വാഹനപ്രേമികളുടെ ഉള്ളിൽ പാറപോലെ ഉറച്ചുപോയ ഈ നാമത്തെ രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ടാറ്റ മോട്ടോഴ്‌സ് വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ്.

ഐതിഹാസിക സിയേറ എന്ന വാഹനം 90-കളുടെ കൗതുകമായിരുന്നുവെങ്കിൽ 2026-ൽ എത്തിയ പുതിയ സിയേറ വാഹനലോകത്തിന് തന്നെ അദ്ഭുതമാണ്. മറ്റൊരു വാഹന നിർമാതാക്കളുടെയും വിദൂര ഭാവനകളിൽ പോലും ഉണ്ടാകാനിടയില്ലാത്ത ഡിസൈനിലാണ് 1991-ൽ ഒറിജിനൽ സിയേറ പിറവിയെടുക്കുന്നത്. ആ ഡിസൈനിന്റെ കൗതുകം ഒട്ടും ചോരാതെ തന്നെ 2025-ലും 26-ലും ഈ വാഹനത്തെ പുനർജീവിപ്പിച്ചിരിക്കുകയാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.
എസ്‌യുവി എന്ന വാഹന ശ്രേണിയെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച വാഹനമാണ് ടാറ്റ സിയേറ. പരമ്പരാഗത വാഹന ഡിസൈൻ രീതികളെ പൊളിച്ചെഴുതി രണ്ട് ഡോറുകളും മേൽകൂരയോളം മുട്ടുന്ന വിൻഡോ ഗ്ലാസുമൊരുക്കി വാഹന ഡിസൈനിന് പുതിയൊരു നിർവചനം നൽകിയായിരുന്നു സിയേറ എത്തിയത്. 1991-ൽ എത്തിയ വാഹനത്തിന് പക്ഷെ ,12 വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2003-ൽ ഈ വാഹനത്തിന് നിരത്തൊഴിയേണ്ടി വന്നു.
എന്നാൽ, വാഹനപ്രേമികളുടെ ഉള്ളിൽ പാറപോലെ ഉറച്ചുപോയ ഈ നാമത്തെ രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ടാറ്റ മോട്ടോഴ്‌സ് വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ്. പെട്രോൾ/ഡീസൽ പവർ ട്രെയിനുകളിൽ 2025-ന്റെ അവസാനത്തോടെ എത്തിയ സിയേറയുടെ ഇലക്ട്രിക് പതിപ്പ് ജൂൺ 30-ാണ് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐതിഹാസിക സിയേറയുടെ ഓർമപ്പെടുത്തുന്ന രൂപത്തിനൊപ്പം എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളുമായാണ് സിയേറ ഇവിയുടെ വരവ്.
കാഴ്ചയിൽ പക്കാ ഇലക്ട്രിക്
ഏതാണ്ട് ഏഴ് മാസത്തോളമായി സിയേറ എന്ന വാഹനത്തിന്റെ പുതിയ രൂപം നമുക്ക് മുന്നിലുണ്ട്. പെട്രോൾ/ഡീസൽ മോഡലിന്റെ ഡിസൈനിൽനിന്ന് നേരിയ മാറ്റങ്ങളോടെയാണ് സിയേറ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. ഗ്രില്ല് എന്നത് ഇലക്ട്രിക് വാഹനത്തെ സംബന്ധിച്ച് ഒരു അധികപറ്റാണ്. അതുകൊണ്ടുതന്നെ ആ ഭാഗം പൂർണമായും കെട്ടിയടച്ചുള്ള രൂപകൽപ്പനയാണ് സിയേറ ഇവിയുടെ മുൻവശത്തിനുള്ളത്. ഇതൊഴിച്ച് നിർത്തിയാൽ ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫോഗ്‌ലാമ്പ്, എൽഇഡി ലൈറ്റ് സ്ട്രിപ്പ് എന്നിവയെല്ലാം റെഗുലർ മോഡലിൽനിന്ന് പറിച്ചുനട്ടിട്ടുള്ളവയാണ്.
