ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും. മൊത്തക്കച്ചവടക്കാർ കൈവശംവെക്കുന്ന സ്റ്റോക്കിന് നിയന്ത്രണം കൊണ്ടുവരാനും നീക്കമുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് പഞ്ചസാരയുടെ വിലയിൽ 13 ശതമാനത്തിന്റെ വർധനയുണ്ടായി. ഒരു മാസത്തിനിടെ ഒമ്പത് ശതമാനത്തിലേറെ വില കൂടുകയും ചെയ്തു. നിലവിൽ പഞ്ചസാരയുടെ ചില്ലറവില 52 രൂപയ്ക്ക് മുകളിലാണ്.

To advertise here,

ക്രൂഡ് ഇറക്കുമതി മൂലമുള്ള ബാധ്യത കുറയ്ക്കാൻ എഥ്നോൾ ചേർത്ത പെട്രോൾ രാജ്യത്ത് അവതരിപ്പിച്ച സർക്കാർ, ഇപ്പോൾ പഞ്ചസാരയുടെ വില കുറയ്ക്കാൻ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയാണെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി.

ഇറക്കുമതി ബിൽ കുറയ്ക്കാൻ എഥ്നോൾ നിർമിച്ച് ഇന്ധനത്തിൽ കലർത്താൻ കരിമ്പ് മുഴുവൻ ഉപയോഗിക്കാൻ നിർദേശിച്ച സർക്കാരിന് ഇപ്പോൾ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരുന്നു എന്നതാണ് വൈരുധ്യമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സി.ഇ.ഒ. സദാഫ് സയീദ് ട്വീറ്റ് ചെയ്തു. വിദേശനാണ്യ വിനിമയത്തിലെ ഇറക്കുമതി ബാധ്യത കുറയ്ക്കുക എന്നതായിരുന്നു എഥ്നോൾ മിശ്രിതനയത്തിന്റെ ലക്ഷ്യം. അല്പലാഭത്തിനായി വലിയ വിപത്ത് ക്ഷണിച്ചുവരുത്തുന്ന നയമാണിതെന്ന് അദ്ദേഹം കുറിച്ചു.

സർക്കാർ നീക്കം

  • ആഭ്യന്തര കർഷകരെ സംരക്ഷിക്കുന്നതിനായി 2018 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ 100 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവു വരുത്തിയേക്കും. പരിമിതമായ അളവിൽ ഇറക്കുമതി അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
  • വ്യാപാരികൾ കൈവശംവെക്കുന്ന സ്റ്റോക്കിന് പരിധി നിശ്ചയിക്കും. പൂഴ്ത്തിവെപ്പ് തടയുന്നതിനായി ഡീലർമാർ ആഴ്ചതോറും സ്റ്റോക്ക് വിവരങ്ങൾ പുതുക്കിനൽകേണ്ടിവരും.
  • 2026 ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെ ഡീലർമാർക്ക് സ്റ്റോക്ക് പരിധി ബാധകമാക്കും. ഒരു ഡീലർക്ക് 4,000 ക്വിന്റലിൽ കൂടുതൽ പഞ്ചസാര 30 ദിവസത്തിൽ കൂടുതൽ കൈവശംവെക്കാൻ അനുവദിക്കില്ല.

പഞ്ചസാര മില്ലുകളിലെ സ്റ്റോക്ക് നിലവാരം നേരിട്ട് ബോധ്യപ്പെടുന്നതിനും വിതരണശൃംഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഭക്ഷ്യമന്ത്രാലയം പരിശോധന നടത്തുന്നുണ്ട്.

ഉത്പാദനം ഇങ്ങനെ

പഞ്ചസാര സീസൺ

(ഒക്ടോബർ - സെപ്റ്റംബർ)

ഉത്പാദനം

(ദശലക്ഷം ടണ്ണിൽ)

2021-22

35.7

2022-23

32.81

2023-24

31.9

2024-25

29.6

2025-26*

32.4

പ്രധാന നിരീക്ഷണങ്ങൾ:

  • ഇന്ത്യയുടെ വാർഷിക പഞ്ചസാര ഉപഭോഗം ഏകദേശം 28 ദശലക്ഷം ടണ്ണാണ്.
  • 2025-26 സീസണിൽ എഥ്നോൾ ഉത്പാദനത്തിനായി മാറ്റിവെച്ച 3.1 ദശലക്ഷം ടൺ കഴിച്ച് ബാക്കി മൊത്തം പഞ്ചസാര ഉത്പാദനം 29 ദശലക്ഷം ടൺ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഒക്ടോബറിൽ തുടങ്ങുന്ന പുതിയ സീസണിൽ 3.5 മുതൽ നാല് ദശലക്ഷം ടൺ വരെ പഞ്ചസാര സ്റ്റോക്ക് ഉണ്ടാകുമെന്ന് കണക്കാക്കുന്നു.

ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എഥ്നോൾ നിർമാണത്തിനായി വൻതോതിൽ കരിമ്പ് ഉപയോഗിക്കുന്നതിനാൽ പഞ്ചസാര ഉത്പാദനം കുറഞ്ഞു. വിദേശനാണ്യം ലാഭിക്കാൻ ലക്ഷ്യമിട്ട പദ്ധതി മറ്റൊരു രീതിയിൽ രാജ്യത്തിനുതന്നെ തിരിച്ചടിയായി എന്നാണ് വിമർശനം.