ഗ്രേറ്റര്‍ മുംബൈയില്‍ മൂന്ന് ലക്ഷത്തോളം ഓട്ടോറിക്ഷകളെയും 20,000 ടാക്സികളെയുമാണ് സിഎന്‍ജി പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

ഇന്ധനവിതരണം തടസ്സപ്പെട്ടതോടെ സർവീസുകൾ മുടങ്ങിയ ടാക്സികൾ നിർത്തിയിട്ടിരിക്കുന്നു
ഇന്ത്യയുടെ വ്യാവസായ തലസ്ഥാനമായ മുംബൈയെ പ്രതിസന്ധിയിലാക്കി ഗ്യാസ് ലൈനിലെ തകരാര്‍. നഗരത്തിലെ ഗതാഗത സംവിധാനങ്ങളെയാണ് ഗ്യാസിന്റെ വിതരണത്തിലെ തടസ്സം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇന്ധന പമ്പുകളില്‍ സിഎന്‍ജിയുടെ വിതരണം നിലച്ചതോടെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. ടാക്സികള്‍, ട്രക്കുകള്‍ ഉള്‍പ്പെടെ നഗരത്തിലെ ഭൂരിഭാഗം വാഹനങ്ങളും സിഎന്‍ജിയിലാണ് ഓടുന്നത്.
വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് സിഎന്‍ജി വിതരണം തുടരുന്നത്. ഈ പമ്പുകളിലെ വാഹനങ്ങളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈ നഗരത്തില്‍ ഓടുന്ന ബസ് ശൃംഖലയായ ബെസ്റ്റ് ബസ് സര്‍വീസിനെ സിഎന്‍ജി വിതരണം മുടങ്ങിയത് കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 44 ശതമാനം ബസുകളും നിരത്തിലിറക്കാന്‍ സാധിക്കാതെ വരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഗ്രേറ്റര്‍ മുംബൈയില്‍ മൂന്ന് ലക്ഷത്തോളം ഓട്ടോറിക്ഷകളെയും 20,000 ടാക്സികളെയുമാണ് സിഎന്‍ജി പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഓട്ടോറിക്ഷകളെ വിളിച്ചിട്ട് വരുന്നില്ലെന്നാണ് ഒരു ഭാഗത്തെ പരാതിയെങ്കില്‍ ടാക്സികള്‍ ഉയര്‍ന്ന് നിരക്ക് ആവശ്യപ്പെടുന്നുവെന്നും ഓണ്‍ലൈന്‍ ക്യാബ് സര്‍വീസുകള്‍ സാധാരണ നിരക്കിന്റെ ഇരട്ടിയാണ് കാണിക്കുന്നതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ഇന്ധനം സ്റ്റോക്കുള്ള പമ്പുകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നിര.
ഒല, ഉബര്‍ തുടങ്ങിയവയുടെ ഓട്ടോറിക്ഷകളേയും ടാക്സികളേയും ബാധിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിനുകളിലും മെട്രോകളിലും വലിയ തിരക്കിന് കാരണമായി. ചൊവ്വാഴ്ച ഇന്ധന വിതരണം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) വിതരണം ചെയ്യുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പൈപ്പ് ലൈനാണ് തകര്‍ന്നത്. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് (ആര്‍സിഎഫ്) കോമ്പൗണ്ടിനുള്ളിലെ ഗെയ്ലിന്റെ പ്രധാന വാതക വിതരണ പൈപ്പ്ലൈനിന് കേടുപാടുകളും സംഭവിച്ചു.
മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ നിരവധി സിഎന്‍ജി സ്റ്റേഷനുകള്‍ വളരെ കുറഞ്ഞ സ്റ്റോക്കില്‍ പ്രവര്‍ത്തിക്കുകയും ചിലത് താത്കാലികമായി അടച്ചിടുകയും ചെയ്തു. മുംബൈയില്‍ 130 മുതല്‍ 140 വരെ സിഎന്‍ജി പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ പല സിഎന്‍ജി പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നതായി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന് (മുംബൈ) പ്രസിഡന്റ് ചേതന്‍ മോദി പറഞ്ഞു. വീടുകളില്‍ തടസ്സമില്ലാതെ പ്രകൃതിവാതക (പിഎന്‍ജി) ലഭ്യത ഉറപ്പാക്കി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വിതരണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് എംജിഎല്‍ അറിയിച്ചു.
Content Highlights: Mumbai faces a severe CNG shortage due to pipeline damage, halting 3 lakh autos, 20,000 taxis, and BEST buses. Find out the impact and expected recovery.
Published: 18 Nov 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented