ന്യൂഡൽഹി: തന്റെ കുടുംബത്തിന് പഞ്ചസാര നിർമാണശാലകളുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എന്നാൽ അവയൊന്നും നിലനിൽപ്പിനായി എഥനോൾ നിർമാണത്തെ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഊതിപ്പെരുപ്പിച്ച ആഖ്യാനങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നത്. എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നതുമൂലം തകരാറിലായ ഒരൊറ്റ വാഹനം കാട്ടിത്തരാമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

To advertise here,

അതേസമയം, ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത ചെറിയ തോതിൽ കുറയ്ക്കുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതുവരെ ഇ-20 ഇന്ധനത്തിനെതിരേ നടക്കുന്നത് പൂർണമായും വ്യാജ പ്രചാരണമാണെന്ന നിലപാടായിരുന്നു ഗഡ്കരിക്ക്. ഇ-20 പെട്രോൾ ചില വാഹനങ്ങളിൽ ഇന്ധനക്ഷമത 3-5 ശതമാനം കുറയാൻ കാരണമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വെള്ളിയാഴ്ച വ്യക്തമാക്കി.

എഥനോളിന്റെ കാലറിമൂല്യം പെട്രോളിനെക്കാൾ കുറവാണെന്നും ഇന്ധനത്തിൽ എഥനോൾ കലർത്തുമ്പോൾ ശരാശരി ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇ-20 പെട്രോൾ വാഹനങ്ങളുടെ എൻജിനും മറ്റു ഘടകഭാഗങ്ങളും തകരാറിലാക്കുമെന്ന വാദം അസംബന്ധമാണെന്ന് അദ്ദേഹം അവർത്തിച്ചു.

എന്നാൽ, ഉയർന്ന ഒക്ടേൻ റേറ്റിങ്, വേഗത്തിലുള്ള ജ്വലനം, മികച്ച പിക്കപ്പ്, സുഗമമായ ആക്‌സിലറേഷൻ, കുറഞ്ഞ കാർബൺ ബഹിർഗമനം എന്നിവയുൾപ്പെടെയുള്ള ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ടു. ഇ-20 പെട്രോളിനെതിരേയുള്ള വിമർശനങ്ങളെ ചെറുക്കുന്നതിനായി പെട്രോളിയം മന്ത്രാലയം വിശദമായ ചോദ്യോത്തര രേഖയാണ് പുറത്തിറക്കിയത്. ശുദ്ധമായ പെട്രോളിനേക്കാൾ കൂടുതൽ വൃത്തിയുള്ളതും ഉയർന്ന നിലവാരമുള്ളതും കൂടുതൽ കാര്യക്ഷമവുമായ ഇന്ധനമാണ് ഇ-20 പെട്രോളെന്ന് രേഖയിൽ അവകാശപ്പെടുന്നു.

വർഷങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കും വാഹനനിർമാതാക്കളുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനും വായുമലിനീകരണം കുറയ്ക്കാനും കർഷകരെ സഹായിക്കാനും ഇത് ഉപകരിക്കും. തിടുക്കപ്പെട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണം മന്ത്രാലയം തള്ളി. എഥനോൾ മിശ്രിതസംരംഭം 2001-ൽ ആരംഭിച്ച പൈലറ്റ് പദ്ധതികളിലാണ്. 2006-ഓടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അഞ്ചു ശതമാനം മിശ്രിതം അവതരിപ്പിച്ചു.

2014 വരെ എഥനോൾ മിശ്രിതം 1.5 ശതമാനമായി തുടർന്നു. നിശ്ചയിച്ചതിൽ നേരത്തെ തന്നെ 2022ൽ ഇ-10 പെട്രോൾ അവതരിപ്പിക്കാനായി. 2025-26ൽ 20 ശതമാനം ഇന്ധനമിശ്രിതം വിപണിയിലെത്തിച്ചെന്നും മന്ത്രാലയം അറിയിച്ചു. മാരുതി സുസുക്കി, ഹീറോ മോട്ടോർകോർപ് എന്നിവയുൾപ്പെടെയുള്ള വാഹന നിർമാതാക്കൾ ഇ-20 പെട്രോൾ ഉപയോഗിക്കുന്നതുമൂലം വണ്ടികൾക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയരേഖ വ്യക്തമാക്കി.