സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ സി40 റീച്ചാര്‍ജ് വിപണിയില്‍ അവതരിപ്പിച്ചു. ബോണ്‍ ഇലക്ട്രിക് വാഹനമായി എത്തിയിട്ടുള്ള ഈ മോഡലിന് 61.25 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചാം തിയതി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നും വരുന്ന ആഴ്ചയോടെ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നുമാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്.

To advertise here,

എക്‌സ്.സി.40 റീച്ചാര്‍ജിലൂടെയാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വോള്‍വോ ചുവടുവെച്ചത്. ഐസ് എന്‍ജിനിനൊപ്പം ഇലക്ട്രിക് കരുത്തിലുമെത്തിയ എക്‌സ്.സി. 40 റീച്ചാര്‍ജ് ഇലക്ട്രിക്കിന് 56.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. XC40 റീച്ചാര്‍ജ് ഇലക്ട്രിക് എസ്.യു.വിയായാണ് എത്തിയിട്ടുള്ളതെങ്കില്‍ C40 റീച്ചാര്‍ജ് സ്‌പോട്ട് ബാക്കായാണ് ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യയില്‍ കിയ ഇ.വി6, ഹ്യുണ്ടായി അയോണിക്-5 എന്നിവയാണ് XC40 റീച്ചാര്‍ജിന്റെ എതിരാളികള്‍.

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം കാഴ്ചയില്‍ ഇലക്ട്രിക് വാഹനത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചിട്ടുണ്ട്. ഡിസൈനില്‍ XC40 റീച്ചാര്‍ജുമായി വലിയ സാമ്യവും C40-ക്കുണ്ട്. കവേര്‍ഡ് ആയിട്ടുള്ള മെഷ് നല്‍കിയിട്ടുള്ള ബി.ഇ.വി. ഗ്രില്ല്, പിക്‌സല്‍ ടെക്‌നോളജിയിലുള്ള തോര്‍ ഹാമര്‍ ഡിസൈന്‍ ഹെഡ്‌ലാമ്പ്,  എല്‍.ഇ.ഡിയില്‍ തീര്‍ത്തിയിരിക്കുന്ന ഫോഗ്ലാമ്പും ഇതിലുണ്ട്. ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ ബോണറ്റിനുള്ളിലും 31 ലിറ്ററിന്റെ സ്റ്റോറേജ് സ്പേസ് നല്‍കാനും സാധിച്ചിട്ടുണ്ട്.

വശങ്ങളില്‍ എടുത്ത് പറയേണ്ടത് ബ്ലാക്ക് ഡയമണ്ട് കട്ട് അലോയി വീലുകളാണ്. 19 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ബി-പില്ലറില്‍ നിന്ന് പിന്നിലേക്കാണ് പ്രധാനമായും പുതുമ വരുത്തിയിട്ടുള്ളത്. കൂപ്പെ ഡിസൈനിലാണ് പിന്‍ഭാഗം ഒരുക്കിയിരിക്കുന്നത്. റൂഫിന്റെ രണ്ട് വശങ്ങളില്‍ എയറോ ഡൈനാമിക് സ്‌പോയിലറുകള്‍ നല്‍കിയിട്ടുണ്ട്. വോള്‍വോയുടെ ഡി.എന്‍.എയില്‍ തന്നെയാണ് ടെയ്ല്‍ലൈറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലൈറ്റുകളെ കണക്ട് ചെയ്യുന്ന എല്‍.ഇ.ഡി. സ്ട്രിപ്പും കാണാം.

ലെതര്‍ ഫ്രീയായി ഒരുങ്ങിയിരിക്കുന്നു എന്നതാണ് ഈ വാഹനത്തിന്റെ അകത്തളത്തിന്റെ സവിശേഷത. ഓര്‍ത്തോപെഡിക്‌സ് സീറ്റുകളാണ് ഇതിലുള്ളത്. പ്ലാസ്റ്റിക് കുപ്പി റീസൈക്കിള്‍ ചെയ്താണ് ഫ്‌ളോർ മാറ്റുകള്‍ തീര്‍ത്തിരിക്കുന്നത്. ആകാശം കാണുന്ന തരത്തില്‍ ഗ്ലാസ് റൂഫാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. തുറക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ സണ്‍റൂഫിന് പകരം മൂണ്‍റൂഫ് എന്ന് വിശേഷിപ്പിക്കാം. മറ്റ് ഫീച്ചറുകള്‍ സ്റ്റൈലിങ്ങുമെല്ലാം എക്‌സ്.സി.40 റീച്ചാര്‍ജിന് സമാനമായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

മുന്നിലേയും പിന്നിലേയും ആക്സിലുകളില്‍ നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. റീച്ചാര്‍ജ് ട്വിന്‍ എന്നാണ് ഈ സാങ്കേതികവിദ്യക്ക് പേര് നല്‍കിയിട്ടുള്ളത്. 408 എച്ച്.പി. പവറും 660 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 78 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കാം. 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തും വോള്‍വോ സി40 റീച്ചാര്‍ജിനുണ്ട്.