സ്‌കോഡയ്ക്ക് ഇന്ത്യയിൽ പുതുജീവൻ നൽകിയ കുഷാഖ്, ഇന്ത്യയിൽ നിലയുറപ്പിക്കാനായുള്ള കഠിനശ്രമത്തിന്റെ ഭാഗമായി നടപ്പാക്കിയ സ്‌കോഡ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം. ഇതിനായി പുതിയ പ്ലാറ്റ്ഫോം തയ്യാറാക്കി. അങ്ങനെ എം.ക്യു.ബി. എ.ഐ.എൻ. പ്ലാറ്റ്ഫോമിൽ കുഷാഖ് വിപണിയിലെത്തി. പിന്നാലെ സ്ലാവിയയും കൈലാഖുമെത്തി. കുഷാഖ് തന്റെ റോൾ കൃത്യമായി നടത്തി. മിന്നുന്ന പ്രകടനത്തിലൂടെ വിൽപ്പന കുതിച്ചുയർന്നു. ഇപ്പോഴിതാ രൂപമാറ്റം വരുത്തിയ കുഷാഖുമായി വീണ്ടുമെത്തുകയാണ് സ്‌കോഡ. അതിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.

To advertise here,

രൂപത്തിൽ മാറ്റമൊന്നുമില്ല

സ്‌കോഡയുടെ പുതിയ ഡിസൈൻ ശൈലി പിന്തുടരുകയാണ്. ഡി.ആർ.എല്ലിനോട് ചേർന്നുനിൽക്കുന്നു നേർത്ത എൽ.ഇ.ഡി. ഹെഡ്ലൈറ്റുകൾ. ഗ്രില്ലിൽ നേരിയ ലൈറ്റ് ബാറാണ് പ്രധാനമായും വന്ന മാറ്റം. ബമ്പറിൽ സിൽവർ സ്‌കിഡ് പ്ലേറ്റ് വന്നു. പുതിയ അലോയ് വീലുകൾ വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് എന്നിങ്ങനെയാണ്.

 

പിന്നിലെ നീണ്ടുകിടക്കുന്ന എൽ.ഇ.ഡി. കണക്ടഡ് ലൈറ്റ് ബാറിലെ സ്‌കോഡ എന്ന എഴുത്ത് ഇനിമുതൽ പ്രകാശിക്കും. ഉയർന്ന വേരിയന്റുകളിൽ പനോരമിക് സൺറൂഫ് ലഭിക്കുമ്പോൾ മറ്റ് വേരിയന്റുകളിൽ ഇത് ചെറുതാവും. അലോയ് വീലുകൾ, ഓട്ടോ എ.സി., റെയിൻ സെൻസിങ് വൈപ്പറുകൾ, പിൻ വാഷ്-വൈപ്പ്, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ റിയർവ്യൂ മിറർ എന്നിവ സ്റ്റാൻഡേഡായി വരുന്നുണ്ട്.

 

പുതിയ ഗിയർബോക്സ്

പുതിയ സ്‌കോഡ കുഷാഖിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു ലിറ്റർ എൻജിനൊപ്പം എത്തിയ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ്. 115 എച്ച്.പി.യാണ് ഈ എൻജിന്റെ കരുത്ത്. മൈലേജാണ് ഇതിലെ സ്റ്റാർ. ലിറ്ററിന് 19.09 കിലോമീറ്ററാണ് കമ്പനി പറയുന്നത്. മുൻ മോഡലായ 6-സ്പീഡ് ഓട്ടോമാറ്റിക്കിന് 15.78 കിലോമീറ്ററായിരുന്നു നൽകിയിരുന്നത്. ഇതു കൂടാതെ മുൻ മോഡലിനെപ്പോലെ 150 എച്ച്.പി. കരുത്തുള്ള 1.5 ലിറ്റർ എൻജിനുമുണ്ട്. 1.0-ലിറ്റർ എൻജിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ലഭ്യമാണ്, അതേസമയം 1.5 ലിറ്റർ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്കുമായി മാത്രമാണ് വരുന്നത്.

ഓടിക്കാൻ എങ്ങനെ

സ്‌കോഡ കാറുകളുടെ മികവ് അതിന്റെ ഹാൻഡ്ലിങ്ങും, യാത്രാസുഖവുമാണ്. ഉയർന്ന വേഗത്തിലും ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടാകില്ല. വളരെ ലൈറ്റായ സ്റ്റിയറിങ് വീലാണ്. നഗരയാത്രകളിൽ ഇത് ആശ്വാസമാണ്. എന്നാൽ, വേഗതത്തിലും ഡ്രൈവിങ്ങ് ആസ്വദിക്കുന്നവർക്കും കുറച്ചുകൂടി കടുപ്പമുണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നത് സ്വാഭാവികം. പിന്നിലെ യാത്രക്കാർക്ക് മസാജ് സീറ്റ് വന്നിട്ടുണ്ടെങ്കിലും അഡാസിന്റെയും 360 ഡിഗ്രി ക്യാമറയുടെയും അഭാവം നിഴലിച്ചു കാണുന്നുണ്ട്.