ദേശീയപാതയിൽ ഗതാഗതം തിരിച്ചുവിടാൻ മാർഗനിർദേശമില്ല

To advertise here,

ഹരിപ്പാട് : ദേശീയപാതയിലെ നങ്ങ്യാർകുളങ്ങര കവലയിൽ അപകടം പതിയിരിക്കുന്നു. മാവേലിക്കരയിൽനിന്നും തൃക്കുന്നപ്പുഴയിൽനിന്നുമുള്ള പ്രധാന റോഡുകൾ ദേശീയപാതയിലെത്തിച്ചേരുന്ന ജങ്ഷനാണ് നങ്ങ്യാർകുളങ്ങര. ആറുവരിപ്പാതയുടെ ഭാഗമായി ഇവിടെ ഉയരപ്പാത നിർമിക്കുന്നുണ്ട്. 35 മീറ്റർ നീളത്തിലെ രണ്ട്‌ ഉയരപ്പാതകളാണ് ഇവിടെയുള്ളത്. ഉയരപ്പാതയുടെ പണി നടക്കുന്ന ഈ ഭാഗത്ത് ഗതാഗതം തിരിച്ചുവിടാൻ കൃത്യമായ മാർഗനിർദേശമില്ലാത്തതാണ് വിനയാകുന്നത്.

കായംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജങ്ഷനു തെക്കുനിന്ന് ഇടത്തേക്കു തിരിഞ്ഞ് പടിഞ്ഞാറുകൂടി ഹരിപ്പാട് ഭാഗത്തേക്കു കടന്നുപോകാനാണ് വഴിയൊരുക്കിയിരിക്കുന്നത്. എന്നാൽ, ഡ്രൈവർമാർക്ക് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നതു മനസ്സിലാക്കാനുള്ള സംവിധാനമില്ല. അതിനാൽ കായംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജങ്ഷനിലൂടെ നേരിട്ട് കടന്നുപോകാറുണ്ട്. ഇതോടെ ഹരിപ്പാട് ഭാഗത്തുനിന്നു കായംകുളത്തേക്കുള്ള വാഹനങ്ങളുടെ വഴി തടസ്സപ്പെടും. ഇതിനിടെ കിഴക്ക് മാവേലിക്കരയിൽനിന്നുള്ള വാഹനങ്ങൾകൂടിയാകുമ്പോൾ ജങ്ഷനിൽ നിന്നുതിരിയാൻ ഇടമില്ലാതാകും.

ദേശീയപാത നിർമാണം തുടങ്ങിയപ്പോൾ മുതൽ നങ്ങ്യാർകുളങ്ങരയിലെ ഗതാഗതം ആശയക്കുഴപ്പത്തിലാണ്. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ജങ്ഷനു സമീപത്തെ വാണിജ്യസമുച്ചയം പൊളിച്ചുനീക്കാത്തതായിരുന്നു ആദ്യഘട്ടത്തിൽ ഗതാഗത തടസ്സത്തിനിടയാക്കിയത്. പിന്നീട്, ഈ കെട്ടിടം ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമുണ്ടാക്കി. അടുത്തിടെ വാണിജ്യസമുച്ചയം പൂർണമായും പൊളിച്ചുനീക്കി. എന്നിട്ടും, ജങ്ഷനിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം പൂർണതോതിൽ ആരംഭിക്കാനായിട്ടില്ല.

അപകടഭീഷണിയേറിയിട്ടും നങ്ങ്യാർകുളങ്ങരയിൽ ഗതാഗതനിയന്ത്രണത്തിനു സ്ഥിരംസംവിധാനമില്ല. ഇടയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർ ഇവിടെ ഗതാഗതനിയന്ത്രണത്തിനെത്താറുണ്ടെങ്കിലും സന്ധ്യക്കുശേഷം ആരെയും കാണാറില്ല. പലപ്പോഴും ഇവിടത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതെ കടത്തിവിടുന്നത്.