ഇരുവശത്തുനിന്നുമുള്ള കാഴ്ചയിലും റെഗുലർ സിയേറയെ പോലെയാണ് ഇലക്ട്രിക്കും. 19 ഇഞ്ച് വലിപ്പമുള്ള എയറോ അലോയി വീൽ, ഡോറിൽ നൽകിയിട്ടുള്ള ടാറ്റ ഇവി ബാഡ്ജിങ് എന്നിവ മാത്രമാണ് മാറ്റം. ലെയ്ൻവാച്ച് ക്യാമറ നൽകിയിട്ടുള്ള റിയർ വ്യു മിററും ബി,സി ബോർഡറുകൾ ഇല്ലാത്ത വലിയ വിൻഡോകളും റൂഫുമെല്ലാം റെഗുലർ പതിപ്പിൽനിന്നു കടംകൊണ്ടവയാണ്. സിയേറ ഇവി എന്ന ബാഡ്ജിങ് മാത്രമാണ് പിന്നിൽ നിന്നുള്ള കാഴ്ചയിൽ ഇരുപതിപ്പുകളെയും വേർതിരിച്ചറിയാനുള്ള മാർഗം. റെഗുലർ പതിപ്പിൽ ഫ്യുവൽ ലിഡ് വരുന്ന സ്ഥാനത്ത് ഇലക്ട്രിക് പതിപ്പിൽ ചാർജിങ് പോർട്ടാണ്.
അകത്തളം അദ്ഭുതം
ഒരു മിഡ്‌സൈസ് എസ്‌യുവികളിൽ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു റെഗുലർ സിയേറയുടെ അകത്തളത്തിൽ ഒരുങ്ങിയിരുന്ന ഫീച്ചറുകൾ. അതിൽനിന്ന് ഒരെണ്ണം പോലും കുറയാതെ ഇലക്ട്രിക് പതിപ്പിലേക്ക് പറിച്ചുനട്ടിട്ടുണ്ട്. കളർ സ്‌കീമിൽ മാത്രമാണ് ചെറിയൊരു മാറ്റത്തിന് ശ്രമിച്ചിരിക്കുന്നത്. വിശാലമായ അകത്തളമാണ് സിയേറ ഇവിയുടെ മറ്റൊരു സവിശേഷത. 622 ലിറ്ററാണ് ഇതിലെ ബൂട്ട് സ്‌പേസ്. സീറ്റുകൾ മടക്കിവെച്ചാൽ ഇത് 1257 ലിറ്ററായി വർധിപ്പിക്കാനാകും.
ഫീച്ചറുകളാണ് സിയേറ ഇവിയെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ഡാഷ് ബോർഡിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് സ്‌ക്രീനുകളിൽനിന്ന് തുടങ്ങാം. 10.25 ഡ്രൈവർ സ്‌ക്രീൻ 12.3 ഇഞ്ച് വീതും വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പാസഞ്ചർ സ്‌ക്രീനുമാണിവ. ഒ.ടി.ടി.പ്ലാറ്റ്‌ഫോമുകളും മ്യൂസിക് സംവിധാനങ്ങളും ആസ്വദനത്തിനുള്ളതെല്ലാം ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലുണ്ട്. അതേസമയം, ഒരു ഗെയിം സോൺ ആയി പോലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പാസഞ്ചർ സ്‌ക്രീൻ.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സംവിധാനം നൽകിയിട്ടുള്ള മുൻനിര സീറ്റുകൾ, ബോസ് ഫങ്ഷനുള്ള പാസഞ്ചർ സീറ്റ്, ഇൻ ബിൻഡ് സൗണ്ട് ബാർ, ക്യാബിൻ എയർ പ്യൂരിഫയർ, 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡിജിറ്റൽ കീ സംവിധാനം, വയർലെസ് ചാർജിങ്, ആംബിയന്റ് ലൈറ്റിങ്, മുൻ-പിൻ നിരകളിൽ നൽകിയിട്ടുള്ള 65 വോൾട്ട് ചാർജിങ് സ്ലോട്ട് എന്നിങ്ങനെ നീളുന്നതാണ് സിയേറ ഇവിയിലെ മറ്റ് ഫീച്ചറുകൾ.
മെക്കാനിക്കലാണ് മെയിൻ
ഇലക്ട്രിക് വാഹനത്തിന്റെ ഭാവി നിർണയിക്കുന്നത് അതിന്റെ ബാറ്ററി പാക്കും റേഞ്ചുമാണ്. അക്കാര്യത്തിലും ടാറ്റ പൂർണ ആത്മവിശ്വാസത്തിലാണ്. 535 കിലോ മീറ്റർ റേഞ്ച് എംഐഡിസി സാക്ഷ്യപ്പെടുത്തിയിട്ടുള്ള 63 കിലോവാട്ട് ബാറ്ററി പാക്കും, റിയർ വീൽ ഡ്രൈവ് പതിപ്പിന് 665 കിലോ മീറ്റർ റേഞ്ചും ഓൾ വീൽ ഡ്രൈവിന് 624 കിലോ മീറ്റർ റേഞ്ചും നൽകുന്ന 75 കിലോവാട്ട് ബാറ്ററി പാക്കിലുമാണ് സിയേറ ഇവി എത്തുന്നത്. ലൈഫ് ടൈം ബാറ്ററി വാറണ്ടിയും ഈ വാഹനത്തിന് ഓഫർ ചെയ്യുന്നുണ്ട്.
ചാർജിങ്ങിലും വലിയ വിസ്മയമാണ് സിയേറ ഇവി. കേവലം 15 മിനിറ്റ് ചാർജിങ്ങിലൂടെ 263 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ സംഭരിക്കാനാകും. 120 കിലോവാട്ട് വരെ ശേഷിയുള്ള ഫാസ്റ്റ് ചാർജിങ് സംവിധാനം വാഹനം സപ്പോർട്ട് ചെയ്യുമെന്ന് സാരം. ഫാസ്റ്റ് ചാർജിങ്ങിലൂടെ വെറും 26 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ബാറ്ററി നിറയും. 7.2 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 75 കിലോവാട്ട് ബാറ്ററി നിറയാൻ 10.5 മണിക്കൂറും 63 കിലോവാട്ട് ബാറ്ററി നിറയാൻ 8-9 മണിക്കൂറുമെടുക്കും.
കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. റിയർ വീൽ ഡ്രൈവ് സംവിധാനത്തിൽ രണ്ട് മോഡലുകളും എത്തുന്നുണ്ട്. 63 കിലോവാട്ട് പതിപ്പിലെ മോട്ടോർ 238 പിഎസ് പവറും 315 എൻഎം ടോർക്കുമാണ് നൽകുന്നത്. അതേസമയം, 75 കിലോവാട്ട് ബാറ്ററിപാക്ക് മോഡൽ 209 പിഎസ് പവറും 315 എൻഎം ടോർക്കുമേകും. 75 ബാറ്ററിപാക്ക് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഓൾ വീൽ ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. ഇതിൽ മുന്നിലെ ആക്‌സിലിൽ നൽകിയിട്ടുള്ള മോട്ടോർ 140 പിഎസ് പവറും പിന്നിലെ മോട്ടോർ 209 പിഎസ് പവറും ഉത്പാദിപ്പിക്കും. 504 എൻഎം ആണ് കംപയ്ൻഡ് ടോർക്ക്.
മോഡുകൾ പലവിധം
കാര്യക്ഷമമായ ഡ്രൈവിങ് ഉറപ്പാക്കുന്നതിനായി നിരവധി ഡ്രൈവ്, ടെറൈൻ മോഡുകളും സിയേറ ഇവിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോർട്ട്, എന്നീ മോഡുകൾ അടിസ്ഥാന വേരിയന്റ് മുതൽ നൽകുന്നുണ്ട്. ഓൾ വീൽ ഡ്രൈവ് പതിപ്പിൽ ബൂസ്റ്റ് മോഡും നൽകിയിട്ടുണ്ട്. ഉയർന്ന ടോർക്ക് ഡെലിവറിയാണ് ബൂസ്റ്റ് മോഡിന്റെ സവിശേഷത. വേരിയന്റുകൾക്ക് അനുസരിച്ച് നാല് മുതൽ ആറ് വരെ ടെറൈൻ മോഡുകളും ഇതിലുണ്ട്. നോർമൽ, സ്‌നോ/ഗ്രാസ്, മഡ്/റട്ട്‌സ്, സാന്റ്, റോക്ക് ക്രൗൾ, കസ്റ്റം എന്നിവയാണ് ടെറൈൻ മോഡുകൾ.
