അന്തരീക്ഷ മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഥനോള് ചേര്ത്ത പെട്രോള് വിപണയിലെത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള കുതിപ്പിൽ പങ്കുചേരുകയാണ് തൃശ്ശൂരും. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസത്തിൽ, ജില്ലയിൽ ഇറങ്ങിയ വാഹനങ്ങളിൽ 16 ശതമാനവും ഇ.വി.യാണ്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 0.46 ശതമാനം മാത്രമായിരുന്നു ഇ.വി. ഈ വർഷം ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 23,393 വാഹനങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തപ്പോൾ അതിൽ 8782 ഉം ഇലക്ട്രിക് വാഹനങ്ങളാണ്. ഇവിടത്തെ ഏഴ് ആർ.ടി.ഒ. ഓഫീസുകളിലെയും ക്രോഡീകരിച്ച കണക്കാണിത്.
കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനം തുടങ്ങി എല്ലാ ഇനങ്ങളിലും ഇ.വി. സ്വാധീനം പ്രകടമാണ്. ജനസാന്ദ്രത കൂടുതലള്ള തൃശ്ശൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനു കീഴിലാണ് ഏറ്റവും കൂടുതൽ (1125) ഇ.വി. രജിസ്റ്റർ ചെയ്തത്. കുറവ് (311) കൊടുങ്ങല്ലൂരും. ഇക്കാലയളവിൽ ജില്ലയിൽ 1648 ഡീസൽ വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ. സ്വകാര്യ വ്യക്തികൾക്കു പുറമേ മോട്ടോർവാഹന, വ്യവസായ വകുപ്പുകളും ഇ.വി.യിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ (2025) സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2023-24 ൽ 1,74,08542 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 81,019 എണ്ണം മാത്രമായിരുന്നു ഇ.വി. -0.46 ശതമാനം. തൊട്ടടുത്ത വർഷവും കാര്യമായ മാറ്റമുണ്ടായില്ല. 1,81,97,585 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ ഇ.വി. 88064- (0.456 ശതമാനം) എണ്ണത്തിലൊതുങ്ങി എന്നിരിക്കെയാണ് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽത്തന്നെ തൃശ്ശൂർ ജില്ല ഇ.വിയിൽ കുതിപ്പ് കാണിക്കുന്നത്.
2030-ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനവിൽപ്പന 30 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് 2025-ലെ നിതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ മന്ദഗതിയിലാണ് വളർച്ചയെന്നും 2024 ആയപ്പോഴേക്കും 7.6 ശതമാനം മാത്രമേ എത്തിയിട്ടുള്ളൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇ.വി. പ്രേമത്തിനു പിന്നിൽ കുറഞ്ഞ ഇന്ധന പരിപാലനച്ചെലവ്, ഇ-20 പെട്രോളിനെക്കുറിച്ചുള്ള ആശങ്ക, പരിസ്ഥിതിസൗഹൃദം തുടങ്ങിയ കാരണങ്ങളാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങളോടടുപ്പിക്കുന്നത്.
ഇടത്തരം പെട്രോൾ കാറുകളിൽ ഒരു ലീറ്ററിന് ശരാശരി 15 മുതൽ 20 കിലോമീറ്റർ വരെയും ഡീസലാണെങ്കിൽ 12 മുതൽ 25 വരെയും സി.എൻ.ജി.യിൽ 35 വരെയുമാണ് മൈലേജ് കിട്ടുന്നത്. ഒരു ലിറ്റർ പെട്രോളിൽ 114 രൂപയും ഡീസലിന് 108 ഉം സി.എൻ.ജി.ക്ക് 101 (കിലോഗ്രാമിന് രൂപയുമാണ് നിരക്ക്. 15 കിലോമീറ്റർ ഇന്ധനക്ഷമത കിട്ടുന്ന കാറിൽ 300 കിലോമീറ്റർ യാത്രചെയ്യാൻ ചുരുങ്ങിയത് 2100 രൂപയുടെ പെട്രോൾ വേണം.
എന്നാൽ വൈദ്യുതി കാറിൽ വീട്ടിൽനിന്ന് ചാർജ് ചെയ്യുന്നവയാണെങ്കിൽ ഏകദേശം 240 രൂപയും പുറത്തെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ നിന്നാണെങ്കിൽ 800 രൂപയുടെയും വൈദ്യുതി മതി. വാഹനത്തിന്റെ ബാറ്ററിയുടെ സ്വഭാവം, ചാർജ് ചെയ്യുന്ന സമയം (സൗര മണിക്കൂർ, സൗരേതര മണിക്കൂർ), വീട്ടിലാണെങ്കിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ സ്ലാബ് എന്നിവയനുസരിച്ച് യൂണിറ്റ് തുകയിൽ മാറ്റം വരാം. രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് സൗരമണിക്കൂർ. വൈകീട്ട് നാലു മുതൽ രാവിലെ ഒൻപതു വരെയാണ് സൗരേതര മണിക്കൂർ. സൗരേതര മണിക്കൂറിൽ നിരക്ക് അല്പം കൂടുതലാണ്.
50 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറിൽ 115 കിലോമീറ്റർ യാത്ര ചെയ്യാൻ ചുരുങ്ങിയത് 240 രൂപയുടെ പെട്രോൾ വേണം. ഇ.വിയിലാണെങ്കിൽ ഏകദേശം മൂന്ന് യൂണിറ്റ് വൈദ്യുതി മതി. ആതായത് 24 രൂപ (വീട്ടിൽനിന്ന് ചാർജ് ചെയ്യുന്നത്. സ്ലാബിനനു സരിച്ച് മാറ്റം വരാം). ഇന്ധനത്തിന് ചെലവാക്കുന്ന തുകയിലുള്ള വലിയ ലാഭമാണ് ഇ.വി.യുടെ പ്രധാന ആകർഷണം.
എഥനോളിനെ പേടി
അന്തരീക്ഷ മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഥനോൾ ചേർത്ത പെട്രോൾ വിപണയിലെത്തുന്നത്. 2001-ലാണ് രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. 2006-ൽ കേരളമടക്കമുള്ള 20 സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിൽക്കാൻ തുടങ്ങി. 2009-ൽ ഇത് 10 ശതമാനമായി. 2026 ഏപ്രിലിൽ ഇ-20 മാത്രം വിൽക്കണമെന്ന നിയമവും വന്നു. ഈ വർഷം ഇ-85 പെട്രോളും വിപണയിലെത്തി. 2027-ഓടെ പൂർണമായും ഇ-85 ലേക്ക് മാറുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചാൽ ഇന്ധനക്ഷമതയിലുണ്ടാകുന്ന ഭീകരമായ കുറവും വാഹനങ്ങൾക്കുണ്ടായേക്കാവുന്ന തകരാറുകളും ജനങ്ങളെ അലട്ടുന്നുണ്ടെന്നും ഇ.വി.യിലേക്ക് മാറുന്നതിനുള്ള ഒരു കാരണം എഥനോൾ വിഷയമാണെന്നും പ്രമുഖ കാർവിൽപ്പന ഷോറൂം അധികൃതർ പറയുന്നു. പുതിയ വാഹനങ്ങളിൽ (ബി.എസ്.-6) ഇ-20 പെട്രോൾ ഉപയോഗിച്ചാൽ യന്ത്രത്തകരാറുകൾ ഉണ്ടാകില്ലെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ പഠനങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ. ഇ-85 വ്യാപകമാകുമ്പോൾ എന്തായിരിക്കുമെന്ന ആശങ്കയിൽ പലരും പെട്രോൾ, ഡീസൽ വാഹനങ്ങളോട് അകലം പാലിക്കുകയാണ്. ഇ-20 പെട്രോൾ ഉപയോഗിക്കുന്നതുമൂലം പുതിയ പെട്രോൾ കാറുകൾക്ക് ഇന്ധനക്ഷമത കുറയുന്നുണ്ടെന്ന് മെക്കാനിക്കുകളും പറയുന്നു.
വേണം, കൂടുതൽ ചാർജിങ്‌സ്റ്റേഷനുകൾ
വാഹനവിപണി കുതിക്കുന്നതിനനുസരിച്ച് ചാർജിങ് സ്റ്റേഷനുകൾ ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. ഉള്ളിടത്തുതന്നെ പലതും കാര്യക്ഷമമായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ജില്ലയിൽ 276 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. (133 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും 143 സാധാരണ സ്റ്റേഷനും.) ഇതിൽ കെ.എസ്.ഇ.ബി.ക്ക് 11 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനേയുള്ളൂ. സാധാരണ സ്റ്റേഷൻ 98 എണ്ണവും. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ കാറുകൾ ശരാശരി ഒന്നര മണിക്കൂറിനുള്ളിൽ മുഴുവനായി ചാർജ് ചെയ്യാനാകും. വീടുകളിൽ നിന്നാണെങ്കിൽ എട്ടു മുതൽ 10 മണിക്കൂർ വരെ സമയമെടുക്കും.
വാഹനവില കുറയണം
പെട്രോൾ-ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകൾക്ക് വില കൂടുതലാണ്. ഒരു മുൻനിര വാഹനനിർമാണക്കമ്പനി 7.5 ലക്ഷം രൂപ വരുന്ന കാർ വിപണയിലിറക്കിയതൊഴിച്ചാൽ പത്തുലക്ഷത്തിനു മുകളിൽ ചെലവാക്കിയാലേ കൂടുതൽ സൗകര്യങ്ങൾ ഉള്ള, കൂടുതൽ ദൂരം യാത്രചെയ്യാൻ സാധിക്കുന്ന കാർ വാങ്ങാനാകൂ. ഇവയുടെ ബാറ്ററികൾക്ക് എട്ടുവർഷം വരെയാണ് കമ്പനി വാറന്റി നൽകുന്നത്. കൂടുതൽ സൗകര്യങ്ങളോടുകൂടിയവയ്ക്ക് 15 വർഷവും.
വാഹനവിലയുടെ പകുതിയോളം രൂപ ബാറ്ററിക്കു വരുന്നതിനാൽ വാറന്റി കാലയളവ് കഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത പ്രശ്‌നമായി നിലനിൽക്കുകയാണ്. 1.5 മുതൽ 2 ലക്ഷം രൂപ ചെലവാക്കിയാൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാമെങ്കിലും ബാറ്ററിയുടെ കാര്യത്തിൽ ഇതുതന്നെയാണ് അവസ്ഥ.
Content Highlights: Thrissur records 16% EV registration share between April and June 2026., Rising fuel prices and concerns over E-20/E-85 petrol efficiency are primary drivers for the EV shift., Significant cost savings: Charging an EV at home is significantly cheaper than petrol/diesel fuel costs., Infrastructure gap: Despite the surge, the need for more efficient fast-charging stations remains a major hurdle., Battery longevity and high initial purchase costs remain key consumer concerns.
Published: 08 Aug 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented