ചെങ്ങന്നൂർ : താപനില ഉയർന്നതോടെ തോടുകളിൽ നീരൊഴുക്കു നിലച്ചു. വർഷങ്ങളായി വൃത്തിയാക്കാത്ത തോടുകളിൽ കെട്ടിനിൽക്കുന്ന മലിനജലം ഗുരുതരഭീഷണിയാണ് ഉയർത്തുന്നത്. രണ്ടുമാസം മുൻപുണ്ടായ പെരുമഴയിൽ തോട്‌ നിറഞ്ഞുകവിഞ്ഞൊഴുകി. ചെങ്ങന്നൂർ നഗരസഭാപരിധിയിൽ ചെറുതും വലുതുമായ 20-ലധികം തോടുകളുണ്ട്. ഈ തോടുകളിൽ ചിലത് പഞ്ചായത്തുകളിലൂടെയും ഒഴുകുന്നുണ്ട്.

To advertise here,

ചെറുതോടുകൾ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി മാലിന്യം നീക്കുമെങ്കിലും വലിയ തോടുകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. വെട്ടുതോട്, ഇല്ലിമല-മൂഴിക്കൽത്തോട് എന്നിവിടങ്ങളിലേക്കാണ് നഗരത്തിലെ മാലിന്യത്തിൽ നല്ലൊരു ഭാഗവും വന്നടിയുന്നത്. മാലിന്യമുക്ത നവകേരളം, മഴക്കാലപൂർവ ശുചീകരണം തുടങ്ങിയ പദ്ധതികൾ നേരത്തേയുണ്ടായിരുന്നെങ്കിലും അവയെല്ലാം സ്തംഭിച്ച നിലയിലാണ്.

അതേസമയം, തോടുകൾ വൃത്തിയാക്കാൻ ചുമതലപ്പെട്ട മൈനർ ഇറിഗേഷൻ വകുപ്പ് ഫണ്ടില്ലെന്ന കാരണത്താൽ നോക്കിനിൽക്കുകയാണ്. വൃത്തിയാക്കാത്ത തോടുകളിൽനിന്നുള്ള മലിനജലം കിണറുകളിലേക്ക്‌ ഊർന്നിറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തിരുവൻവണ്ടൂരിൽ വരട്ടാറിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 400-നു മുകളിലാണ്.

ശബരിമല മണ്ഡല, മകരവിളക്കുകാലത്ത് ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന ചെങ്ങന്നൂരിൽ മാലിന്യസംസ്‌കരണവും ശുദ്ധജലവിതരണവും പ്രധാന വെല്ലുവിളിയാണ്. തീർഥാടനകാലത്ത് കൊതുകിന്റെ പെരുപ്പം തടയാൻ ഓടകളുടെ വൃത്തിയാക്കൽ, തോടുകൾ നവീകരിക്കുക തുടങ്ങിയവ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.