പാലാ: പള്ളിത്തിരുന്നാളിന് 'പള്ളിക്കെട്ട്' ഗാനം പാടുമ്പോൾ തടയാൻ ശ്രമിച്ചയാൾക്ക് തടയിട്ട് വികാരിയും വിശ്വാസികളും. പാലായ്ക്ക് സമീപം മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ സെയ്ന്റ് ഗ്രിഗോറിയോസ് പള്ളിയിലാണ് സൗഹാർദ്ദത്തിന്റെ ശ്രുതി കാത്ത സംഭവമുണ്ടായത്.

To advertise here,

ഞായറാഴ്ച രാത്രിയായിരുന്നു ഗാനമേള. പള്ളി സ്ഥാപിച്ച് നൂറാം തിരുനാൾ ആഘോഷിക്കുന്ന വേളയുമാണിത്. ആലപ്പുഴ റെയ്ബാൻ ഓർക്കസ്ട്രയുടെ ഗാനമേള പുരോഗമിക്കുന്നതിനിടയ്ക്കാണ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം പാടിയത്. പാട്ടിനിടയിൽ ഒരാൾ സ്റ്റേജിൽ കയറി ഹിന്ദുഭക്തിഗാനം പാടാൻ പറ്റില്ലെന്നും ക്രൈസ്തവ ഭക്തിഗാനം പാടിയാൽ മതിയെന്നും പറഞ്ഞ് പാട്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചു. പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും ഇയാളെ സ്റ്റേജിൽനിന്ന് താഴെയിറക്കി മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടെ വേദിക്ക് സമീപമെത്തിയ ഇടവകവികാരി ഫാ. മാത്യു പന്തലാനിയുടെ നിർദേശപ്രകാരം കമ്മിറ്റിക്കാർ വേദിയിൽ കയറി. പാട്ട് തടസ്സപ്പെട്ടതിൽ ആസ്വാദകരോട് ക്ഷമ ചോദിക്കുകയും 'പള്ളിക്കെട്ട്' എന്ന ഗാനം വീണ്ടും ആലപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

അതുകൊണ്ടും അവസാനിപ്പിക്കാതെ 'പമ്പാഗണപതി' എന്ന ഗാനംകൂടി പള്ളി അധികൃതരുടെ നിർദേശപ്രകാരം ആലപിച്ചു. ഗാനമേളയിൽ വിവിധപാട്ടുകൾ പാടുന്നത് സ്വാഭാവികമാണെന്ന് വികാരി ഫാ.മാത്യു പന്തലാനി പറഞ്ഞു. പള്ളിസ്ഥലത്തെ വേദിയിലാണ് ഗാനമേള നടന്നത്.

പാട്ടിന്റെ പേരിൽ നാടിന്റെ മതസൗഹാർദം തകർക്കാൻ സമ്മതിക്കില്ല. പെരുന്നാളുകളിൽ വിവിധ മത വിഭാഗങ്ങളിലുള്ളവർ എത്തിച്ചേരുന്നതാണ്. അതുൾക്കൊണ്ടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കിഴപറയാർ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾ 29-ന് നടക്കും. ഇടവകയുടെ ശതാബ്ദി ആഘോഷത്തിനും തിരുനാളിനും പ്രദേശത്തെ ഹൈന്ദവകുടുംബങ്ങളെ നേരിട്ടും ഫോണിലും പള്ളിക്കമ്മിറ്റിയംഗങ്ങൾ ക്ഷണിച്ചും മാതൃകയായിരുന്നു.