കിയ മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലെ ആഡംബര എംപിവി മോഡലായ കാർണിവലിന്റെ ആഡംബര പതിപ്പ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. ഏറെ വൈകാതെ തന്നെ ഈ ഹൈബ്രിഡ് കാർണിവൽ നിരത്തുകളിൽ എത്തുമെന്ന് സൂചന നൽകി ഈ വാഹനത്തിന്റെ ബുക്കിങ് തുറന്നിരിക്കുകയാണ് നിർമാതാക്കൾ. ഡീസൽ എൻജിൻ മോഡലിന് സമാനമായി ലിമോസിൻ പ്ലസ് വേരിയന്റിൽ ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കുന്ന കാർണിവൽ ഡീസൽ പതിപ്പിന് സമാനമായി തന്നെയാണ് ഈ വാഹനത്തിന്റെയും ഫിറ്റ് ആൻഡ് ഫിനീഷ്. എന്നാൽ, മെക്കാനിക്കലായി വലിയ മാറ്റമാണ് ഇതിലുള്ളത്. 1.6 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകിയാണ് കാർണിവൽ ഹൈബ്രിഡ് എത്തുന്നത്. പെട്രോൾ എൻജിൻ 180 എച്ച്പി പവറും 265 എൻഎം ടോർക്കുമാണ് നൽകുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 73.4 എച്ച്പി പവറും 304 എൻഎം ടോർക്കുമേകും.

നിലവിൽ 2.2 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിൻ മോഡൽ കാർണിവലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 193 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഈ എൻജിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക്‌ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. സ്‌ട്രോങ് ഹൈബ്രിഡ് മോഡലിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമായിരിക്കും നൽകുക. ഇതുവരെ ഈ വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഡീസൽ എൻജിൻ പതിപ്പിനെക്കാൾ വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വാഹനത്തിനൊപ്പം തന്നെയാണ് കാരൻസ്, കാരൻസ് ക്ലാവിസ് എന്നീ മോഡലുകളുടെ സിഎൻജി പതിപ്പും അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ ബുക്കിങ്ങും കിയ മോട്ടോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് കിയ മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് ഫാക്ടറി ഫിറ്റഡ് സിഎൻജി മോഡലുകൾ എത്തുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മുമ്പ് ഡീലർ ലെവൽ ഫിറ്റ്‌മെന്റാണ് സിഎൻജി കിറ്റ് നൽകിയിരുന്നത്.

1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ഈ രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. 93 എച്ച്പി പവറും 123 എൻഎം ടോർക്കുമാണ് സിഎൻജി പതിപ്പുകൾ ഉത്പാദിപ്പിക്കുന്ന കരുത്ത്. 60 ലിറ്റർ കപ്പാസിറ്റിയുള്ള സിഎൻജി ടാങ്ക് ആണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ 22 മുതൽ 25 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.