മണ്ണഞ്ചേരി : കർഷകശ്രമങ്ങൾ കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ‘തരിശ് രഹിത പഞ്ചായത്ത്’ എന്ന നേട്ടം കൈവരിച്ച മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വീണ്ടും തരിശുഭൂമിയാകുന്നു. 2010-ൽ കരപ്പാടങ്ങളിലടക്കം നെൽക്കൃഷിയും മറ്റ് പച്ചക്കറിക്കൃഷികളും വ്യാപിപ്പിച്ചാണ് പഞ്ചായത്ത് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ, ഇന്ന് പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം കൃഷി പൂർണമായും മുടങ്ങിയ അവസ്ഥയിലാണ്.

To advertise here,

മണ്ണഞ്ചേരിയിലെ ഏറ്റവും വലിയ പാടശേഖരമായ പെരുന്തുരുത്ത് കരിയിൽ തുടർച്ചയായി മൂന്നാം തവണയും കൃഷി മുടങ്ങി. 145 ഏക്കറിലായി നൂറിലധികം കർഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. പാടശേഖരത്തിനു നടുവിലെ കനാലിനു ആഴം കൂട്ടി കല്ലുകെട്ടി ഇരു കരകളിലുമായി റോഡ് നിർമിക്കുന്ന പദ്ധതി നടന്നു വരികയാണ്. വിത്ത് വിതയ്ക്കേണ്ട സമയത്ത് കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നഷ്ടമാണ് കാർഷിക മേഖലയിലുണ്ടായത്.

പെരുന്തുരുത്ത് കരിക്ക് പുറമെ പഞ്ചായത്തിലെ മറ്റ് പ്രമുഖ പാടശേഖരങ്ങളായ പറവയ്ക്കൽ, തെക്കേക്കരി എന്നിവയും നിലവിൽ പൂർണമായി തരിശായി കിടക്കുകയാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് പട്ടിണി മാറ്റാൻ മുന്നിട്ടിറങ്ങിയ ഒരു പഞ്ചായത്ത് ഇന്ന് തരിശുമണ്ണായി മാറുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. തരിശ് നിലങ്ങളിൽ കൃഷിയിറക്കാൻ വീണ്ടും പദ്ധതികൾ തയ്യാറാക്കണമെന്ന് കർഷക കൂട്ടായ്മകൾ ആവശ്യപ്പെടുന്നു.