ഈ വര്‍ഷം ഇതുവരെ മൂന്ന് തവണയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈ വർഷത്തെ നാലാം തവണയും വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മോഡലുകളെയും വില വർധനവിന്റെ പരിധിയിൽ കൊണ്ടുവരാതെ വാഹനനിരയിലെ ചില മോഡലുകളുടെ വില മാത്രമാണ് വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച മുതൽതന്നെ പുതുക്കിയ വില പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാരുതി സുസുക്കിയുടെ വാഹനനിരയിലെ ഏതാനും മോഡലുകൾക്ക് 0.31 ശതമാനത്തിന്റെ വില വർധനവാണ് വരുത്തിയിരിക്കുന്നത്. വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുകളുടെ വിലയിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധന മൂലം നിർമാണച്ചെലവ് കൂടുന്നത് കണക്കിലെടുത്താണ് ഈ വർധനവെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. വർധിച്ച ഉത്പാദനച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഉപയോക്താക്കളിലേക്ക് കൈമാറുന്നതെന്നും മാരുതി സുസുക്കി അറിയിച്ചു.
ഞായറാഴ്ച സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിലാണ് വില വർധനവിന്റെ കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ, ഏതൊക്കെ മോഡലുകൾക്ക് എത്ര രൂപ വീതമാണ് കൂടുന്നതെന്ന കാര്യം മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല. ചെലവ് കുറയ്ക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഉത്പാദന ചെലവിലെ സമ്മർദം നിലനിൽക്കുന്നുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്.
ഈ വർഷം ഇതുവരെ മൂന്ന് തവണയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വർധിപ്പിച്ചത്. മേയ് മാസത്തിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 30,000 രൂപവരെ ഉയർത്തിയിരുന്നു. ഓഗസ്റ്റിലും 30,000 രൂപയുടെ വർധന ഉണ്ടായി. സെപ്റ്റംബർ മാസത്തിൽ ചില മോഡലുകളുടെ വിലയിൽ 20,000 രൂപയുടെവരെ വർധന വരുത്തിയിരുന്നു. ഈ മൂന്ന് വർധനവിലൂടെ ചില മോഡലുകൾക്ക് 80,000 രൂപവരെ വില ഉയർന്നിട്ടുണ്ട്. പുതിയ വർധന കൂടി വരുന്നതോടെ വീണ്ടും വില ഉയർന്നേക്കും.
സാധാരണഗതിയിൽ കലണ്ടർ വർഷത്തിന്റെയോ സാമ്പത്തിക വർഷത്തിന്റെയോ തുടക്കത്തിലാണ് വാഹന നിർമാതാക്കൾ വില വർധിപ്പിക്കാറുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി നാല് തവണ വില ഉയർത്തേണ്ടി വരുന്നത് വാഹന നിർമാതാക്കൾ നേരിടുന്ന സമ്മർദ്ദത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തലുകൾ. അസംസ്‌കൃത വസ്തുകളുടെ വില ഉയരുന്നതും പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധിയുമാണ് കാരണമെന്നാണ് റിപ്പോർട്ട്.
Content Highlights: Maruti Suzuki announces the fourth price hike of the year., Selected models see a 0.31 percent price increase effective from Sunday., Cumulative hikes reach up to Rs 80,000 this year due to rising raw material costs., Production cost pressure remains the primary reason for the frequent price revisions.
Published: 23 Nov 2026, 12:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented