ആലപ്പുഴ : കേരളത്തിന്റെ സമകാലിക രാഷ്ട്രീയചരിത്രത്തിൽ കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകൾക്കതീതമായി ഏറ്റവുമധികം പിന്തുണ ലഭിച്ച വലിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ എന്ന് എ.ഡി. തോമസ് എം.എൽ.എ. ഓപ്പറേഷൻ തൂഫാൻ തദ്ദേശതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ‘തുഫാൻ 2.0 തദ്ദേശം’ ആലപ്പുഴ നഗരസഭാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വലിയ പദ്ധതിയാണു ഓപ്പറേഷൻ തൂഫാൻ. ഈ പദ്ധതി ആരംഭിച്ചു രണ്ടുമാസംകൊണ്ടു കോടികളുടെ ലഹരിയാണ് പിടിച്ചെടുത്തത്. കരമാർഗവും കടൽ മാർഗവും കോടികൾ വിലമതിക്കുന്ന ലഹരിയാണ് വന്നിരുന്നത്. ഇന്നു കേരളത്തിലേക്കു ലഹരി മാഫിയക്കു കടന്നുവരാൻ പറ്റാത്ത സാഹചര്യം സർക്കാരും പൊതുജനങ്ങളും പോലീസും എക്സൈസും ചേർന്നു സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൂഫാൻ പതാക ഉയർത്തലും എം.എൽ.എ. നിർവഹിച്ചു.

നഗരസഭാധ്യക്ഷ മോളി ജേക്കബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് തൂഫാൻ വോറിയേഴ്സിനെ ബാഡ്ജ് അണിയിച്ചു.

നഗരസഭാ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ, സ്ഥിരസമിതി അധ്യക്ഷരായ എൽ. മായാ രാജേന്ദ്രൻ, എ.എം. നൗഫൽ, സി. ജ്യോതിമോൾ, എസ്. ഫൈസൽ, യു.ഡി.എഫ്. കക്ഷിനേതാവ് ആർ.ആർ. ജോഷിരാജ്, എൽ.ഡി.എഫ്. കക്ഷിനേതാവ് വി.ജി. വിഷ്ണു, നഗരസഭാംഗം എ.എസ്. കവിത, നർകോട്ടിക് സെൽ ഡിവൈ.എസ്.പി. ബി. പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.പി.സി. കെഡേറ്റുകൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

പരിപാടിയിൽ തഴഞ്ഞു; ഹാളിനു പുറത്തിറങ്ങി നഗരസഭാ ഉപാധ്യക്ഷൻ പ്രതിഷേധിച്ചു

: നഗരസഭാതല പരിപാടിയിൽ സ്വാഗതം പറയാൻ അനുവദിച്ചില്ലെന്നും വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നും കുറ്റപ്പെടുത്തി ഹാളിനു പുറത്തിറങ്ങി പ്രതിഷേധിച്ച് നഗരസഭാ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ. നഗരസഭയുടെ നോട്ടീസിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്നും ജോസ് ചെല്ലപ്പൻ ആരോപിച്ചു. നഗരസഭാതല ഉദ്ഘാടനം പൂർണമാകുന്നതുവരെ സ്കൂൾ ഹാളിനു പുറത്തുനിന്നായിരുന്നു പ്രതിഷേധം. അവിടെനിന്ന്‌ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

ഇതിനിടെ ഉദ്യോഗസ്ഥരും ചില കൗൺസിലർമാരും അനുനയിപ്പിക്കാൻ എത്തിയെങ്കിലും വഴങ്ങിയില്ല.

ജില്ല പോലീസ് മേധാവിക്ക് മുഖ്യപ്രഭാഷണത്തിന് അവസരം നൽകണമായിരുന്നു. നഗരസഭാതല പരിപാടിയിൽ സ്വാഗതം പറയുകയെന്നത് തന്റെ അവകാശമായിരുന്നു. പാർട്ടികളുടെ കക്ഷിനേതാക്കളെപോലും വേദിയിൽ കയറ്റിയിട്ടും തനിക്കു കാര്യമായ പ്രാധാന്യം നൽകാതിരുന്നത് അവഗണിക്കാനാണെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം തൂഫാൻ ​വോറിയർമാ​രെ ബാഡ്ജ് അണിയിക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ജോസ് ചെല്ലപ്പനെ ആദ്യ തൂഫാൻ വോറിയറായി പ്രഖ്യാപിച്ച് ബാഡ്ജ് അണിയിച്ചു.