ഇന്ത്യന്‍ വാഹന വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമാകാനുറച്ച് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 500 സെയില്‍സ് പോയന്റുകളും 475 സര്‍വീസ് പോയന്റുകളും പുതുതായി ഒരുക്കുമെന്ന് റെനോ ഇന്ത്യ അറിയിച്ചു. സര്‍വീസ് പോയന്റുകളില്‍ 200-ല്‍ അധികം വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ് ആയിരിക്കുമെന്നും റെനോ അറിയിച്ചു. 

To advertise here,

2020-ന്റെ അവസാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങലിലായി റെനോ 40 പുതിയ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനായാണ് ഡീലര്‍ഷിപ്പുകളുടെ എണ്ണം ഉയര്‍ത്തുന്നത്. ഇതോടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് പോലും റെനോയുടെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

റെനോയില്‍ നിന്ന് ജനുവരി 28-ന് ഇന്ത്യയില്‍ എത്തുന്ന കൈഗര്‍ എന്ന എസ്.യു.വിയാണ് കമ്പനിയുടെ പുതിയ പ്രതീക്ഷ. ഈ വാഹനം ആഗോളതലത്തില്‍ പോലും ശ്രദ്ധനേടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ വാഹന വിപണിയുടെ 50 ശതമാനവും കൈയാളുന്ന ബി സെഗ്മെന്റിലാണ് കൈഗര്‍ എത്തുന്നത്. ഈ വാഹനത്തിലൂടെ വിപണിയില്‍ ശ്രദ്ധേയ സ്ഥാനം ലഭിക്കുമെന്നാണ് റെനോ പ്രതീക്ഷിക്കുന്നത്. 

കമ്പനിയുടെ റെനോ സ്‌റ്റോര്‍ എന്ന കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ ഒരുങ്ങിയിട്ടുള്ളത്. ന്യൂജനറേഷന്‍ ഡീലര്‍ഷിപ്പ് സംവിധാനമാണ് റെനോ സ്‌റ്റോര്‍ എന്ന ആശയം. റെനോയിടെ ബ്രാന്റ്, പ്രൊഡക്ട്, ആക്‌സസറികള്‍ എന്നിവ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്ന രീതിയിലാണ് ഈ കണ്‍സെപ്റ്റ് ഒരുക്കിയിട്ടുള്ളതെന്നും റെനോ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവിലെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കല്‍, താപനില പരിശോധന, വാഹനങ്ങള്‍, മീറ്റിങ്ങ് റൂമുകള്‍ തുടങ്ങിയവയുടെ സാനിറ്റൈസേഷന്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Renault Expands Network Presence To More Than 500 Sales Touch-points In India