
തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍, കറുപ്പും മഞ്ഞയും നിറത്തില്‍ നിരത്തുകളില്‍ നിറയുന്ന ടാക്‌സികള്‍ സദാ തിരക്കുനിറയുന്ന തെരുവുകള്‍, ഓര്‍മവെച്ച നാള്‍ മുതല്‍ ബോംബെ അല്ലെങ്കില്‍ മുംബൈയെ കുറിച്ച് മനസില്‍ ഉള്ളൊരു ഇമേജ് ഇതൊക്കെയാണ്. എന്നാല്‍, ഇവിടെ നിന്ന് 100 കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്തില്‍ മറ്റൊരു സ്ഥലമുണ്ട്. നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞ് മണ്ണിനെ തൊടുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശം. ലോണാവാല. മുംബൈ-പുണെ എക്‌സ്പ്രസ്‌വേ കടന്നുപോകുന്നത് ഈ മനോഹരമായ പ്രദേശത്തിന് സമീപത്ത് കൂടിയാണ്. വെള്ളച്ചാട്ടങ്ങളും മലനിരകളും സദാസമയം ഇവയെ മൂടി നില്‍ക്കുന്ന കോടമഞ്ഞുമാണ് ലോണാവാലയെ നയനമനോഹരമാക്കുന്നത്.
പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ പ്രദേശത്ത് എത്തിയത് പ്രകൃതി സൗഹാര്‍ദമായ ഒരു വാഹനം ഓടിക്കുന്നതിനാണ്. ഗ്രീന്‍ ഫ്യുവലിലേക്ക് മാറ്റം പ്രഖ്യാപിച്ചിരിക്കുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ C40 റീച്ചാർജ് ആയിരുന്നു ലോണാവാലയിലെ നിരത്തുകളിലൂടെ ഓടിക്കാന്‍ ലഭിച്ച വാഹനം. ഡ്രൈവിങ്ങിനായി അനുവദിച്ചിരുന്ന ദിവസത്തിന് തലേന്ന് തന്നെ ലോനവാലയില്‍ എത്തിയിരുന്നു. മുംബൈയില്‍ നിന്നുള്ള യാത്ര ലോണാവാലിയിലേക്ക് അടുക്കുമ്പോള്‍ തന്നെ കോടമഞ്ഞിനെ വകഞ്ഞാണ് ടാക്‌സിയുടെ മഞ്ഞ വെളിച്ചം വഴിയൊരുക്കിയത്. കൂടെ നൂലുപോലെ പെയ്തിറങ്ങുന്ന മഴയും കൂടി ആയതോടെ നല്ല തണത്ത കാലാവസ്ഥയായിരുന്നു.
കേരളത്തില്‍ നിന്ന് പോയ മഴയെല്ലാം ഇവിടെയാണ് പെയ്യുന്നതെന്ന് തോന്നിക്കുന്ന തരത്തില്‍ പിറ്റേന്ന് രാവിലെ മുതല്‍ പെരുമഴയായിരുന്നു. അതൊന്നും കാര്യമാക്കാതെ രാവിലെ തന്നെ കാറുമായി ഡ്രൈവിനിറങ്ങാന്‍ തീരുമാനിച്ചു. പല മീഡിയ ഡ്രൈവിലും കാണുന്നത് പോലെ വാഹനങ്ങളുടെ വലിയ നിരയൊന്നും ഇവിടെ കണ്ടില്ല. ആകെയുണ്ടായിരുന്നത് ചുവപ്പും നീലയും നിറത്തിലുള്ള ഈരണ്ട് വാഹനങ്ങൾ വീതമാണ്. വിഷ്വല്‍ കുറച്ച് കളര്‍ഫുള്‍ ആയിക്കോട്ടെന്ന് വിചാരിച്ച് ചുവപ്പ് നിറത്തിലുള്ള വാഹനം എടുക്കാന്‍ പോയെങ്കിലും ഇതുപോലെ ചിന്തിച്ച മറ്റ് രണ്ടുപേര്‍ ചുവപ്പ് വാഹനങ്ങള്‍ ആദ്യമേ കൈക്കലാക്കി. അതുകൊണ്ട് കിട്ടിയ നീലകൊണ്ട് ഞാനും റോഡിലേക്കിറങ്ങി.