കരുത്തുറ്റ സുരക്ഷ
ടാറ്റ വാഹനങ്ങളുടെ മുഖമുദ്ര തന്നെ സുരക്ഷയാണ്. ഇടിപരീക്ഷയ്ക്ക് ഇറങ്ങിയിട്ടുള്ള വാഹനങ്ങളെല്ലാം പഞ്ചനക്ഷത്രങ്ങളുമായി തിരിച്ചെത്തിയതാണ് ടാറ്റയുടെ മുൻകാല ചരിത്രം. സിയേറ ഇവിയും ഇക്കാര്യത്തിൽ മോശമല്ല. ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് (അഡാസ്) പ്രധാനമായും സുരക്ഷ ഉറപ്പാക്കുന്നത്. ഓട്ടോ പാർക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് അഡാസ് അധിഷ്ഠിതമായി വന്നിരിക്കുന്നത്. ഇതിനൊപ്പം ആറ് എയർബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയവയെല്ലാം ഈ വാഹനത്തിന്റെ അടിസ്ഥാന സുരക്ഷ സംവിധാനങ്ങളാണ്.
വിലയിലും താരം
ബാറ്ററി പാക്കിനെ അടിസ്ഥാനമാക്കി അഞ്ച് വേരിയന്റുകളിലാണ് സിയേറ ഇവി എത്തിയിരിക്കുന്നത്. പ്യുവർ, പ്യുവർ എസ്, അഡ്വഞ്ചർ, എംപവേർഡ് എന്നീ നാല് വേരിയന്റുകളിലാണ് 63 കിലോവാട്ട് ബാറ്ററി മോഡൽ (റിയർ വീൽ ഡ്രൈവ്) എത്തുന്നത്. ഇതിന് 18.79 മുതൽ 22.79 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 75 കിലോവാട്ട് ബാറ്ററി (റിയർ വീൽ ഡ്രൈവ്) അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് എ എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയ്ക്ക് 22.19 ലക്ഷം രൂപ മുതൽ 24.79 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എംപവേർഡ് എ എന്ന ഒറ്റ വേരിയന്റിൽ മാത്രമാണ് 75 കിലോവാട്ട് ഓൾ വീൽ ഡ്രൈവ് പതിപ്പ് എത്തുന്നത്. 25.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.
ഓടിച്ചറിഞ്ഞു സിയേറ കരുത്ത്
കരുത്ത് കൊണ്ട് ഞെട്ടിച്ച വാഹനമാണ് സിയേറ ഇ.വി. ഒരു ഇലക്ട്രിക് മിഡ് സൈസ് എസ്‌യുവി ഇത്രയേറെ കരുത്തോടെ എത്തുമെന്ന് ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. മുന്നിലേയും പിന്നിലേയും ആക്‌സിലുകളിൽ മോട്ടോർ ഘടിപ്പിച്ചിട്ടുള്ള ക്വാഡ് വീൽ ഡ്രൈവ് പതിപ്പായിരുന്നു ഡ്രൈവിങ്ങിന് ലഭിച്ചത്.
ഹൈവേകളിലെ ഡ്രൈവിങ്ങിൽ കൂടുതൽ കരുത്തേകുന്നത് പിന്നിലെ മോട്ടോർ തന്നെയാണ്. 209 പിഎസ് പവറിൽ കുതിക്കുന്ന വാഹനത്തിന് മുന്നിലെ 140 പിഎസ് പവർ ഉത്പാദിപ്പിക്കുന്ന മോട്ടോറും ചില സമയങ്ങളിൽ പിന്തുണ നൽകുന്നുണ്ട്. ക്രെറ്റയോളം വലിപ്പമുള്ളതിനാൽ ട്രാഫിക് തിരക്കിലും അനായസം കൈകാര്യം ചെയ്യാം. റീ ജനറേഷൻ മോഡ് ലെവൽ 3-യിൽ ആണെങ്കിൽ സിംഗിൾ പെഡൽ പോലെ ഏത് ട്രാഫിക്കിലും ഉപയോഗിക്കാൻ സാധിക്കും. ഡ്രൈവിങ് തൃപ്തികരമാണ്.
എന്നാൽ, ഹൈവേയിലേക്ക് കയറിയാൽ സീൻ മാറും. ഇക്കോ മോഡ് തന്നെ വേറെ ലെവൽ പെർഫോമെൻസാണ്. സിറ്റി മോഡിലും തകർക്കും. എന്നാൽ, സ്‌പോട്ട് മോഡിലേക്ക് മാറിയാൽ പറപ്പറക്കും. അത് നിരത്തിലായാലും അൽപ്പം റെഫ് റോഡിലായാലും. ഓഫ് റോഡ് മോഡിലേക്ക് പോകുമ്പോഴാണ് എല്ലാ ടെറൈൻ മോഡിന്റെയും ഉപയോഗം കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നത്. ബൂസ്റ്റ് മോഡിൽ ടോർക്ക് ഡെവിലറി കൃത്യമായി എടുത്ത് അറിയിക്കും. ഈ മോഡിൽ 500-ൽ അധികമാണ് ടോർക്ക്. റോഡിലായാലും റോഡ് വിട്ടാലും പെർഫോമെൻസിൽ വിട്ടുവീഴ്ച്ചയില്ല.
പ്ലാറ്റ്‌ഫോമിന് താഴെ വരുന്ന ബാറ്ററി പാക്ക് ഉൾപ്പെടെ താങ്ങാനുള്ള ശേഷി വേണ്ടതിനാൽ തന്നെ സസ്‌പെൻഷൻ അൽപ്പം കടുപ്പമാണ്. ഗ്ലൈഡൽ സസ്‌പെൻഷൻ എന്ന ടാറ്റ വിശേഷിപ്പിക്കുന്ന മൾട്ടി ലിങ്ക് സസ്‌പെൻഷനാണ് ഇതിലേത്. ഫ്രീക്വൻസി ഡാപിങ് സംവിധാനമെല്ലാം നൽകിയാണ് സസ്‌പെൻഷൻ ഒരുക്കിയിട്ടുള്ളതെങ്കിലും അൽപ്പം സ്റ്റിഫാണ്. ഹൈസ്പീഡ് കോർണറിങ്ങും മറ്റും ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും റോഡിലെ കുഴിയും ഹമ്പുമെല്ലാം ചാടുന്നത് ക്യാബിനുള്ളിൽ കുറഞ്ഞ തോതിലെങ്കിലും അറിയാൻ സാധിക്കും.
ടാറ്റയുടെ മറ്റെല്ലാം വാഹനങ്ങളിലും നൽകിയിട്ടുള്ള സ്റ്റിയറിങ് സംവിധാനമാണ് ഇതിലുമുള്ളത്. കുറഞ്ഞ വേഗതയിൽ നല്ല ഫ്രീയായ സ്റ്റിയറിങ് വീലാണെങ്കിലും ആക്‌സിലറേറ്ററിൽ കാൽ അമരുമ്പോൾ സ്റ്റിയറിങ്ങിൽ അൽപ്പം വെയിറ്റ് അനുഭവപ്പെടുന്നുണ്ട്. സുരക്ഷയൊരുക്കുന്ന അഡാസും കേമനാണ്. ലെയ്ൻവാച്ച്, എമർജൻസി ബ്രേക്കിങ് ഉൾപ്പെടെ ഉറപ്പു നൽകിയിട്ടുള്ള ഫീച്ചറുകൾ എല്ലാം ഒന്നൊന്നിന് മെച്ചം എന്ന് പറയാം.
Content Highlights: Iconic nostalgic design with modern electric powertrain, Dual battery options (63kWh and 75kWh) with up to 665km range, Industry-first lifetime battery warranty, Level-2 ADAS and 5-star safety standards, Fast charging support (120kW) offering 263km range in 15 minutes
Published: 13 Jul 2026, 03:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented