കുഷാഖ്, സ്ലാവിയ എന്നീ വാഹനങ്ങളുടെ വില്‍പ്പന വലിയ ആത്മിവിശ്വാസമാണ് സ്‌കോഡയ്ക്ക് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാനുള്ള ഊര്‍ജവും. അതുകൊണ്ടുതന്നെ സ്‌കോഡയില്‍ നിന്ന് ഇനിയെത്തുന്നത് ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്കാണ്. അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ള ഈ വാഹനത്തിന്റെ രൂപരേഖ സ്‌കോഡ പുറത്തുവിട്ടു. 

To advertise here,

സ്‌കോഡ ഇന്ത്യയുടെ ഈ പ്രഥമ കോംപാക്ട് എസ്.യു.വി.യുടെ ആഗോളതലത്തിലുള്ള ലോഞ്ചിങ് 2025 പകുതിയോടെയാണ് നടക്കുക. ഇടത്തരമാണെങ്കിലും വലിയ കാറിന്റെ പ്രതീതിയായിരിക്കും ഈ വാഹനത്തിനെന്നാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ പീറ്റര്‍ ജനേബ പറയുന്നത്. കോംപാക്ട് എസ്.യു.വി. വാഹനങ്ങളിലെ മാര്‍ക്കറ്റ് ലീഡര്‍മാരായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യൂ, കിയ സോണറ്റ് തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സ്‌കോഡയുടെ ഈ വാഹനം ഏറ്റുമുട്ടുന്നത്. 

ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുള്ള ന്യു ഇന്ത്യ 2.5 പദ്ധതി അനുസരിച്ച് ആദ്യമെത്തുന്ന മോഡലായിരിക്കും സ്‌കോഡയുടെ കോംപാക്ട് എസ്.യു.വിയെന്നാണ് വിലയിരുത്തലുകള്‍. 2025 ജനുവരിയില്‍ ഈ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. സ്‌കോഡ പ്രദേശികമായി വികസിപ്പിച്ചിട്ടുള്ള എം.ക്യു.ബി. എ.ഒ. ഇന്‍ പ്ലാറ്റ്ഫോമിലാണ് ഈ കോംപാക്ട് എസ്.യു.വിയും നിര്‍മിക്കുക. പ്ലാറ്റ്ഫോമിന് പുറമെ, സീറ്റ്, സസ്പെന്‍ഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയും കുഷാഖുമായി പങ്കിട്ടാണ് ഈ വാഹനം എത്തുന്നത്. 

സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ തന്നെയായിരിക്കും ഇന്ത്യ 2.5 മോഡലുകളിലും പ്രവര്‍ത്തിക്കുക. പുതുതായി ഒരുങ്ങുന്ന മോഡലില്‍ 120 ബി.എച്ച്.പി. പവറുള്ള 1.0 ലിറ്റര്‍ എന്‍ജിന്‍ മോഡലിനൊപ്പം മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. 1.5 എന്‍ജിനിലും ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണെങ്കിലും സ്‌കോഡയ്ക്ക് വേരോട്ടമുള്ള ഏതാനും രാജ്യങ്ങളിലേക്കും ഈ കോംപാക്ട് എസ്.യു.വി. എത്തിക്കും. മെക്സികോ, ആഫ്രിക്ക, വിയറ്റ്നാം പോലുള്ള സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയിലേക്ക് ഈ വാഹനം എത്തിക്കാനാണ് സ്‌കോഡയുടെ പദ്ധതി. 2025 ജനുവരി-ഫെബ്രുവരി മാസത്തില്‍, അല്ലെങ്കില്‍ 2025-ലെ ഓട്ടോ എക്സ്പോയിലോ ആയിരിക്കും ഈ വാഹനത്തിന്റെ ആഗോള അവതരണമെന്നാണ് സൂചന.