മോദി സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിമാരിൽ ഒരാളാണ് ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് കൈയാളുന്ന നിതിൻ ഗഡ്കരി. 2014-ൽ അദ്ദേഹം ചുമതലയേറ്റ ശേഷം ഇന്ത്യയിലെ ദേശീയപാത നിർമ്മാണമേഖലയിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണുണ്ടായത്. 2014-ൽ 91,287 കിലോമീറ്ററായിരുന്ന ദേശീയപാത ശൃംഖല, ഇന്ന് 1,46,000 കിലോമീറ്ററിലധികമാണ്. പ്രതിദിന റോഡ്നിർമ്മാണം 11-12 കിലോമീറ്ററിൽ നിന്ന് 30-37 കിലോമീറ്ററായി ഉയർത്തിയ 'ഇന്ത്യയുടെ എക്സ്പ്രസ് വേ മാൻ' ഇന്ന് രാഷ്ട്രീയജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. റോഡും തുരങ്കവും വമ്പൻ ലക്ഷ്യങ്ങളുമല്ല, പെട്രോളിലെ എഥനോൾ മിശ്രണം നടപ്പാക്കിയതു സംബന്ധിച്ച വിമർശനങ്ങളും പരാതികളുമാണ് അദ്ദേഹത്തെ വലയ്ക്കുന്നത്.

To advertise here,

മാധ്യമങ്ങളെ അനായാസം കൈകാര്യം ചെയ്തിരുന്ന മുൻ ബിജെപി ദേശീയ പ്രസിഡന്റ് എഥനോൾ മിശ്രണം സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ പരുങ്ങി. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്നും ആദ്യം ലക്ഷ്യമിട്ടിരുന്ന 2030-നെക്കാൾ അഞ്ചുവർഷം മുമ്പ് രാജ്യമൊട്ടാകെ നടപ്പാക്കാൻ എന്തിനാണ് ധൃതി കാണിച്ചതെന്നും ചോദിക്കുമ്പോൾ ഉത്തരം സാങ്കേതിക വിശദീകരണങ്ങളായിരുന്നു.

ചിലപ്പോൾ വിമർശകരെ അപകീർത്തിക്കേസിന്റെ ഉമ്മാക്കി കാണിക്കുക പോലുമുണ്ടായി. 'ഇ20 ഇന്ധനം കാരണം കേടുപാടുകൾ സംഭവിച്ച ഒരൊറ്റ കാറെങ്കിലും കാണിച്ചുതരൂ' എന്ന് ഒരു ഘട്ടത്തിൽ വെല്ലുവിളിച്ച കേന്ദ്രമന്ത്രി വിമർശനങ്ങളെ സോഷ്യൽ മീഡിയയിലെ 'ആസൂത്രിത വ്യാജപ്രചാരണ'മാണെന്ന് വിളിച്ച് തള്ളിക്കളഞ്ഞു. നിതിൻ ഗഡ്കരിയുടെ മക്കൾ നടത്തുന്ന എഥനോൾ കമ്പനികളുടെ വരുമാനവും ഓഹരിവിലയും ഇ20 നടപ്പാക്കിയ ശേഷം കുത്തനെ ഉയർന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയആയുധമായി മാറി.

ഇറാൻയുദ്ധം കാരണം ലോകം ഇന്ധനപ്രതിസന്ധി നേരിടുന്ന കാലത്ത് പെട്രോളിലെ എഥനോൾ മിശ്രണം മോദി സർക്കാരിന്റെ വൻവിജയങ്ങളിൽ ഒന്നാകേണ്ടതായിരുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്ന, എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്ന ഒന്ന്. പക്ഷേ, ഒട്ടും സുതാര്യമല്ലാതെ, തിരക്കുപിടിച്ച് നടപ്പാക്കിയതെന്ന് ആരോപിക്കപ്പെടുന്ന ഇ20 മിശ്രണം ജനങ്ങളെയാകമാനം നേരിട്ട് ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുന്നു.

കണ്ണടച്ചുതുറക്കും മുമ്പ് ഇ20 എത്തി, ഇനി ഇ85

എഥനോൾ മിശ്രണപദ്ധതി ഇന്ത്യ 2003-ൽ തന്നെ ആരംഭിച്ചതാണെങ്കിലും മെല്ലെയാണ് മുന്നോട്ടുപോയത്. 2014-ൽ മോദിസർക്കാർ അധികാരമേൽക്കുമ്പോൾ മിശ്രണം ഒന്നര ശതമാനം മാത്രമായിരുന്നു. 2022-ഓടെ ഇ10 മാനദണ്ഡമാക്കി. 2026 ഏപ്രിൽ മുതലാണ് ഇ20 രാജ്യവ്യാപകമായി നിർബന്ധമാക്കിയത്. അതോടെ പരാതികളും പ്രവഹിച്ചു തുടങ്ങി. 2030-ഓടെ 20 ശതമാനം മിശ്രണം (ഇ20) നടപ്പിൽ വരുത്താനായിരുന്നു 2021-ൽ പരിഷ്‌കരിച്ച ദേശീയ ജൈവ ഇന്ധനനയം ലക്ഷ്യമിട്ടിരുന്നത്. അതേവർഷം ജൂണിൽ സമയപരിധി വീണ്ടും പുതുക്കിയ സർക്കാർ 2025-ഓടെ ഇ20 ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2030-31-ഓടെ മൊത്തം മിശ്രണം 26 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം.

2026 ജൂണിൽ 48 ഔട്ട്ലെറ്റുകളിൽ 80-85 ശതമാനം എഥനോൾ അടങ്ങിയ ഇ85 വിൽപ്പന ആരംഭിച്ചു. സാധാരണ പെട്രോളിനെക്കാൾ ലിറ്ററിന് ഏകദേശം 20 രൂപ വിലക്കുറവാണ് ഇതിന്. 2026 ഡിസംബറോടെ 500 ഔട്ട്ലെറ്റുകളിലേക്കും 2027 ഡിസംബറോടെ അയ്യായിരത്തിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ഫ്ളെക്സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമേ ഇ85 പ്രവർത്തിക്കൂ.

എഥനോൾ മിശ്രണം വലിയ നേട്ടമാണെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നു: 2014 മുതൽ എഥനോൾ മിശ്രിതം ചേർത്തതുവഴി ഏകദേശം 1.84 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചു, ഏകദേശം 302 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ഒഴിവാക്കാൻ സാധിച്ചു, കരിമ്പ്, ചോളം കർഷകർക്ക് 1.58 ലക്ഷം കോടിയിലധികം രൂപയുടെ അധിക വരുമാനം എത്തിക്കാൻ കഴിഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ത്യയിലെ കർഷകരെ 'അന്നദാതാക്കളിൽ' നിന്ന് 'ഊർജ്ജദാതാക്കൾ' ആക്കി മാറ്റുന്ന ഒന്നാണ് എഥനോൾ മിശ്രണമെന്ന് അവകാശപ്പെട്ടു.

മൈലേജ് തർക്കവും വാഹനങ്ങളുടെ തേയ്മാനവും

എഥനോൾ പെട്രോളിനെതിരായ ഉപഭോക്തൃ പ്രതികരണങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. 2026 മധ്യത്തിൽ 50,000ത്തിലധികം വാഹന ഉടമകൾക്കിടയിൽ ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ, 2023ന് മുമ്പുള്ള പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ ഭൂരിഭാഗവും തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. എൻജിൻ പ്രവർത്തനം സുഗമമല്ല, സ്റ്റാർട്ടാകാൻ ബുദ്ധിമുട്ട്, ഇന്ധനപൈപ്പുകൾക്ക് തേയ്മാനം എന്നിങ്ങനെയുള്ള പരാതികൾ കുത്തനെ ഉയർന്നതായി സർവേകൾ കണ്ടെത്തി.

2026 ജൂലൈയിൽ നടത്തിയ ഇന്ത്യ ടുഡേ-സീ വോട്ടർ സർവേയിൽ സംബന്ധിച്ച 55 ശതമാനം പേരും അവസരം ലഭിച്ചാൽ ഇ20 പെട്രോൾ തിരഞ്ഞെടുക്കില്ലെന്ന് പറഞ്ഞു. പകുതിയിലധികം പേരും ഇ20 ഇന്ധനം അതിനായി രൂപകൽപ്പന ചെയ്യാത്ത വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന് വിശ്വസിക്കുന്നു. പക്ഷേ, വാഹന നിർമ്മാതാക്കൾ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുകയാണ്. വർഷങ്ങളായുള്ള സർവീസ് ഡേറ്റ പരിശോധിച്ചതിൽ വ്യാപകമായ എൻജിൻ കേടുപാടുകൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആറ് പ്രമുഖ നിർമ്മാതാക്കൾ സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.

ചില വാഹനങ്ങളിൽ ഇ20 ഇന്ധനം മൈലേജ് ഏകദേശം 35 ശതമാനം വരെ കുറച്ചേക്കാമെന്ന് സർക്കാരിന്റെ സ്വന്തം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. വാഹനഗവേഷകരുടെ സ്വതന്ത്ര വിലയിരുത്തലുകൾ പ്രകാരം, പഴയതും ഇ20-ക്ക് അനുയോജ്യമല്ലാത്തതുമായ എൻജിനുകളിൽ, പ്രത്യേകിച്ച് ഹൈവേ ഡ്രൈവിംഗിൽ, മൈലേജിൽ 57 ശതമാനം വരെ കുറവുണ്ടാകുന്നുണ്ടത്രെ. 2023 ഏപ്രിലിനു മുമ്പു നിർമിക്കപ്പെട്ട 80 ശതമാനത്തോളം വാഹനങ്ങളും പരമാവധി പത്തുശതമാനം എഥനോൾ മിശ്രണം (ഇ10) കണക്കാക്കിയുള്ളതാണ്. മൈലേജ് കുറയുമെന്ന് സമ്മതിക്കുന്ന അധികൃതർ അതു കണക്കാക്കിയുള്ള അധികപെട്രോൾ നൽകുന്നില്ല, വില കുറയ്ക്കുന്നുമില്ല. അധികം പണം മുടക്കി എഥനോൾ ചേരാത്ത ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള സംവിധാനം രാജ്യത്ത് അപൂർവമാണ്. ആ സൗകര്യം ഒരുക്കുന്ന രാജ്യങ്ങളുണ്ട്.

ഗഡ്കരി കുടുംബവും എഥനോൾ ബിസിനസും

മോദി മന്ത്രിസഭയിൽ അംഗമായ കാലം മുതൽ എഥനോൾ മിശ്രണത്തിനായി ശക്തമായ നിലപാടെടുത്ത ഗഡ്കരിയുടെ മകൻ നടത്തുന്ന സിയാൻ ആഗ്രോ കമ്പനിയുടെ വരുമാനം 2025-ൽ കുതിച്ചുയർന്നെന്ന് ബിസിനസ്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഥനോൾ നയം വരുന്നതിന് വർഷങ്ങൾക്കുമുമ്പേ സ്ഥാപിച്ച കമ്പനിയാണ്, കുടുംബത്തിന്റെ മൊത്തം ബിസിനസിന്റെ പത്തു ശതമാനത്തിൽ താഴെയാണ് എഥനോൾ വ്യാപാരം, ഇന്ത്യയുടെ ആകെ എഥനോൾ ഉത്പാദനത്തിന്റെ അരശതമാനം മാത്രമാണ് തങ്ങളുടേത് എന്നാണ് മന്ത്രിയുടെ മറുപടി.

2014-15 കാലഘട്ടത്തിൽ എഥനോൾ ബസ് പൈലറ്റ് പ്രൊജക്റ്റും ബയോമാസ് എഥനോൾ പദ്ധതികളും വന്ന സമയത്തും ഗഡ്കരിയുമായി കുടുംബവുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരായി എന്തെങ്കിലും തരത്തിലുള്ള അന്വേഷണമോ കണ്ടെത്തലോ ഇതുവരെ ഉണ്ടായിട്ടില്ല. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, ഒരു മന്ത്രി തന്റെ കുടുംബത്തിന് വലിയ സാമ്പത്തികലാഭമുണ്ടാക്കുന്ന ഒരു നയത്തിനായി ശക്തമായി വാദിക്കുന്നത് രാഷ്ട്രീയമായ അധാർമ്മികത ആണെന്നാണ് വിമർശകരുടെ പക്ഷം.

എഥനോൾ തിടുക്കത്തിന് പിന്നിൽ

ഇന്ത്യക്കാവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85-90 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. 2026 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നു. ചില ഘട്ടങ്ങളിൽ ബാരലിന് 70 ഡോളറിൽ നിന്ന് 140 ഡോളറിലെത്തി, ഡോളറിനെതിരെ രൂപയുടെ മൂല്യം 95-ലേക്ക് കൂപ്പുകുത്തിയതോടെ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങാനുള്ള ചെലവ് കുത്തനെ കൂടി. അതോടെ പുനരുപയോഗ ഇന്ധനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജിതപ്പെടുത്തി- സോളാറും ഹൈഡ്രജനും എഥനോളുമൊക്കെ അതിൽപെടും.

ഇന്ധനമായി എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നതിന് തുടക്കമിട്ടത് ബ്രസീലാണ്. അതിനുവേണ്ട സാഹചര്യങ്ങൾ അവർ കെട്ടിപ്പടുത്തത് അഞ്ച് പതിറ്റാണ്ടുകളെടുത്താണ്. അവിടെ വിൽക്കുന്നതിൽ 85 ശതമാനത്തിലധികവും ഫ്ളെക്സ്ഫ്യുവൽ വാഹനങ്ങളാണ്, എവിടെയും പെട്രോളിനൊപ്പം എഥനോളും ലഭ്യമാണ്. അവിടെ നിർബന്ധിത എഥനോൾ മിശ്രണത്തിന്റെ അളവ് ഇ30 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യ മൂന്ന് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി ഇ10ൽ നിന്ന് ഇ20ലേക്ക് മാറി, മുക്കാൽഭാഗം വാഹനങ്ങളും ഈ ഇന്ധനത്തിനായി നിർമ്മിച്ചതല്ലാതിരുന്നിട്ടും!

എഥനോൾ പദ്ധതിയുമായി മുന്നോട്ടു തന്നെയെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇ85 സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നു, ഫ്െളക്സ്ഫ്യുവൽ വാഹനങ്ങൾ വിപണിയിലെത്തുന്നു... 2030- 31 ഓടെ മൊത്തം മിശ്രണലക്ഷ്യം 26 ശതമാനമായി നിശ്ചയിച്ചിരിക്കുന്നു. അതേസമയം, മിശ്രണനയം പൂർണ്ണമായി നിർത്തലാക്കണമെന്ന് ഉപഭോക്താക്കൾക്കുമില്ലെന്ന് സർവേകൾ വ്യക്തമാക്കുന്നു. പഴയ വാഹനങ്ങൾക്ക് കുറഞ്ഞ മിശ്രണമോ എഥനോൾ ചേരാത്ത പെട്രോളോ ലഭ്യമാക്കുക, വിലയിൽ ഇളവ് നൽകുക, എഞ്ചിൻ തേയ്മാനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടുക എന്നിവയാണ്.

ജൂലായ് 20-ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ നീറ്റ് ചോർച്ചയ്ക്കും അയോധ്യയിലെ സംഭാവനത്തട്ടിപ്പിനും ഒപ്പമോ അതിനെക്കാളധികമോ ചർച്ചയാകേണ്ടതാണ് എഥനോൾ മിശ്രണത്തിലെ പ്രായോഗിക പ്രശ്നങ്ങളും ഉപഭോക്തൃ ആശങ്കകളും. സൂപ്പർ മെജോറിറ്റി ഉപയോഗിച്ച് എൻഡിഎ സർക്കാർ വനിതാസംവരണവും മണ്ഡല പുനർനിർണയവും അടക്കമുള്ള വൻകിട ബില്ലുകൾ പാസാക്കുന്ന തിരക്കിനിടെ സാധാരണക്കാരന്റെ മൈലേജ് കുറയുന്നതും തേയ്മാനവുമൊക്കെ പെട്രോളിൽ എഥനോൾ എന്ന പോലെ അപ്രത്യക്ഷമാവുമോ എന്ന് കണ്ടറിയണം.