ചെട്ടികുളങ്ങര : പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട കീച്ചേരിക്കടവ്-ആച്ചംവാതുക്കൽ റോഡിന്റെ നവീകരണം വൈകുന്നു. ഫിഷറീസ് വകുപ്പിന്റെ തീരദേശപാത നവീകരണ പദ്ധതിയിൽപ്പെടുത്തി റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ചിട്ട് മാസങ്ങളായി. പണി തുടങ്ങാൻ സാധനസാമഗ്രികൾ ഇറക്കിത്തുടങ്ങിയ ഘട്ടത്തിൽ ആദ്യം അംഗീകരിച്ച രൂപരേഖ മാറ്റേണ്ടിവന്നതാണ് പണി വൈകുന്നതിനു കാരണം. പുതുക്കിയ രൂപരേഖ സർക്കാരിനു സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്. ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് നിർമാണച്ചുമതല.

To advertise here,

അച്ചൻകോവിലാറിനു സമീപത്തുകൂടിയുള്ള കീച്ചേരിക്കടവ് റോഡ്‌ ഉയർത്തി ടാർ ചെയ്യുന്നതിനും കൽക്കെട്ട് നിർമിക്കുന്നതിനും കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ കാലത്താണ് അനുമതി ലഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടിൽനിന്ന് 1.27 കോടി രൂപയും അനുവദിച്ചു. 1.4 കിലോമീറ്റർ നീളമുള്ള റോഡ് നാലു മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. സർക്കാർ അനുമതി കിട്ടി നിർമാണം തുടങ്ങുന്ന ഘട്ടത്തിൽ, ഈ റോഡിന്റെ ഒരുഭാഗം പൊതുമരാമത്ത് വകുപ്പ് നവീകരിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിക്കുകയായിരുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ അനുബന്ധപാതയെന്ന നിലയിലാണ് ഈഭാഗം പി.ഡബ്ല്യു.ഡി. നവീകരിക്കുന്നത്. ഇതോടൊപ്പം കൽക്കെട്ട് നിർമിക്കുന്ന സ്ഥാനത്തിന് പഞ്ചായത്തും ചില മാറ്റങ്ങൾ നിർദേശിച്ചു. അതോടെ ആദ്യ രൂപരേഖ മാറ്റി പുതിയതു തയ്യാറാക്കി സർക്കാരിന്റെ അനുമതി തേടേണ്ട അവസ്ഥയിലായി.

പുതുക്കിയ രൂപരേഖപ്രകാരം റോഡിന്റെ കിഴക്കേയറ്റത്ത് 100 മീറ്ററോളം നീളത്തിൽ മരാമത്ത് വകുപ്പും ബാക്കിഭാഗം ഹാർബർ എൻജിനിയറിങ് വകുപ്പും നവീകരണം നടത്തും. അച്ചൻകോവിലാറിന്റെ തിട്ടയിടിയുന്ന ഭാഗങ്ങളിൽ ഹാർബർ എൻജിനിയറിങ് വകുപ്പ് കൽക്കെട്ട് നിർമിക്കും.

കീച്ചേരിക്കടവ്-ആച്ചംവാതുക്കൽ ഗ്രാമീണറോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് നാളേറെയായി. എല്ലാവർഷവും രണ്ടും മൂന്നും പ്രാവശ്യം ആറ്റിൽനിന്ന് വെള്ളം കവിഞ്ഞുകയറി ടാറും മെറ്റലും ഇളകിയാണ് റോഡ് ഈ അവസ്ഥയിലായത്. ആറിന്റെ തിട്ടയിടിഞ്ഞ് പലഭാഗത്തും റോഡിന്റെ വീതിയും നന്നേ കുറഞ്ഞിട്ടുണ്ട്. മറ്റം, കരിപ്പുഴ പാടശേഖരങ്ങളിലേക്ക് കാർഷികയന്ത്രങ്ങളും നെല്ലെടുക്കാനായി വലിയ വാഹനങ്ങളും വരുന്ന വഴിയാണിത്.

നിർദിഷ്ട പാലംപണി പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം ഗണ്യമായി കൂടും. ആറ്റുതീരത്തെ ഗ്രാമീണഭംഗി ആസ്വദിക്കാനും സായാഹ്നസവാരിക്കുമായി ഒട്ടേറെയാളുകളാണ് ഇവിടെയെത്താറുള്ളത്. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ആൾക്കാരുടെ വരവും കുറഞ്ഞു. കീച്ചേരിക്കടവിൽനിന്ന് കടവൂർക്കുളം വരെയുള്ള റോഡും ഇതോടൊപ്പംതന്നെ നവീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.