2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ ആയി കാരന്‍സ് അവതരിപ്പിച്ചിരുന്നു. പല ഭാവത്തിലെത്താനുള്ള കാരന്‍സിന്റെ കഴിവ് തിരിച്ചറിഞ്ഞ് പഞ്ചാബ് പോലീസ് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് ഈ എം.പി.വി. 71 കാരന്‍സാണ് പോലീസ് വാഹനമായി എത്തിയിരിക്കുന്നത്. 

To advertise here,

പഞ്ചാബ് പോലീസ് സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ആയാണ് 71 കാരന്‍സും ഉപയോഗിക്കുക. കാരന്‍സ് എം.പി.വി. വിവിധ രൂപത്തില്‍ എത്തിക്കുന്നതിലൂടെ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ ശ്രേണിയിലേക്കുള്ള പ്രവേശനമാണ് കിയ മോട്ടോഴ്‌സ് സാധ്യമാക്കിയിരിക്കുന്നത്. പോലീസ് സേനയ്ക്കായി ഒരുക്കിയിട്ടുള്ള വാഹനത്തില്‍ കൂടുതല്‍ സാങ്കേതികവിദ്യയും കണക്ടഡ് ഫീച്ചറുകളും ഉയര്‍ന്ന വീല്‍ബേസും മൂന്നാം നിരയില്‍ മികച്ച സ്‌പേസും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്. 

തീവ്രതയുള്ള സ്‌ടോബ് ലൈറ്റുകള്‍, പോലീസ് അലര്‍ട്ട് സിസ്റ്റം, ഡയല്‍ 112, എമര്‍ജന്‍സി വെഹിക്കിള്‍ ഗ്രാഫിക്‌സുകള്‍ എന്നിവയാണ് റെഗുലര്‍ കാരന്‍സില്‍ നിന്ന് വ്യത്യസ്തമായി പോലീസ് വാഹനമായി കാരന്‍സിന്റെ എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. സ്പ്ലിറ്റ് സീറ്റ് നല്‍കിയതാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാനമാറ്റം. രണ്ടാം നിരയില്‍ 60ഃ40 ആനുപാദത്തില്‍ ആണെങ്കില്‍ മൂന്നാം നിരയില്‍ 50ഃ 50 ആനുപാദത്തിലാണ് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്. 

മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റമാണ് ഏറ്റവും പ്രധാനം. മുമ്പാണ്ടായിരുന്നു 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പോലീസ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. വാഹനത്തെ കൂടുതല്‍ ദൃഢമാക്കുന്നതിനായി കരുത്തുറ്റ സ്റ്റീല്‍ സ്‌ട്രെക്ചറിലാണ് കാരന്‍സിന്റെ പോലീസ് മോഡല്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, എ.ബി.എസ്. ഐഡല്‍ സ്‌റ്റോപ്പ് ആന്‍ഡ് ഗോ, ടി.പി.എം.എസ്. തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.