ജില്ലയിൽ 30 പേർക്ക് വനംവകുപ്പിന്റെ പരിശീലനം
ആലപ്പുഴ : വീട്ടുമുറ്റത്തോ പറമ്പിലോ പാമ്പിനെ കണ്ടാൽ ആദ്യം പേടിക്കും. പിന്നെ തല്ലിക്കൊല്ലാനുള്ള പെടാപ്പാടായിരിക്കും. എന്നാൽ, പാമ്പിനെ പേടിച്ചോടുകയോ കൊല്ലുകയോ വേണ്ടാ. ശാസ്ത്രീയമായി പിടികൂടി സുരക്ഷിതമായി മാറ്റാൻ പഠിക്കുകയാണു വേണ്ടതെന്ന ആശയമാണ് വനംവകുപ്പ് മുന്നോട്ടുവെക്കുന്നത്. ഇതിനായി ആലപ്പുഴയിൽ 30 പേർക്കുകൂടി വനംവകുപ്പ് പരിശീലനം നൽകി.
പാമ്പിനെ എങ്ങനെ സുരക്ഷിതമായി പിടികൂടാം, പിടികൂടിയ ശേഷം എന്തുചെയ്യണം, മനുഷ്യർക്കും പാമ്പിനും അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയാണ് പരിശീലനത്തിൽ നൽകിയത്. വെറും ക്ലാസ്‌മുറിയിലെ ബോധവത്കരണത്തിൽ ഒതുങ്ങിയില്ല പരിശീലനം. പാമ്പിനെ ഉപയോഗിച്ചുള്ള പ്രായോഗികപരിശീലനവും നൽകി.
മൂന്നു വനിതകൾ ഉൾപ്പെടെയുള്ളവരാണ് ആലപ്പുഴയിലെ വനംവകുപ്പ് ഓഫീസിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു മാത്രമാണ് പാമ്പിനെ പിടികൂടുന്നതിനുള്ള ലൈസൻസ് നൽകുക.
മനുഷ്യരുടെയും പാമ്പുകളുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചുവർഷത്തിലേറെയായി വനംവകുപ്പ് പൊതുജനങ്ങൾക്ക് പാമ്പുപിടിത്ത പരിശീലനം നൽകുന്നുണ്ട്. പരിശീലനം സർപ്പ സ്റ്റേറ്റ് നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ നയിച്ചു. സർപ്പ ഫെസിലിറ്റേറ്റർ സജി ജയമോഹനൻ, ഡി.സി.എഫ്. സുമി ജോസഫ്, ആർ.എഫ്.ഒ.മാരായ കെ.പി. രാജേഷ്, ടി.എസ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴയിൽ കൂടുതൽപ്പേർ വേണം
പാമ്പുപിടിത്ത പരിശീലനം നേടാൻ താത്പര്യമുള്ളവർ വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ ഓഫീസിൽ അപേക്ഷ നൽകുകയോ ‘സർപ്പ’ ആപ്പിലൂടെ രജിസ്റ്റർചെയ്യുകയോ ചെയ്യാം. ജില്ലയിൽ ലൈസൻസുള്ള പാമ്പുപിടിത്തക്കാരുടെ മൊബൈൽ ഫോൺ നമ്പരുകളും ആപ്പിൽ ലഭ്യമാണ്.
Published: 06 Oct 2026, 02:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented