ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറെ ജനപ്രീതി സ്വന്തമാക്കിയ മോഡലാണ് റാപ്പിഡ് സെഡാന്‍. മികച്ച പ്രകടനം മുഖമുദ്രയാക്കി എത്തിയിട്ടുള്ള ഈ വാഹനം കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകാനൊരുങ്ങുന്നു. പെട്രോള്‍ എന്‍ജിനുകള്‍ക്ക് പുറമെ, സി.എന്‍.ജി. എന്‍ജിനിലുമാണ് റാപ്പിഡ് ഇന്ത്യയിലെത്താനൊരുങ്ങുന്നത്. സ്‌കോഡ ഇന്ത്യയുടെ മേധാവി സാക്ക് ഹോളീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

To advertise here,

സി.എന്‍.ജി. കരുത്തേകുന്ന റാപ്പിഡ് ഇതിനോടകം തന്നെ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റാപ്പിഡിന്റെ റെഗുലര്‍ മോഡല്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സി.എന്‍.ജി. മോഡലിലും പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. ഇത് 109 ബി.എച്ച്.പി.പവറും 175 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, പെട്രോള്‍ മോഡലിനെക്കാള്‍ കുറഞ്ഞ പെര്‍ഫോമെന്‍സായിരിക്കും സി.എന്‍.ജി. നല്‍കുക.

ഏത് വേരിയന്റിനൊപ്പമാണ് സി.എന്‍.ജി. സ്ഥാനം പിടിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ലുക്കിലും ഫീച്ചറുകളിലും ഉള്‍പ്പെടെ മാറ്റം വരുത്തിയേക്കില്ലെന്നുമാണ് സൂചനകള്‍. ഏറ്റവുമൊടുവില്‍ എത്തിയ റാപ്പിഡിന് സമാനമായി 16 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്പോയിലര്‍, സ്‌കോഡയുടെ സിഗ്നേച്ചറായ ഗ്രില്ല്, വലിയ ബമ്പര്‍ എന്നിവ സി.എന്‍.ജി. മോഡലിനെയും അലങ്കരിക്കും. 

അകത്തളത്തെ കൂടുതല്‍ സ്‌പോട്ടിയാക്കിയാണ് റാപ്പിഡിന്റെ ഏറ്റവുമൊടുവിലെ മോഡല്‍ എത്തിയത്. ബ്ലാക്ക്-ബേജ് ഫിനീഷിങ്ങിലാണ് ഇന്റീരിയര്‍ ഒരുക്കിയതെങ്കിലും കഴിഞ്ഞ മുഖം മിനുക്കലില്‍ ഓപ്ഷണലായി ഇന്റീരിയറിന് ബ്ലാക്ക് നിറവും നല്‍കി. 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവയും റാപ്പിഡിനെ ഫീച്ചര്‍ സമ്പന്നമാക്കും.

1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് റാപ്പിഡിന്റെ റെഗുലര്‍ പതിപ്പ് എത്തുന്നത്.  ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായും റാപ്പിഡില്‍ നല്‍കിയിട്ടുണ്ട്. സി.എന്‍.ജി. മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും നല്‍കുക.

Content Highlights: Skoda Planning Launch Rapid CNG In India