉയർന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മൊത്തം 809 മണിക്കൂർ നീണ്ട മറ്റൊരു ടെസ്റ്റിൽ എക്‌സ്‌ഹോസ്റ്റ് വാൽവിന്റെ തെർമോമെക്കാനിക്കൽ തകരാർ ശ്രദ്ധയിൽപ്പെട്ടു. ചില വിദഗ്ദ്ധർ തകരാറിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടാകാം എന്ന് വിലയിരുത്തി. ടു-വീലറുകൾക്ക്, മൂന്ന് നിർമ്മാതാക്കളുടെ ടെസ്റ്റുകളിൽ വലിയ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. പ്രകടനം തൃപ്തികരമാണെന്ന് വിലയിരുത്തപ്പെട്ടു.

ലോഹ ഭാഗങ്ങൾക്ക് പ്രശ്‌നമില്ല, പക്ഷേ റബ്ബർ ഘടകങ്ങളെ ബാധിക്കാം

ARAI പഠനത്തിന്റെ ഭാഗമായി പരിശോധിച്ച വാഹനങ്ങളിൽ E20 പെട്രോൾ വാഹനത്തിന്റെ ലോഹ ഘടകങ്ങൾക്ക് പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയില്ല. എന്നാൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) ഉം ഇന്ധന സംവിധാനങ്ങളിലെ റബ്ബർ ഭാഗങ്ങൾ - ഹോസുകൾ, ഗ്യാസ്‌കറ്റുകൾ/സീലുകൾ, ഓ-റിംഗുകൾ - E20 ഉപയോഗിക്കുമ്പോൾ കേടുപാടുകൾ സംഭവിക്കാമെന്നും മാറ്റിസ്ഥാപിക്കുന്നത് ആവശ്യമായി വന്നേക്കുമെന്നും ചൂണ്ടിക്കാണിച്ചിട്ടുള്ളതായി ARAI-യുടെ രേഖകൾ വ്യക്തമാക്കുന്നു.

നിലവിൽ നിരത്തിലുള്ള E10, E20 വാഹനങ്ങളിൽ E25 പെട്രോളിന്റെ ആഘാതം സംബന്ധിച്ച പഠനം നടത്താൻ കഴിഞ്ഞ മെയ് മാസത്തിലാണ് ARAI യെ സർക്കാർ ചുമതലപ്പെടുത്തിയത്. മൈലേജ്, എഞ്ചിന്റെ അവസ്ഥ, മലിനീകരണം, ചെലവുകൾ എന്നിവയിൽ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങളാണ് പരസ്യപ്പെടുത്താതിരുന്നത്.