വോള്‍വോ C40 റീച്ചാര്‍ജ്
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ മുന്‍നിരയില്‍ തന്നെയാണ് വോള്‍വോ. വോള്‍വോ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയുടെ വീഡിയോകളും മറ്റും വളരെ കൗതുകത്തോടെ നോക്കിനിന്നിട്ടുള്ളവരാണ് ഒട്ടുമിക്ക വണ്ടിപ്രാന്തന്മാരും. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വോള്‍വോ ഒരു സുപ്രധാന പ്രഖ്യാപനം നടത്തി 2030-ഓടെ വോള്‍വോയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ പുറത്തിറങ്ങുവെന്ന്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലേക്ക് കയറിയ വോള്‍വോ 2022 പകുതിയോടെ ആദ്യ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ എത്തിച്ചു. XC40 റീച്ചാര്‍ജ് എന്നായിരുന്നു ആദ്യ ഇലക്ട്രിക് മോഡലിന്റെ പേര്. ഐസ് എന്‍ജിനിലെത്തിയ ഒരു എസ്.യു.വിയുടെ ഇലക്ട്രിക് പതിപ്പായിരുന്നു ഈ വാഹനം.
കാഴ്ചയില്‍ ഇരട്ടകളെ പോലെ സമന്മാരാണ് XC40 റീച്ചാര്‍ജും C40 റീച്ചാര്‍ജും. എന്നാല്‍, ബോണ്‍ ഇലക്ട്രിക് വാഹനമായാണ് (ബി.ഇ.വി) സി40 റീച്ചാര്‍ജ് എത്തിയിരിക്കുന്നതെന്നാണ് ഈ വാഹനത്തെ XC40 റീച്ചാര്‍ജില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതായത് ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പ് നിരത്തുകളില്‍ എത്തില്ലെന്ന് സാരം. പ്യുവല്‍ ഇലക്ട്രിക് വാഹനമെന്നും വോള്‍വോ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നുണ്ട്. എക്‌സ്.സി 40 റീച്ചാര്‍ജ് എന്ന വാഹനം ഒരു ഇലക്ട്രിക് എസ്.യു.വിയാണെങ്കില്‍ സി40 റീച്ചാര്‍ജ് എന്ന പുതിയ വാഹനം ഒരു സ്‌പോര്‍ട്ട് ബാക്ക് എന്ന് വിശേഷിപ്പിക്കുന്നതാണ് ഉത്തമം. ഈ വാഹനത്തിന്റെ രൂപംതന്നെയാണ് ഈ വിശേഷത്തിന് യോഗ്യമാക്കുന്നതും.
അലങ്കാരം
ബോണ്‍ ഇലക്ട്രിക് വാഹനം ആയതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസവിശേഷതകള്‍ എല്ലാം ഈ വാഹനത്തിലുമുണ്ട്. കാഴ്ചയില്‍ എക്‌സ്.സി.40 റീച്ചാര്‍ജിന് സമാനമാണെങ്കിലും ഏതാനും നാല് പ്രധാന വ്യത്യാസങ്ങളാണ് സി.40 റീച്ചാര്‍ജില്‍ വരുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് ഹെഡ്‌ലാമ്പാണ്. തോര്‍ ഹാമര്‍ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ് കാണുമ്പോള്‍ ആദ്യ ഇലക്ട്രിക്കുമായി സാമ്യം തോന്നുമെങ്കിലും ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പിക്‌സല്‍ ടെക്‌നോളജിയാണ് ആദ്യ പുതുമ. 84 പിക്‌സല്‍ ലൈറ്റുകള്‍ ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഈ ലൈറ്റ് ഡ്രൈവറിനും എതിരേ വരുന്നയാള്‍ക്കും ഒരുപോലെ ഗുണമാണ്. അടുത്ത മാറ്റം ടയര്‍ സൈസാണ്. 19 ഇഞ്ച് വലിപ്പത്തിലാണ് ഇത് ഒരുങ്ങിയിട്ടുള്ളത്.
ഗ്രില്ല്, ബോണറ്റ് തുടങ്ങിയവയെല്ലാം എക്‌സ്.സി40-യില്‍ നിന്ന് കടംകൊണ്ടവയാണ്. ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ ബോണറ്റിന്റെ ഏരിയ റെഗുലര്‍ വാഹനങ്ങളെ അപേക്ഷിച്ച് ഫ്രീയാണ്. ഈ ഏരിയയില്‍ 31 ലിറ്ററിന്റെ സ്റ്റോറേജ് സ്‌പേസായാണ് ഉപയോഗിച്ചിരിക്കുന്നത്. എസ്.യു.വിയില്‍ നിന്ന് സ്‌പോര്‍ട്ട് ബാക്കിലേക്കുള്ള മാറ്റം വിളിച്ചറിയിക്കുന്നത് റൂഫാണ്. കൂപ്പെ വാഹനങ്ങള്‍ക്ക് സമാനമായി സ്ലിം റൂഫ് ലൈനാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിരിക്കുന്നത്. ഇതിനൊപ്പം വാഹനത്തിന്റെ എയറോ ഡൈനാമിക് ശേഷി വര്‍ധിപ്പിക്കുന്നതിനായി സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായി രണ്ട് റൂഫ് സ്‌പോയിലറും നല്‍കിയിട്ടുണ്ട്. ഇത് പെര്‍ഫോമെന്‍സ് വേഗത്തിലാക്കുന്നതിനൊപ്പം 12 ശതമാനത്തിന്റെ അധിക റേഞ്ചും ഉറപ്പാക്കുന്നുണ്ട്.
റൂഫ് കൂപ്പെ ഡിസൈനിലായതിനാല്‍ തന്നെ ചാഞ്ഞിറങ്ങുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പിന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡ്. ടെയ്ല്‍ലാമ്പുകള്‍ വോള്‍വോയുടെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ നിലനിര്‍ത്തിയാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഹാച്ച്‌ഡോറിലേക്ക് കയറിനില്‍ക്കുന്ന അല്‍പ്പം വലിയ ടെയ്ല്‍ലാമ്പാണ് ഇതിലുള്ളത്. എക്‌സ്റ്റീരിയറിലെ അലങ്കരിക്കുന്ന മറ്റ് ഫീച്ചറുകള്‍ എല്ലാം തന്നെ എക്‌സ്.സി.40 റീച്ചാര്‍ജില്‍ നിന്ന് കടമെടുത്തവയാണ്.
അകത്തളം
എക്‌സ്.സി40 റീച്ചാര്‍ജിന്റെ മാതൃകയിലാണ് അകത്തളവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിലുമുണ്ട് ഏതാനും സവിശേഷതകള്‍. പ്രീമിയം വാഹനങ്ങള്‍ക്ക് പ്രീമിയം ഭാവം നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് ലെതര്‍ ആവരണങ്ങള്‍ക്കുള്ളത്. എന്നാല്‍, ലെതറിനെ പൂര്‍ണമായും പടിക്കുപുറത്തുനിര്‍ത്തിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. പ്രകൃതിസൗഹാര്‍ദമായ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് സീറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരുങ്ങിയിട്ടുള്ള ഒര്‍ത്തോപിഡിക്‌സ് സീറ്റുകളാണിതിലേത്. മറ്റൊരു സവിശേഷത ഫ്‌ളോര്‍ മാറ്റുകളിലാണ്. കാഴ്ചയില്‍ ഫാബ്രിക് മാറ്റാണെന്ന് തോന്നുമെങ്കിലും ഇതും കുറച്ച് വെറൈറ്റിയാണ്. 71 പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നാണ് സി40 റീച്ചാര്‍ജിലെ ഒരു ഫ്‌ളോര്‍മാറ്റ് ഒരുങ്ങിയിരിക്കുന്നത്.
കാറുകളില്‍ സണ്‍റൂഫുകള്‍ സാധാരണമായ കാലത്ത് ഇവിടെയും അല്‍പ്പം വ്യത്യസ്ത കൊണ്ടുവന്നിരിക്കുകയാണ് വോള്‍വോ. ഈ റൂഫിന് സണ്‍റൂഫ് എന്നതിനെക്കാല്‍ മൂണ്‍റൂഫ് എന്ന വിശേഷണമായിരിക്കും ഏറെ ഇണങ്ങുക. ഡാര്‍ക്ക് ഗ്ലാസില്‍ ഒരുങ്ങിയിട്ടുള്ള ഈ ഗ്ലാസ് തുറക്കാന്‍ സാധിക്കില്ലെന്നതാണ് ഇങ്ങനെ വിളിക്കാന്‍ കാരണം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൈമറ്റ് കണ്‍ട്രോള്‍, ഡി ഡിസൈന്‍ ഗിയര്‍ ലിവര്‍, മെമ്മറി ഫങ്ഷനുള്ള സീറ്റുകള്‍, എയര്‍ പ്യൂരിയര്‍, തുടങ്ങിയ ഫീച്ചറുകള്‍ എല്ലാം അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്. സണ്‍റൂഫിനുള്ള കവര്‍, വെന്റിലേറ്റഡ് സീറ്റ് എന്നിവയാണ് അകത്തളത്തിലെ നഷ്ടങ്ങളായി വിലയിരുത്താവുന്നവയാണ്.
കരുത്തറിയാം
വോള്‍വോ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ആദ്യമെത്തിച്ച വാഹനമായ എക്‌സ്.സി.40 റീച്ചാര്‍ജിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ ഒരുക്കിയിട്ടുള്ള വാഹനമാണ് സി40 റീച്ചാര്‍ജും. എന്നാല്‍, ബോണ്‍ ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ റേഞ്ചിലും കരുത്തിലും ഫീച്ചറുകളിലും അതിന്റെതായ മാറ്റങ്ങള്‍ വ്യക്തമാണ്. ഇലക്ട്രിക് വാഹനത്തിന്റെ സ്വീകാര്യത എപ്പോഴും റേഞ്ചിനെ അടിസ്ഥാനമാക്കിയാണ് ഇരിക്കുന്നത്. ഇക്കാര്യം തന്നെയാണ് സി40 റീച്ചാര്‍ജിന്റെ ആത്മവിശ്വാസവും. 78 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതിലുള്ളത്. ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ച് ടെസ്റ്റ് ചെയ്യുന്ന ഏജന്‍സിയായ ഐകാറ്റിന്റെ കണക്ക് അനുസരിച്ച് 683 കിലോമീറ്ററാണ് റേഞ്ച്. WLTP-യുടെ വിലയിരുത്തലില്‍ 530 കിലോമീറ്ററും ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നുണ്ട്. 11 കിലോവാട്ട് ചാര്‍ജറാണ് ഈ വാഹനത്തിനൊപ്പം നല്‍കുന്നത്. എന്നാല്‍, 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും ഇതില്‍ ഉപയോഗിക്കാം. ഇതില്‍ കേവലം 27 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയുന്നുണ്ട്.
ഡ്രൈവിങ്ങ്
വാഹനത്തില്‍ കയറുമ്പോള്‍ മുതല്‍ വോള്‍വോ ബ്രില്ല്യന്‍സ് പ്രകടമാണ്. എല്ലാ വാഹനത്തിലും സ്വാഭാവികമായി നല്‍കിയിട്ടുള്ള സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഇതില്‍ ഇല്ല. വാഹനത്തില്‍ കയറി ബ്രേക്ക് അമര്‍ത്തിയ ശേഷം വാഹനം ഡ്രൈവ് മോഡല്‍ ഇട്ടുകഴിഞ്ഞാല്‍ വാഹനം കുതിപ്പിന് തയാറാകും. സ്വാഭാവികമായും സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയതിനാല്‍ തന്നെ പതിയ ആക്‌സിലേറ്ററില്‍ അമര്‍ത്തുന്നതോടെ വാഹനം കുതിച്ചുചാടുന്നുണ്ട്. ടയറിന്റെ നോയിസ് ചെറിയ തോതില്‍ ക്യാബിനിലെത്തുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ പൂര്‍ണ നിശബ്ദതയാണ്. അതായത് ഇന്‍സലേഷനില്‍ വോള്‍വോ ടച്ച് വരുത്തിയിട്ടുണ്ടെന്ന് സാരം. കാല്‍ ഒന്ന് ആക്‌സിലറേറ്ററില്‍ അമര്‍ത്തിയതിനാല്‍ തന്നെ കേവലം 4.7 സെക്കന്റില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലധികം വേഗത്തില്‍ കുതിച്ചു. ചുരുങ്ങിയ സമയത്തില്‍ 100 കടക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത പക്ഷെ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും നേരം എക്‌സ്പ്രസ് ഹൈവേയിലെ ഡ്രൈവിങ്ങാണ് പറഞ്ഞത്. ഇനി അല്‍പ്പം ഓഫ് റോഡ് ഡ്രൈവിങ്ങും ആകാം. സ്‌ക്രീനില്‍ ഓഫ് റോഡ് സെലക്ട് ചെയ്താല്‍ പിന്നെ വാഹനം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗമേ എടുക്കൂ. ഇതുപോലെ സ്‌ക്രീനില്‍ തന്നെ സെലക്ട് ചെയ്യാവുന്ന ഒന്നാണ് വണ്‍ പെഡല്‍ ഡ്രൈവിങ്ങ്. ഇത് ആക്ടിവേറ്റ് ചെയ്താല്‍ ആക്‌സിലറേറ്ററില്‍ നിന്ന് കാല്‍ എടുത്താല്‍ വാഹനത്തിന്റെ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിക്കും. ആഡാസിന്റെ പിന്തുണ ഉള്ളതിനാല്‍ മുന്നില്‍ ഏതെങ്കിലും വാഹനം ഉണ്ടെങ്കില്‍ സുരക്ഷിതമായി നിര്‍ത്താനും കഴിയും. വണ്‍ പെഡല്‍ ഡ്രൈവിലൂടെ ബാറ്ററിയിലേക്ക് ചാര്‍ജ് തിരിച്ചെത്തുമെന്നതും ഈ സംവിധാനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
മുന്നിലേയും പിന്നിലേയും ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മുന്നിലെ മോട്ടോര്‍ 160 ബി.എച്ച്.പി. പവറും 330 എന്‍.എം. ടോര്‍ക്കുമേകും. പിന്നിലെ മോട്ടോര്‍ 242 ബി.എച്ച്.പി. പവറും 330 എന്‍.എം. ടോര്‍ക്കും നല്‍കും. 402 ബി.എച്ച്.പി. പവറും 660 എന്‍.എം. ടോര്‍ക്കുമാണ് രണ്ടുമോട്ടോറുകളും ചേര്‍ന്നൊരുക്കുന്നത്. അഡാസ് ലെവല്‍-3 സുരക്ഷയാണ് സി40 റീച്ചാര്‍ജില്‍ വോള്‍വോ ഉറപ്പാക്കിയിരിക്കുന്നത്. ഇതിനൊപ്പം യൂറോ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Volvo C40 Recharge, Volvo C40 Recharge Drive Experience at Lonavala, Mumbai
Published: 03 Sept 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented