ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ, കോംപാക്ട് എസ്.യു.വി. എന്ന ശ്രേണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. സ്‌കോഡയുടെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനമായാണ് കൈലാഖ് എന്ന കോംപാക്ട് എസ്.യു.വി. വരുന്നതും. 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെയുള്ള വിലയില്‍ എത്തുന്ന ഈ വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്നതാണ്. 

To advertise here,

കൈലാഖിന് ലഭിച്ച ബുക്കിങ്ങാണ് നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഡിസംബര്‍ രണ്ടാം തിയതി ആരംഭിച്ച ബുക്കിങ് 10 ദിവസം പിന്നിട്ടതോടെ 10000 കടന്നിരുന്നു. ഇതോടെ ഈ വാഹനത്തിന്റെ അടിസ്ഥാന വേരിയന്റായ ക്ലാസിക്കിന്റെ ബുക്കിങ് താത്കാലികമായി നിര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആദ്യ ബാച്ചില്‍ നിര്‍മിക്കുന്ന അടിസ്ഥാന വേരിയന്റുകളുടെ വില്‍പ്പന പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് ബുക്കിങ് താത്കാലികമായി നിര്‍ത്താന്‍ സ്‌കോഡ തീരുമാനിച്ചത്. 

കൈലാഖിന്റെ ആദ്യ ബാച്ചില്‍ 33,000 യൂണിറ്റാണ് നിര്‍മിക്കുന്നതെന്നാണ് സ്‌കോഡ അറിയിച്ചിരുന്നത്. 2025 മെയ് മാസം വരെയുള്ള വിതരണത്തിനായാണ് ഇവ ഒരുങ്ങുന്നത്. ഇതിനോടകം ലഭിച്ച 10,000 ബുക്കിങ്ങില്‍ 3000 എണ്ണവും ക്ലാസിക് എന്ന വേരിയന്റിനാണ്. ഇതോടെയാണ് ഈ വേരിയന്റിന് ബുക്കിങ് സ്വീകരിക്കുന്നത് നിര്‍ത്തിയത്. കൈലാഖിന്റെ ആദ്യ ബാച്ചിന്റെ വിതരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്ന ബുക്കിങ് വീണ്ടും ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, വേരിയന്റുകളുടെ ഡിമാന്റ് കണക്കിലെടുത്തായിരിക്കും എത്ര യൂണിറ്റ് നിര്‍മിക്കണമെന്ന് തീരുമാനിക്കുകയെന്ന് സ്‌കോഡ ഇന്ത്യ മേധാവി ഓട്ടോകാര്‍ ഇന്ത്യയോട് പറഞ്ഞിരുന്നു. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് സ്‌കോഡ കൈലാഖ് എത്തുന്നത്. യഥാക്രമം 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം രൂപയാണ് ഈ വേരിയന്റുകളുടെ മാനുവല്‍ പതിപ്പിന്റെ എക്സ്ഷോറൂം വില. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് പതിപ്പിന് യഥാക്രമം 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയാകുന്നത്.

അടിസ്ഥാന പതിപ്പായ ക്ലാസിക്കില്‍ തന്നെ ആകര്‍ഷകമായ ഫീച്ചറുകള്‍ നല്‍കിയിട്ടുള്ളതാണ് ഈ വേരിയന്റിന്റെ ബുക്കിങ് ഉയരാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ വീല്‍, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഹെഡ്‌റെസ്റ്റ്, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, പവേഡ് വിങ് മിറര്‍, മാനുവല്‍ എ.സി, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ക്ലാസിക് വേരിയന്റ് എത്തുന്നത്. 

സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. ഇത് 115 എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ 35-ല്‍ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്.

Source