സ്വകാര്യ സര്‍വകലാശാലയടക്കമുള്ള പരിഷ്കാരം സുഗമമാകണം.
അക്രമസമരത്തിന് താക്കീതാകണം

തിരുവനന്തപുരം: സസ്പെൻഷനിലായ എസ്.എഫ്.ഐ. വിദ്യാർഥികളെ തിരിച്ചെടുക്കാനുള്ള വിധിക്കെതിരേ കാലടി സംസ്കൃത സർവകലാശാല അപ്പീൽ നൽകിയത് സർക്കാരിന്റെകൂടി താത്പര്യം കണക്കിലെടുത്ത്. വി.സി. ഡോ. സിസാ തോമസ് അപ്പീൽ നൽകണമെന്ന അഭിപ്രായത്തിലായിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ താത്പര്യവും കണക്കിലെടുത്താകണം അന്തിമതീരുമാനമെന്ന നിലപാടിലായിരുന്നു.
തുടർന്നുനടന്ന കൂടിയാലോചനയിലാണ് അപ്പീലാകാമെന്ന ധാരണ രൂപപ്പെട്ടത്. സംസ്കൃത സർവകലാശാലയിലെ ഒരു പ്രതിഷേധമെന്നനിലയിൽമാത്രം പ്രശ്നത്തെ കാണരുതെന്ന അഭിപ്രായമാണ് ഭരണനേതൃത്വത്തിനുണ്ടായിരുന്നത്. മറ്റ് സർവകലാശാലകളിലും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് എസ്.എഫ്.ഐ. വേഗത്തിൽ നീങ്ങുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള നിയമനിർമാണത്തിലേക്ക് സർക്കാർ കടക്കുകയാണ്. ഒപ്പം സ്ഥിരം വി.സി. നിയമനവും യു.ഡി.എഫ്. ലക്ഷ്യമിടുന്നു. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുമുൻപ് സ്ഥിരം വി.സി. നിയമനം നടത്തണമെന്ന് ഗവർണർ ഓം പ്രകാശ് മാഥൂർ മന്ത്രി റോജി എം. ജോണുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശിച്ചിരുന്നു.
എൽ.ഡി.എഫ്. സർക്കാർ രൂപംനൽകിയ സ്വകാര്യ സർവകലാശാലാ ബില്ലിൽ ചില ഇളവുവരുത്തിയാണ് പുതിയത് കൊണ്ടുവരുന്നത്. സ്വാഭാവികമായും ഇടതുപക്ഷം ബില്ലിനെതിരേ വിദ്യാർഥികളെ രംഗത്തിറക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്ത് ഗവർണറുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി മുടങ്ങിയ വി.സി. നിയമനം നടത്താനായാൽ യു.ഡി.എഫ്. സർക്കാരിനത് നേട്ടമാകും.
സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ അക്രമം വകവെച്ചുകൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ച കീഴടങ്ങലായി വിലയിരുത്തപ്പെടുമെന്ന ചിന്തയും സർക്കാരിനുണ്ട്. സമരത്തെ കർശനമായിത്തന്നെ നേരിടുമെന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് പോകണമെന്നും വിലയിരുത്തി. കോടതിവിധി അംഗീകരിക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞശേഷവും അപ്പീൽ പോകാനുള്ള തീരുമാനം ഇതേത്തുടർന്നാണ്. തിങ്കളാഴ്ചരാത്രിതന്നെ അഭിഭാഷകനായ ജോർജ് പൂന്തോട്ടത്തിന് അപ്പീൽ ഫയൽചെയ്യാൻ നിർദേശം നൽകിയിരുന്നു.
Published: 25 Nov 2026, 04:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented