
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതിനായിരുന്നു നാളിത്രയും വോള്‍വോ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ പ്രകൃതിയുടെ സംരക്ഷണവും വോള്‍വോയുടെ ദൗത്യമാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ രണ്ടാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കി നടത്തിയ പ്രഖ്യാപനമാണിത്. എക്‌സ്.സി.40 റീചാര്‍ജിന് പുറമെ, സി40 റീചാര്‍ജ് എന്ന പേരിലാണ് വോള്‍വോയുടെ വാഹന നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരിക്കുന്ന വാഹനമാണിതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
2022-ലാണ് വോള്‍വോയുടെ ആദ്യ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുന്നത്. ഒരു വര്‍ഷത്തിനിപ്പുറം രണ്ടാമത്തെ ഇലക്ട്രിക്കും എത്തിച്ചിരിക്കുകയാണ് കമ്പനി. തുടരെ തുടരെ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കുന്നതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്. 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനം മാത്രം പുറത്തിറക്കുന്ന കമ്പനിയായി മാറുകയെന്നതാണ് ഈ ലക്ഷ്യം. ഒരു ഇലക്ട്രിക് വാഹനം പോലും വോള്‍വോ ലൈനപ്പില്‍ എത്തുന്നതിന് മുമ്പ് നടത്തിയ പ്രഖ്യാപനമാണിത്. അത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോസില്‍ ഫ്യുവല്‍ ഇന്ധനങ്ങളിലുള്ള വാഹനത്തിന് പകരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നത്.
വോള്‍വോ സി40 റിചാര്‍ജ്
ബോണ്‍ ഇലക്ട്രിക് എസ്.യു.വി എന്ന ഖ്യാതി സ്വന്തമാക്കി എത്തിയിട്ടുള്ള വാഹനമാണ് വോള്‍വോ സി40 റീചാര്‍ജ്. വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം കാഴ്ചയില്‍ ഇലക്ട്രിക് വാഹനത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചിട്ടുണ്ട്. ഡിസൈനില്‍ എവിടെയെല്ലാമോ എക്‌സ്.സി.40 റീചാര്‍ജുമായി സാമ്യമുള്ള വാഹനമാണ് സി40-യും. ഇലക്ട്രിക് വാഹനങ്ങളുടെ മുഖമുദ്രയായ കവേര്‍ഡ് ആയിട്ടുള്ള മെഷ് നല്‍കിയിട്ടുള്ള ബി.ഇ.വി. ഗ്രില്ലാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. തോര്‍ ഹാമര്‍ ഡിസൈനിലാണ് ലൈറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. പിക്‌സല്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലാംപ് ഒരുങ്ങിയിരിക്കുന്നതെന്നതാണ് ഇതില്‍ മാത്രമായി നല്‍കിയിട്ടുള്ള പുതുമ. എല്‍.ഇ.ഡിയില്‍ തീര്‍ത്തിയിരിക്കുന്ന ഫോഗ്‌ലാമ്പും ഇതിലുണ്ട്. ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ ബോണറ്റിനുള്ളിലും 31 ലിറ്ററിന്റെ
സ്റ്റോറേജ് സ്‌പേസ് നല്‍കാനും സാധിച്ചിട്ടുണ്ട്.
വശങ്ങളില്‍ എടുത്ത് പറയേണ്ടത് ബ്ലാക്ക് ഡയമണ്ട് കട്ട് അലോയി വീലുകളാണ്. 19 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റിയര്‍വ്യൂ മിറര്‍, ബി പില്ലര്‍ തുടങ്ങിയവയെല്ലാം എക്‌സ്.സി.40-ക്ക് സമമാണ്. ബ-പില്ലറില്‍ നിന്ന് പിന്നിലേക്കാണ് പ്രധാനമായും പുതുമ വരുത്തിയിട്ടുള്ളത്. കൂപ്പെ ഡിസൈനിലാണ് പിന്‍ഭാഗം ഒരുക്കിയിരിക്കുന്നത്. ചാഞ്ഞിറങ്ങുന്ന റൂഫും റിയര്‍ വിന്‍ഡ് ഷീല്‍ഡുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റൂഫിന്റെ രണ്ട് വശങ്ങളിലുമായി പ്രത്യേക ഡിസൈനില്‍ സ്‌പോയിലര്‍ നല്‍കിയിരിക്കുന്നത് പിന്‍ഭാഗത്തെ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. വോള്‍വോയുടെ ഡി.എന്‍.എയില്‍ തന്നെയാണ് ടെയ്ല്‍ലൈറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലൈറ്റുകളെ കണക്ട് ചെയ്യുന്ന എല്‍.ഇ.ഡി. സ്ട്രിപ്പും കാണാം. ഹാച്ച്‌ഡോറിലും മറ്റൊരു സ്‌പോയിലര്‍ കൂടി നല്‍കിയതോടെ മുന്‍ഭാഗത്തെക്കാള്‍ ആകര്‍ഷകം പിന്നിലെ ഡിസൈനാണെന്ന് പറയേണ്ടി വരും.
അകത്തളം
XC40, XC40 റീച്ചാര്‍ജ് തുടങ്ങിയ മോഡലുകളില്‍ നിന്ന് കടംകൊണ്ട ഇന്റീരിയറാണ് സി40 റീച്ചാര്‍ജിലും നല്‍കിയിട്ടുള്ളത്. മറ്റ് മോഡലുകളില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത് ലെതര്‍ ഫ്രീയാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതെന്നാണ്. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകുന്നതിന്റെ ഭാഗമായാണ് ലെതറിനെ വാഹനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ലെതറിനെ പിന്നിലാക്കുന്ന തരത്തിലുള്ള ഫാബ്രിക്കാണ് സീറ്റുകളും മറ്റും ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ആകാശം കാണുന്ന തരത്തില്‍ ഗ്ലാസ് റൂഫാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. തുറക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ സണ്‍റൂഫിന് പകരം മൂണ്‍റൂഫ് എന്ന് വിശേഷിപ്പിക്കാം. റൂഫിന് താഴെ ബ്ലൈന്‍ഡ് നല്‍കാത്തത് ഇന്ത്യന്‍ സാഹചര്യത്തില്‍ പോരായ്മയായി വിലയിരുത്താം.
ഫീച്ചറുകളിലേക്ക് കണ്ണോടിച്ചാല്‍ വോള്‍വോയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള വെര്‍ട്ടിക്കിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, മെമ്മറി ഫങ്ഷന്‍ നല്‍കിയിട്ടുള്ള ഡ്രൈവിങ്ങ് സീറ്റ്, ടച്ച് സെന്‍സിങ്ങ് റീഡിങ്ങ് ലൈറ്റുകള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയിട്ടുള്ളത്. പിന്‍നിരയില്‍ മൂന്ന് പേര്‍ക്കുള്ള സീറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സെന്റര്‍ ടണല്‍ നല്‍കിയിട്ടുള്ളതിനാല്‍ തന്നെ ഇരുപ്പ് അല്‍പ്പം ബുദ്ധിമുട്ടാണ്. രണ്ടുപേര്‍ക്ക് ഏറ്റവും മികച്ച യാത്രയാണ് ഈ വാഹനം ഒരുക്കുക എന്ന് ഉറപ്പാണ്.
സുരക്ഷ സംവിധാനങ്ങള്‍
ലോകത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വാഹനങ്ങളാണ് വോള്‍വോയുടേത്. ഈ വാഹനത്തിലും അതിന് വിട്ടുവീഴ്ച വരുത്തിയിട്ടില്ല. അഡ്വാന്‍സ്ഡ് സുരക്ഷ സംവിധാനങ്ങളാണ് സുരക്ഷയിലെ ഹൈലൈറ്റ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളീഷന്‍ മിറ്റിഗേഷന്‍ സപ്പോള്‍ട്ട്, ലെയ്ന്‍ കീപ്പിങ്ങ് എയ്ഡ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍, ക്രോസ് ട്രാഫിക് അലേര്‍ട്ട്, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റെയ്ന്‍ സെന്‍സര്‍, ഹിന്‍ ഡിസെന്റ് കണ്‍ട്രോള്‍ തുടങ്ങിയ അഡ്വാന്‍സ് സംവിധാനങ്ങള്‍ക്കൊപ്പം എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ് തുടങ്ങിയ അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്.
കരുത്ത്
മുന്നിലേയും പിന്നിലേയും ആക്‌സിലുകളില്‍ നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. റീച്ചാര്‍ജ് ട്വിന്‍ എന്നാണ് വോള്‍വോ ഈ സാങ്കേതികവിദ്യക്ക് പേര് നല്‍കിയിട്ടുള്ളത്. 408 എച്ച്.പി. പവറും 660 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 78 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും സി40-ക്കുണ്ട്. കേവലം 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തും കൈമുതലായുള്ള വാഹനമാണ് വോള്‍വോ സി40 റീച്ചാര്‍ജ് എന്ന ബോണ്‍ ഇലക്ട്രിക് എസ.യു.വി.
Content Highlights: Volvo India second electric model C40 Recharge, Volvo C40 Recharge, Electric SUV
Published: 16 Jun 2023, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented