കറ്റാനം : ഒൻപതുമാസം മുൻപ്‌ പുനർനിർമാണത്തിനായി പൊളിച്ച് മെറ്റൽ വിരിച്ച മേപ്പള്ളിക്കുറ്റി ജങ്ഷൻ-വെട്ടിക്കോട് റോഡ് ടാർ ചെയ്ത്‌ സഞ്ചാരയോഗ്യമാക്കി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ നിലവിലുണ്ടായിരുന്ന ടാറിങ് ഇളക്കി മെറ്റൽ വിരിച്ചിട്ട റോഡിലൂടെയുള്ള യാത്ര ദുരിതത്തിലായിരുന്നു.

To advertise here,

ഇതുസംബന്ധിച്ച്‌ മാതൃഭൂമി ഒന്നിലധികം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയും പ്രദേശവാസികളുടെ പരാതി പരിഗണിച്ചും വെട്ടിക്കോട് നാഗരാജസ്വാമീക്ഷേത്രം അധികൃതർ നേരിൽക്കണ്ട് അഭ്യർഥിച്ചതിനെയും തുടർന്ന് മന്ത്രി എം. ലിജു വിഷയത്തിൽ ഇടപെടുകയായിരുന്നു. റോഡുനിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വെട്ടിക്കോട് നാഗരാജസ്വാമീക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുൻപ്‌ റോഡുനിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം.

ചൊവ്വാഴ്ചയാണ് ആയില്യം ഉത്സവം. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിലൊന്നാണിത്. കൂടാതെ, ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കു വാഹനങ്ങൾ പാർക്കുചെയ്യുന്ന മൈതാനിയിലേക്കുള്ള വഴികൂടിയാണിത്.

 

​റോഡ് തകർന്ന്‌ കുണ്ടും കുഴിയുമായി വെള്ളക്കെട്ടായതു സംബന്ധിച്ച് മാതൃഭൂമിയിലെ ആദ്യ വാർത്തയെത്തുടർന്ന്‌ ഗ്രാമപ്പഞ്ചായത്ത് അധികൃതരാണ്‌ വിഷയം അന്നത്തെ എം.എൽ.എ. പ്രതിഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

തുടർന്ന്, സർക്കാർ ബജറ്റിൽ റോഡ് ആധുനികരീതിയിൽ പുനർനിർമിക്കാൻ 55 ലക്ഷം രൂപ അനുവദിച്ചു. ശേഷവും മാസങ്ങളോളം നടപടികളൊന്നും ഉണ്ടായില്ല. പിന്നീടാണു നിർമാണം കരാർ നൽകിയത്. കഴിഞ്ഞ മാർച്ചുമാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപ്‌ റോഡിന്റെ നിർമാണോദ്ഘാടനം എം.എൽ.എ. നിർവഹിച്ചു.

നിലവിലുണ്ടായിരുന്ന ടാറിങ് ഇളക്കിയശേഷം മെറ്റൽ വിരിച്ചു. തുടർന്ന് ഒൻപതുമാസം കഴിഞ്ഞിട്ടും പണികളൊന്നും നടന്നില്ല. ഗൾഫ് യുദ്ധത്തെത്തുടർന്ന് ടാറിന്റെ ലഭ്യതക്കുറവും വില വർധിച്ചതുമാണു നിർമാണം വൈകാൻ കാരണമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

സംസ്ഥാനപാതയായ കെ.പി. റോഡിൽനിന്ന് വെട്ടിക്കോട് സെയ്ന്റ് തോമസ് മിഷൻ ആശുപത്രി, നഴ്‌സിങ് കോളേജ്, പള്ളിപ്പുറം ക്ഷേത്രം, വെട്ടിക്കോട് നാഗരാജ സ്കൂൾ, തപാൽ ഓഫീസ്, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാത കൂടിയാണിത്. കൂടാതെ, പടയണിവെട്ടം, പുത്തൻചന്ത, കടുവിനാൽ, കാമ്പിശ്ശേരി, ചത്തിയറ നിവാസികൾക്ക് സംസ്ഥാനപാതയായ കെ.പി. റോഡിലെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നതിനുപയോഗിക്കുന്ന പ്രധാന വഴിയാണിത്. സ്കൂൾ, കോളേജ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്.