ചെങ്ങന്നൂർ : പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതുമൂലം ഈ സീസണിലെ പുഞ്ചക്കൃഷിയുടെ ഒരുക്കം മന്ദഗതിയിൽ. വിത്തുകൾ കർഷകർക്ക് ലഭിച്ചെങ്കിലും വിത തുടങ്ങിയില്ല. വെൺമണി മാമ്പ്ര പാടശേഖരത്തിൽ കഴിഞ്ഞയാഴ്ച വിതയ്ക്കേണ്ടതായിരുന്നു. പുലിയൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലും വിത നീണ്ടുപോവുകയാണ്.
ഒരുതവണ പാടശേഖരം ഉഴുതെങ്കിലും ഇനി രണ്ടുപ്രാവശ്യംകൂടി ഉഴതെങ്കിലേ വിതയ്ക്കാനാകൂ. എന്നാൽ, ഇതിനാവശ്യമായ വെള്ളമില്ലാത്തതാണ് കർഷകരെ വലച്ചത്. വെൺമണി മാമ്പ്ര പാടശേഖരത്തിലും വെളളമില്ലാത്തതിനാലാണ് വിത വൈകുന്നത്. ഈ വർഷം വിത്തുകൾ നേരത്തെ ലഭിച്ചെന്ന് കർഷകർ പറയുന്ന ചില പാടശേഖരങ്ങളിൽ തുലാമഴയ്ക്കുശേഷമായിരിക്കും വിതയ്ക്കുന്നത്. അതേസമയം, തുലാമഴ കൂടി കുറഞ്ഞാൽ വിത നടക്കുമോയെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു.
ഇതിനെല്ലാം പുറമേ ഡിസംബർ അവസാനംമുതൽ പമ്പാ ഇറിഗേഷൻ പദ്ധതിയിലൂടെ വെള്ളം ലഭിക്കുമോയെന്ന ആശങ്കയുണ്ട്. വെൺമണിയിൽ വിതയ്ക്കാൻ വെള്ളമില്ലാത്തതിനാൽ വെള്ളം തുറന്നുവിടണമെന്ന് കർഷകർ പി.ഐ.പി. അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവരത് തള്ളി. ഡിസംബർ അവസാനംമുതലേ വെള്ളം തുറന്നുവിടൂവെന്ന നിലപാടിലാണ് പി.ഐ.പി. അധികൃതർ.
താപനിലയുയർന്നതിനെത്തു ടർന്ന് തോടുകളിലെ ജലനിരപ്പ് താഴ്ന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. പാണ്ടനാട് പഞ്ചായത്തിൽ ലിഫ്റ്റ് ഇറിഗേഷൻ സൗകര്യമുള്ള പാടശേഖരങ്ങളിൽ കർഷകർ കൃഷിയൊരുക്കം തുടങ്ങി. പമ്പാനദിയിൽനിന്ന് വെള്ളം പമ്പുചെയ്തു പാടശേഖരങ്ങളിലെത്തിക്കാൻ മോട്ടോറുകൾ സജ്ജമാക്കിയെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. മിക്ക പാടശേഖരങ്ങളിലും ഉമ തന്നെയാണ് വിതയ്ക്കുന്നത്.
കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയയിനം വിത്തുകൾ പരീക്ഷിക്കാൻ കർഷകർ താത്പര്യം കാണിക്കുന്നില്ല.
Published: 30 Sept 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented