രു വാഹനത്തിന്റെ വിജയം നിർണയിക്കുന്നത് വിറ്റഴിച്ച എണ്ണത്തിൽ അടിസ്ഥാനത്തിൽ ആണെങ്കിൽ മാരുതി സുസുക്കിയുടെ സൂപ്പർ ഹിറ്റ് മോഡലുകളിൽ ഒന്നാണ് ബലേനൊ എന്ന പ്രീമിയം ഹാച്ച്ബാക്ക്. ഒരു സെഡാൻ വാഹനത്തിന്റെ പേരായാണ് ബലേനൊ എന്ന നാമം കേട്ട് തുടങ്ങിയതെങ്കിലും, ഈ പേര് ജനകീയമായത് ഒരു പ്രീമിയം ഹാച്ച്ബാക്കിന് നൽകിയപ്പോഴാണെന്നതിൽ സംശയമേതുമില്ല. ഒരു പതിറ്റാണ്ടിൽ അധികമായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞുനിൽക്കുന്ന ബലേനൊ എന്ന ഹാച്ച്ബാക്ക് ഒരു മുഖംമിനുക്കൽ നടത്തി വീണ്ടും നിരത്തുകളിൽ സജീവമാകുകയാണ്.

To advertise here,

ചെറിയ ചരിത്രം

1999-ലാണ് ബലേനൊ എന്ന് പേരുള്ള ഒരു വാഹനം ഇന്ത്യക്കാർ കണ്ടുതുടങ്ങുന്നത്. അന്ന് അതൊരു സെഡാൻ മോഡലായിരുന്നു. സെഡാൻ വാഹനങ്ങളുടെ ഏറ്റവും പ്രതാപകാലം ആസ്വദിച്ച് 2007-ഓടെ ഈ മോഡൽ മടങ്ങുകയും ചെയ്തു. പിന്നീട് എട്ടുവർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബലേനൊ എന്ന പേര് വീണ്ടും ചർച്ചയാകുന്നത്. എന്നാൽ, സെഡാൻ ആയി നിരത്തൊഴിഞ്ഞ വാഹനം 2015 ഒക്ടോബറിൽ തിരിച്ചെത്തിയത് ഒരു പ്രീമിയം ഹാച്ച്ബാക്ക് വാഹനമായാണ്. അന്ന് മുതൽ ഇതുവരെയുള്ള ഒരു പതിറ്റാണ്ട് പ്രയാണത്തിൽ ബലേനൊയുടെ 19 ലക്ഷം യൂണിറ്റാണ് നിരത്തുകളിൽ എത്തിയത്.

മുഖമമിനുക്കൽ

പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ രണ്ടാം തലമുറ പതിപ്പിന്റെ ആദ്യ മുഖംമിനുക്കലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 2015-ൽ എത്തിയ ബലേനൊയുടെ ആദ്യ മുഖംമിനുക്കൽ 2019-ൽ ആയിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം 2022-ൽ ഈ വാഹനത്തിന്റെ രണ്ടാം തലമുറ പതിപ്പും നിരത്തുകളിൽ എത്തി. കൃത്യം നാല് വർഷങ്ങൾക്ക് ഇപ്പുറമാണ് രണ്ടാം തലമുറ മോഡൽ ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്.

ഡിസൈൻ മാറ്റങ്ങൾ

മുഖംമിനുക്കൽ എന്ന പ്രയോഗം അന്വർഥമാക്കുക മാത്രമാണ് ഇത്തവണ മാരുതി സുസുക്കി ചെയ്തിരിക്കുന്നത്. മുഖത്ത് മാത്രമാണ് മാറ്റം. ഹണികോംമ്പ് പാറ്റേണിൽ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന ഗ്രില്ലിന് പകരം ഹൊറിസോണ്ടലായി അടുക്കിയിരിക്കുന്ന മൂന്ന് സ്ലാറ്റുകളാണ് പുതിയ ഗ്രില്ല്. ക്രോമിയം സ്ട്രിപ്പും പിയാനോ ബ്ലാക്ക് പ്ലാസ്റ്റിക്കുകളിലുമാണ് ഗ്രില്ല് ഒരുങ്ങിയിരിക്കുന്നത്. ഹെഡ്‌ലാമ്പ് മുൻ മോഡലിലേത് പറിച്ചുവെച്ചിരിക്കുന്നു. ഗ്രില്ലിലെ മാറ്റം ബംമ്പറിന്റെ രൂപത്തേയും ബാധിച്ചു. ബോഡി കളറിനൊപ്പം ബമ്പറിലൂടെ ഒരു ബ്ലാക്ക് ഇൻസേർട്ട് കടന്നുപോകുന്നുണ്ട്. ഫോഗ്‌ലാമ്പും ചതുരാകൃതിയിലേക്ക് മാറിയിട്ടുണ്ട്.

നിർഭാഗ്യവശാൽ ശ്രദ്ധിക്കപ്പെടുന്ന മാറ്റങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുകയാണ്. വശങ്ങളിൽ ഒരു കൂട്ടിച്ചേർക്കൽ മാത്രമാണ് വരുത്തിയിരിക്കുന്നത്. ഫെൻഡറിൽ ഒരു ബ്ലാക്ക്-ക്രോമിയം ഗാർണിഷ് നൽകിയിരിക്കുന്നതാണിത്. പിന്നിലേക്ക് വരുമ്പോൾ മുമ്പുണ്ടായിരുന്ന സാധാരണ ആന്റിന മാറ്റി പകരം ഒരു ഷാർക്ക് ഫിൻ ആന്റിനയും നൽകിയിട്ടുണ്ട്. പ്രീമിയവും പ്രോഗ്രസീവുമായ ഡിസൈനാണ് പുതിയ ബലേനൊയിൽ നൽകിയിരിക്കുന്നതെന്നാണ് നിർമാതാക്കളുടെ വാദം. ഏഴ് കളർ ഓപ്ഷനുകളിലാണ് പുതിയ ബലേനൊ പുറത്തിറങ്ങുന്നത്.

അകത്തളം

രണ്ടാം തലമുറ മോഡൽ ഉണ്ടായിരുന്ന പ്രീമിയം ഭാവം അതുപോലെ നിലനിർത്തുന്നതിനൊപ്പം ചെറിയ ചില കൂട്ടിച്ചേർക്കലുകളാണ് അകത്തളത്തിൽ വരുത്തിയിരിക്കുന്നത്. ഇരട്ട നിറങ്ങളാണ് അകത്തളത്തിന് നൽകിയിട്ടുള്ളത്. ഡാഷ്‌ബോർഡിൽ ഉൾപ്പെടെ ഈ രണ്ട് നിറങ്ങളും കാണാം. വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകളാണ് ഈ മുഖംമിനുക്കലിൽ അകത്തളത്തിന് ലഭിച്ച മാറ്റം. ഇത് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമാണ്. ലെതറേറ്റ്-ഫാബ്രിക് കോംമ്പിനേഷനിലാണ് സീറ്റുകൾ തീർത്തിരിക്കുന്നത്. മികച്ച കുഷ്യനിങ്ങിനൊപ്പം ഉയർന്ന സപ്പോർട്ടും നൽകിയാണ് സീറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒമ്പത് ഇഞ്ച് വലിപ്പമുള്ള സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുൻ മോഡലിലേത് പുതിയതിലും തുടരുന്നു. എന്നാൽ, ഇതിൽ നൽകിയിട്ടുള്ള ക്ലാരിയോണിന്റെ സൗണ്ട് സിസ്റ്റം പുതിയതാണ്. ആക്ടീവ് കൂൾ സാങ്കേതികവിദ്യയിലുള്ള വയർലെസ് മൊബൈൽ ചാർജിങ് പാഡും ബലേനൊയുടെ അകത്തളത്തിൽ പുതുമയാണ്. 40 ഫീച്ചറുകളുള്ള കണക്ട്ഡ് കാർ സംവിധാനമാണ് പുതിയ ബലേനൊയുടെ സാങ്കേതിക മികവിന്റെ തെളിവ്. അനലോഗ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്റ്റിയറിങ് വീൽ, ഹെഡ്അപ്പ് ഡിസ്പ്ല, 360 വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

സുരക്ഷിതം

സുരക്ഷ സംബന്ധിച്ചുള്ള എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടി ഈ ബലേനൊയിലുണ്ട്. ഈ സെഗ്മെന്റിൽ മറ്റൊരു മോഡലിനും അവകാശപ്പെടാൻ സാധിക്കാത്ത ലെവൽ-2 അഡാസ് ആണ് ഹൈലൈറ്റ്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ലെയ്ൽ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവെൻഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിങ് തുടങ്ങിയവയാണ് അഡാസ് അധിഷ്ഠിതമായ സുരക്ഷ ഫീച്ചറുകൾ. ഇതിനൊപ്പം ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ അടിസ്ഥാന ഫീച്ചറാണ്.

'ജെൻ സി' എൻജിൻ

പുതിയ ബലേനൊയ്ക്ക് ഒരേ സമയം പ്രശംസയും പരിഹാസവും കേൾക്കുന്ന ഒന്നാണ് മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റം. മുമ്പുണ്ടായിരുന്ന 1.2 ലിറ്റർ നാല് സിണ്ടർ എൻജിന് പകരം സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലിൽ കരുത്തേകുന്ന ഇസഡ് സീരീസ് മൂന്ന് സിലിണ്ടർ എൻജിനാണ് പുതിയ ബലേനൊയിൽ നൽകിയിരിക്കുന്നത്. ഒരു സിലിണ്ടർ കുറഞ്ഞത് പവർ ഡെലിവറിയിൽ കൃത്യമായി പ്രതിഫലിക്കുന്നു. 82.93 പിഎസ് പവറും 112.4 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. സിഎൻജി മോഡലിന്റെ പവർ 69.75 പിഎസിലേക്കും ടോർക്ക് 101.8 എൻഎമ്മിലേക്കും താഴ്ന്നു. ഇതാണ് പവർഫുൾ ഡ്രൈവിങ് ഇഷ്ടപ്പെടുന്നവരുടെ പരിഹാസത്തിന് കാരണം.

ഇനി പ്രശംസ ലഭിക്കുന്നത് ഇന്ധനക്ഷമതയുടെ കാര്യത്തിലാണ്. പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിന് 23.80 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലിന് 24.77 കിലോമീറ്റർ മൈലേജാണ് മാരുതിയുടെ ഓഫർ. ഇനി സിഎൻജിയിലേക്ക് വന്നാലോ, 33.61 കിലോമീറ്ററാണ് മൈലേജ്. 37 ലിറ്ററാണ് പെട്രോൾ പതിപ്പിന്റെ ടാങ്ക് കപ്പാസിറ്റി. സിഎൻജിയിൽ ഇത് 37 ലിറ്റർ പെട്രോൾ ടാങ്കും 55 ലിറ്ററിന്റെ സിഎൻജി ടാങ്കുമാണ്.

ഡ്രൈവിങ്ങിലേക്ക്

ബലേനൊയുടെ മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് ഡ്രൈവിങ്ങിന് ലഭിച്ചത്. ത്രീ സിലണ്ടർ എൻജിനിലേക്ക് മാറിയതിനാൽ തന്നെ പല മുൻവിധികളുമായാണ് ഡ്രൈവിങ്ങിന് കയറിയത്. എന്നാൽ, ഒരു സിലണ്ടറിന്റെ നഷ്ടം ഡ്രൈവിങ്ങിനെ അങ്ങനെ ബാധിച്ചിട്ടില്ലെന്നാണ് ആദ്യം തോന്നിയത്. സാമാന്യം ഭേദപ്പെട്ട ഡ്രൈവബിലിറ്റി നൽകുന്ന എൻജിനാണിത് സ്വിഫ്റ്റ് ഉൾപ്പെടെയുള്ള വാഹനത്തിൽ അത് തെളിയിച്ചതുമാണ്. പെർഫോമെൻസിനെക്കാൾ പ്രായോഗികതയ്ക്കാണ് പുതിയ ബലേനൊ പ്രധാന്യം നൽകിയിരിക്കുന്നത്.

കുറഞ്ഞ ആർപിഎമ്മിൽ മൂവിങ്ങിൽ ഉൾപ്പെടെ ഒരു ചെറിയ വിറയൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ഒരു 1500 ആർപിഎമ്മിന് മുകളിലേക്ക് ഭേദപ്പെട്ട ഡ്രൈവിങ് എക്‌സ്പീരിയൻസാണ് ഈ എൻജിൻ നൽകുന്നത്. 80 മുതൽ 100 കിലോമീറ്റർ വേഗതയാണ് ഏറ്റവും കംഫർട്ടബിളായി തോന്നുന്നത്. സസ്‌പെൻഷൻ സംവിധാനം മുൻ മോഡലിലേത് തന്നെയാണ് മോശം റോഡുകളുടെ എഫക്ട് പോലും ക്യാബിനിൽ എത്തുന്നില്ല. സീറ്റുകൾ കൂടി മികച്ചതായത് യാത്ര സുഖം അൽപ്പം കൂടി മെച്ചപ്പെടുത്തുന്നു. ഹാച്ച്ബാക്ക് ബോഡി സ്‌റ്റൈൽ ആയത് കൊണ്ടും ഉറപ്പുള്ള ഷാസിയായതിനാലും ബോഡി റോൾ ഒട്ടും തന്നെ അനുഭവപ്പെടുന്നില്ലെന്നതും ബലേനൊയുടെ മേന്മയാണ്.

അഡാസ് സംവിധാനത്തിന്റെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മികച്ചതാണ്. ചെന്നൈ-ബെംഗളൂരു ഹൈവേയിൽ വേഗത 100 കടന്നതിന് ശേഷമുള്ള ബ്രേക്കിങ് അൽപ്പം പ്രയാസമായി തോന്നി. സ്റ്റിയറിങ് ഫീഡ്ബാക്ക് മാരുതിയുടെ മറ്റ് പല മോഡലുകളെയും വെച്ച മെച്ചപ്പെട്ടതായാണ് തോന്നിയത്. സിലണ്ടറിന്റെ എണ്ണം കുറഞ്ഞതോടെ വാഹനത്തിന്റെ ശബ്ദം അൽപ്പം കൂടിയിട്ടുണ്ട്. അത് ക്യാബിനിലേക്ക് എത്തുന്നുമുണ്ട്. സ്റ്റാർട്ട് ചെയ്ത വാഹനം നിർത്തിയിടുമ്പോൾ ചെറിയ വിറയലും വാഹനത്തിൽ ഫീൽ ചെയ്യുന്നുണ്ട്.